ആര്‍സിബിയുടെ 18 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനമായ രാത്രി. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം ചെങ്കടലായ നിമിഷങ്ങള്‍. വിരാട് കോലിയെന്ന ഇതിഹാസത്തിന്റെ കരിയറിന് പൂര്‍ണത. അക്ഷരാര്‍ഥത്തില്‍ മനംനിറയ്ക്കുന്നതായിരുന്നു ചൊവ്വാഴ്ചത്തെ കാഴ്ചകള്‍. ബെംഗളൂരുവിന്റെ സ്വപ്‌നം സാഫല്യമായ ആ രാത്രി പിന്നിട്ട് 24 മണിക്കൂർ തികയുന്നതിന് മുമ്പാണ് ദുരന്തവാര്‍ത്തയെത്തുന്നത്. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വിജയാഘോഷത്തിനായി തടിച്ചുകൂടിയവരാണ് അപകടത്തില്‍പ്പെട്ടത്. ബെംഗളൂരുവിന്റെ സന്തോഷനിമിഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതായി ഈ ദുരന്തം.
ബെംഗളൂരുവിന്റെ ഐപിഎല്‍ കിരീടവിജയത്തോടനുബന്ധിച്ച് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടി കാണാൻ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. സ്റ്റേഡിയത്തിന് പുറത്ത് വന്‍ ജനക്കൂട്ടമാണ് ദൃശ്യമായത്. വിധാൻസൗധയില്‍ നടന്ന അനുമോദനച്ചടങ്ങിന് ശേഷമാണ് ചിന്നസ്വാമിയിലെ പരിപാടി നിശ്ചയിച്ചിരുന്നത്. സ്റ്റേഡിയത്തിന് പുറത്ത് മണിക്കൂറുകള്‍ക്കുമുമ്പ് തന്നെ ആളുകള്‍ ഒഴുകിയെത്തി. അതോടെ സുരക്ഷാ ക്രമീകരണങ്ങളെല്ലാം പാളി. അതിനിടയില്‍ മഴ പെയ്തതോടെ ആളുകള്‍ തുറന്ന പ്രദേശത്തുനിന്ന് മാറാന്‍ തുടങ്ങി. ആളുകള്‍ ഒരുമിച്ച് നീങ്ങിയത് വലിയ അപകടത്തിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ആളുകള്‍ വന്‍ തോതില്‍ എത്തിച്ചേരുന്നതു സംബന്ധിച്ച് പോലീസ് നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിക്ടറി പരേഡടക്കം നടത്താനാവില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. സുരക്ഷയ്ക്കായി അയ്യായിരത്തോളം പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്. എന്നിട്ടും അപകടമുണ്ടായത് സുരക്ഷാ വീഴ്ചയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അതേസമയം അപകടത്തിന്റെ പശ്ചാത്തലത്തിലും സ്റ്റേഡിയത്തിലെ ആഘോഷങ്ങള്‍ നിര്‍ത്തിവെക്കാന്‍ അധികൃതര്‍ തയ്യാറാവാത്തത് വലിയ വിമർശനം വിളിച്ചുവരുത്തി. താരങ്ങള്‍ സ്റ്റേഡിയത്തിന് നടുവില്‍ ഒത്തുകൂടുകയും ട്രോഫി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ടീമൊന്നടങ്കം സ്റ്റേഡിയത്തെ വലംവെച്ചു. കാണികള്‍ വന്‍ ആരവങ്ങളോടെയാണ് വിരാട് കോലിയെയും സംഘത്തെയും വരവേറ്റത്.
18 വർഷത്തെ കാത്തിരിപ്പ് സഫലമായ രാത്രി
കലാശപ്പോരിൽ പഞ്ചാബിനെ ആറു റൺസിന് കീഴടക്കിയാണ് ബെംഗളൂരു കിരീടം സ്വന്തമാക്കിയത്. അതോടെ കോലിക്ക് ഐപിഎൽ കിരീടവും ലഭിച്ചു. 18 വര്‍ഷമായി ഐപിഎല്ലില്‍ കളിച്ച കോലി 18 സീസണിലും ബെംഗളൂരുവിനായി കളിച്ചു. ഇതിന് മുമ്പ് കളിച്ച മൂന്ന് ഐപിഎല്‍ ഫൈനലുകളിലും തോല്‍ക്കാനായിരുന്നു വിധി. മാത്രമല്ല ആര്‍സിബിയെ പോലെ താരലേലത്തില്‍ ഇത്രയധികം കോടികള്‍ വാരിയെറിഞ്ഞ് സൂപ്പര്‍ താരങ്ങളെ ടീമിലെത്തിച്ച മറ്റൊരു ഫ്രാഞ്ചൈസിയില്ല. ക്രിസ് ഗെയ്ലും എ ബി ഡിവില്ലിയേഴ്സും യുവരാജ് സിങ്ങും ഗ്ലെന്‍ മാക്സ്വെല്ലും ജാക്ക് കാലിസും ഫാഫ് ഡുപ്ലെസിയും കെവിന്‍ പീറ്റേഴ്സണും ആരോണ്‍ ഫിഞ്ചും ഷെയ്ന്‍ വാട്ട്സണും ബ്രെണ്ടന്‍ മക്കല്ലവുമെല്ലാം ആര്‍സിബി ജേഴ്സിയില്‍ പല കാലങ്ങളിൽ കളിച്ചിട്ടുണ്ട്. ബൗളര്‍മാരുടെ കണക്കെടുത്താല്‍ മിച്ചല്‍ സ്റ്റാര്‍ക്കും ഡെയ്ല്‍ സ്‌റ്റെയ്‌നും സഹീര്‍ ഖാനും മുത്തയ്യ മുരളീധരനും ഭുവനേശ്വര്‍ കുമാറും മുഹമ്മദ് സിറാജും യുസ്‌വേന്ദ്ര ചെഹലുമെല്ലാം ആര്‍സിബിക്കായി വിവിധ സീസണുകളില്‍ പന്തെറിഞ്ഞിട്ടുണ്ട്. അതായത് ടി20 ക്രിക്കറ്റിലെ വമ്പന്‍ പേരുകളെയെല്ലാം അവര്‍ കളിത്തിലിറക്കിയിട്ടുണ്ട്. എന്നിട്ടും കിരീടം ഷെൽഫിലെത്തിക്കാൻ അവർക്കായില്ല.
കോലി തന്നെയാണ് ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ വലിയ റണ്‍വേട്ടക്കാരന്‍. അന്താരാഷ്ട്ര ടി20-യില്‍ ഒരു സെഞ്ചുറി മാത്രമാണ് കോലിയുടെ പേരിലുള്ളത്. എന്നാല്‍ ഐപിഎല്ലില്‍ എട്ടു സെഞ്ചുറികള്‍ അദ്ദേഹത്തിന്റെ പേരില്‍ കുറിക്കപ്പെട്ടിട്ടുണ്ട്. ഒരു സീസണില്‍ 973 റണ്‍സെന്ന റെക്കോഡും കോലിക്ക് മാത്രം സ്വന്തമാണ്. ഓരോ മത്സരത്തിലും ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും തന്റെ 100 ശതമാനവും പുറത്തെടുക്കുന്ന താരം കാത്തിരുന്നതത്രയും ആ കപ്പിനായിരുന്നു.
ആര്‍സിബിയെ സംബന്ധിച്ച് 2016-ലെ ഐപിഎല്‍ സീസണ്‍ സ്വപ്‌ന സമാനമായിരുന്നു. കോലി 973 റണ്‍സടിച്ച് റെക്കോഡിട്ട സീസണില്‍ ഡിവില്ലിയേഴ്‌സും തകര്‍പ്പന്‍ ഫോമിലായിരുന്നു. ക്രിസ് ഗെയിലും കെ.എല്‍ രാഹുലും ഷെയ്ന്‍ വാട്ട്‌സണുമെല്ലാം കളിക്കാന്‍ ഉണ്ടായിരുന്നിട്ടും ജയിച്ചെന്ന ഘട്ടത്തില്‍ നിന്നാണ് ആ വര്‍ഷം ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ആര്‍സിബി കളി കൈവിടുന്നത്. പല സീസണുകളിലും ഇത്തരത്തില്‍ വലിയ താരനിരയുമായി ഇറങ്ങിയ ടീമിന് നിരാശ തന്നെയായിരുന്നു അവസാനം ബാക്കി.
ഇത്തവണ ബാറ്റിങ്ങിലും ബൗളിങ്ങിലും ആര്‍സിബി പുറത്തെടുക്കുന്ന മികവ് തന്നെയാണ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയത്. ഒമ്പത് സീസണിനിടെ ആദ്യമായാണ് അവര്‍ പോയന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നില്‍ ഫിനിഷ് ചെയ്യുന്നത്. ഇത്തവണത്തെ ആര്‍സിബി ഒരു വണ്‍മാന്‍ ഷോ അല്ല. ടീം ഒന്നടങ്കം മികച്ച പ്രകടനം കാഴ്ചവെച്ചു.
ഫിള്‍ സാള്‍ട്ടും ക്യാപ്റ്റന്‍ രജത് പടിദാറും ജിതേഷ് ശര്‍മയും ടിം ഡേവിഡുമെല്ലാം നിര്‍ണായകമായ സംഭാവനകള്‍ നല്‍കി. കഴിഞ്ഞ കുറേക്കാലമായി പഴികേട്ട ആര്‍സിബിയുടെ മധ്യനിര ഇത്തവണ മികവ് കാട്ടി. ജോഷ് ഹേസല്‍വുഡ് നയിക്കുന്ന ബൗളിങ് നിരയില്‍ ന്യൂബോളിലും ഡെത്ത് ഓവറുകളിലും മികവ് കാട്ടുന്ന ഭുവനേശ്വര്‍ കുമാറും നിര്‍ണായക സമയത്ത് ബ്രേക്ക് ത്രൂ സമ്മാനിക്കുന്ന യാഷ് ദയാലും മികച്ചുനിന്നു, സ്പിന്നര്‍മാരായി ക്രുണാല്‍ പാണ്ഡ്യയേയും യുവതാരം സുയാഷ് ശര്‍മയേയും മാത്രം തിരഞ്ഞെടുത്ത് ലേലത്തില്‍ ആര്‍സിബി ഞെട്ടിച്ചിരുന്നു. എന്നാല്‍ ഈ സ്പിന്‍ കൂട്ടുകെട്ടാണ് നിരവധി മത്സരങ്ങളില്‍ കളിയുടെ ഗതി ആര്‍സിബിക്ക് അനുകൂലമാക്കിയത്. ഫൈനലിലും ക്രുണാലിന്റെ മികവുകണ്ടു. അങ്ങനെ തകർപ്പൻ പ്രകടനം സീസണിലുടനീളം കാഴ്ചവെച്ചാണ് കോലിയും സംഘവും കപ്പിൽ മുത്തമിടുന്നത്. എന്നാൽ, അതിന്റെ ആഘോഷം ചോരയിൽ കുളിച്ചതോടെ സകല പ്രഭയും മങ്ങി.
Content Highlights: bengaluru stampede rcb ipl champions celebration
Published: 04 Jun 2025, 09:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented