മുംബൈ: ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് ബൗളര്‍ എന്ന ഓമനപ്പേര് ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിക്കുകയാണ് പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കുന്തമുനയായ ഭുവനേശ്വര്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ മെയ്ഡന്‍ ഓവര്‍ ചെയ്ത് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചു. 

To advertise here,

ഭുവി ഓവര്‍ മെയ്ഡനാക്കിയത് മത്സരത്തിന്റെ തുടക്കത്തിലല്ല മറിച്ച് വളരെ നിര്‍ണായകമായ 19-ാം ഓവറില്‍. ആ ഓവറില്‍ റണ്‍സ് വഴങ്ങാതെ ഒരു വിക്കറ്റും താരം വീഴ്ത്തി. 

അവസാന രണ്ടോവറില്‍ മുംബൈയ്ക്ക് വിജയിക്കാന്‍ 19 റണ്‍സ് വേണ്ടിയിരുന്നു. എന്നാല്‍ 19-ാം ഓവര്‍ ചെയ്ത ഭുവനേശ്വര്‍ റണ്‍സ് വഴങ്ങാതെ മുംബൈയ്ക്ക് തിരിച്ചടി സമ്മാനിച്ചു. ക്രീസിലുണ്ടായിരുന്ന സഞ്ജയ് യാദവിനെ പുറത്താക്കിയ ഭുവനേശ്വര്‍ പിന്നാലെ വന്ന ജസ്പ്രീത് ബുംറയെ കാഴ്ചക്കാരനാക്കി ഓവര്‍ എറിഞ്ഞുതീര്‍ത്തു. 

അവസാനം വെറും മൂന്ന് റണ്‍സിനാണ് സണ്‍റൈസേഴ്‌സ് വിജയം നേടിയത്. ഭുവനേശ്വറിന്റെ ഓവറില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ മുംബൈ വിജയം നേടിയേനേ. ഈ സീസണില്‍ സണ്‍റൈസേഴ്‌സിനുവേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് ഭുവനേശ്വര്‍ കാഴ്ചവെയ്ക്കുന്നത്. 13 മത്സരങ്ങളില്‍ നിന്ന് 12 വിക്കറ്റുകള്‍ വീഴ്ത്തിയതെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ഭുവി പിശുക്കുകാണിച്ചു. 

ഈ വിജയത്തോടെ സണ്‍റൈസേഴ്‌സ് പ്ലേ ഓഫില്‍ കയറാനുള്ള സാധ്യതകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു മത്സരം മാത്രമാണ് ഇനി എല്ലാ ടീമുകള്‍ക്കും ശേഷിക്കുന്നത്. മുംബൈ നേരത്തേ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.