ബെംഗളൂരു: അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിനൊടുവില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന് രണ്ട് റണ്‍സ് ജയം. പ്ലേഓഫ് കാണാതെ ഇതിനകം പുറത്തായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് നേടി.
48 പന്തില്‍ 94 റണ്‍സ് നേടിയ ആയുഷ് മാത്രെയാണ് ചെന്നൈയുടെ പ്രതീക്ഷകള്‍ക്ക് ജീവന്‍ പകര്‍ന്നത്. അഞ്ച് സിക്‌സും ഒന്‍പത് ബൗണ്ടറിയുമുണ്ട് മാത്രെയുടെ ഇന്നിങ്‌സില്‍. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പുറത്താവാതെ 45 പന്തില്‍ 77 റണ്‍സ് നേടി. വിജയം സാധ്യമാവുമായിരുന്ന ഘട്ടത്തില്‍ മാത്രെ പുറത്തായതാണ് ചെന്നൈക്ക് തിരിച്ചടിയായത്. 17-ാം ഓവറിലായിരുന്നു പുറത്താവല്‍. തുടര്‍ന്നെത്തിയ ഡെവാള്‍ഡ് ബ്രെവിസ് തൊട്ടടുത്ത പന്തില്‍ത്തന്നെ മടങ്ങിയത് ചെന്നൈയുടെ വീര്യം കെടുത്തി. തുടര്‍ന്ന് ധോനിയും രവീന്ദ്ര ജഡേജയും സ്‌കോര്‍ നീക്കി.
ബെംഗളൂരു താരങ്ങളുടെ മോശം ഫീല്‍ഡിങ്ങും ചെന്നൈക്ക് കരുത്തായി. യഷ് ദയാലെറിഞ്ഞ അവസാന ഓവറില്‍ ധോനി (12) പുറത്തായതോടെ ശിവം ദുബെയെ ഇംപാക്ട് പ്ലെയറായി ഇറക്കി. ആദ്യ പന്തില്‍ത്തന്നെ ദുബെ സിക്‌സടിച്ച് ആവേശം ജനിപ്പിച്ചു. പക്ഷേ, തുടര്‍ന്നുള്ള പന്തുകള്‍ വേലി കടത്താനായില്ല. അവസാന പന്തില്‍ ജയിക്കാന്‍ നാല് റണ്‍സ് വേണ്ടിയിരിക്കേ, ദുബെ സിംഗിള്‍ മാത്രമെടുത്തു. ഇതോടെ രണ്ട് റണ്‍സിന്റെ തോല്‍വി. ബെംഗളൂരുവിനായി ലുങ്കി എങ്കിഡിയും ചെന്നൈക്കായി മതീഷ പതിരണയും മൂന്നുവീതം വിക്കറ്റുകള്‍ നേടി. ഷെയ്ക് റഷീദ് (14), സാം കറന്‍ (5), ദുബെ (8) എന്നിങ്ങനെയാണ് ചെന്നൈയുടെ മറ്റു സ്‌കോറുകള്‍.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തു. വെറും 14 പന്തില്‍ പുറത്താവാതെ 53 റണ്‍സ് നേടിയ റൊമാരിയോ ഷെപേര്‍ഡാണ് ബെംഗളൂരുവിന്റെ സൂപ്പര്‍ ഹീറോ. സീസണില്‍ മിന്നും ഫോമിലുള്ള വിരാട് കോലിയുടെയും ജേക്കബ് ബെതലിന്റെയും ഓപ്പണിങ് കൂട്ടുകെട്ടും ബെംഗളൂരുവിന് വലിയ അടിത്തറ നല്‍കി. ചെന്നൈക്കായി മതീഷ പതിരണ നാലോവറില്‍ 35 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റെടുത്തു.
ഖലീല്‍ അഹ്‌മദ് എറിഞ്ഞ 19-ാം ഓവറില്‍ ബെംഗളൂരുവിന്റെ വിന്‍ഡീസ് താരം റൊമാരിയോ ഷെപേര്‍ഡ് നാല് സിക്‌സുകളും രണ്ട് ബൗണ്ടറിയും ഉള്‍പ്പെടെ 32 റണ്‍സ് നേടി. ഒരു നോബോള്‍ ഉള്‍പ്പെടെ ഓവറില്‍ പിറന്നത് 33 റണ്‍സ്. അവസാന രണ്ടോവറില്‍ മാത്രം ബെംഗളൂരു നേടിയത് 54 റണ്‍സാണ്. ഐപിഎലില്‍ അവസാന രണ്ടോവറുകളില്‍ ഇതുവരെ ഒരു ടീമും 54 റണ്‍സ് നേടിയിട്ടില്ല. വെറും 14 പന്തില്‍നിന്ന് ആറ് സിക്‌സും നാല് ഫോറും സഹിതം 53 റണ്‍സ് നേടിയ ഷെപേർഡ് ടീം സ്‌കോര്‍ 200 കടത്തി. ഐപിഎലിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ചുറിയാണിത്. 13 പന്തില്‍ ഫിഫ്റ്റി നേടിയ യശസ്വി ജയ്‌സ്വാളാണ് (2023) മുന്നിലുള്ളത്. കെഎല്‍ രാഹുലും പാറ്റ് കമിന്‍സും മുന്‍പ് 14 പന്തില്‍ അര്‍ധസെഞ്ചുറി നേടിയിട്ടുണ്ട്.
33 പന്തില്‍ 55 റണ്‍സെടുത്ത ബെതലാണ് ബെംഗളൂരു നിരയില്‍ ആദ്യം പുറത്തായത്. കോലിക്കൊപ്പം ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 97 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തു. രണ്ട് സിക്‌സും എട്ട് ബൗണ്ടറിയും ബെതലിന്റെ ഇന്നിങ്‌സിലുണ്ട്. 33 പന്തില്‍ 62 റണ്‍സ് നേടിയ കോലിയാണ് ബെംഗളൂരുവിന്റെ ടോപ് സ്‌കോറര്‍. അഞ്ചുവീതം സിക്‌സും ഫോറും ചേര്‍ന്നതാണ് ഇന്നിങ്‌സ്. ഇതോടെ ടി20-യില്‍ ഒരു ടീമിനുവേണ്ടി ഏറ്റവുംകൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമെന്ന റെക്കോകഡ് കോലിയുടെ പേരിലായി. ആര്‍സിബിക്കുവേണ്ടി 301 സിക്‌സാണ് കോലിയുടെ സമ്പാദ്യം. ആര്‍സിബിക്കുവേണ്ടിത്തന്നെ 263 സിക്‌സുകള്‍ നേടിയ ക്രിസ് ഗെയില്‍ രണ്ടാമതും മുംബൈക്കുവേണ്ടി 262 സിക്‌സുകള്‍ നേടിയ രോഹിത് മൂന്നാമതുമാണ്. ഒരേ വേദിയില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരമെന്ന നേട്ടവും കോലിയെത്തേടിയെത്തി- ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ മാത്രം 152 സിക്‌സുകള്‍.
ചെന്നൈ നിരയില്‍ മീഡിയം പേസര്‍ ഖലീല്‍ അഹ്‌മദാണ് ഏറ്റവുംകൂടുതല്‍ തല്ലുവാങ്ങിയത്. മൂന്നോവറില്‍ 65 റണ്‍സ് വിട്ടുനല്‍കി. വിക്കറ്റ് നേടാനുമായില്ല. 19-ാം ഓവറില്‍ മാത്രം 33 റണ്‍സ് വഴങ്ങി. ആദ്യ രണ്ടോവറുകളില്‍ 32 റണ്‍സും വഴങ്ങി. ദേവ്ദത്ത് പടിക്കല്‍ (17), രജത് പാട്ടിദര്‍ (11), വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ (7), ടിം ഡേവിഡ് (2*) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍.
Content Highlights: ipl 2025 chennai super kings vs royal challengers bengaluru
Published: 03 May 2025, 11:37 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented