മുംബൈ: ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യത ഇല്ലാതാക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ആവേശം അവസാന പന്തുവരെ നീണ്ടുനിന്ന മത്സരത്തില്‍ രണ്ടു റണ്‍സിന് കൊല്‍ക്കത്തയെ മറികടന്ന് ലഖ്‌നൗ പ്ലേ ഓഫ് ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമായി. തോല്‍വിയോടെ കൊല്‍ക്കത്ത പ്ലേ ഓഫ് കാണാതെ പുറത്തായി.
ലഖ്‌നൗ ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് കൈമെയ് മറന്ന് പൊരുതിയ കൊല്‍ക്കത്തയുടെ പോരാട്ടം എട്ടു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സില്‍ അവസാനിച്ചു.
211 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കൊല്‍ക്കയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ വെങ്കടേഷ് അയ്യര്‍ (0) മടങ്ങി. പിന്നാലെ മൂന്നാം ഓവറില്‍ അഭിജീത് തോമറും (4) ഡഗ്ഔട്ടില്‍ തിരിച്ചെത്തിയതോടെ കൊല്‍ക്കത്ത 2.4 ഓവറില്‍ രണ്ടിന് ഒമ്പത് റണ്‍സെന്ന നിലയിലായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ നിതീഷ് റാണയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ഒന്നിച്ചതോടെ കൊല്‍ക്കത്ത സ്‌കോര്‍ കുതിച്ചുതുടങ്ങി. തകര്‍ത്തടിച്ച ഇരുവരും അതിവേഗം 56 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ടീമിനെ ട്രാക്കിലാക്കി.
പക്ഷേ എട്ടാം ഓവറിലെ ആദ്യ പന്തില്‍ റാണയെ പുറത്താക്കി കൃഷ്ണപ്പ ഗൗതം ഈ കൂട്ടുകെട്ട് പൊളിച്ചു. 22 പന്തില്‍ നിന്ന് ഒമ്പത് ഫോറടക്കം 42 റണ്‍സെടുത്താണ് റാണ മടങ്ങിയത്. പിന്നീട് സാം ബില്ലിങ്‌സിനെ കൂട്ടുപിടിച്ച് ശ്രേയസ് സ്‌കോര്‍ ഉയര്‍ത്തി. 66 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഇരുവരും കൊല്‍ക്കത്തയെ 131 വരെയെത്തിച്ചു. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ശ്രേയസിനെ 14-ാം ഓവറില്‍ മടക്കി മാര്‍ക്കസ് സ്‌റ്റോയ്‌നിസാണ് മത്സരം ലഖ്‌നൗവിന് അനുകൂലമാക്കിയത്. 29 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 50 റണ്‍സെടുത്താണ് കൊല്‍ക്കത്ത ക്യാപ്റ്റന്‍ മടങ്ങിയത്. പിന്നാലെ സാം ബില്ലിങ്‌സിനെ മടക്കി രവി ബിഷ്‌ണോയിയും കൊല്‍ക്കത്തയെ പ്രതിരോധത്തിലാക്കി. 24 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം 36 റണ്‍സെടുത്ത ബില്ലിങ്‌സിനെ ഡിക്കോക്ക് സ്റ്റമ്പ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് അപകടകാരിയായ ആന്ദ്രേ റസ്സലും (5) പുറത്തായതോടെ ലഖ്‌നൗ മത്സരം സ്വന്തമാക്കിയെന്ന തോന്നലുയര്‍ന്നു.
എന്നാല്‍ ഏഴാം വിക്കറ്റില്‍ ഒന്നിച്ച റിങ്കു സിങ് - സുനില്‍ നരെയെന്‍ സഖ്യം വമ്പനടികളോടെ മത്സരം വീണ്ടും ആവേശകരമാക്കി. അതിവേഗം 58 റണ്‍സ് കൊല്‍ക്കത്ത സ്‌കോറിലെത്തിയ ഇരുവരും കളി കൊല്‍ക്കത്തയുടെ കോര്‍ട്ടിലെത്തിച്ചു. അവസാന ഓവറില്‍ ജയിക്കാന്‍ 21 റണ്‍സ് വേണമെന്നിരിക്കേ സ്‌റ്റോയ്‌നിസിനെതിരേ ഒരു ഫോറും രണ്ട് സിക്‌സും പറത്തിയ റിങ്കു സിങ് അഞ്ചാം പന്തില്‍ പുറത്തായതാണ് മത്സരത്തില്‍ വഴിത്തിരിവായത്. വെറും 15 പന്തില്‍ നിന്ന് നാലു സിക്‌സും രണ്ട് ഫോറുമടക്കം 40 റണ്‍സ് അടിച്ചെടുത്താണ് താരം പുറത്തായത്. റിങ്കുവിന്റെ ക്യാച്ച് എവിന്‍ ലൂയിസ് അവിശ്വസനീയമായി കൈപ്പിടിയിലാക്കുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ ഉമേഷ് യാദവിന്റെ കുറ്റി തെറിപ്പിച്ച സ്റ്റോയ്‌നിസ് കൊല്‍ക്കത്തയുടെ പ്രതീക്ഷകളെ ഇല്ലാതാക്കി. നരെയ്ന്‍ ഏഴു പന്തില്‍ നിന്ന് 21 റണ്‍സുമായി പുറത്താകാതെ നിന്നു.
ലഖ്‌നൗവിനായി മൊഹ്‌സിന്‍ ഖാനും സ്റ്റോയ്‌നിസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ ജയന്റ്‌സ് നിശ്ചിത 20 ഓവറില്‍ വിക്കറ്റുകളൊന്നും നഷ്ടപ്പെടുത്താതെ 210 റണ്‍സ് അടിച്ചെടുത്തിരുന്നു. സെഞ്ചുറിയുമായി തകര്‍ത്തടിച്ച ക്വിന്റണ്‍ ഡിക്കോക്കും അര്‍ധ സെഞ്ചുറിയുമായി ഡിക്കോക്കിന് പിന്തുണ നല്‍കിയ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലും ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടെന്ന റെക്കോഡ് സ്വന്തമാക്കിയാണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഐപിഎല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ടീം വിക്കറ്റ് നഷ്ടപ്പെടുത്താതെ 20 ഓവറും ബാറ്റ് ചെയ്യുന്നത്.
70 പന്തുകള്‍ നേരിട്ട ഡിക്കോക്ക് 10 വീതം സിക്‌സും ഫോറുമടക്കം 140 റണ്‍സോടെ പുറത്താകാതെ നിന്നു. താരത്തിന്റെ രണ്ടാം ഐപിഎല്‍ സെഞ്ചുറിയാണിത്. ഉമേഷ് യാദവ് എറിഞ്ഞ മൂന്നാം ഓവറില്‍ ഡിക്കോക്കിന്റെ ക്യാച്ച് അഭിജീത് തോമര്‍ നഷ്ടപ്പെടുത്തിയതിന് കൊല്‍ക്കത്തയ്ക്ക് വലിയ വിലകൊടുക്കേണ്ടി വന്നു. 51 പന്തുകള്‍ നേരിട്ട രാഹുല്‍ നാല് സിക്‌സും മൂന്ന് ഫോറുമടക്കം 68 റണ്‍സെടുത്തു.
ഐപിഎല്‍ ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്. 140 റണ്‍സെടുത്ത ഡിക്കോക്ക് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോഡും സ്വന്തമാക്കി. ക്രിസ് ഗെയ്ല്‍ (175*), ബ്രണ്ടന്‍ മക്കല്ലം (158*) എന്നിവരാണ് ഡിക്കോക്കിന് മുന്നിലുള്ളത്.
Content Highlights: ipl 2022 Lucknow Super Giants against Kolkata Knight Riders
Published: 18 May 2022, 09:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented