
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ 11-ാം സീസണ്‍ ഫൈനലില്‍ ചരിത്രത്തിലേക്കുള്ള വാതിലാണ്. സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ മോഹന്‍ബഗാന്‍ സൂപ്പര്‍ ജയന്റ്സ് ജയിച്ചാലും ബെംഗളൂരു എഫ്സി കപ്പുയര്‍ത്തിയാലും അതിനൊപ്പം അപൂര്‍വമായ നേട്ടങ്ങളുടെ പെരുമകൂടി വാനിലേക്കുയരും. ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രമുറങ്ങുന്ന മൈതാനത്ത് ശനിയാഴ്ച രാത്രി 7.30-നാണ് മോഹന്‍ബഗാനും ബെംഗളൂരു എഫ്സിയും കിരീടപോരാട്ടത്തിന് ഇറങ്ങുന്നത്. സീസണില്‍ രണ്ടുതവണ മുഖാമുഖം വന്നപ്പോള്‍ ഓരോ ജയംവീതം ഇരുടീമുകളും നേടി.
ഡബിളടിക്കാന്‍ ബഗാന്‍
സൂപ്പര്‍ലീഗിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു ക്ലബ്ബും ലീഗ് വിന്നേഴ്സ് ഷീല്‍ഡും ഐഎസ്എല്‍ കപ്പും ഒരുമിച്ചു നേടിയിട്ടില്ല. കഴിഞ്ഞ സീസണില്‍ ഷീല്‍ഡ് നേടിയ ബഗാന്‍ ഫൈനലില്‍ കളിച്ചെങ്കിലും മുംബൈ സിറ്റിയോട് തോറ്റു. ഒരിക്കല്‍ക്കൂടി കൊല്‍ക്കത്ത ക്ലബ്ബിന് ഇതിനുള്ള അവസരം കൈവന്നിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടി ഷീല്‍ഡ് നേടിയ ബഗാന്‍ ഫൈനലില്‍ ജയിച്ചാല്‍ അപൂര്‍വ ചരിത്രം പിറക്കും. രണ്ട് കിരീടവും ഒരേ സീസണില്‍ നേടുന്ന ആദ്യ ക്ലബ്ബ്. ചരിത്രത്തില്‍ രണ്ടാം കിരീടമാണ് ലക്ഷ്യം. മുന്‍പ് എടികെ മോഹന്‍ബഗാന്‍ എന്നപേരില്‍ ടീം കിരീടം നേടിയിട്ടുണ്ട്. കൊല്‍ക്കത്ത ടീമിന്റെ മുന്‍ ക്ലബ്ബായ എടികെ മൂന്നുതവണ കപ്പുയര്‍ത്തിയിട്ടുണ്ട്.
ലീഗിലെ ഏറ്റവും കരുത്തുറ്റ ടീമാണ് ബഗാന്‍. മൂര്‍ച്ചയേറിയ ആക്രമണനിരയ്‌ക്കൊപ്പം ശക്തമായ പ്രതിരോധവും ടീമിനുണ്ട്. 11 ഗോള്‍ നേടിയ ജെയ്മി മക്ലാരനാണ് ടീമിന്റെ ഗോള്‍വേട്ടയില്‍ ഒന്നാമന്‍. ജേസണ്‍ കമിന്‍സ് സുഭാഷിഷ് ബോസ് എന്നിവര്‍ക്ക് ആറ് ഗോള്‍വീതമുണ്ട്. ടീമിനായുള്ള അസിസ്റ്റുകളുടെ പട്ടികയില്‍ എട്ടെണ്ണവുമായി കമിന്‍സാണ് ഒന്നാമത്. ഗ്രെഗ് സ്റ്റുവര്‍ട്ട് രണ്ടാമതാണ്.
ഹോസെ മോളീന പരിശീലിപ്പിക്കുന്ന ബഗാന്‍ 4-2-3-1 ശൈലിയിലാകും ഫൈനലിനിറങ്ങുന്നത്. ഓസ്ട്രേലിയന്‍ താരം മക്ലാരന്‍ ഏക സ്ട്രൈക്കറാകും. ലിസ്റ്റണ്‍ കൊളാസോയും മന്‍വീര്‍സിങ്ങും വിങ്ങുകളില്‍ കളിക്കും. ജേസണ്‍ കമിന്‍സ് അറ്റാക്കിങ് മിഡ്ഫീല്‍ഡിലുണ്ടാകും. മലയാളിതാരം സഹല്‍ അബ്ദുസ്സമദും അപുയയുമാകും മധ്യനിരയില്‍. നായകന്‍ സുഭാസിഷ് ബോസ്, ആശിഷ് റായ്, ടോം അള്‍ഡ്രെഡ്, ആല്‍ബര്‍ട്ടോ റോഡ്രിഗസ് എന്നിവര്‍ പ്രതിരോധം കാക്കും. വിശാല്‍ കെയ്ത്താണ് ഗോള്‍കീപ്പര്‍.
രണ്ടാംകിരീടത്തിന് ബെംഗളൂരു
2018-19 സീസണിലാണ് ബെംഗളൂരു എഫ്സി ആദ്യമായി ലീഗ് കിരീടം നേടുന്നത്. 2022-23 സീസണില്‍ ഫൈനലില്‍ കളിച്ചെങ്കിലും ബഗാനോട് തോറ്റു. അന്നത്തെ തോല്‍വിക്ക് മധുരപ്രതികാരവും ചരിത്രത്തില്‍ രണ്ടാംകിരീടവുമാണ് ടീമിന്റെ ലക്ഷ്യം.
ജെറാര്‍ഡ് സരഗോസ പരിശീലിപ്പിക്കുന്ന ടീമിന്റെ ശക്തി 14 ഗോള്‍ നേടിയ സുനില്‍ ഛേത്രിയാണ്. ലീഗിലെ ഗോള്‍വേട്ടയില്‍ ഛേത്രി രണ്ടാമതുണ്ട്. ബെംഗളൂരു ജയിച്ചാല്‍ കിരീടത്തിനൊപ്പം ടീമിന്റെ ടോപ് സ്‌കോററെന്ന നേട്ടം ഒരിക്കല്‍ക്കൂടി സുനില്‍ഛേത്രിക്ക് സ്വന്തമാകും. മുന്നേറ്റത്തിലെ എഡ്ഗാര്‍ മെന്‍ഡസ് ഒമ്പത് ഗോളും റയാന്‍ഡ വില്യംസ് ഏഴ് ഗോളും നേടിയിട്ടുണ്ട്. 4-3-3 ശൈലിയിലാകും ടീം കളിക്കുന്നത്. മുന്നേറ്റത്തില്‍ മൂന്ന് വിദേശതാരങ്ങളെ ഇറക്കാനാണ് സരഗോസയുടെ പദ്ധതിയെങ്കില്‍ റയാനും എഡ്ഗാറിനുമൊപ്പം യോര്‍ഗെ പെരേര ഡയസ് കളിക്കും. അല്ലെങ്കില്‍ ഛേത്രി ആദ്യ ഇലവനിലെത്തും. ആല്‍ബര്‍ട്ടോ നൊരുവേര. പെഡ്രോ കാപ്പോ, ലാല്‍റെംതുംഗ എന്നിവര്‍ മധ്യനിരയിലുണ്ടാകും.
Content Highlights: isl final bengaluru fc vs atk mohun bagan
Published: 12 Apr 2025, 06:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented