
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ ഗാലറിക്ക് നടുവില്‍ തിരുവനന്തപുരം പുല്ലുവിളയിലെ ഒരു 27-കാരന്‍ പയ്യന്‍ നിരാശയോടെ തലതാഴ്ത്തി നിന്നു. ആദ്യ ഐപിഎല്ലിനെത്തിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ കുതിപ്പില്‍ അഹമ്മദാബാദ് ഒന്നടങ്കം ആവേശക്കടലായപ്പോള്‍ ക്യാമറക്കണ്ണുകളില്‍ അയാള്‍ അപ്രസക്തനായി. ചരിത്രം തേടിയിറങ്ങിയ രാത്രിയില്‍ സ്വപ്‌നങ്ങളെല്ലാം തകര്‍ന്നുടഞ്ഞ വേദനയില്‍ തിരിഞ്ഞുനടന്നു. പക്ഷേ 14 വര്‍ഷങ്ങള്‍ക്കിപ്പുറം ഐപിഎല്ലിന്റെ കലാശപ്പോരിലേക്ക് രാജസ്ഥാന്‍ റോയല്‍സിനെ എത്തിച്ച നായകന്റെ പേര് അവിടം പൊലിമയോടെ തന്നെ ആലേഖനം ചെയ്യപ്പെട്ടുക്കഴിഞ്ഞിരുന്നു. സഞ്ജു വിശ്വനാഥ് സാംസണ്‍.
ചരിത്രം കുറിക്കാന്‍ തന്നെയാണ് സഞ്ജു ഐപിഎല്ലിന്റെ കലാശപ്പോരില്‍ കളിക്കാനിറങ്ങിയത്. ഐപിഎല്‍ ടീമിന്റെ നായകനായ ഒരേയോരു കേരളതാരമാണ് സഞ്ജു. അതിനാല്‍ ഐപിഎല്ലില്‍ കിരീടം നേടുന്ന മലയാളി ക്യാപ്റ്റന്‍ എന്ന അപൂര്‍വബഹുമതി സ്വന്തമാകുമായിരുന്നു സഞ്ജുവിന്. പക്ഷേ അഹമ്മദാബാദില്‍ രാജസ്ഥാന്‍ സമ്പൂര്‍ണമായി തകര്‍ന്നടിഞ്ഞു. ഒന്നു പൊരുതാന്‍ പോലുമാകാതെ അവര്‍ കീഴടങ്ങി. മക്കോയിയുടെ പന്തിനെ ശുഭ്മാന്‍ ഗില്‍ അതിര്‍ത്തികടത്തുമ്പോള്‍ രണ്ടാം കിരീടമെന്ന മോഹവും പോലിഞ്ഞു.
രാജകീയമായിരുന്നു ഐപിഎല്ലിലെ രാജസ്ഥാന്റെ വരവ്. 2008-ലെ പ്രഥമ ഐപിഎല്ലില്‍ തന്നെ ചാമ്പ്യന്‍മാരായി. അന്ന് മുംബൈയില്‍ നടന്ന ഫൈനലില്‍ ചെന്നൈയെ മൂന്ന് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. 164 റണ്‍സ് പിന്തുടര്‍ന്ന് വിജയിക്കുമ്പോള്‍ ക്യാപ്റ്റന്‍ ഷെയ്ന്‍ വോണും സൊഹൈല്‍ തന്‍വീറുമാണ് ക്രീസിലുണ്ടായിരുന്നത്. 14 വര്‍ഷത്തിന് ശേഷമാണ് രാജസ്ഥാന്‍ വീണ്ടും ഐപിഎല്ലിന്റെ ഫൈനലിലെത്തുന്നത്.
'2008-ഫൈനലിന്റെ അന്ന് കേരളത്തിലെവിടെയോ അണ്ടര്‍ 16 മത്സരം കളിക്കുകയായിരുന്നു ഞാന്‍. സുഹൃത്തുക്കള്‍ക്കൊപ്പം ഫൈനല്‍ കണ്ടത് ഇപ്പോഴും ഓര്‍ക്കുന്നു'- റോയല്‍ ചലഞ്ചേഴ്‌സിനെതിരായ രണ്ടാം ക്വാളിഫയറില്‍ വിജയിച്ചതിന് ശേഷം അന്നത്തെ രാത്രിയെ സഞ്ജു ഇങ്ങനെയാണ് ഓര്‍ത്തെടുത്തത്. വര്‍ഷങ്ങള്‍ക്കിപ്പുറം അതേ പയ്യന്റെ നായകത്വത്തില്‍ തന്നെ രാജസ്ഥാന്‍ ഫൈനലിലേക്ക് മുന്നേറി. ഫൈനലില്‍ കാലിടറിയെങ്കിലും തലയുയര്‍ത്തി തന്നെയാണ് സഞ്ജുവും സംഘവും മടങ്ങിയത്.
ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും മികച്ച പ്രകടനം തന്നെയാണ് സഞ്ജു സീസണിലുടനീളം കാഴ്ചവെച്ചത്. ഹൈദരാബാദിനെതിരായിരുന്നു രാജസ്ഥാന്റെ ആദ്യ മത്സരം. 27 പന്തില്‍ നിന്ന് 55 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ടീം 200 റണ്‍സ് കടക്കുന്നതില്‍ സുപ്രധാനമായിരുന്നു ഈ ഇന്നിംഗ്‌സ്. മുംബൈക്കെതിരായ രണ്ടാം മത്സരത്തില്‍ 30 റണ്‍സ് നേടി. ബട്ട്‌ലര്‍ക്ക് മികച്ച പിന്തുണ നല്‍കി കൊണ്ടുളളതായിരുന്നു. ടീമിന് ഏറെ സഹായകമാകുന്ന ഇന്നിംഗ്‌സുകളായിരുന്നു പിന്നീടുളള മത്സരങ്ങളിലെല്ലാം കാഴ്ചവെച്ചത്. കൊല്‍ക്കത്തയ്‌ക്കെതിരേ 38 റണ്‍സും ഡല്‍ഹിക്കെതിരേ 46 റണ്‍സും സഞ്ജു അടിച്ചെടുത്തു. ആ രണ്ട് മത്സരങ്ങളിലും ടീം റണ്‍സ് 200 കടന്നു.
ഗുജറാത്തിനെതിരായ ഒന്നാം ക്വാളിഫയറില്‍ 26 പന്തില്‍ നിന്ന് 47 റണ്‍സാണ് സഞ്ജു നേടിയത്. ഒട്ടുമിക്ക മത്സരങ്ങളിലും ടീം സ്‌കോറിങ്ങില്‍ വലിയ ഇംപാക്റ്റാണ് സഞ്ജുവിന്റെ ഇന്നിംഗ്‌സ് ഉണ്ടാക്കിയത്. ഒരു ടീം പ്ലെയര്‍ എന്ന നിലയില്‍ താരത്തിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. വളരെ കുറച്ച് മത്സരങ്ങളില്‍ മാത്രമാണ് ഐപിഎല്ലില്‍ ടോസ്സ് കിട്ടിയത്. എന്നിട്ടും ക്രിത്യമായ ക്യാപ്റ്റന്‍സിയുമായി രാജസ്ഥാന്റെ മുന്നോട്ട് പോക്കിന് സഞ്ജു വേഗത കൂട്ടി.
കിരീടം നേടാനായില്ലെങ്കിലും ഐപിഎല്ലിന്റെ ചരിത്രത്താളുകളില്‍ ആ പേര് എക്കാലവും രേഖപ്പെടുത്തിവെക്കുമെന്നുറപ്പാണ്. ഒരു ഐപിഎല്‍ കലാശപ്പോരിലെ തോല്‍വി സഞ്ജുവിനെ കുറ്റക്കാരനാക്കുന്നില്ല. പരാജയമെന്നത് കളിയിലെ അനിവാര്യതയാണ്. അവിടെ ഒന്നും അവസാനിക്കുന്നില്ല. അയാളുടെ പോരാട്ടങ്ങള്‍ക്ക് ഇവിടെ നാന്ദികുറിക്കപ്പെടുന്നുമില്ല. മലയാളികള്‍ക്കൊന്നടങ്കം അഭിമാനവും ആവേശവും പ്രചോദനവുമാണ്. സഞ്ജു, നിങ്ങള്‍ ഒരു പോരാളിയാണ്. നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യും.
Content Highlights: sanju samson performance ipl 2022
Published: 30 May 2022, 12:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented