കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ക്കുള്ള കമന്ററി പാനലില്‍നിന്ന് തന്നെ മാറ്റിനിര്‍ത്തിയതായുള്ള അഭ്യൂഹങ്ങള്‍ തള്ളി പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മില്‍ തിങ്കളാഴ്ച നടന്ന മത്സരത്തിന്റെ കമന്ററി പാനലില്‍ താന്‍ ഇല്ലാതിരുന്നതിന്റെ കാരണം സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം വ്യക്തമാക്കി. ഈ സീസണില്‍ കൊല്‍ക്കത്തയില്‍ രണ്ട് മത്സരങ്ങളിലേക്കായി മാത്രമേ താന്‍ നിയമിക്കപ്പെട്ടിട്ടുള്ളൂവെന്നും ആദ്യ മത്സരത്തില്‍ പങ്കെടുത്തെന്നും വ്യക്തിപരമായ കാരണത്താല്‍ രണ്ടാമത്തെ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെന്നും ഭേഗ്ലെ പറഞ്ഞു.
'കൊല്‍ക്കത്തയില്‍ ഇന്നലത്തെ മത്സരത്തില്‍ ഞാന്‍ പങ്കെടുക്കാതിരുന്നതിനെക്കുറിച്ച് ചിലര്‍ അനുചിതമായ നിഗമനങ്ങളില്‍ എത്തിച്ചേരുന്നുണ്ട്. വളരെ ലളിതമായി പറഞ്ഞാല്‍, ഞാന്‍ ചെയ്യേണ്ട മത്സരങ്ങളുടെ പട്ടികയില്‍ അത് ഉണ്ടായിരുന്നില്ല! എന്നോട് ചോദിച്ചിരുന്നെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാകില്ലായിരുന്നു. ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ പട്ടിക (കമന്റേറ്റര്‍മാരുടെ പട്ടിക) തയ്യാറാക്കല്‍ പൂര്‍ത്തിയാകും. കൊല്‍ക്കത്തയില്‍ നടന്ന രണ്ട് മത്സരങ്ങള്‍ക്കായി എന്നെ തിരഞ്ഞെടുത്തിരുന്നു. ആദ്യ മത്സരത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. പക്ഷേ, കുടുംബത്തിലെ ഒരു അസുഖം കാരണം രണ്ടാമത്തേതില്‍ എനിക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല', ഭോഗ്ലെ എക്‌സില്‍ കുറിച്ചു.
സീസണിന്റെ തുടക്കത്തില്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ച് ക്യൂറേറ്ററെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ഹര്‍ഷ ഭോഗ്ലെയേയും സൈമണ്‍ ഡുളിനെയും തിങ്കളാഴ്ച നടന്ന കൊല്‍ക്കത്ത-ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തില്‍നിന്ന് മാറ്റിനിര്‍ത്തിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഐപിഎല്ലില്‍ പാനല്‍ ചര്‍ച്ചയ്ക്കിടെ കൊല്‍ക്കത്തയുടെ ആദ്യ മത്സരത്തിനായി പിച്ച് ക്യൂറേറ്റര്‍ സുജന്‍ മുഖര്‍ജി ഒരുക്കിയ പിച്ചിനെ ഭോഗ്ലെയും സൈമണ്‍ ഡുളും വിമര്‍ശതോടെയാണ് വിവാദം ഉടലെടുക്കുന്നത്. പിച്ച് തയ്യാറാക്കുന്നത് സംബന്ധിച്ച് നൈറ്റ് റൈഡേഴ്‌സ് മാനേജ്‌മെന്റില്‍ നിന്ന് അഭിപ്രായം സ്വീകരിക്കില്ലെന്ന് സുജന്‍ മുഖര്‍ജി പരസ്യമായി പറഞ്ഞതിനെയാണ് ഭോഗ്ലെയും ഡുളും വിമര്‍ശിച്ചത്. ചര്‍ച്ചയ്ക്കിടെ ഇരുവരും ക്യൂറേറ്ററുടെ നിലപാടിനെ ശക്തമായി വിമര്‍ശിച്ചിരുന്നു. തങ്ങള്‍ക്ക് അനുയോജ്യമായ പിച്ചുകള്‍ ലഭിച്ചില്ലെങ്കില്‍ നൈറ്റ് റൈഡേഴ്‌സ് ഈഡന്‍ ഗാര്‍ഡന്‍സ് വിടുന്നത് പരിഗണിക്കണമെന്നും ഇരുവരും പറഞ്ഞിരുന്നു. എന്നാല്‍, ഈ പരാമര്‍ശം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനെ (സിഎബി) ചൊടിപ്പിച്ചു. പിന്നാലെ നൈറ്റ് റൈഡേഴ്‌സിന്റെ ഹോം മത്സരങ്ങളിലെ കമന്ററി പാനലില്‍നിന്ന് ഭോഗ്ലെയേയും ഡുളിനെയും നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് സിഎബി സെക്രട്ടറി നരേഷ് ഓജ ബിസിസിഐക്ക് കത്തെഴുതിയിരുന്നു. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന കൊല്‍ക്കത്ത-ഗുജറാത്ത് മത്സരത്തിന്റെ കമന്ററി ബോക്‌സില്‍ ഭോഗ്ലെയും ഡുളും ഇല്ലാതിരുന്നത്.
Content Highlights: Harsha Bhogle addresses rumors of his removal from the IPL commentary panel, citing personal reasons
Published: 22 Apr 2025, 02:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented