ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: ഐപിഎല്‍ മെഗാ താരലേലത്തിനു മുമ്പായി താരങ്ങളെ നിലനിര്‍ത്തുന്നത് സംബന്ധിച്ച് ഫ്രാഞ്ചൈസികളുമായുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ട് ബിസിസിഐ. ഈ മാസം അവസാനത്തോടെ ഇക്കാര്യത്തില്‍ അന്തിമരൂപമാകും. മെഗാ താരലേലം ഈ വര്‍ഷം അവസാനമുണ്ടാകും. ക്രിക്ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

To advertise here,

മെഗാ താരലേലത്തിന് മുന്നോടിയായി ഓരോ ടീമുകള്‍ക്കും നിലനിര്‍ത്താവുന്ന താരങ്ങളുടെ എണ്ണം അഞ്ചു മുതല്‍ ഏഴു വരെയാക്കി വര്‍ധിപ്പിക്കണമെന്ന് ഭൂരിഭാഗം ടീമുകളും ആവശ്യപ്പെട്ടു. ഒരു ടീം ഈ പരിധി എട്ടായി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു താരത്തെയും നിലനിര്‍ത്താന്‍ അനുവദിക്കേണ്ടെന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നു. പരമാവധി നാലു കളിക്കാരെയാണ് നിലവില്‍ ടീമുകള്‍ക്ക് നിലനിര്‍ത്താന്‍ അനുവാദമുള്ളത്.

അതേസമയം വിമര്‍ശനമുയര്‍ന്നെങ്കിലും ഇംപാക്ട് പ്ലെയര്‍ നിയമം തുടരാനാണ് സാധ്യത. ഓള്‍ റൗണ്ടര്‍മാരുടെ പ്രാധാന്യം ഈ നിയമം ഇല്ലാതാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം ഇതിനെതിരേ കഴിഞ്ഞ തവണ രംഗത്തെത്തിയിരുന്നു.

ലേലത്തില്‍ ടീമുകള്‍ക്ക് ചെലവഴിക്കാന്‍ സാധിക്കുന്ന തുക ഉയര്‍ത്തണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. നിലവിലെ പരിധി 100 കോടി രൂപയായിരിക്കെ 20 കോടിയുടെ വര്‍ധനയാണ് ടീമുകള്‍ ആവശ്യപ്പെട്ടത്. ബിസിസിഐയും ഫ്രാഞ്ചൈസി സിഇഒമാരും തമ്മില്‍ ഈ മാസം അവസാനം നടത്തുന്ന ചര്‍ച്ചയിലാകും ഇക്കാര്യങ്ങള്‍ സംബന്ധിച്ച അന്തിമതീരുമാനമുണ്ടാകുക.