അഹമ്മദാബാദ്: മികച്ച പോരാട്ടം കണ്ട ഐപിഎല്‍ ഫൈനലില്‍ ആര്‍സിബിയുടെ വിജയത്തില്‍ നിര്‍ണായകമായത് ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയുടെ ബൗളിങ് സ്പെല്ലായിരുന്നു. പഞ്ചാബ് കിങ്സിനെതിരേ ആറു റണ്‍സിന്റെ വിജയവുമായാണ് ആര്‍സിബി കപ്പുയര്‍ത്തിയത്. അതില്‍ കളിയുടെ ഗതി നിര്‍ണയിച്ചത് ക്രുണാല്‍ എറിഞ്ഞ 24 പന്തുകളായിരുന്നു.
ഫൈനലില്‍ നാല് ഓവര്‍ എറിഞ്ഞ ഈ 34-കാരനായ ബറോഡക്കാരന് വെറും 17 റണ്‍സ് മാത്രമാണ് വഴങ്ങിയത്. അതില്‍ 12 പന്തുകളും ഡോട്ട് ബോളുകളായിരുന്നു. പ്രഭ്സിമ്രാന് സിങ്ങിന്റെയും ജോഷ് ഇംഗ്ലിസിന്റെയും നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി കളിതിരിച്ചതും ക്രുണാല്‍ തന്നെയായിരുന്നു. ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ഈ ഇടംകൈയന്‍ തന്നെ.
ഇതോടെ രണ്ട് ഐപിഎല്‍ ഫൈനലുകളില്‍ മാന്‍ ഓഫ് ദ മാച്ചാകുന്ന ആദ്യ താരമെന്ന നേട്ടവും ക്രുണാലിന് സ്വന്തമായി. 2016 മുതല്‍ 2021 വരെ മുംബൈ ഇന്ത്യന്‍സിനായി കളിച്ച ക്രുണാല്‍ 2017-ല്‍ റൈസിങ് പുണെ സൂപ്പര്‍ ജയന്റ്സിനെതിരായ ഫൈനലിലും കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2017 മേയ് 21-ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മുംബൈയ്ക്ക് വേണ്ടി 38 പന്തില്‍ നിന്ന് 47 റണ്‍സെടുത്ത പ്രകടനമാണ് ക്രുണാലിനെ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
ആര്‍സിബി ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മികച്ച തുടക്കമിട്ട പഞ്ചാബിനെ മധ്യ ഓവറുകളില്‍ പിടിച്ചുകെട്ടിയത് ക്രുണാലായിരുന്നു. അഞ്ചാം ഓവറില്‍ പ്രിയാന്‍ഷ് ആര്യ പുറത്തായിട്ടും ഭേദപ്പെട്ട റണ്‍റേറ്റില്‍ മുന്നോട്ടുപോയിരുന്ന പഞ്ചാബിനെ തുടര്‍ച്ചയായി ഡോട്ട് ബോളുകളെറിഞ്ഞ് ക്രുണാല്‍ പ്രതിരോധത്തിലാക്കി. ഡോട്ട് ബോളുകള്‍ കൂടിയതോടെ വമ്പന്‍ ഷോട്ടിന് ശ്രമിച്ച പ്രഭ്സിമ്രാന് സിങ്ങിനെ ഒമ്പതാം ഓവറിലെ മൂന്നാം പന്തില്‍ മടക്കിയാണ് ക്രുണാല്‍ ആദ്യം പഞ്ചാബിനെ ഞെട്ടിച്ചത്. പിന്നാലെ ആര്‍സിബിക്ക് ഭീഷണിയായി മുന്നേറുകയായിരുന്ന ജോഷ് ഇംഗ്ലിസിനെ 13-ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ പുറത്താക്കിയ ക്രുണാല്‍ കളി ആര്‍സിബിക്ക് അനുകൂലമാക്കി തിരിക്കുകയായിരുന്നു. ഈ വിക്കറ്റോടെയാണ് ആര്‍സിബി മത്സരത്തില്‍ പൂര്‍ണമായും പിടിമുറുക്കുന്നത്.
2022 മുതല്‍ 2024 വരെ ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനായി 43 മത്സരങ്ങള്‍ കളിച്ച ക്രുണാല്‍, ഐപിഎല്‍ 2025 മെഗാ ലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബിയിലെത്തുന്നത്.
Content Highlights: Krunal Pandya`s stellar bowling performance in the IPL 2024 final secured RCB`s victory
Published: 04 Jun 2025, 11:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented