
ഒരിക്കല്‍, കുവൈറ്റ് വിമാനത്താവളത്തിലെ എമിഗ്രേഷനിലുണ്ടായിരുന്ന കുവൈറ്റി വനിത എന്റെ പാസ്‌പോര്‍ട്ട് പരിശോധിയ്ക്കുന്നതിനിടയ്ക്ക് അറബിക്കില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് - സാധാരണ അത് എപ്പോഴും എത്രനാളായി അവധിയില്‍, ഇവിടെ എന്ത് ജോലിചെയ്യുന്നു എന്നൊക്കെയാവും - ഇംഗ്ലീഷില്‍ മറുപടി പറയുകയായിരുന്നു, ഞാന്‍. മൂന്നാമത്തെയോ നാലാമത്തെയോ ചോദ്യത്തിന് അവള്‍ തലയുയര്‍ത്തി എന്നെ നോക്കി ഇങ്ങനെ പറഞ്ഞു : 'നീ ഏറെ വര്‍ഷങ്ങളായി കുവൈറ്റില്‍ ആണെന്ന് നിന്റെ ഈ പാസ്‌പോര്‍ട്ടിലെ താമസരേഖ പറയുന്നു. പക്ഷേ നീ എന്തേ ഈ രാജ്യത്തെ ഭാഷ പഠിച്ചില്ലേ? അല്ലെങ്കില്‍ നീ ഞങ്ങളുടെ ഭാഷ പറയാന്‍ മടിക്കുന്നു'. അപ്പോള്‍ അവള്‍ എന്നെ നോക്കി ചിരിച്ചു എന്ന് വരുത്തി. 'നിനക്ക് നന്നായി അറിയാം, ഇംഗ്ലീഷ് നിന്റെയോ എന്റെയോ ഭാഷയല്ലെന്നും...''ഞാന്‍ അവളോട് ക്ഷമ പറഞ്ഞു. എനിക്ക് അറബിക് അറിയാമെന്നു പറഞ്ഞു. പിന്നീടുള്ള ചോദ്യങ്ങള്‍ക്ക് ഞാന്‍ അറബിക്കില്‍ മറുപടി പറയാന്‍ തുടങ്ങി. ആ സംഭാഷണം അവര്‍ക്കും എനിക്കും ഇഷ്ടമാവാനും തുടങ്ങി. അവള്‍ എന്നെപ്പറ്റിയും എന്റെ ജോലിയെപ്പറ്റിയും ചോദിച്ചു. കുവൈറ്റ് ഇഷ്ടമാണോ എന്ന് ചോദിച്ചു. പാസ്‌പോര്‍ട്ട് തിരിച്ചുതരുമ്പോള്‍ അവര്‍ മറ്റൊന്നുകൂടി പറഞ്ഞു: 'അറബിക് പഠിക്കാന്‍ എളുപ്പമുള്ള ഭാഷയാണ്. അത് നീ നിന്റെ ചങ്ങാതിമാരോടും പറയണം.'
ഒരാളുടെ മാതൃഭാഷ അയാളുടെ സ്വന്തം റിപ്പബ്ലിക്ക് കൂടിയാണ്, തന്റെ രാഷ്ട്രത്തിന്റെ നിയമങ്ങളിലും അതിരുകളിലും അടയാളമിട്ട ഒരു ഭൂപ്രദേശത്തെക്കാള്‍ അത് അയാളുടെ ജീവിതത്തിന്റെ പ്രകാശനംകൂടിയാണ്. അവിടെ അവള്‍ ചിലപ്പോള്‍ തന്റെ ഭാഷയുടെ കാവല്‍ക്കാരിയുമാകുന്നു.
മറ്റൊരു സ്ഥലത്തോ രാജ്യത്തോ ഭാഷയുടെ അപരിചിതത്വവുമായി വന്നുപെടുമ്പോള്‍ എനിക്ക് എന്റെ തന്നെ ഒരു രൂപകം ഓര്‍മ്മ വരാറുണ്ട്. പണ്ട് സ്‌കൂള്‍ അവധിക്കാലത്ത് അച്ഛന്‍ ജോലി ചെയ്തിരുന്ന തമിഴ്‌നാട്ടില്‍ തമിഴ് അറിയാത്ത ഞാന്‍ ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കുമ്പോള്‍ സ്ഥിരമായി ചെയ്തിരുന്ന ഒരു കാര്യം അവിടെ അടുത്തുതന്നെയുള്ള റോഡരികിലെ ഗാന്ധിജിയുടെ പൂര്‍ണ്ണകായ പ്രതിമയ്ക്കരികില്‍ പോയി നില്‍ക്കുക എന്നതായിരുന്നു. അങ്ങനെ ആ പ്രതിമക്ക് ഒപ്പം നിന്ന് ആളുകളെയും അവരുടെ ഒച്ചകളെയും കാണാന്‍ തുടങ്ങുക എന്നതായിരുന്നു. ഇന്ത്യയെക്കുറിച്ചുള്ള എന്റെ ആദ്യത്തെ സന്തോഷവും, ഒരു പക്ഷെ, എന്റെ ആ കൂട്ടുനില്‍പ്പാണ്. ആ ദിവസങ്ങളില്‍ത്തന്നെയാകണം ഗാന്ധിജിയുടെ ഗുജറാത്തി കൈയൊപ്പ് കാണുന്നതും. ഞാനും എക്കാലത്തേയ്ക്കുമായി എന്റെ കൈയൊപ്പ് മലയാളത്തിലാക്കുമെന്നും തീര്‍ച്ചയാക്കി.
അറബിക്കും ഇംഗ്ലീഷും ഉറുദുവും ചൈനീസും ജാപ്പനീസും ഫ്രഞ്ചും ഒക്കെ മാതൃഭാഷയായുള്ളവരുടെ കൂടെയായിരുന്നു ഞാന്‍ ഏറെക്കാലം ജോലി ചെയ്തിരുന്നത്. ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നും ജോലി ചെയ്യാന്‍ വന്നവരായിരുന്നു ഞങ്ങള്‍. എന്നാല്‍ ഭാഷകള്‍ തീര്‍ക്കുന്ന അപരിചിതത്വത്തെക്കാള്‍ ഭാഷകള്‍ സ്വയം സ്വീകരിക്കുന്ന സൗഹൃദങ്ങളായിരുന്നു ഞങ്ങള്‍ക്കിടയില്‍ എന്ന് തോന്നിയിരുന്നു. സഹജമായ ഒരു സ്‌നേഹംകൊണ്ട് എല്ലാവരും ഒരു നേര് ഉറപ്പിക്കുന്ന പോലെ. എങ്കിലും ചിലപ്പോഴെങ്കിലും അറബിക് അക്കങ്ങള്‍ ആദ്യകാലത്ത് എന്റെ ബസ്‌യാത്രകളെ വഴിതെറ്റിച്ചിരുന്നു. അറബിക്കില്‍ എഴുതുന്ന 12, 13 അക്കങ്ങള്‍ എനിക്ക് പരസ്പരം മാറി. 2 എന്നെഴുതുന്നതും 3 എഴുതുന്നതും അറബിയില്‍ ചെറിയൊരു വ്യത്യാസത്തിലാണ്, ഈ രണ്ട് അക്കങ്ങള്‍ക്കുമിടയില്‍ പെട്ടെന്ന് പിടിതരാത്ത ഒരു കുനിപ്പ് മൂന്നിനുണ്ട്. പക്ഷെ പലപ്പോഴും എനിക്കത് തെറ്റി. അതിനാല്‍ ബസ് നമ്പര്‍ 12 -ല്‍ കയറി വീട്ടിലേക്കുപോകേണ്ട ഞാന്‍ ബസ് നമ്പര്‍ 13- ല്‍ കയറി വേറൊരു ദിക്കിലേക്ക്‌പോയി. രാത്രികാലങ്ങളില്‍ ആ തെറ്റ് ചിലപ്പോള്‍ നീണ്ട അലച്ചിലേയ്ക്കും...
ഒരു വീടും ഒരു നാടും ഒരു ഭാഷയും മാത്രമായി എന്നേക്കുമായ് രാജ്യം വിടുന്ന ഒരാള്‍ക്ക് അയാളുടെ മാതൃരാജ്യമായി എപ്പോഴുമുള്ളത് മാതൃഭാഷയാണ്. അതുകൊണ്ടാണ് 'എഴുത്തുകാരുടെ ദേശം' എപ്പോഴും അയാള്‍ വിട്ടുപോന്ന രാജ്യമോ അയാള്‍ പാര്‍ക്കുന്ന രാജ്യമോ അല്ല സ്വന്തം ഭാഷയാണെന്ന് പറയുന്നത്. ''ഒരുപക്ഷേ, എഴുത്തുകാരും വായനക്കാരുമായ നാമെല്ലാവരും, പ്രവാസത്തിലേക്കോ, അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള പ്രവാസത്തിലേക്കോ, നമ്മുടെ കുട്ടിക്കാലത്തുതന്നെ വിട്ടുപോകുന്നു'' എന്ന് ചിലിയന്‍ എഴുത്തുകാരന്‍ റോബര്‍ട്ടൊ ബൊളാണോ പറയുന്നു. ''കുടിയേറ്റക്കാരന്‍, നാടോടി, സഞ്ചാരി, ഉറക്കത്തില്‍ നടക്കുന്നവന്‍, അങ്ങനെ അതില്‍ എല്ലാവരുമുണ്ട്. പക്ഷെ അതങ്ങനെയല്ല. കാരണം ഓരോ എഴുത്തുകാരനും സാഹിത്യത്തിലേക്ക് കടക്കുന്നതിലൂടെയും ഓരോ വായനക്കാരനും ഒരു പുസ്തകം തുറക്കുന്നതിലൂടെയും പ്രവാസിയാകുന്നു''. എങ്കില്‍, ആ പ്രവാസത്തിന് ബദലായാണ് ഒരാളുടെ മാതൃഭാഷ അയാള്‍ക്ക് കവചമോ അഭയമോ ആവുന്നത്.
ഒരു ദിവസം രാവിലെ ഞങ്ങളുടെ കൂടെ ജോലി ചെയ്തിരുന്ന സ്‌കോട്ട്‌ലാന്‍ഡ്കാരന്‍ അയാളുടെ 'ദേശീയവസ്ത്രത്തില്‍' ഓഫീസില്‍ വന്നു. പാവാട പോലെ ഒന്നുടുത്ത് കോട്ട് പോലൊന്ന് മേല്‍വസ്ത്രമാക്കി അതില്‍ അലങ്കാരപ്പണികളുമായി വന്ന അയാള്‍ തന്റെ കസേരയിലിരുന്ന് ജോലി ചെയ്യാന്‍ തുടങ്ങി. ഞങ്ങള്‍ ഓരോരുത്തരും അയാളെ കാണാന്‍ എത്തി. അന്ന് അയാളുടെ രാജ്യത്തിന്റെ ദേശീയദിനമാണ് എന്ന് പരിചയപ്പെടുത്തി. ഇത് ആഘോഷത്തിന്റെ ഓര്‍മ്മയിലെ തന്റെ നാടന്‍വേഷമാണെന്നും പറഞ്ഞു. ഇപ്പോള്‍ അയാള്‍ക്ക് ചുറ്റും ഞങ്ങളുടെ ഒരു ചെറിയ സംഘംതന്നെയായി, ആ സമയം അയാള്‍ എഴുന്നേറ്റ് ഞങ്ങളുടെ മധ്യത്തില്‍ വന്നു നിന്നു. ചെറിയൊരു നൃത്തം വെച്ചു. ഒരാളുടെ മാതൃഭാഷയാണ് അയാളുടെ സ്വാതന്ത്ര്യത്തെ തന്നെ ഭാവന ചെയ്യുന്നത് എന്നപോലെ അയാളുടെ ഭാഷയിലെ ഒരു പാട്ട് മൂളി...
എണ്‍പതുകളിലാകണം, അക്കാലത്ത്, രാഷ്ട്രീയമായി ബന്ധപ്പെട്ടിരുന്ന ഒരു തീവ്രഇടതുപക്ഷ സംഘടന, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ അതിന്റെ പ്രവര്‍ത്തകരെ ചെറിയ സംഘങ്ങളായി തിരിച്ച് ഇന്ത്യയിലെ ഭാഷാദേശീയതകളെപ്പറ്റി പഠിക്കുന്നുണ്ടായിരുന്നു. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ നിലനില്‍പ്പിനെപ്പറ്റിയുള്ള ചര്‍ച്ചകളുടെ തുടര്‍ച്ചയായിരുന്നു അത്. അങ്ങനെ ഒരു സംഘത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ്, ഒരാള്‍ക്ക് ചിലപ്പോള്‍ അയാളുടെ രാഷ്ട്രീയാഭയം തന്നെയായി അയാളുടെ മാതൃഭാഷ മാറുന്നതിന്റെ കാരണങ്ങള്‍ ഞാന്‍ ആദ്യം മനസ്സിലാക്കുന്നത്. ഓരോ ദേശീയതയും അതിന്റെ ഭാഷയ്ക്കും സംസ്‌കാരത്തിനൊപ്പം കണ്ടെത്തുന്ന സാമ്പത്തികാസ്തിത്വം പിടികിട്ടുന്നത്. ഒരുപക്ഷേ, ഇന്ന് നാം കടന്നുപോകുന്ന രാഷ്ട്രീയ സന്ദര്‍ഭത്തിന്റെ വളരെ മുമ്പേ കഴിഞ്ഞ ഒരു ഡ്രസ്സ്‌റിഹേഴ്‌സല്‍ പോലെയായിരുന്നു, ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍, അക്കാലത്ത് ഇന്ത്യയില്‍ പലയിടത്തും പൊട്ടിപ്പുറപ്പെട്ട ഭാഷാ ദേശീയവാദ പ്രക്ഷോഭങ്ങള്‍. പിന്നീട്, കുവൈറ്റില്‍ വെച്ച് കുര്‍ദുകളെയും പലസ്തീനികളെയുമൊക്കെ പരിചയപ്പെടുമ്പോഴാണ് അവര്‍ക്ക് സ്വന്തം രാജ്യം പോലെ എത്ര പ്രിയപ്പെട്ടതാണ് അവരുടെ ഭാഷ എന്നറിയുന്നത്.
ആദ്യം തമിഴ്‌നാട്ടിലേയ്ക്കും പിന്നെ ബോംബെയിലേക്കും പിന്നെ കുവൈത്തിലേക്കും ജോലി തേടിപ്പോയ എനിക്ക് എന്റെ എല്ലാ കുടിയേറ്റങ്ങളുടെ കാലത്തും മലയാളത്തില്‍ തന്നെ പാര്‍ക്കുകയായിരുന്നു കരണീയം. നാടിന്റെ ഓര്‍മ്മയല്ല, ഭാഷയുടെ ഉപയോഗമായിരുന്നു ഞാന്‍ കൂടെകൂട്ടിയത്. അതിനാല്‍ ഞാന്‍ ദേശം വിട്ടതേയില്ല. കഥയിലും കവിതയിലും സങ്കടങ്ങളിലും അതങ്ങനെത്തന്നെ തുടര്‍ന്നു. പല ഭാഷകളുമായും പല ദേശക്കാരുമായും ഉണ്ടായ ബന്ധങ്ങളിലും ഉറവയും ഊര്‍ജവുമായി സ്വന്തം ഭാഷ ഏത് ഏകാന്തതയിലും പാര്‍ക്കുകയും ജനനിബിഡമാകുകയും ചെയ്യുന്ന സ്ഥലമായി എനിക്ക് മലയാളം ഒരു അനുഭവമായി. അല്ലെങ്കില്‍, ലോകത്തെ എല്ലാ മനുഷ്യരിലും ഇങ്ങനെ നിറയുന്ന കൃപയാകണം അയാളുടെ മാതൃഭാഷ എന്ന് വിചാരിക്കണം. മലയാളം എനിക്ക് തീര്‍ച്ചയായും അങ്ങനെയാണ്. ആ അര്‍ത്ഥത്തില്‍, മലയാളം എനിക്ക് എന്റെ സ്വന്തം റിപ്പബ്ലിക്കാണ്. അശരണങ്ങളായ എല്ലാ മുഹൂര്‍ത്തങ്ങളും ഈ റിപ്പബ്ലിക്കില്‍, സ്വാതന്ത്യത്തിന്റെ പരമമായ ലക്ഷ്യമായി, അരങ്ങേറുകയും നിറവേറുകയും ചെയ്യുന്നു. അഥവാ, ഭാഷകള്‍ സ്വയംപ്രഖ്യാപിത രാഷ്ട്രങ്ങളാണ്, അതിര്‍ത്തികളിലും രുചികളിലും അവ വേരാഴ്ത്തിയിരിക്കുന്നു, ഒരാളുടെ മരണത്തോളംവരെയുള്ള കൂട്ടുനടത്തം ഓരോ ഭാഷയും അതിന്റെ പൗരന് വാഗ്ദാനം ചെയ്തിരിക്കുന്നു.
Content Highlights: international mother language day 2023, karunakaran,mathrubhumi
Published: 21 Feb 2023, 11:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented