ഐപിഎല്ലില്‍ സ്വന്തം മൈതാനത്ത് നടന്ന കഴിഞ്ഞ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഡല്‍ഹി ക്യാപ്പിറ്റല്‍സിനോട് പരാജയപ്പെട്ടിരുന്നു. ആറു വിക്കറ്റിനായിരുന്നു ആര്‍സിബിയുടെ തോല്‍വി. 163 റണ്‍സ് പ്രതിരോധിക്കാനിറങ്ങി, തുടക്കത്തില്‍ ഡല്‍ഹിയുടെ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ ആര്‍സിബിക്ക് വിലങ്ങുതടിയായത് ലോക്കല്‍ ബോയ് കെ.എല്‍ രാഹുലായിരുന്നു. ബാറ്റര്‍മാരുടെ മോശം പ്രകടനമാണ് തോല്‍വിക്ക് കാരണമായതെന്ന് ആര്‍സിബി ക്യാപ്റ്റന്‍ രജത് പടിദാര്‍ മത്സര ശേഷം പറഞ്ഞു. ഷോട്ടുകള്‍ തിരഞ്ഞെടുക്കുന്നതില്‍ ബാറ്റര്‍മാര്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നും ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

To advertise here,

എന്നാല്‍ തെല്ല് ആശങ്ക ഉയര്‍ത്തുന്ന കാര്യമാണ് ആര്‍സിബി ക്യാമ്പില്‍ നിന്ന് പുറത്തുവരുന്നത്. പടിദാറിന്റെ ക്യാപ്റ്റന്‍സിയില്‍ വിരാട് കോലി അതൃപ്തനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി ഇന്നിങ്‌സിന്റെ അവസാന ഘട്ടത്തില്‍ കെ.എല്‍ രാഹുല്‍ സ്‌കോറിങ് വേഗം കൂട്ടാന്‍ തുടങ്ങിയപ്പോള്‍ കോലി, ആര്‍സിബി പരിശീലകന്‍ ദിനേഷ് കാര്‍ത്തിക്കുമായി ദീര്‍ഘ നേരം ചര്‍ച്ച നടത്തുന്നത് കണ്ടിരുന്നു. ഇതാണ് പടിദാറിന്റെ ക്യാപ്റ്റന്‍സിയില്‍ കോലി അതൃപ്തനാണെന്ന അഭ്യൂഹങ്ങള്‍ക്ക് കാരണം.

ഡല്‍ഹി ഇന്നിങ്‌സില്‍ മധ്യ ഓവറുകളില്‍ എടുത്ത ചില തീരുമാനങ്ങളില്‍ കോലി അതൃപ്തനാണെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. കമന്റേറ്റര്‍മാരായ ആകാശ് ചോപ്രയും വീരേന്ദര്‍ സെവാഗും ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും ചെയ്തു. വിരാടിന് അതൃപ്തിയുണ്ടെങ്കില്‍ അത് ക്യാപ്റ്റന്‍ പടിദാറിനെ അറിയിക്കണമെന്നാണ് ഇരുവരും പറഞ്ഞത്.

ക്യാപ്റ്റന്‍സിയിലെ പിഴവുകളെ കുറിച്ചാണ് കോലി, കാര്‍ത്തിക്കുമായി ദീര്‍ഘനേരം സംസാരിച്ചതെന്നാണ് സൂചനകള്‍. ബൗളിങ് മാറ്റങ്ങളെ കുറിച്ചും കോലിക്ക് പരാതി ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. കാര്‍ത്തിക്കിനെ കൂടാതെ പേസര്‍ ഭുവനേശ്വര്‍ കുമാറിനോടും കോലി ഇക്കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നതായി കണ്ടിരുന്നു.