ഇന്ന് ലോകമാതൃഭാഷാ ദിനം. ശിശുവായിരുന്ന നാള്‍, നിസ്സഹായനായിരുന്ന നാള്‍, 'ചുണ്ടും നാവും തിരിയാത്ത നാള്‍' സ്ഥലത്തിനും കാലത്തിനും പുറത്തായിരുന്ന എന്നെ/ നിങ്ങളെ ആ അന്ധകാരത്തില്‍ നിന്ന് കരകയറ്റിയവളുടെ സംസാരഭാഷയാണ് മാതൃഭാഷ. കാലം തല്‍ക്കാലം മാത്രമല്ലെന്നും സ്ഥലം കാണുന്നിടത്തോളം മാത്രമല്ലെന്നും ധരിപ്പിച്ച ആദ്യമാദ്ധ്യമം.എല്ലാവരുമെത്തുന്നിടങ്ങളിലെല്ലാം എന്നേയുമെത്തിച്ച പുറത്തേക്കും അകത്തേക്കും എന്നെ നയിച്ച ആദ്യ വാഹനം. ദൈവം വെളിച്ചമുണ്ടാവട്ടെ എന്നാദ്യം പറഞ്ഞത് മാതൃഭാഷയില്‍. അത്രയും വെളിച്ചം പിന്നീടൊരിക്കലുമുണ്ടായില്ല. കവിത മാതൃഭാഷയാണെന്ന് പറയപ്പെട്ടപ്പോള്‍ അഭിനന്ദിക്കപ്പെട്ടത് കവിത മാത്രമല്ല മാതൃഭാഷയും.
മാതൃഭാഷയാണ് ഭൂമിയിലെ ഏറ്റവും വലിയ ഭാഷ. ചീനക്കാരന് ചൈനീസ് ഭാഷ, ഇംഗ്ലീഷുകാരന് ഇംഗ്ലീഷ്, മലയാളിക്ക് മലയാളം, ഗോത്രവര്‍ഗ്ഗക്കാരന് അവന്റെ ഭാഷ. മാതൃഭാഷയുടെ സംവേദനശേഷി മറ്റൊരു ഭാഷയ്ക്കുമില്ല. എഴുത്തച്ഛനോ ബഷീറോ ആശാനോ അന്യഭാഷയില്‍ അവരേക്കാള്‍ എത്രയോ ചെറിയവര്‍.വിജയന്‍ തന്നെ വിജയനെ വിവര്‍ത്തനം ചെയ്തു, ഫലമോ ഖസാക്കിന്റെ ഇതിഹാസത്തിന്റെ അതീവദുര്‍ബ്ബലമായ ഒരു പതിപ്പ്.' ഇതിനാഹാസം' എന്ന പദത്തിന്റെ വിപരീതധ്വനിയുമുള്ള ഒരു പകരപ്പദം പോലും കിട്ടിയില്ല വിജയന്. മലയാളിയുടെ മാതൃഭാഷ ദുര്‍ബ്ബലം എന്ന് കരുതുന്നവര്‍ എഴുത്തച്ഛനേയും ആശാനേയും സി വി യേയും വായിക്കട്ടെ.ഈ ഭാഷയോട് പില്‍ക്കാലം കാട്ടിയ അനാദരവ് കാരണം ഇപ്പോഴത് ലോകത്തിന്റെ പുറം തിണ്ണയിലിരുന്ന് സ്വന്തമായ ആവശ്യങ്ങള്‍ക്ക് ഭിക്ഷ തേടുന്നു.
ഇത് വരെ ഒന്നാം ഭാഷ എന്ന ഉന്നത പദവിയിലേ ഇംഗ്ലീഷ് ഭാഷ എത്തിയിരുന്നുള്ളു.ഏറ്റവും പുതിയ തലമുറയിലെ കുട്ടികളുടെ മാതൃഭാഷാ പദവിയും ഇന്നത് നേടിക്കൊണ്ടിരിക്കുന്നു. മൂന്നു വയസ്സായ എന്റെ പേരക്കുട്ടി, അവന്റെ ചെരിപ്പു കടിച്ചെടുത്തോടിയ നായയോടപേക്ഷിക്കുന്നു, ഗീവ് മീ ബാക്ക്, ടൈഗര്‍ ഗീവ് മി ബാക്ക്. അവനോടാരും ഇംഗ്ലീഷ് പറയാറില്ല. പക്ഷെ മൂന്നോ നാലോ മാസം മുതല്‍ അവന്റെകയ്യിലുള്ള മൊബൈല്‍, അതിലെ യൂട്യൂബ്, അതിലെ വീഡിയോകള്‍ അവനോട് നിരന്തരം ഇംഗ്ലീഷ് പറയുന്നു. അവന്റെ ഭാവനയേയും വികൃതിയുള്ള മനസ്സിനേയും ചാലഞ്ച് ചെയ്യുന്ന ടോം ഏന്റ് ജെറി ഉള്‍പ്പെടെയുള്ള കാര്‍ട്ടൂണ്‍പരമ്പരക്കളൊക്കെ കളിയിലൂടെ അവനെ പഠിപ്പിക്കുന്ന പുതിയ മാതൃഭാഷ ഇംഗ്ലീഷ് ഭാഷ. മലയാളം പറയുന്ന അപൂര്‍വ്വം വിഡിയോകളാകട്ടെ അവന്റെ ഭാവനയെ, ബുദ്ധിശക്തിയെ സമീപിക്കാനുള്ള ശേഷിപോലുമുള്ളതല്ല. അവയും അവ സംസാരിക്കുന്ന മലയാളത്തിന്റെ അശക്തികൊണ്ട് ഇംഗ്ലീഷ് എന്ന ഭാഷയെത്തന്നെ ശുപാര്‍ശ ചെയ്യുന്നു. പണിത്തിരക്കില്‍ അമ്മയോ അച്ഛനോ കുഞ്ഞിനെ ഏല്‍പ്പിക്കുന്ന മൊബൈല്‍ ചുണ്ടും നാക്കും തിരിയാത്ത നാള്‍ മുതല്‍ അവനെ നയിക്കുന്നു ഒന്നുകില്‍ മാതൃഭാഷയില്ലാത്തൊരിടത്തേക്ക്, അല്ലെങ്കില്‍ ആ ധര്‍മ്മം സ്ഥൂലമായി നിര്‍വ്വഹിക്കുന്ന വിദേശ ഭാഷയിലേക്ക്. കേരളത്തില്‍ വളരുന്ന കുട്ടികളുടെ മാതൃഭാഷ പോലും അവരുടേതല്ല. എന്താണൊരു പ്രതിവിധി?
മാതൃഭാഷ മാനകഭാഷയല്ല, കേരളത്തില്‍ക്കഴിയുന്ന പലരുടേയും മാതൃഭാഷ മലയാളമല്ല. അതവരുടെ മാനകഭാഷയാണ്.ഗോത്രവര്‍ഗ്ഗക്കാര്‍ കേരളത്തിലെ സ്‌കൂളുകളില്‍ അനുഭവിക്കുന്ന അന്യതാബോധം ഈ മാനകഭാഷ സൃഷ്ടിച്ചത്. അതില്‍ അറിവുകള്‍ക്കോ അനുഭൂതികള്‍ക്കോ വേരു പിടിക്കില്ല. മാതൃഭാഷയിലെ മണ്ണിലേ അത് വേരു പിടിക്കു. ആ ഭാഷയോടാകട്ടെ നാം ഉദാസീനരാണ്.
ലോക മാതൃഭാഷാദിനം ലോക മാനകഭാഷാദിനമല്ല, മാതൃഭാഷാദിനമാണ്. കേരളത്തില്‍ നിലവിലുള്ള എല്ലാ മാതൃഭാഷകളുടേയും ദിനമാണിത്. ഭൂപ്രകൃതിയും കാലാവസ്ഥയും മിത്തും ചരിത്രവും ജീവിതരീതിയും വിശ്വാസങ്ങളുമെല്ലാം പ്രതിഫലിക്കുന്ന ജീവനുള്ള ഒരു ഭാഷയാണ്മാതൃഭാഷ. മാതൃഭാഷയിലെ പദങ്ങള്‍' ആര്‍ബിട്രറി 'അല്ല. ശബ്ദം നിരര്‍ത്ഥകമല്ല. അര്‍ത്ഥത്തില്‍ ഇത്രയും സൂക്ഷഭേദങ്ങളുള്ള പദങ്ങള്‍ മറ്റൊരിടത്തുമില്ല. ഓരോ വാക്കും ജൈവമാണിവിടെ. വേരുണ്ടവയ്ക്. അതിലൊന്നെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്താന്‍ ഒരു നാടതില്‍ക്കാണാം. മാതൃഭാഷയ്ക്ക് പകരമില്ല. മാതൃഭാഷ നിരസിച്ചു കൂട. അവഗണിച്ചു കൂട. നഷ്ടപ്പെടുത്തിക്കൂട.
Content Highlights: international mother language day 2023, kalpetta narayanan, mathrubhumi
Published: 21 Feb 2023, 10:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented