അഹമ്മദാബാദ്: 2023 ഐ.പി.എല്ലിന് തിരശ്ശീലവീണപ്പോള്‍ നേട്ടമുണ്ടാക്കിയത് ചെന്നൈ സൂപ്പര്‍ കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സിന്റെ സൂപ്പര്‍ താരം ശുഭ്മാന്‍ ഗില്ലും. ഐ.പി.എല്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് സമ്മാനത്തുകയായി 20 കോടി രൂപയാണ് ലഭിച്ചത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ആവേശോജ്ജ്വലമായ ഫൈനലില്‍ ഗുജറാത്തിനെ തകര്‍ത്താണ് ചെന്നൈ കിരീടം നേടിയത്. 

To advertise here,

റണ്ണറപ്പുകളായ ഗുജറാത്തിന് 12.5 കോടി രൂപ സമ്മാനത്തുകയായി ലഭിച്ചു. സീസണ്‍ അവസാനിച്ചതോടെ മറ്റ് അവാര്‍ഡുകളും ഐ.പി.എല്‍ അധികൃതര്‍ പ്രഖ്യാപിച്ചു. ഏറ്റവുമധികം റണ്‍സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് ശുഭ്മാന്‍ ഗില്‍ സ്വന്തമാക്കി. 890 റണ്‍സാണ് താരം ഈ സീസണില്‍ അടിച്ചെടുത്തത്. താരത്തിന് 10 ലക്ഷം രൂപ സമ്മാനത്തുകയായി ലഭിച്ചു. ഇതിന് പുറമേ മൂന്ന് അവാര്‍ഡുകളും ഗില്‍ സ്വന്തമാക്കി. ഗെയിം ചെയ്ഞ്ചര്‍ ഓഫ് ദ സീസണ്‍, മോസ്റ്റ് വാല്വബിള്‍ അസറ്റ് ഓഫ് ദ സീസണ്‍, മോസ്റ്റ് ബൗണ്ടറീസ് ഇന്‍ ദ സീസണ്‍ എന്നീ പുരസ്‌കാരങ്ങളും ഗില്‍ സ്വന്തമാക്കി. ഓരോ പുരസ്‌കാരത്തിനും താരത്തിന് 10 ലക്ഷം രൂപ വീതം ലഭിച്ചു. ഇതോടെ ആകെ 40 ലക്ഷം രൂപ ഗില്‍ സ്വന്തമാക്കി. 

ഏറ്റവുമധികം വിക്കറ്റെടുത്ത താരത്തിനുള്ള പര്‍പ്പിള്‍ ക്യാപ്പ് ഗുജറാത്ത് ടൈറ്റന്‍സിന്റെ മുഹമ്മദ് ഷമി സ്വന്തമാക്കി. 17 മത്സരങ്ങളില്‍ നിന്ന് 28 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. ഷമിയ്ക്ക് 10 ലക്ഷം രൂപ സമ്മാനമായി ലഭിച്ചു. ഈ സീസണിലെ ഏറ്റവും മികച്ച യുവതാരമായി രാജസ്ഥാന്‍ റോയല്‍സിന്റെ യശസ്വി ജയ്‌സ്വാള്‍ തിരഞ്ഞെടുക്കപ്പെട്ടു. 

മറ്റ് അവാര്‍ഡുകള്‍

സ്‌ട്രൈക്കര്‍ ഓഫ് ദ സീസണ്‍- ഗ്ലെന്‍ മാക്‌സ്‌വെല്‍ (റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)
ലോങ്ങസ്റ്റ് സിക്‌സ് ഓഫ് ദ സീസണ്‍- ഫാഫ് ഡു പ്ലെസ്സിസ് (റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)
ക്യാച്ച് ഓഫ് ദ സീസണ്‍- റാഷിദ് ഖാന്‍ (ഗുജറാത്ത് ടൈറ്റന്‍സ്)
ഫെയര്‍ പ്ലേ അവാര്‍ഡ്- ഡല്‍ഹി ക്യാപിറ്റല്‍സ്
പിച്ച് ആന്‍ഡ് ഗ്രൗണ്ട് അവാര്‍ഡ്- വാംഖഡേ (മുംബൈ), ഈഡന്‍ ഗാര്‍ഡന്‍സ് (കൊല്‍ക്കത്ത)