ന്യൂഡല്‍ഹി: ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎല്‍ ഇന്ന് പുനരാരംഭിക്കുമ്പോള്‍ ചില വിദേശതാരങ്ങളെ ടീമുകള്‍ക്ക് നഷ്ടമാകും. അവശേഷിക്കുന്ന മത്സരങ്ങളില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിക്കാന്‍ ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഉണ്ടാകില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാനുള്ളതിനാല്‍ ഡല്‍ഹി ടീമിലേക്ക് മടങ്ങില്ലെന്ന് താരം പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയന്‍ ടീം അംഗവും ഡല്‍ഹിയിലെ സഹതാരവുമായ ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്കും തിരികെ വരില്ല.

To advertise here,

ഗുജറാത്ത് ടൈറ്റന്‍സ് താരം ജോസ് ബട്‌ലര്‍ പ്ലേ ഓഫില്‍ കളിക്കില്ല. മെയ് 29-ന് ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ഹോം പരമ്പരയ്ക്കുള്ള ഇംഗ്ലണ്ടിന്റെ ഏകദിന ടീമില്‍ ബട്ലര്‍ ഇടം നേടിയതാണ് പ്ലേഓഫില്‍ കളിക്കാന്‍ കഴിയാത്തതിന് കാരണം. ഐപിഎല്ലിന്റെ പ്ലേഓഫുകളും അതേ ദിവസം തന്നെയാണ് ആരംഭിക്കുന്നത്. ബട്‌ലര്‍ക്ക് പകരം കുശാല്‍ മെന്‍ഡിസിനെ പ്ലേ ഓഫിലേക്ക് ഗുജറാത്ത് ഇതിനോടകം ടീമിലെടുത്തിട്ടുണ്ട്. 

ബംഗ്ലാദേശ് പേസര്‍ മുസ്താഫിസുര്‍ റഹ്‌മാന്‍  ഡല്‍ഹി ടീമിലെത്തിയിട്ടുണ്ട്. ബംഗ്ലാേദശ് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നും എന്‍ഒസി കിട്ടിയതോടെയാണ് താരം ടീമിനൊപ്പം ചേര്‍ന്നത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ വിന്‍ഡീസ് താരം ഷെഫാനെ റുഥര്‍ഫോഡും ബെംഗളൂരുവിന്റെ റൊമാരിയോ ഷെപ്പേഡും ടീമുകള്‍ക്കൊപ്പം ചേര്‍ന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള വിന്‍ഡീസ് ടീമില്‍ ഇരുവരുമുണ്ടെങ്കിലും ഐപിഎലിന് ശേഷമാകും ചേരുന്നത്.

ഓസ്‌ട്രേലിയയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ടീമിലുള്‍പ്പെട്ട ഫാസ്റ്റ് ബൗളര്‍ ജോഷ് ഹേസല്‍വുഡ് തോളിനേറ്റ പരിക്ക് കാരണം വിശ്രമത്തിലാണ്. അദ്ദേഹം പ്ലേ ഓഫ് മത്സരങ്ങള്‍ക്കായി ബെംഗളൂരുവില്‍ വീണ്ടും ചേരും. ടീം പ്ലേഓഫ് സാധ്യതയില്‍ നിന്ന് പുറത്തായെങ്കിലും, ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സും ഓപ്പണിംഗ് ബാറ്റര്‍ ട്രാവിസ് ഹെഡും സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ വീണ്ടുമെത്തും.

ബെംഗളൂരുവിന്റെ ഇംഗ്ലീഷ് കളിക്കാരായ വില്‍ ജാക്ക്‌സ്, ലിയാം ലിവിംഗ്സ്റ്റണ്‍, ജേക്കബ് ബെതെല്‍ എന്നിവര്‍ ഇതിനോടകം തിരിച്ചെത്തിയിട്ടുണ്ട്. എന്നാല്‍ സഹതാരങ്ങളായ ജോഫ്ര ആര്‍ച്ചര്‍, ഓള്‍റൗണ്ടര്‍മാരായ സാം കറന്‍, ജാമി ഓവര്‍ട്ടണ്‍ എന്നിവര്‍ തിരികെ വരില്ല. അവരുടെ ടീമുകളായ രാജസ്ഥാനും ചെന്നൈക്കും പ്ലേ ഓഫ് സാധ്യതയില്ല.

കളിക്കാര്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍, ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി ഷോര്‍ട്ട് ടേം കരാറില്‍ കളിക്കാരെ കൊണ്ടുവരാന്‍ ഐപിഎല്‍ അധികൃതര്‍ ഫ്രാഞ്ചൈസികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ കളിക്കാരെ 2026 സീസണില്‍ നിലനിര്‍ത്താനാകില്ല.