അഹമ്മദാബാദ്: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഫൈനലിലെത്തി നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ്. രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ 62 റണ്‍സിന് പരാജയപ്പെടുത്തിയായിരുന്നു ഗുജറാത്തിന്റെ ഫൈനല്‍ പ്രവേശനം. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഗുജറാത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും.

To advertise here,

ഗുജറാത്ത് ഉയര്‍ത്തിയ 234 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 18.2 ഓവറില്‍ 171 റണ്‍സിന് ഓള്‍ഔട്ടായി.

ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയ ഗുജറാത്ത് ബൗളിങ്ങിലും മികവ് കാഴ്ചവെച്ച് മത്സരം സ്വന്തമാക്കുകയായിരുന്നു. 2.1 ഓവറില്‍ 10 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ മോഹിത് ശര്‍മയാണ് മുംബൈയുടെ കഥകഴിച്ചത്. മുഹമ്മദ് ഷമിയും റാഷിദ് ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

234 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത മുംബൈയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ഇഷാന്‍ കിഷന് പകരം ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയ നെഹാല്‍ വധേരയെ (4) ആദ്യ ഓവറില്‍ തന്നെ മുഹമ്മദ് ഷമി മടക്കി. ഗുജറാത്ത് ഇന്നിങ്‌സിനിടെ മൈതാനത്ത് വെച്ച് ക്രിസ് ജോര്‍ദാന്റെ കൈമുട്ടില്‍ ഇടിച്ച് കണ്ണിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഇഷാന്‍ കിഷന് ബാറ്റിങ്ങിനെത്താന്‍ സാധിക്കാതിരുന്നത്.

പിന്നാലെ മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (8) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. മുംബൈ പ്രതീക്ഷ കൈവിട്ടെന്ന് തോന്നിച്ചെങ്കിലും തിലക് വര്‍മ തകര്‍ത്തടിച്ചതോടെ കളി ആവേശകരമായി. 14 പന്തില്‍ നിന്ന് മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കം 43 റണ്‍സെടുത്ത തിലകിനെ ഒടുവില്‍ ആറാം ഓവറിലെ അവസാന പന്തില്‍ റാഷിദ് ഖാന്‍ പുറത്താക്കി.

എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച സൂര്യകുമാര്‍ യാദവ് - കാമറൂണ്‍ ഗ്രീന്‍ സഖ്യം 52 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി മുംബൈക്ക് പ്രതീക്ഷ നല്‍കി. പക്ഷേ 12-ാം ഓവറില്‍ 20 പന്തില്‍ നിന്ന് രണ്ട് വീതം സിക്‌സും ഫോറുമടക്കം 30 റണ്‍സെടുത്ത ഗ്രീനിനെ മടക്കി ജോഷ്വാ ലിറ്റില്‍ ഈ കൂട്ടുകെട്ട് പൊളിച്ചതോടെ മുംബൈ വീണ്ടും പ്രതിരോധത്തിലായി.

എന്നാല്‍ സ്‌കോര്‍ ഉയര്‍ത്തി സൂര്യകുമാര്‍ ക്രീസിലുണ്ടായിരുന്നത് മുംബൈക്ക് പ്രതീക്ഷയായിരുന്നു. പക്ഷേ 15-ാം ഓവറില്‍ മോഹിത് ശര്‍മയെ രണ്ടാമതും സിക്‌സര്‍ പറത്താനുള്ള സൂര്യയുടെ ശ്രമം പാളി. പന്ത് ലെഗ് സ്റ്റമ്പുമായി പറന്നപ്പോള്‍ മുംബൈ ആരാധകരുടെ പ്രതീക്ഷയുമകന്നു. 38 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഏഴ് ഫോറുമടക്കം 61 റണ്‍സായിരുന്നു സൂര്യയുടെ സമ്പാദ്യം. അതേ ഓവറിലെ അഞ്ചാം പന്തില്‍ വിഷ്ണു വിനോദിനെയും (5) മോഹിത് മടക്കി. അവസാന പ്രതീക്ഷയായിരുന്ന ടിം ഡേവിഡിനെ (2) റാഷിദ് ഖാനും പുറത്താക്കിയതോടെ മുംബൈയുടെ പോരാട്ടം അവസാനിച്ചു.

നേരത്തെ സെഞ്ചുറിയുമായി ശുഭ്മാന്‍ ഗില്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഗുജറാത്ത് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെടുത്തിരുന്നു.

ഈ സീസണിലെ മൂന്നാം സെഞ്ചുറി കുറിച്ച ഗില്‍ 60 പന്തില്‍ നിന്ന് ഏഴ് ഫോറും 10 സിക്സും പറത്തി 129 റണ്‍സെടുത്തു. അഹദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മുംബൈ ബൗളര്‍മാരെ നിലംതൊടീക്കാതെ പറത്തുകയായിരുന്നു ഗില്‍. കഴിഞ്ഞ നാല് ഇന്നിങ്സുകളില്‍ നിന്ന് ഗില്ലിന്റെ മൂന്നാം സെഞ്ചുറിയാണിത്. ഈ ഇന്നിങ്സോടെ ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയെ മറികടന്ന് ഈ സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്താനും ഗില്ലിനായി. ഇന്നിങ്സിന്റെ തുടക്കത്തില്‍ ഗില്‍ നല്‍കിയ ക്യാച്ച് കൈവിട്ട ടിം ഡേവിഡിന്റെ പിഴവിന് മുംബൈക്ക് വലിയ വിലകൊടുക്കേണ്ടി വന്നു.

ഓപ്പണിങ് വിക്കറ്റില്‍ വൃദ്ധിമാന്‍ സാഹയ്ക്കൊപ്പം 54 റണ്‍സിന്റെയും രണ്ടാം വിക്കറ്റില്‍ സായ് സുദര്‍ശനൊപ്പം 138 റണ്‍സിന്റെയും കൂട്ടുകെട്ടുണ്ടാക്കിയ ഗില്ലാണ് ഗുജറാത്തിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

സായ് സുദര്‍ശന്‍ 31 പന്തില്‍ നിന്ന് ഒരു സിക്സും അഞ്ച് ഫോറുമടക്കം 43 റണ്‍സെടുത്ത് റിട്ടയേര്‍ഡ് ഔട്ടായി മടങ്ങി. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 13 പന്തില്‍ നിന്ന് രണ്ട് വീതം സിക്സും ഫോറുമടക്കം 28 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സാഹ 16 പന്തില്‍ നിന്ന് 18 റണ്‍സെടുത്ത് പുറത്തായി.

മഴ മൂലം അരമണിക്കൂര്‍ വൈകിയാണ് മത്സരം ആരംഭിച്ചത്.