ഐപിഎല്ലില്‍ അടുത്തിടെ നടന്ന മത്സരങ്ങള്‍ കണ്ടവര്‍ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. ക്രീസിലെത്തുന്ന ചില ബാറ്റര്‍മാര്‍ ഗാര്‍ഡ് എടുക്കും മുമ്പ് അവര്‍ ഉപയോഗിക്കുന്ന ബാറ്റ് ഫീല്‍ഡ് അമ്പയര്‍മാര്‍ പരിശോധിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് - റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിനിടെ രാജസ്ഥാന്‍ താരം ഷിംറോണ്‍ ഹെറ്റ്മയറിന്റെയും ആര്‍സിബിയുടെ ഫില്‍ സാള്‍ട്ടിന്റെയും ബാറ്റുകളുടെ നീളവും വീതിയും അരികുകളും ഇത്തരത്തില്‍ അമ്പയര്‍മാര്‍ പരിശോധിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സ് - ഡല്‍ഹി ക്യാപ്പിറ്റല്‍സ് മത്സരത്തിനിടെ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റും ഇത്തരത്തില്‍ ഒരു പ്രത്യേക ഉപകരണം ഉപയോഗിച്ച് അമ്പയര്‍മാര്‍ പരിശോധിച്ചിരുന്നു. എന്തുകൊണ്ടാണ് അമ്പയര്‍മാര്‍ ഇത്തരത്തില്‍ ബാറ്റ് പരിശോധിക്കുന്നത് എന്ന് സംശയം ഇതിനോടകം തന്നെ പലര്‍ക്കും ഉണ്ടായിട്ടുണ്ടാകാം.

To advertise here,

ഐപിഎല്‍ ചട്ടമനുസരിച്ചുള്ള അളവുകളുള്ള ബാറ്റുകള്‍ തന്നെയാണോ താരങ്ങള്‍ ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് അമ്പയര്‍ ഇത്തരത്തില്‍ പരിശോധനകള്‍ നടത്തുന്നത്. ഇതാദ്യമായാണ് ഐപിഎല്ലില്‍ ബാറ്റര്‍മാരുടെ ബാറ്റുകള്‍ ഫീല്‍ഡില്‍ പരിശോധിക്കാന്‍ ബിസിസിഐ, അമ്പയര്‍മാരോട് നിര്‍ദേശിച്ചിട്ടുള്ളത്. ബാറ്റിന്റെ വലിപ്പം വിലയിരുത്തുന്ന രീതി പുതിയതല്ല. മുമ്പ് കളിക്കാര്‍ മത്സരത്തിനു മുമ്പോ അല്ലെങ്കില്‍ തലേ ദിവസമോ സാധാരണയായി ഡ്രസ്സിങ് റൂമിനുള്ളില്‍ തന്നെ പരിശോധനകള്‍ക്കായി തങ്ങളുടെ ബാറ്റുകള്‍ വെയ്ക്കുമായിരുന്നു. കാണികള്‍ ഈ പരിശോധന കാണാറില്ലെന്നു മാത്രം.

ബാറ്റര്‍മാര്‍ അനുവദനീയമായ അളവിലും വലിപ്പമുള്ള ബാറ്റുകള്‍ ഉപയോഗിക്കുന്ന നിരവധി കേസുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് ഈ നീക്കം. ഇത്തരക്കാര്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അളവില്‍ കൂടുതലുള്ള ബാറ്റ് ഉപയോഗിക്കുന്നത് തടയാനും ബാറ്റും ബോളും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ബിസിസിഐ ഇപ്പോള്‍ ബാറ്റ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. പ്രത്യേകിച്ചും ടി20 ക്രിക്കറ്റ് ബാറ്റര്‍മാരുടെ കളിയാണ്. അതിനാല്‍ തന്നെ ഈ ഫോര്‍മാറ്റില്‍ ബാറ്റും ബോളും തമ്മിലുള്ള സന്തുലിതാവസ്ഥ ഇല്ലാതായിക്കൊണ്ടിരിക്കുന്നതിനെ കുറിച്ച് ആര്‍. അശ്വിന്‍, കാഗിസോ റബാദ, ശാര്‍ദുല്‍ താക്കൂര്‍ തുടങ്ങി നിരവധി ബൗളര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പവര്‍പ്ലേ, ഇംപാക്റ്റ് പ്ലെയര്‍ നിയമം തുടങ്ങിയവ തന്നെ ബാറ്റര്‍മാര്‍ക്ക് അനുകൂലമായിട്ടുള്ളതാണ്. ഇക്കാരണത്താലാണ് ബാറ്റര്‍മാര്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കുന്ന ബാറ്റിന്റെ അളവുകളിലെ വര്‍ധനവ് നിയന്ത്രിക്കാന്‍ ബിസിസിഐ ബാറ്റ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.

ഐപിഎല്‍ നിയമത്തിലെ 5.7 വകുപ്പു പ്രകാരമാണ് അമ്പയര്‍മാര്‍ ബാറ്റുകള്‍ പരിശോധിക്കുന്നത്. ഇതനുസരിച്ച് ബാറ്റിന്റെ നീളം പിടി ഉള്‍പ്പെടെ 38 ഇഞ്ചില്‍ കൂടാന്‍ പാടില്ല. വീതി 4.25 ഇഞ്ചില്‍ കവിയരുത്. ബാറ്റിന്റെ ബ്ലേഡിന്റെ അളവ് 2.64 ഇഞ്ചില്‍ കൂടരുത്. ബാറ്റിന്റെ എഡ്ജിന്റെ (അരിക്)അളവ് 1.56 ഇഞ്ചിലും കവിയരുത്. ഫീല്‍ഡ് അമ്പയര്‍മാര്‍ ബാറ്റിന്റെ അളവ് പരിശോധിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണത്തിലൂടെ ബാറ്റ് അനായാസം കടന്നുപോകണം എന്നാണ് നിയമത്തില്‍ പറയുന്നത്.

ഇനി ഓരോ മത്സരത്തിലും ബാറ്റര്‍മാര്‍ ഗാര്‍ഡ് എടുക്കുന്നതിനു മുമ്പ് ബാറ്റ് അമ്പയര്‍മാര്‍ ബാറ്റിന്റെ അളവ് പരിശോധിക്കാനുള്ള ഉപകരണത്തിലൂടെ കടത്തിവിടും. ഈ പരിശോധന പാസായ ശേഷമേ ബാറ്റിങ് ആരംഭിക്കാനാകൂ. ബാറ്റിന്റെ അളവ് അനുവദനീയമായതിലും കൂടുതലാണെങ്കില്‍ അനുവദനീയമായ അളവിലുള്ള മറ്റൊരു ബാറ്റ് ഉപയോഗിച്ചേ ബാറ്റര്‍ക്ക് ബാറ്റ് ചെയ്യാന്‍ സാധിക്കൂ.

ബാറ്റും പന്തും തമ്മില്‍ സമ്പര്‍ക്കം വരുന്ന അടിഭാഗമാണ് പല ബാറ്റര്‍മാരും വ്യാത്യാസം വരുത്താറ്. പുറംഭാഗത്തെ ബ്ലേഡിന്റെ കനത്തിലാണ് മാറ്റം വരുത്താറുള്ളത്. ഇതോടെ ബാറ്റിന്റെ സ്വീറ്റ് സ്‌പോട്ട് എന്നു വിളിക്കുന്ന ഭാഗം ഒന്നുകൂടി മികച്ചതാകും. അടിഭാഗവും ബ്ലേഡും കനം കൂടുന്നതും ഹാന്‍ഡിലിനടുത്തേക്കുള്ള ഭാഗത്തിന്റെ കനം കുറയ്ക്കുന്നതും സ്‌ട്രോക്കുകള്‍ക്ക് കൂടുതല്‍ ശക്തി നല്‍കും. അടിച്ചുകളിക്കുന്ന ബാറ്റര്‍മാര്‍ക്ക് ഇത് വളരെ ഉപകാരപ്രദമാണ്. ഇത്തരം ബാറ്റുകള്‍ ഉപയോഗിച്ച് ടൈമിങ് തെറ്റുന്ന ഷോട്ടുകള്‍ പോലും ബൗണ്ടറിക്ക് പുറത്തേക്ക് പറക്കും. നിയമം കര്‍ശനമാക്കിയതോടെ ഇനി ഇത്തരത്തിലുള്ള ആനുകൂല്യം ബാറ്റര്‍മാര്‍ക്ക് ലഭിക്കില്ല.