അഹമ്മദാബാദ്: 2023 ഐ.പി.എല്‍ കിരീടം ധോനിയ്ക്ക് വേണ്ടി സമര്‍പ്പിക്കുന്നുവെന്ന് സൂപ്പര്‍ താരം രവീന്ദ്ര ജഡേജ. മത്സരശേഷം ഇക്കാര്യം താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവെച്ചു. അവസാന പന്തുകളില്‍ സിക്‌സും ഫോറുമടിച്ച് ജഡേജയാണ് ചെന്നൈയ്ക്ക് കിരീടം നേടിക്കൊടുത്തത്. 

To advertise here,

' ഞങ്ങള്‍ ജയിച്ചത് ധോനിയ്ക്ക് വേണ്ടിയാണ്. മഹി ഭായ് ഈ കിരീടം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു'- ജഡേജ കുറിച്ചു. മഴമൂലം ഓവര്‍ വെട്ടിച്ചുരുക്കിയപ്പോള്‍ ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറില്‍ 171 റണ്‍സായി മാറി. ഡെവോണ്‍ കോണ്‍വെ, ഋതുരാജ് ഗെയ്ക്‌വാദ്, ശിവം ദുബെ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ചെന്നൈയ്ക്ക് വിജയമൊരുക്കിയത്. 

മോഹിത് ശര്‍മ ചെയ്ത അവസാന ഓവറിലെ അവസാന രണ്ട് പന്തില്‍ 10 റണ്‍സായിരുന്നു വിജയലക്ഷ്യം. ക്രീസില്‍ നിന്ന ജഡേജ അഞ്ചാം പന്തില്‍ സിക്‌സും ആറാം പന്തില്‍ ബൗണ്ടറിയും നേടി ടീമിന് അഞ്ചാം കിരീടം നേടിക്കൊടുത്തു. വിജയം നേടിയശേഷം ജഡേജ ഓടിയെത്തിയത് ധോനിയുടെ അടുത്തേക്കായിരുന്നു. നിറകണ്ണുകളോടെ ഇരുവരും കെട്ടിപ്പിടിക്കുന്ന കാഴ്ച നിമിഷനേരം കൊണ്ട് വൈറലായി. 

ധോനിയ്ക്ക് കീഴില്‍ ചെന്നൈ നേടുന്ന അഞ്ചാം ഐ.പി.എല്‍ കിരീടമാണിത്. കഴിഞ്ഞ സീസണില്‍ തീര്‍ത്തും നിറംമങ്ങിയ ചെന്നൈ അത്ഭുതക്കുതിപ്പ് നടത്തിയാണ് കിരീടത്തില്‍ മുത്തമിട്ടത്.