മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുതിയൊരു റെക്കോഡ് സ്ഥാപിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ നായകന്‍ കെ.എല്‍.രാഹുല്‍. തുടര്‍ച്ചയായി അഞ്ചുസീസണുകളില്‍ 500-ലധികം റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റര്‍ എന്ന റെക്കോഡാണ് രാഹുല്‍ സ്വന്തം പേരില്‍ കുറിച്ചത്. 

To advertise here,

2022 ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലൂടെയാണ് രാഹുല്‍ ഈ സീസണില്‍ 500 റണ്‍സ് മറികടന്നത്. രാഹുല്‍ പുറത്താവാതെ 68 റണ്‍സാണ് അടിച്ചെടുത്തത്. മത്സരത്തില്‍ ലഖ്‌നൗ കൊല്‍ക്കത്തയെ രണ്ട് റണ്‍സിന് തോല്‍പ്പിച്ച് പ്ലേ ഓഫില്‍ പ്രവേശിച്ചു. 

കഴിഞ്ഞ നാല് സീസണിലും പഞ്ചാബ് കിങ്‌സിന്റെ താരമായിരുന്നു രാഹുല്‍. 2018-ല്‍ 659 റണ്‍സ് അടിച്ചെടുത്ത രാഹുല്‍ 2019-ല്‍ 593 റണ്‍സ് നേടി. 2020-ല്‍ ഓറഞ്ച് ക്യാപ്പ് നേടിയ രാഹുല്‍ 670 റണ്‌സാണ് അടിച്ചെടുത്തത്. 2021 ഐ.പി.എല്ലില്‍ വെറും 13 മത്സരങ്ങളില്‍ നിന്ന് 616 റണ്‍സും നേടി. 

ഈ സീസണില്‍ രാഹുല്‍ 14 മത്സരങ്ങളില്‍ നിന്ന് 537 റണ്‍സെടുത്തിട്ടുണ്ട്. 103 ആണ് ഉയര്‍ന്ന സ്‌കോര്‍. രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും നേടി. 48.82 ശരാശരിയിലാണ് രാഹുല്‍ ബാറ്റ് വീശുന്നത്. 627 റണ്‍സുമായി രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് താരം ജോസ് ബട്‌ലറാണ് പട്ടികയില്‍ ഒന്നാമത്.