
അഹമ്മദാബാദ്: 15-ാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. ഫൈനലില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സിനെ ഏഴുവിക്കറ്റിന് തകര്‍ത്താണ് ഗുജറാത്ത് കന്നി ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ടത്. അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്തിനെ കിരീടത്തിലേക്ക് നയിക്കാന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് സാധിച്ചു. രാജസ്ഥാന്‍ ഉയര്‍ത്തിയ 131 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്ത് 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി.
മൂന്ന് വിക്കറ്റെടുക്കുകയും 34 റണ്‍സ് നേടുകയും ചെയ്ത നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നിര്‍ണായക പ്രകടനം ഗുജറാത്തിന് തുണയായി. ഷെയ്ന്‍ വോണിന് ശേഷം രാജസ്ഥാന്‍ റോയല്‍സിന് കിരീടം സമ്മാനിക്കാമെന്ന സഞ്ജുവിന്റെ മോഹത്തിന് തിരിച്ചടി നേരിട്ടു. ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത സഞ്ജുവിന്റെ തീരുമാനം പാളുന്ന കാഴ്ചയ്ക്കാണ് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം സാക്ഷിയായത്. ബാറ്റര്‍മാര്‍ താളം കണ്ടെത്താതെപോയതാണ് ടീമിന് തിരിച്ചടിയായത്. ഈ സീസണില്‍ മൂന്ന് തവണ ഗുജറാത്തുമായി ഏറ്റുമുട്ടിയിട്ടും ഒരിക്കല്‍പ്പോലും വിജയം നേടാന്‍ രാജസ്ഥാന് കഴിഞ്ഞില്ല.
131 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിനായി വൃദ്ധിമാന്‍ സാഹയും ശുഭ്മാന്‍ ഗില്ലുമാണ് ഓപ്പണ്‍ ചെയ്തത്. ആദ്യ ഓവറില്‍ തന്നെ ഗില്ലിനെ പുറത്താക്കാനുള്ള സുവര്‍ണാവസരം യൂസ്‌വേന്ദ്ര ചാഹല്‍ പാഴാക്കി. ആ ക്യാച്ചിന് വലിയ വിലയാണ് രാജസ്ഥാന്‍ നല്‍കേണ്ടിവന്നത്. ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ ലഭിച്ച അനായാസ ക്യാച്ച് ചാഹല്‍ നിലത്തിട്ടു. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ പ്രസിദ്ധ് കൃഷ്ണ ഗുജറാത്തിന്റെ ആദ്യ വിക്കറ്റ് പിഴുതു. അഞ്ചുറണ്‍സെടുത്ത സാഹയെ തകര്‍പ്പന്‍ പന്തിലൂടെ പ്രസിദ്ധ് ക്ലീന്‍ ബൗള്‍ഡാക്കി.
സാഹയ്ക്ക് പകരം മാത്യു വെയ്ഡാണ് ക്രീസിലെത്തിയത്. എന്നാല്‍ 10 പന്തില്‍ നിന്ന് എട്ട് റണ്‍സ് മാത്രമെടുത്ത വെയ്ഡിനെ ട്രെന്റ് ബോള്‍ട്ട് റിയാന്‍ പരാഗിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ രാജസ്ഥാന്‍ ഗുജറാത്തിന് മേല്‍ സമ്മര്‍ദം ചെലുത്തി. വെയ്ഡിന് പകരം നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ക്രീസിലെത്തി. ബാറ്റിങ് പവര്‍പ്ലേയില്‍ ഗുജറാത്ത് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സാണ് നേടിയത്. പാണ്ഡ്യയും ഗില്ലും ചേര്‍ന്ന് വലിയ തകര്‍ച്ചയില്‍ നിന്ന് ഗുജറാത്തിനെ രക്ഷിച്ചു. ആദ്യ പത്തോവറില്‍ ടീം 54 റണ്‍സാണ് നേടിയത്. പിന്നാലെ അര്‍ധസെഞ്ചുറി കൂട്ടുകെട്ടും ഇവര്‍ പടുത്തുയര്‍ത്തി.
ഗുജറാത്ത് അനായാസ വിജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തില്‍ ചാഹല്‍ രാജസ്ഥാന് പ്രതീക്ഷ സമ്മാനിച്ചു. മികച്ച രീതിയില്‍ ബാറ്റേന്തുകയായിരുന്ന ഹാര്‍ദിക്കിനെ പുറത്താക്കി ചാഹല്‍ രാജസ്ഥാന് ആശ്വാസം പകര്‍ന്നു. 30 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 34 റണ്‍സ് നേടി നിര്‍ണായക ഇന്നിങ്‌സ് കാഴ്ചവെച്ചാണ് ഗുജറാത്ത് നായകന്‍ ക്രീസ് വിട്ടത്.
പാണ്ഡ്യയ്ക്ക് പകരം അപകടകാരിയായ ഡേവിഡ് മില്ലര്‍ ക്രീസിലെത്തി. മില്ലര്‍ അനായാസം ബാറ്റ് ചെയ്യാന്‍ ആരംഭിച്ചതോടെ രാജസ്ഥാന്റെ വിജയ പ്രതീക്ഷകള്‍ അസ്തമിച്ചു. മില്ലര്‍ തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ ഗില്ലിനൊപ്പം ചേര്‍ന്ന് ടീമിന് വിജയം സമ്മാനിച്ചു. 18-ാം ഓവറിലെ ആദ്യ പന്തില്‍ സിക്‌സടിച്ചുകൊണ്ട് ഗില്‍ ഗുജറാത്തിന് കന്നി ഐ.പി.എല്‍ കിരീടം നേടിക്കൊടുത്തു. ഗില്‍ 43 പന്തുകളില്‍ നിന്ന് 45 റണ്‍സെടുത്തും മില്ലര്‍ 19 പന്തുകളില്‍ നിന്ന് 32 റണ്‍സ് നേടിയും പുറത്താവാതെ നിന്നു. രാജസ്ഥാന് വേണ്ടി ബോള്‍ട്ട്, പ്രസിദ്ധ്, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തു. തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഗുജറാത്ത് ബൗളര്‍മാരാണ് പേരുകേട്ട രാജസ്ഥാന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. 39 റണ്‍സെടുത്ത ജോസ് ബട്‌ലര്‍ മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ പിടിച്ചുനിന്നത്.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച രാജസ്ഥാന് വേണ്ടി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും ദോസ് ബട്‌ലറും ചേര്‍ന്ന് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 31 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അഞ്ചാം ഓവറില്‍ ജയ്‌സ്വാളിനെ മടക്കി യാഷ് ദയാല്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 16 പന്തുകളില്‍ നിന്ന് 22 റണ്‍സെടുത്ത ജയ്‌സ്വാള്‍ സായ് കിഷോറിന് ക്യാച്ച് നല്‍കി മടങ്ങി.
ജയ്‌സ്വാളിന് പകരം നായകന്‍ സഞ്ജു സാംസണ്‍ ക്രീസിലെത്തി. സഞ്ജുവിനെ കൂട്ടുപിടിച്ച് ബട്‌ലര്‍ ടീമിനെ മുന്നോട്ട് നയിച്ചു. 6.5 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു. പക്ഷേ സഞ്ജുവിന് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. അനാവശ്യ ഷോട്ടിന് ശ്രമിച്ച സഞ്ജു ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ സായ് കിഷോറിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 11 പന്തുകളില്‍ നിന്ന് 14 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.സഞ്ജുവിന് പകരം ദേവ്ദത്ത് പടിക്കലാണ് ക്രീസിലെത്തിയത്.
ഗുജറാത്ത് ബൗളര്‍മാര്‍ കണിശതയോടെ പന്തെറിഞ്ഞതോടെ രാജസ്ഥാന്റെ സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞു. സഞ്ജുവിന് പകരം വന്ന ദേവ്ദത്ത് റണ്‍സ് കണ്ടെത്താന്‍ നന്നായി ബുദ്ധിമുട്ടി. ഒടുവില്‍ 10 പന്തുകളില്‍ നിന്ന് വെറും രണ്ട് റണ്‍സ് മാത്രമെടുത്ത ദേവ്ദത്തിനെ റാഷിദ് ഖാന്‍ മുഹമ്മദ് ഷമിയുടെ കൈയ്യിലെത്തിച്ചു. തൊട്ടടുത്ത ഓവറില്‍ രാജസ്ഥാന്റെ പ്രതീക്ഷയായ ജോസ് ബട്‌ലറും പുറത്തായി.
ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് ക്യാച്ച് നല്‍കി ബട്‌ലര്‍ മടങ്ങി. 35 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയുടെ സഹായത്തോടെ 39 റണ്‍സാണ് ബട്‌ലര്‍ നേടിയത്. ബട്‌ലര്‍ പുറത്തായ ശേഷം ഷിംറോണ്‍ ഹെറ്റ്‌മെയറും അശ്വിനും ക്രീസിലൊന്നിച്ചു. രണ്ട് ബൗണ്ടറി നേടിക്കൊണ്ട് ഹെറ്റ്‌മെയര്‍ തുടങ്ങിയെങ്കിലും താരത്തെ ഹാര്‍ദിക് പുറത്താക്കി. സ്വന്തം പന്തില്‍ തന്നെ ക്യാച്ചെടുത്താണ് ഹാര്‍ദിക് 11 റണ്‍സെടുത്ത ഹെറ്റ്‌മെയറെ പറഞ്ഞുവിട്ടത്. ഇതോടെ രാജസ്ഥാന്‍ 94 ന് അഞ്ച് വിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.
പിന്നാലെ അശ്വിനും പുറത്തായി. സായ് കിഷോറിന്റെ പന്തില്‍ സിക്‌സ് നേടാനുള്ള അശ്വിന്റെ ശ്രമം ഡേവിഡ് മില്ലറുടെ കൈയ്യിലൊതുങ്ങി. ആറ് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 16.2 ഓവറിലാണ് ടീം സ്‌കോര്‍ 100 കടന്നത്. റിയാന്‍ പരാഗും ട്രെന്റ് ബോള്‍ട്ടുമാണ് അവസാന ഓവറുകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. പക്ഷേ ടീം സ്‌കോര്‍ 112-ല്‍ നില്‍ക്കേ ട്രെന്റ് ബോള്‍ട്ട് പുറത്തായി. 11 റണ്‍സെടുത്ത ബോള്‍ട്ടിനെ സായ് കിഷോര്‍ തെവാത്തിയയുടെ കൈയ്യിലെത്തിച്ചു.
ബോള്‍ട്ടിന് പകരം ഒബെഡ് മക്കോയിയാണ് ക്രീസിലെത്തിയത്. ഒരു സിക്‌സടിച്ചുകൊണ്ട് മക്കോയ് ടീം സ്‌കോര്‍ 120 കടത്തി. റിയാന്‍ പരാഗ് അവസാന ഓവറുകളില്‍ പരാജയമായി. സ്‌കോറുയര്‍ത്താന്‍ ബാറ്ററായ പരാഗിന് സാധിച്ചില്ല. അവസാന ഓവറില്‍ മക്കോയ് റണ്‍ ഔട്ടായി. പരാഗ് 15 റണ്‍സെടുത്ത് പുറത്തായി.
ഗുജറാത്തിന് വേണ്ടി നായകന്‍ ഹാര്‍ദിക് പാണ്ഡ്യ നാലോവറില്‍ വെറും 17 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്നുവിക്കറ്റെടുത്തു. സായ് കിഷോര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
Content Highlights: ipl final, 2022 ipl final rajasthan royals vs gujarat titans, rr vs gt, ipl, ipl 2022, cricket news
Published: 29 May 2022, 11:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented