
മാതൃഭൂമിയേക്കാള്‍ മധുരോദാരമാണ് മാതൃഭാഷ എന്ന വികാരം. കാരണം ഭാഷയാണ് ദേശത്തെപ്പോലും നിര്‍മ്മിക്കുന്നത്. ഒരേ ഭാഷ സംസാരിക്കുന്നതിനാല്‍ ഒരമ്മ പെറ്റവരേപ്പോലെ പരസ്പരം അന്വയിക്കപ്പെട്ടവരാണ് ഒരു ഭാഷാഭൂമിക നിര്‍മ്മിക്കുന്നത് എന്നോ ഭാഷയാണ് ഭൂമിശാസ്ത്രപരമായ ജഡവിസ്തൃതിയെ ചലനാത്മകമായ ഒരു സാംസ്‌കാരികസത്തയായി പരിവര്‍ത്തിപ്പിക്കുന്നത് എന്നോ പറയാം.
ഒരേ ഭാഷ സംസാരിക്കുന്നവര്‍ പടുത്തുയര്‍ത്തുന്ന, പണി മുഴുമിച്ച ബാബേലുകളാണ്, അതിനാല്‍, ഓരോ ദേശവും. ദേശസ്വത്വം എന്നാല്‍ ഭാഷാസ്വത്വം തന്നെ. ഭാഷ നഷ്ടപ്പെട്ടവര്‍ സ്വദേശത്തായിരുന്നാലും വിദേശത്താണ്. അങ്ങനെയല്ലാത്തവര്‍ വിദേശത്താണെങ്കിലും ഭാഷ എന്ന വീട് ഒപ്പം കൂട്ടുന്നു.
എം.മുകുന്ദന്റെ 'നൃത്തം' എന്ന നോവലില്‍ ഇത്തരമൊരുജ്ജ്വല സന്ദര്‍ഭമുണ്ട്. മലയാളിയായ അഗ്‌നി എന്ന നര്‍ത്തകന്‍, യൂറോപ്പിലിരുന്നുകൊണ്ട്, ഒരു തിരുവോണനാളില്‍ പി. കുഞ്ഞിരാമന്‍ നായരുടെ കവിത വായിക്കുന്നു. പി.യുടെ കവിതയിലൂടെ തന്റെ വിദൂരദേശവും ഭാഷയും സംസ്‌കാരവുമാണയാള്‍ വീണ്ടെടുക്കുന്നത്. അന്ത്യശ്വാസം വലിക്കുന്നവന്റെ അവസാനവായു പോലെയാണ് ഭാഷയാലുള്ള ഈ പുനരുജ്ജീവനം. ചൂണ്ടലില്‍ കുരുങ്ങിയ മത്സ്യത്തെപ്പറ്റി എഴുതുമ്പോള്‍ 'ഭയങ്കരമായ പ്രാണവായു' (Terrible Oxygen) എന്നൊരു പ്രയോഗം നടത്തുന്നുണ്ട് എലിസബത്ത് ബിഷപ്പ് എന്ന കവി. ഭാഷാബോധവും ഭാഷാസ്‌നേഹവും നഷ്ടപ്പെട്ട മലയാളി ഇപ്പോള്‍ ശ്വസിക്കുന്നത് ഭയങ്കരമായ ഈ പ്രാണവായുവാണ്, അത് അവര്‍ അറിയുന്നില്ലെങ്കിലും.
മാതൃഭാഷയെപ്പറ്റി പ്രണയമധുരമായ ഒരു കഥയുണ്ട്. നൊബേല്‍ പുരസ്‌കാരജേതാവായതിനു ശേഷമുള്ള വിശ്വമഹാകവി ടാഗോറാണ് ഈ കഥയിലെ നായകന്‍. നായിക അര്‍ജ്ജന്റീനിയന്‍ കവയിത്രിയായ വിക്ടോറിയ ഒകാമ്പോയും. പരസ്പരം അനുരക്തരായിരുന്നു ഈ കവികള്‍. ടാഗോര്‍ വിക്‌റ്റോറിയയെ'വിജയ' എന്നാണ് പ്രണയാര്‍ദ്രമായി സംബോധന ചെയ്തിരുന്നത്. ഒരിക്കല്‍ അവര്‍ ഒരാഗ്രഹം പ്രകടിപ്പിച്ചു. ടാഗോറിന്റെ മാതൃഭാഷയായ ബംഗാളിയിലെ ഒരു വാക്ക് തന്നെ പഠിപ്പിക്കണം. ടാഗോര്‍ അങ്ങനെ ചെയ്തു. അനുരാഗം എന്നര്‍ത്ഥമുള്ള 'ഫലോവാഷ' എന്ന വാക്കാണ് മഹാകവി തന്റെ പ്രിയപ്പെട്ടവള്‍ക്കു പറഞ്ഞു കൊടുത്തത്. ഒരു മഴവില്ലുദിച്ചു കാണും, ആ നിമിഷം, അവര്‍ക്കിടയില്‍. മാതൃഭാഷയാലുള്ള പ്രണയവിനിമയത്തിന്റെ മഴവില്ലായിരുന്നു അത്. പ്രണയം മാതൃഭാഷയായ ഇരുവര്‍ക്കിടയില്‍ ഭാഷയാല്‍ നിര്‍മ്മിച്ച മഴവില്ല് എന്നും പറയാം അതേപ്പറ്റി. ഭാഷ എന്ന മഹാമാതാവ് പെറ്റുണ്ടായ മക്കളാണ് ഓരോ ഭാഷയും. ഭാഷാമൗലികവാദമല്ല മാതൃഭാഷാസ്‌നേഹം. അത് ഭാഷ എന്ന മനുഷ്യചൈതന്യത്തോടുള്ള രക്തബന്ധത്തിന്റെ മറ്റൊരു പ്രകാശനം മാത്രം. ഒരു ഭാഷയെ തൊടുമ്പോള്‍ നമ്മള്‍ മറ്റെല്ലാ ഭാഷകളേയും സ്പര്‍ശിക്കുന്നു, ഭാഷകളിലൂടെ മനുഷ്യന്‍ എന്ന സാര്‍വ്വലൗകികസത്തയേയും.
ഒരിക്കല്‍, ഹോര്‍ഹെ റിവേറ എന്ന മെക്‌സിക്കന്‍ സുഹൃത്തിനോടൊത്തിരുന്ന നിമിഷങ്ങള്‍ ഓര്‍മ്മ വരുന്നു. നമ്മുടെ മധുരനാരങ്ങ (Orange) സ്പാനിഷിലും 'നാരങ്ങ'യാണെന്നറിഞ്ഞ നിമിഷം നാരങ്ങ കൂടുതല്‍ മധുരിച്ചു, ഞങ്ങളുടെ സൗഹൃദവും.
സ്പാനിഷായിരുന്നു ബോര്‍ഹെസി (Borges)ന്റെ മാതൃഭാഷ. എങ്കിലും ഇംഗ്ലീഷ് സാഹിത്യം ഇഷ്ടപ്പെട്ടിരുന്ന അമ്മയില്‍ നിന്നു പകര്‍ന്നു കിട്ടിയ ആംഗലഭാഷാപ്രേമം ബോര്‍ഹെസില്‍ സജീവമായിരുന്നു. 'Moon' എന്ന ആംഗലപദത്തിനു തക്ക മറ്റൊരു വാക്ക്, മറ്റൊരു ഭാഷയിലും, ആ പ്രതിഭാസത്തെക്കുറിക്കുന്നതായില്ല എന്ന് ബോര്‍ഹെസ്! അഭിമതഭാഷയേതും മാതൃഭാഷയാണ്. ഒന്നിലധികം അമ്മമാരുടെ മുല കുടിച്ചാണ് താന്‍ മുതിര്‍ന്നതെന്ന ബഷീറിയന്‍ അഭിമാനബോധത്തോടെയാവണം, അതിനാല്‍, നമ്മുടെ ഭാഷാചര്‍ച്ചകളും മാതൃഭാഷാചര്‍ച്ചകളും.
പരശുരാമന്‍ എന്ന മാതൃഹന്താവിന്റെ വിലോമപൈതൃകമവകാശപ്പെടുന്ന മലയാളിയുടെ രക്തത്തില്‍ മാതൃഭാഷയോടും ഈ വിപരീതസമീപനമാണുള്ളത് എന്ന് ബാലാമണിയമ്മയുടെ 'മഴുവിന്റെ കഥ' വായിക്കുമ്പോഴൊക്കെ തോന്നാറുണ്ട്. ഭാരതിയാരുടെ ജന്മദിനം തന്റെ ഭാഷയുടെ പിറന്നാളായിക്കരുതുന്ന തമിഴ്‌നാട്ടുകാരന്റെ നേര്‍വിപരീതമാണ് ഇക്കാര്യത്തില്‍ നമ്മുടെ നില. എഴുത്തച്ഛനെഴുതിയപ്പോള്‍ സംഭവിച്ചതാണ് മലയാളമെന്ന പൈതൃകബോധത്തിലേയ്ക്ക് മലയാളി ഇനിയും ഉണര്‍ന്നു കഴിഞ്ഞിട്ടില്ല; 'കൈരളി' എന്നത് കാണാതായ ഒരു കപ്പലിന്റെ മാത്രമല്ല നമ്മുടെ തായ്‌മൊഴിയുടെ കൂടി പേരാണ് എന്ന ബോധത്തിലേയ്ക്കും.
'മുറ്റിയ മാനം നൂറ്റു ഹൂണഭാഷ തന്‍ കൂലി-
പ്പട്ടാളമിനിശ്ശീമയുടുപ്പു വെടിയാവൂ !
പൂവിടുമാവേശത്തില്‍ ഹീനാനുകരണത്തിന്‍
പാവകള്‍, മലനാടിന്‍ മക്കളായ് ചമയാവൂ!'
(തുഞ്ചന്‍ പറമ്പില്‍, പി.)
Content Highlights: International Mother Language Day 2023, Rabindranath Tagore, Sajay K.V., Mathrubhumi
Published: 21 Feb 2023, 11:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented