ഐപിഎല്‍ 2024 സീസണിന് മുമ്പായുള്ള താരലേലം ഈ മാസം 19-ന് ദുബായിലാണ്. ലേലത്തിന് രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി നവംബര്‍ 30-ന് അവസാനിച്ചിരുന്നു. പിന്നാലെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന താരങ്ങളുടെ അന്തിമ പട്ടികയായി. ആകെ 1166 താരങ്ങളാണ് ദുബായില്‍ നടക്കാനിരിക്കുന്ന മിനി താരലേലത്തില്‍ രജിസ്റ്റര്‍ ചെയ്ത് ടീമുകളുടെ വിളി കാത്തിരിക്കുന്നത്. ഇതില്‍ 830 ഇന്ത്യക്കാരും 336 വിദേശതാരങ്ങളുമാണ്. പേര് നല്‍കിയതില്‍ 212 പേര്‍ അന്താരാഷ്ട്രമത്സരം കളിച്ചവരാണ്. അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള 45 താരങ്ങളും 909 അണ്‍ക്യാപ്ഡ് താരങ്ങളുമുണ്ട്. എന്നാല്‍ 10 ഫ്രാഞ്ചൈസികള്‍ക്കും കൂടി വാങ്ങാന്‍ സാധിക്കുക 77 താരങ്ങളെയാണ്. ഇതില്‍ 30 പേര്‍ വിദേശികളും. ഫ്രാഞ്ചൈസികള്‍ക്കെല്ലാം കൂടി ചിലവാക്കാന്‍ സാധിക്കുന്ന തുക 262.95 കോടി രൂപയാണ്.
ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ തച്ചുതകര്‍ത്ത ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ലോകകപ്പില്‍ ന്യൂസീലന്‍ഡിനായി തിളങ്ങിയ രചിന്‍ രവീന്ദ്ര എന്നിവരെല്ലാം ലേലത്തിനുണ്ട്. ഇത്തവണത്തെ ലേലത്തില്‍ ടീമുകളെല്ലാം നോട്ടമിടുന്ന രണ്ട് താരങ്ങള്‍ ഹെഡും രചിനുമായിരിക്കും. രണ്ട് കോടിയാണ് ഹെഡിന്റെ അടിസ്ഥാന വില. രചിന്റേത് വെറും 50 ലക്ഷമാണ്. ലേലത്തില്‍ ടീമുകള്‍ തമ്മില്‍ കടുത്ത മത്സരം നടക്കാന്‍ പോകുന്നത് ഇവര്‍ രണ്ടുപേര്‍ക്കും വേണ്ടിയായിരിക്കും.
ലോകകപ്പിലും പിന്നാലെ ഇന്ത്യയ്‌ക്കെതിരേ നടക്കുന്ന ട്വന്റി 20 പരമ്പരയിലെയും തകര്‍പ്പന്‍ ഫോം ഹെഡിന്റെ മൂല്യം കുത്തനെ ഉയര്‍ത്തും. ലോകകപ്പില്‍ കളിച്ച ആറ് മത്സരങ്ങളില്‍ നിന്ന് 54.83 ശരാശരിയില്‍ 329 റണ്‍സാണ് ഹെഡ് അടിച്ചുകൂട്ടിയത്. ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരേ നേടിയതടക്കം (137) രണ്ട് സെഞ്ചുറികളും ഒരു അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെയാണിത്. രണ്ട് കോടി അടിസ്ഥാന വിലയുള്ള ഹെഡിനായുള്ള ലേലം 10 കോടിക്ക് മേല്‍ ഉയര്‍ന്നുപോകുമെന്നുറപ്പാണ്.
ഇക്കഴിഞ്ഞ ലോകകപ്പില്‍ 10 കളികളില്‍ നിന്ന് 64.22 ശരാശരിയില്‍ 578 റണ്‍സടിച്ചുകൂട്ടി ബാറ്റിങ് റെക്കോഡുകള്‍ പലതും തിരുത്തിയെഴുതിയ രചിന്‍ രവീന്ദ്രയുടെ അടിസ്ഥാന വില 50 ലക്ഷം മാത്രമാണ്. മൂന്ന് സെഞ്ചുറികളും രണ്ട് അര്‍ധ സെഞ്ചുറികളുമാണ് രചിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഇന്ത്യന്‍ വിക്കറ്റുകളിലെ മികച്ച ബാറ്റിങ്ങാണ് ഇരുവരുടെയും കരുത്ത്.
ലോകകപ്പ് ജയിച്ച ഓസീസ് ടീമില്‍ നിന്ന് ജോഷ് ഹെയ്‌സല്‍വുഡ്, സീന്‍ ആബട്ട്, ജോഷ് ഇംഗ്ലിസ്, സ്റ്റീവ് സ്മിത്ത് എന്നിവരും ലേലത്തിനുണ്ട്. രണ്ട് കോടിയാണ് ഇവരുടെ അടിസ്ഥാന വില. എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മിച്ചല്‍ സ്റ്റാര്‍ക്ക് ഇത്തവണ ലേലത്തിനുണ്ട്. രണ്ട് കോടി തന്നെയാണ് സ്റ്റാര്‍ക്കിന്റെയും അടിസ്ഥാന വില.
Content Highlights: IPL Auction Travis Head And Promising Rachin Ravindra Auction Register
Published: 02 Dec 2023, 12:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented