ഹൈദരാബാദ്: താങ്‌ബോയ് സിങ്‌റ്റോയെ പുറത്താക്കിയതിനു പിന്നാലെ ഐ.എസ്.എല്‍. ക്ലബായ ഹൈദരാബാദ് എഫ്.സിയുടെ മുഖ്യ പരിശീലകനായിരിക്കുകയാണ് മലയാളി മുന്‍ താരം ഷമീല്‍ ചെമ്പകത്ത്. മൂന്ന് വര്‍ഷമായി ഹൈദരാബാദിന്റെ അസിസ്റ്റന്റ് കോച്ചായി പ്രവര്‍ത്തിക്കുന്ന ഷമീലിന് താത്കാലിക ചുമതല നല്‍കുകയായിരുന്നു. കേരളാ ബ്ലാസ്റ്റേഴ്‌സ് മിക്കേല്‍ സ്റ്റാറേയെ പുറത്താക്കിയതിനു പിന്നാലെയാണ് ഹൈദരാബാദും മോശം പ്രകടനം മുന്‍നിര്‍ത്തി മുഖ്യ പരിശീലകനെ പുറത്താക്കിയിരിക്കുന്നത്.
മലപ്പുറം അരീക്കോട് തെരട്ടമ്മല്‍ സ്വദേശിയാണ് ഷമീല്‍ ചെമ്പകത്ത്. ലോകത്തെ വലിയ കോച്ചിങ് യോഗ്യതകളിലൊന്നായ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രോ ലൈസന്‍സ് ഈയടുത്താണ് ഷമീലിനെത്തേടിയെത്തിയത്. കേരളത്തില്‍ പ്രോലൈസന്‍സ് നേടുന്ന രണ്ടാമത്തെയും മലപ്പുറം ജില്ലയില്‍ ഒന്നാമത്തെയും കോച്ചാണ് ഷമീല്‍. ഏഷ്യയിലെ ഏത് ക്ലബ്ബുകളെയും പരിശീലിപ്പിക്കാന്‍ ഇതുവഴിയാവും.
വിവാ കേരള, വാസ്‌കോ ഗോവ, പ്രീ ഒളിമ്പിക്‌സ്, മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ്, ബംഗാള്‍, മുംബൈ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട്. അരീക്കോട് തെരട്ടമ്മല്‍ സോക്കര്‍ അക്കാദമിയിലെ കുട്ടികള്‍ക്ക് പരിശീലനം നല്‍കിയതാണ് കോച്ചിങ് രംഗത്തെ തുടക്കം. തുടര്‍ന്ന് ജൂനിയര്‍ അണ്ടര്‍-17 മലപ്പുറം ടീമിന്റെ പരിശീലകനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ ഷമീലിന്റെ ആത്മവിശ്വാസം കൂടി. തുടര്‍ന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ സ്‌കൂള്‍ ടീമിന്റെയും കോച്ചായി. ഇവിടെനിന്നാണ് ഹൈദരാബാദ് ടീമിലേക്കുള്ള വാതില്‍ തുറന്നത്. മൂന്നുവര്‍ഷമായി ഹൈദരാബാദ് എഫ്.സി.യുടെ അസിസ്റ്റന്റ് കോച്ചാണ്.
വിവിധ ക്ലബ്ബുകള്‍ക്കായി കളിച്ചുകൊണ്ടിരിക്കേ, പരിക്ക് ഷമീലിന്റെ കരിയറില്‍ കരിനിഴല്‍ വീഴ്ത്താന്‍ തുടങ്ങി. മുഹമ്മദന്‍സ് ക്ലബ്ബിനുവേണ്ടി കളിക്കുന്നതിനിടെ തുടയെല്ലിന് പരിക്കേറ്റ് മാസങ്ങളുടെ വിശ്രമം വേണ്ടിവന്നു. തുടര്‍ന്ന് ഫുട്‌ബോള്‍ ഉപേക്ഷിച്ച് നാട്ടില്‍ റസ്റ്ററന്റ് ബിസിനസ്സുമായി കൂടി. ആദ്യം നല്ല നിലയില്‍ മുന്നോട്ടുപോയെങ്കിലും ഇടക്കാലത്ത് കടയില്‍ കച്ചവടം കുറഞ്ഞു. അങ്ങനെയാണ് ഉമ്മ ജമീലയും ഫാര്‍മസിസ്റ്റായ ഭാര്യ ഷഹനാസ് ബീഗവും ഷമീലിനെ ഫുട്‌ബോളിലേക്ക് വീണ്ടും തിരിയാന്‍ പ്രേരിപ്പിക്കുന്നത്. മുന്‍ താരവും കുടുംബസുഹൃത്തുമായ നജീബും കൂടെനിന്നതോടെ കളി പറഞ്ഞുകൊടുക്കുന്ന രീതിയിലേക്ക് ചുവടുമാറ്റി.
Content Highlights: shameel chembakath hyderabad fc coach
Published: 19 Dec 2024, 09:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented