നാലര വയസ്സുള്ളപ്പോഴാണ് എന്നെ മാര്‍ഗരറ്റ് മമ്മയുടെ കുടിപള്ളിക്കൂടത്തില്‍ നിലത്തെഴുത്തിന് ഇരുത്തുന്നത്. കടുംനീല കളസവും, ചെറിയ പൂക്കളുള്ള ഷര്‍ട്ടുമായിരുന്നു  വേഷം...കരിമഷിക്ക് കണ്ണ് നീട്ടിയെഴുതിയിരുന്നു. നെറ്റിയിലും കവിളിലും വട്ടത്തിലോരൊ പൊട്ടും. പടരാതിരിക്കാന്‍ കുട്ടിക്കൂറാ പൗഡറ്  മീതെയിടും. കരഞ്ഞ് കണ്‍മഷിയൊക്കെ പടര്‍ന്ന് അലമ്പനായ എന്നെ നോക്കി മര്യാദയ്ക്കിരുന്ന പിള്ളാരുകൂടി കരയാന്‍ തുടങ്ങുമ്പോഴേക്കും മമ്മ ചൂരലെടുക്കും.കുടിപള്ളിക്കൂടത്തില്‍ പിള്ളാരുടെ കണ്ണോക്ക് ഉയരും.

To advertise here,

''അമ്മാ.. എന്നെ വീട്ടിക്കൊണ്ടു പോ എനിക്ക് പഠിക്കണ്ടായേ..''
    എന്റെ നിലവിളി കേട്ട് അമ്മയ്ക്ക് സങ്കടമാവും. 'അക്ഷരമൊക്കെ ശഠേന്ന് പഠിച്ചാ നിന്നെ വീട്ടീ വിടാം'. മാര്‍ഗരറ്റ് മമ്മ സമാധാനിപ്പിക്കുന്നതോടെ ഞാന്‍ കരച്ചിലടക്കും. സാധാരണ ഒരാണ്ടെടുത്താണ് കുട്ടികള്‍ സ്വരവും വ്യഞ്ജനവുമൊക്കെ ഹൃദിസ്ഥമാക്കുന്നത്. പഠിച്ചു കഴിഞ്ഞാല്‍ വീട്ടിപ്പോകാമെന്ന കൊതിയില്‍ ഞാനതെല്ലാം രണ്ടര മാസം കൊണ്ടു സ്വന്തമാക്കിയിരുന്നു.

കുടിപ്പള്ളിക്കൂടത്തില്‍ നിന്ന് വഴിച്ചേരിയിലെ മുസ്ലീം സ്‌ക്കൂളിലേക്ക് എന്നെ പറിച്ചു നട്ടു. വീട്‌വിട്ടു പുറത്തേക്കിറങ്ങാന്‍ മുട്ടന്‍പേടിയുള്ള കൊച്ചായിരുന്നു. അമ്മയുടെ വോയില്‍സാരിയുടെ അറ്റത്തു പിടിച്ചാണ് നടത്തം. ഒന്നാം ക്ലാസില്‍ എത്തിയതോടെ വീര്‍പ്പുമുട്ടലുകള്‍ തുടങ്ങി. സ്‌ക്കൂള്‍ ബെല്ല് കേള്‍ക്കുമ്പോഴേ ചങ്കിടിപ്പ് തുടങ്ങും. അത്തറുമണമുള്ള സാറിന്റെ ചൂരല്‍ വീശിയുള്ള നടത്തം കാണുമ്പോഴെ തൂറാന്‍ മുട്ടും. ഒരു ദിവസം ആരും കാണാതെ ഒന്നാം ക്ലാസില്‍നിന്ന് ഒളിച്ചോടി. വീട്ടിലേക്ക് പാഞ്ഞെത്തി സ്ലേറ്റും പുസ്തകവും ചരുവത്തിലെ വെള്ളത്തിലേക്ക് ഇട്ടു. തിരികെ ക്ലാസിലേക്ക് കൊണ്ടുപോകാതിരിക്കാന്‍ നിക്കറേ മുള്ളി. എന്നിട്ടും അമ്മയെന്നെ സ്‌ക്കൂളിലേക്ക് തിരികെ കൊണ്ടുപോയി. രോമം കത്രിക്കാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെ ഞാന്‍ കുതറിക്കൊണ്ടിരുന്നു. സുലൈമാന്‍ സാറ് അന്നെന്നെ തല്ലിയില്ല. പകരം അദ്ദേഹത്തിന്റെ മുറിവാതുക്കല്‍ ആ ദിവസം മുഴുവന്‍  എന്നെ പിടിച്ചു നിര്‍ത്തി. കുറ്റവാളിയെപ്പോലെ നനഞ്ഞ നിക്കറുമായി തലയും കുമ്പിട്ട് നാലുമണിവരെ ഞാന്‍ ഒരേ നില്‍പ്പ് നിന്നു.

സനാതന ധര്‍മ്മ വിദ്യാലയത്തിലായിരുന്നു എന്റെ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം. മലയാളം പഠിപ്പിച്ചിരുന്നത് ശ്ലോകപ്രിയനായ ഒരു അധ്യാപകനായിരുന്നു. മത്സ്യമാംസാദികള്‍ കഴിക്കില്ല. മലയാളം എനിക്ക് ഒത്തിരി ഇഷ്ടം. പാഠപുസ്തകത്തിലെ കവിതകളൊക്കെ കാണാതെ അറിയാം. കുഞ്ഞിലേ മുതല്‍  അന്തര്‍മുഖനായിരുന്നത് കൊണ്ട് മറ്റുള്ളവരുടെ മുന്നില്‍ അതൊക്കെ ചൊല്ലാനുള്ള ധൈര്യമില്ല. ഒരിക്കലൊരു പദ്യം കാണാതെ ചൊല്ലാന്‍ സാറ് കുട്ടികളോടു  ആവശ്യപ്പെട്ടു. നന്നായി പഠിച്ചിരുന്ന ടീച്ചറുകുട്ടിയും പരാജയപ്പെട്ടു. ഊഴം വന്നപ്പോള്‍ ഞാനെഴുന്നേറ്റു നിന്നു. മനസ്സിലത് നിറഞ്ഞുണ്ട്. 'താരില്‍ത്തന്വീ കടാക്ഷാഞ്ചല മധുപകുലാരാമാ.. രാമാജനാനാം നീരില്‍ത്താര്‍ ബാണാ.. വൈരാകരനികരതമോമണ്ഡലീചണ്ഡ ഭാനോ..' ചൊല്ലാന്‍ എനിക്കൊരു വിറ... സാറെന്നെ തല്ലി.

 കണ്ണീരാണ് അക്ഷരങ്ങളെന്ന് അന്നേ എനിക്ക് തോന്നിയിരുന്നു. എന്റെ ഒന്നാം പാഠപുസ്തകത്തിലും നിലത്തെഴുത്ത് തറയിലും അത് നിറയെ വീണിട്ടുണ്ട്. പഠന കാലത്ത് ചാത്തനാട്ടെ കൂട്ടുകുടുംബത്തിലാണ് ഞങ്ങള്‍ കഴിഞ്ഞിരുന്നത്. 'മുണ്ടന്‍ പറുങ്കി'യെന്ന പുസ്തകത്തില്‍ ആ കൂരയും ജീവിതവും വിശദമായി പറയുന്നുണ്ട്. കൂട്ടി വായിക്കാന്‍ തുടങ്ങിയ പ്രായംമുതലേ പുസ്തകങ്ങള്‍ എനിക്ക് വലിയ ഭ്രമമായിരുന്നു. മറ്റൊന്നിനോടും അങ്ങനെയൊരു പ്രണയം തോന്നിയിട്ടുമില്ല. അക്കാലത്ത് അമര്‍ചിത്രകഥകളുണ്ടായിരുന്നത് എന്റെ തലതൊട്ടപ്പന്റെ വീട്ടിലായിരുന്നു. ഞാനവിടെ ചെന്നാല്‍ അവരതൊക്കെ പാത്തുവെയ്ക്കും. ചോദിച്ചാല്‍ ആക്രിക്ക് കൊടുത്തെന്നു പറയും. എന്നാലും ചുറ്റിപറ്റിനിന്ന് മേശയുടെ അടിയിലോ അലമാരയുടെ മുകളിലോ ഇരിക്കുന്നവ ഞാന്‍ കാണിച്ചുകൊടുക്കും. അപ്പോഴൊക്കെ തൊട്ടമ്മ എന്നെ ചീത്തവിളിക്കും. കള്ളനെപ്പോലെയാണ് കേറി വരവെന്നും പറഞ്ഞായിരുന്നു ശകാരം. കള്ളനെന്ന വാക്ക് കേട്ട് ഞാനന്ന് കരഞ്ഞിട്ടുണ്ട്. എന്നാലും അമര്‍ ചിത്രകഥയോ പൂമ്പാറ്റയോ കിട്ടുമെന്ന് കരുതി നാണം കെട്ട് പിന്നേം ചെല്ലും.

  സമാവര്‍ത്തനമെന്ന പേരിലൊരു കഥയാണ് ഞാന്‍ ആദ്യമായി എഴുതുന്നത്. പള്ളിയുടെ സുവനീറിലേക്കുള്ള സാഹിത്യമത്സരത്തിനു വേണ്ടിയായിരുന്നു സാഹസം. സമ്മാനം കിട്ടിയെങ്കിലും എന്തോ കാരണം പറഞ്ഞ് അവരാ കഥ സുവനീറില്‍ നിന്നൊഴിവാക്കി. സാഹിത്യമത്സരം നടത്തിയ അച്ചന്‍ അത് അദ്ദേഹത്തിന്റെ മാസികയിലിട്ടു. സെമിനാരിയില്‍ നിന്ന് പുറത്തേക്ക് വരുന്ന ഒരു യുവാവിന്റെ കഥ...രൂപതയിലെ ചില പ്രമുഖര്‍ എന്നെ വിളിച്ചു ചീത്ത പറഞ്ഞു. ആദ്യകഥ അച്ചടിച്ചു വന്ന സന്തോഷമൊക്കെ ശകാരങ്ങളില്‍ മുങ്ങിപ്പോയി. ആരേയും പേടിയില്ലാത്ത ഒരു അച്ചനായിരുന്നു മാസികയുടെ പത്രാധിപര്‍. അദ്ദേഹം ഒരു വാശിപോലെ എന്നെക്കൊണ്ട് അതില്‍ വീണ്ടും എഴുതിച്ചുകൊണ്ടിരുന്നു.

  നാലുപേരുടെ മുന്നില്‍നിന്ന് മനസ്സിലുള്ളത് തുറന്ന് പറയാന്‍ എനിക്ക് കഴിവില്ലായിരുന്നു. ഒറ്റയ്ക്കിരിപ്പാണ് എപ്പഴും ഇഷ്ടം. ഒറ്റപ്പെട്ടുപോകുന്നവരുടെ ജിവിതം പറയുന്ന നോവലുകളും സിനിമകളും ആയിരുന്നു കൂടുതല്‍ പ്രിയം. എഴുത്താണ് എന്റെ ലോകം വിശാലമാക്കിയത്.. അവനവന്റെ ഭാഷയില്‍ കരയുമ്പോള്‍ എന്നാണ് ഈ കുറിപ്പെഴുതാന്‍ ആവശ്യപ്പെട്ട കൂട്ടുകാരി പറഞ്ഞുതന്ന വിഷയം. കരച്ചിലു മാത്രം പറഞ്ഞാല്‍ അതിനൊരു ചെടിപ്പുണ്ടാകും. രസകരമായ കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കാമെന്ന് കരുതുന്നു.

  അരമനയില്‍ ജോലി ചെയ്യുന്ന സമയം. ഞങ്ങളുടെ ഒപ്പം അന്നുണ്ടായിരുന്ന ടൈപ്പിസ്റ്റ് ഐസക്കിന്റെ ഡാഡി മരിച്ചു. ആഗ്ലോ ഇന്ത്യനാണ്. ഡയറക്ടറച്ചന്റെ വണ്ടിയില്‍ ഞങ്ങള്‍ മരിപ്പുവീട്ടിലെത്തി. ഒപ്പീസു ചൊല്ലുന്നതിനിടയിലുള്ള ബൈബിള്‍ ഭാഗം വായിക്കാനുള്ള ഊഴമെത്തിയപ്പോള്‍ അച്ചന്‍ പുസ്തകം എന്റെ നേര്‍ക്ക് നീട്ടി. ഞാനതുവരെ പൊതുസഭയില്‍ ഈ വക കലാപരിപാടികളൊന്നും നടത്തിയിട്ടുമില്ല.. മുറ്റത്തും വരാന്തയിലുമായി നിറയെ ആളുകളുണ്ട്.  എന്റെ നാവ് അണ്ണാക്കില്‍ ഒട്ടിയപോലെ. എന്നാലും വായിച്ചുതുടങ്ങി. പകുതിയായപ്പോഴേക്കും ഒരു വിറ എന്റെ തുടമുതല്‍ മേപ്പോട്ടു കേറാന്‍ തുടങ്ങി. സ്വരമിടറി. കണ്ണീന്ന് വെള്ളം ചാടാന്‍ തുടങ്ങി.  എങ്ങനെയോ അതു വായിച്ചു തീര്‍ത്തിട്ട് ഞാന്‍ മുറ്റത്തേക്ക് വെപ്രാളപ്പെട്ടിറങ്ങി. അപ്പോള്‍ മടക്കുകസേരയിലിരുന്ന  ഒരു വല്യമ്മച്ചി എഴുന്നേറ്റ് എന്നെയും കൂട്ടി പിന്നാമ്പുറത്തേക്ക് നീങ്ങി...

    ''മരിച്ചവരെയോര്‍ത്ത് മോനിങ്ങനെ വിഷമിക്കല്ലേ.. അപ്പന്റെ ആത്മാവിനു വേണ്ടി  പ്രാര്‍ത്ഥിക്ക്...''
 എന്റെ ബൈബിള്‍ വായന കേട്ടിട്ട് അവര്‍ കരുതിയത് പെട്ടീകിടക്കുന്നയാള്‍ എന്റെ അപ്പനായിരിക്കും എന്നാണ്!
അക്ഷരങ്ങളുടെ വഴിയില്‍ ഒരു പാടു കണ്ണീര്‍ അനുഭവിച്ചിട്ടുള്ള ഒരാളാണ് ഞാന്‍. അതൊക്കെ ഇപ്പഴും എന്നെ വിടാതെ പിന്‍തുടരുന്നുമുണ്ട്. എന്നെ കരയിച്ച ആദ്യ പുസ്തകം സി.വി. ശ്രീരാമന്റെ കഥാസമാഹാരമാണ്. ഇടയ്ക്കിടെ എന്നെ സങ്കടപ്പെടുത്തി അതിപ്പോഴും എഴുത്തുമേശയിലുണ്ട്. ചിദംബര സ്മരണകളും എന്നെ ഉലച്ച വായനകളിലൊന്നാണ്. ഇവാന്‍ ഇല്ലിച്ചിന്റെ മരണം അനുഭവിച്ച രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഒരു പുസ്തകം വായിക്കുന്നതിനു മുന്നേയുള്ള ആളും അത് വായിച്ചു കഴിഞ്ഞതിനു ശേഷമുള്ള ആളും രണ്ടായിരിക്കും എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്ന ടോള്‍സ്റ്റോയിയുടെ അസാധാരാണ രചനയാണത്.. പാവങ്ങള്‍, നേത്രദാമിലെ കൂനന്‍, കാരമസോവ് സഹോദരന്‍മാര്‍.. അങ്ങനെ എന്നെ കരയിപ്പിച്ച എത്ര പുസ്തകങ്ങള്‍...
 
 എഴുത്തുകാരനെന്ന നിലയില്‍ എന്നെ ഉലച്ച രചന അശരണരുടെ സുവിശേഷമാണ്. അതെഴുതുന്ന ചില രാത്രികളില്‍ ഞാന്‍ കരയാറുണ്ടായിരുന്നു. തൊട്ടപ്പനും കക്കുകളിയും അതുപോലെ എന്നെ നൊമ്പരപ്പെടുത്തിയിട്ടുള്ള രചനകളാണ്. തൊട്ടപ്പനില്‍ അജീഷ് ദാസിന്റെ ഒരു പാട്ടുണ്ട്.. ''കായലേ കായലേ നീ തനിച്ചല്ലേ.. കാറ്റലെ കാറ്റലെ കൊണ്ടുപോകല്ലേ.. കടലോളമുണ്ടെന്‍ സങ്കടം നീയറിഞ്ഞില്ലേ...'' കേള്‍ക്കുമ്പോഴൊക്കെ എന്റെ കണ്ണു നിറയും.
 
 കരച്ചില്‍ ഇന്നൊരു ബോറന്‍ പരിപാടിയാണ്.. കരയുന്നവരെ ട്രോളുന്ന കാലവും. എന്നാലും മഴ പെയ്‌തൊഴിയുന്ന പോലൊരു സുഖമുണ്ട് തനിച്ചിരുന്ന് കരയുമ്പോള്‍...വാക്കുകളില്‍ കോരി നിറയ്ക്കാന്‍ കഴിയാത്ത ചിലതൊക്കെ ജീവിതത്തിലുണ്ടെന്ന് അപ്പോഴാണ് തിരിച്ചറിയുക...