എല്ലാഭാഷയും ആരുടെയെങ്കിലും മാതൃഭാഷയാണ്. മലയാളം എന്നറിയപ്പെടുന്ന ഭാഷയ്ക്ക് മുമ്പ് കേരളം എന്നറിയപ്പെടുന്ന പ്രദേശത്ത് ഒരു മാതൃഭാഷ- ഒരുപക്ഷേ ഒന്നിലേറെ- ഉണ്ടായിരുന്നു. ചരിത്രം മറ്റ് ഭാഷകളുമായി അതിനെ കൂട്ടിയിണക്കി മറ്റൊന്നാക്കിമാറ്റി. അച്ചടി അതിന് നിശ്ചിതരൂപം കൊടുത്തു. കംപ്യൂട്ടര്‍ അതിനെ പിന്നെയും മാറ്റുന്നു. എന്തൊക്കെയോ മാറ്റങ്ങള്‍ ഇനിയും കാത്തിരിക്കുന്നു. 

To advertise here,

മാതൃഭാഷയോടുള്ള ഇഷ്ടം നമ്മളറിയാതെ ഉണ്ടാകുന്നതാണ്. കാരണം അതുപയോഗിച്ചാണ് നാം ലാളിക്കപ്പെട്ടതും കൊഞ്ചിക്കപ്പെട്ടതും. നമ്മുടെ ആവശ്യങ്ങള്‍ ചോദിച്ചുവാങ്ങാനും അതുമാത്രമായിരുന്നു മാര്‍ഗം. പിന്നെയത് നാട്ടുകാരുടെ, കൂട്ടുകാരുടെ, മതത്തിന്റെ, പാഠപുസ്തകങ്ങളുടെ, പാട്ടുകളുടെ, സിനിമയുടെ, രാഷ്ട്രീയത്തിന്റെ, സാഹിത്യത്തിന്റെ, പത്രങ്ങളുടെ, ടി.വി ചാനലുകളുടെ ഭാഷയായി നമ്മുടെ ജീവിതത്തിന്റെ ഭാഗമായി. അതാണ് മാതൃഭാഷ.  മേല്‍പ്പറഞ്ഞ ഘടകങ്ങള്‍- അവ ചിലതുമാത്രമാണ്- ഇല്ലെങ്കില്‍ മാതൃഭാഷ ഒരു ആശയം മാത്രമാണ്. 

വിദേശത്ത് ജനിച്ചുവളര്‍ന്ന ഒരു കുഞ്ഞിനെ ലാളിച്ചത് മലയാളത്തിലായിരിക്കാം, മലയാളത്തിന്റെ മുദ്രിതസ്മരണകള്‍ അതിന്റെ ജനിതകങ്ങളിലുണ്ടായിരിക്കാം, പക്ഷേ അത് ചുറ്റുപാടുകളില്‍ കേട്ടും പറഞ്ഞും പഠിച്ചും വായിച്ചും വളരുന്ന ഭാഷ അതിന്റെ മാതൃഭാഷയായിത്തീരുന്നു- അപവാദങ്ങളില്ലെന്നല്ല. കേരളത്തില്‍ ജനിച്ചുവളര്‍ന്ന് പഠിച്ച് പ്രായപൂര്‍ത്തിയായി മറ്റൊരു ദേശത്തേക്ക്- ഒരുപക്ഷേ ഇന്ത്യയില്‍ത്തന്നെ മറ്റൊരു സംസ്ഥാനത്തേക്ക് പോകുന്നവരില്‍ മലയാളം മറക്കുന്നവരുണ്ട്. അവര്‍ മലയാളത്തിന്റെ നിത്യോപയോഗത്തില്‍നിന്ന് പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടവരാണ്. കേരളത്തില്‍ തന്നെയുണ്ട് ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച്, മലയാളത്തിന്റെ ഉപയോഗം നിഷിദ്ധമായി വളര്‍ന്ന് മലയാളം അന്യമായിത്തീര്‍ന്ന ധാരാളം വ്യക്തികള്‍. ഇന്നുമത് നടന്നുകൊണ്ടിരിക്കുന്നു. 

എനിക്ക് മലയാളം മാതൃഭാഷയായത് എന്നെ വലയം ചെയ്തസമൂഹത്തിന്റെ ഭാഷ അതായതുകൊണ്ടാണ്. ഭാഗ്യവശാല്‍ അത് ഗുരുവിന്റെയും അയ്യങ്കാളിയുടെയും ആശാന്റെയും വൈലോപ്പിള്ളിയുടെയും ബഷീറിന്റെയും പൊറ്റക്കാടിന്റെയുമെല്ലാം ഭാഷയായിരുന്നു. സമൂഹം വഷളാണെങ്കില്‍ ഭാഷയും വഷളാകുന്നു. കാരണം ഭാഷയാണ് ആ വഷളത്തരങ്ങളുടെ വാഹനം. ആ സമൂഹത്തില്‍ വിഷജീവികള്‍ പെരുകുന്നു. സ്വേച്ഛാധിപതികള്‍ ഒറ്റഭാഷാസ്വേച്ഛാധിപത്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് വിഷജീവിപ്പൗരരുടെ ഉദ്പാദനം വര്‍ധിപ്പിക്കാനാണ്. അവര്‍ക്ക് വിഷം പരത്തുന്ന ജോലി എളുപ്പമാകുന്നു. മാത്രമല്ല വിഭിന്നമായ അറിവുകളെ കൊട്ടിയടക്കുകയും ചെയ്യാം. ഇന്ത്യയ്ക്ക് ഇനിയും ബാക്കിയുള്ള ഒരേ ഒരു രജതരേഖ അതുമായി ബന്ധപ്പെട്ടതാണ്. 23 മാതൃഭാഷകളില്‍ ഒരേപോലെ വിഷം പരത്തുക എളുപ്പമല്ല. ഭാഷ എങ്ങനെ പ്രതിരോധമാക്കുന്നു എന്ന് അത് പറയുന്നു.

മലയാളത്തിനോടുള്ള എന്റെ ഇഷ്ടം മറ്റാരുടേയും പോലെയാണ്. ഞാന്‍ അത് കേട്ടും പറഞ്ഞും വായിച്ചുമാണ് വളര്‍ന്നത്. അതെന്റെ അനുഭവങ്ങള്‍ക്ക് വാക്കുകള്‍ തന്നു. ഭാഷയെ എങ്ങനെയാണ് ഭാവനയുടെയും ചിന്തയുടെയും വാഹനമാക്കുക എന്ന് ഞാന്‍ വായിച്ച പുസ്തകങ്ങള്‍ കാണിച്ചുതന്നു. എനിക്ക് വിവരണാതീതമായ ആനന്ദങ്ങള്‍ തന്നു. അതാണ് വള്ളത്തോള്‍ പറഞ്ഞ വായനക്കാര്‍ക്കിഷ്ടമാണെങ്കില്‍ അവര്‍ ഏറുന്ന സങ്കല്പവായൂവിമാനം. ഞാന്‍ കയറിയ ആദ്യത്തെ വിമാനം. അതിന്റെ രഹസ്യം എങ്ങനെയോ എനിക്കുള്ളില്‍ വന്നുകയറി. അതാണെന്നെ എഴുത്തുകാരനാക്കിയത് എന്ന് പറയേണ്ടതില്ല. 

എന്റെ മാതൃഭാഷ മലയാളമാണെന്നതില്‍ എനിക്ക് തര്‍ക്കമില്ല. പക്ഷേ ഇന്ന് ചിലപ്പോള്‍ സംശയം തോന്നാറുണ്ട്. മലയാളി ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും വെവ്വേറെ മാതൃഭാഷകളുണ്ടോ? തന്നെയല്ല, അവരുടെ ദൈവങ്ങളുടെ മാതൃഭാഷ മറ്റെന്തൊക്കെയോ ആയിരുന്നല്ലോ.

എന്റെ കുടുംബത്തിന്റെ മാതൃഭാഷ കുഴഞ്ഞുമറിഞ്ഞതാണ്. ഭാര്യയുടെ മാതൃഭാഷ തമിഴാണെങ്കിലും കര്‍ണാടകത്തില്‍ ജനിച്ചുവളര്‍ന്ന അവരുടെ കുടുംബത്തില്‍ കന്നടയും മാതൃഭാഷയാണ്- ആയിരുന്നു. ബാംഗ്ലൂരില്‍ വളര്‍ന്നതുകൊണ്ട് ഇംഗ്ലീഷ് എന്ന നാഗരികഭാഷയും മാതൃഭാഷപോലെയൊന്നാണ്. ഞങ്ങളുടെ മക്കളുടെ മാതൃഭാഷ എന്താണെന്ന് ഒരുപിടിയും കിട്ടുന്നില്ല. ഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന അവര്‍ക്ക് തമിഴും മലയാളവും അല്പാല്പമറിയാം. ഹിന്ദിയും ഇംഗ്ലീഷും നന്നായറിയാം. അവര്‍ തമ്മില്‍ സ്വകാര്യം പറയുന്നത് ഹിന്ദിയിലാണ്. എന്താണവരുടെ മാതൃഭാഷ? ഒരു നിശ്ചയവുമില്ല. പക്ഷേ അവര്‍ തരക്കേടില്ലാത്ത മനുഷ്യരും പൗരരുമാണെന്ന് തോന്നുന്നു എന്നാണ് അച്ഛനമ്മമാരുടെ- ഒരു പക്ഷേ പക്ഷപാതപരമായ-അഭിപ്രായം. എന്റെ മകളുടെ ഭര്‍ത്താവ് ബംഗാളിയാണ്. തമിഴ്-മലയാളിയായ അവളുടെ ഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന തമിഴ്-മലയാളി-ബംഗാളി മക്കളുടെ മാതൃഭാഷ എന്താണ്? അവരുടെ ജീവിതഭാഷ ഹിന്ദിയും ഇംഗ്ലീഷുമാണ്. അല്‍പസ്വല്പം ബംഗാളിയും തമിഴും കൂടെയുണ്ട്. എന്റെ മകന്റെ ഭാര്യയുടെ അമ്മ ഗുജറാത്തിയും അച്ഛന്‍ ഒഡിയയുമാണ്. ഈ രണ്ടുഭാഷകള്‍ കൂടാതെ അവള്‍ ഇംഗ്ലീഷും ഹിന്ദിയും പറയും. എന്താണ് തമിഴ്-മലയാളി-ഗുജറാത്തി-ഒഡിയ ആയ എന്റെ കൊച്ചുമകന്റെ മാതൃഭാഷ? ഇവരും തരക്കേടില്ലാത്ത മനുഷ്യരും പൗരരുമാണെന്നാണറിവ്. അല്ലെങ്കില്‍ പിന്നെ ഏതുമാതൃഭാഷകൊണ്ടും എന്ത് പ്രയോജനം?

മലയാളത്തിനുവേണ്ടിയുള്ള എന്റെ ഏക പ്രാര്‍ഥന (ആരോട്?) അത് ശ്രേഷ്ഠഭാഷയും മറ്റും ആയില്ലെങ്കിലും നുണപറയാനും വിഷം പരത്താനും ഇനിയും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഒരു ഭാഷയായിത്തീരരുതേ എന്നാണ്. നുണയും വിഷവും എന്നും നമ്മോടുകൂടിയുണ്ട്. അവയെ അതിജീവിച്ച് സത്യവും അറിവും സ്‌നേഹവും പരത്താനുള്ള ശേഷിയാണ് ഭാഷയുടെ പ്രതിഭ. സാഹിത്യവും മറ്റും പിന്നാലെ വരുന്ന സംഗതികളാണ്.