കണ്ടിരിക്കുമ്പോൾ വെെകാരികമായി സിനിമയിലെ കഥാപാത്രങ്ങളുമായി ബന്ധിപ്പിക്കാനും തിയേറ്ററിൽ നിന്ന് കണ്ടിറങ്ങുമ്പോൾ സംതൃപ്തി നൽകുന്നതുമായുള്ള ചിത്രങ്ങൾ ഒരുക്കുക എന്നത് അത്ര എളുപ്പമല്ല. എന്നാൽ ഒരു ഡയലോ​ഗുപോലുമില്ലാതെ വെറും പശ്ചാത്തലസം​ഗീതത്തിന്റെയും മികച്ച അഭിനയപ്രകടനവും മാത്രം കൊണ്ട് അത് സാധിക്കുക എന്ന് പറയുന്നത് അത്ഭുതമാണ്. അങ്ങനെ ഒരു അത്ഭുതമാണ് കിഷോർ പാണ്ഡുരങ്ക് ബെലേക്കർ എന്ന മറാഠി സംവിധായകൻ ഒരുക്കിയ ​'ഗാന്ധി ടോക്സ്' എന്ന ചിത്രം. വിജയ് സേതുപതിയുടെയും അരവിന്ദ് സ്വാമിയുടെയും കരുത്തുറ്റ പ്രകടനം കൊണ്ടും സംവിധാന മികവുകൊണ്ടും എ.ആർ റഹ്മാന്റെ സം​ഗീതവുമൊക്കെ ചേർന്ന് മികച്ച തിയേറ്റർ അനുഭവമാണ് ഓരോ പ്രേക്ഷകനും ചിത്രം സമ്മാനിച്ചത്. 

To advertise here,

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ചരിത്രത്തിൽ പ്രദർശിപ്പിക്കുന്ന ആദ്യത്തെ നിശബ്ദ സിനിമ എന്ന പ്രത്യേകത കൂടിയുണ്ട് ‘ഗാന്ധി ടോക്ക്‌സിന്’. ക്ലാസിക് നിശബ്ദ സിനിമകളുടെ നൊസ്റ്റാൾജിയ പുനഃസൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ ഒരുക്കിയ ചിത്രമാണിത്. കറൻസി നോട്ടുകളിലുള്ള ​ഗാന്ധിയും എല്ലാവരും ഉൾക്കൊള്ളാൻ ആഗ്രഹിക്കുന്ന ഗാന്ധിയുടെ ആദർശങ്ങളും തമ്മിലുള്ള വ്യത്യാസവും സിനിമയിൽ വരച്ചുകാട്ടുന്നുണ്ട്.

അതിദാരിദ്ര്യത്തിന്റെയും അതിസമ്പന്നതയുടെയും രണ്ടുവശങ്ങളാണ് ചിത്രത്തിലൂടെ സംവിധായകൻ വരച്ചുകാട്ടുന്നത്. അതിദാരിദ്ര്യത്തിന്റെ പ്രതീകമാണ് ഒറ്റമുറി വീട്ടിൽ രോ​ഗിയുമായി അമ്മയുമൊത്ത് കഴിയുന്ന വിജയ് സേതുപതി അവതരിപ്പിക്കുന്ന മഹാ​ദേവൻ എന്ന ബിരുധദാരി. മണ്ണെണ്ണ സ്റ്റൗവിൽ മെഴുകുതിരി കത്തിച്ചുവെച്ച് ഭക്ഷണം ചൂടാക്കുന്ന രം​ഗമുൾപ്പടെ മഹാദേവന്റെ ദാരിദ്ര്യത്തിന്റെ ആഴം കാണിക്കുന്ന, കണ്ണീരണിയിക്കുന്ന നിരവധി രം​ഗങ്ങളുണ്ട് ചിത്രത്തിലുടനീളം. കയ്യിൽ പണമില്ലാത്തതുകാരണം, അല്ലെങ്കിൽ അഴിമതി കാരണം അർഹമായ ജോലി പോലും ലഭിക്കാത്തിൽ സമൂഹത്തോട് അമർഷം തോന്നുന്നെങ്കിലും ആദർശം കെെവിടാതെ ജീവിക്കുന്ന ചെറുപ്പക്കാരനാണ് മഹാദേവൻ. ഒടുവിൽ സ്നേഹിച്ച പെണ്ണിനെയും നഷ്ടപ്പെടുമെന്ന സാഹചര്യത്തിൽ മഹാദേവൻ എടുക്കുന്ന ചില തീരുമാനങ്ങളാണ് ചിത്രം കാണുന്ന പ്രേക്ഷകരെ ഹരം പിടിപ്പിക്കുന്നത്. പതിവ് പോലെ മികച്ച പ്രകടനമാണ് വിജയ് സേതുപതി പുറത്തെടുത്തത്. ഒരു ഡയലോ​ഗ് പോലുമില്ലാതെ പ്രേക്ഷകർക്ക് മഹാദേവന്റെ അവസ്ഥ മനസ്സിലാക്കിക്കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 

ചിത്രത്തിൽ അതിസമ്പന്നതയുടെ വക്താവാണ് അരവിന്ദ് സ്വാമി അവതരിപ്പിക്കുന്ന ബോസ്മാൻ എന്ന കഥാപാത്രം. അതിസമ്പന്നതയിൽ നിന്ന് വലിയ സാമ്പത്തിക ബാധ്യതയിലേക്ക് കൂപ്പുകുത്തുന്ന ബിൽഡറാണ് ബോസ്മാൻ. വിധിയുടെ വിളയാട്ടത്തിൽ തന്റെ ബന്ധുക്കളെയും ബിസിനസ് സാമ്രാജ്യവുമെല്ലാം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തുന്ന ബോസ്മാന്റെ മാനസികാവസ്ഥ വളരെ മനോഹരമായി അഭിനയിച്ചു ഫലിപ്പിക്കാൻ അരവിന്ദ് സ്വാമിക്ക് കഴിഞ്ഞിട്ടുണ്ട്. ബോസ്മാന്റെയും മഹാദേവന്റെയും പാതകൾ തമ്മിൽ ചേരുമ്പോഴാണ് ചിത്രം ഇന്ററസ്റ്റിങ് ആകുന്നത്. ചിത്രത്തിൽ പെരുംകള്ളനായ കഥാപാത്രത്തെ അവതരിപ്പിച്ച സിദ്ധാർഥ് ജാധവിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. അദിതി റാവ് ഹെെദരും തന്റെ ഭാ​ഗം ഭം​ഗിയാക്കി.

സംവിധായകൻ കിഷോർ പാണ്ഡുരങ്ക് ബെലേക്കർ 23 വർഷമാണ് ​ഗാന്ധി ടോക്ക്സിന് വേണ്ടി പ്രയത്നിച്ചതെന്ന് ചലച്ചിത്രമേളയിലെ പ്രദർശനത്തിന് ശേഷം പറയുകയുണ്ടായി. തീർച്ചയായും വളരെ മികച്ച രീതിയിൽ തന്നെ പ്രേക്ഷകനുമായി വലിയൊരു ആശയം പങ്കുവെക്കാനായി എന്നതും അതിൽ പൂർണ്ണമായും വിജയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നതിന്റെ തെളിവാണ് പ്രദർശനത്തിന് ശേഷം ലഭിച്ച നിലക്കാത്ത കെെയടികൾ. അദ്ദേഹത്തിന്റെ മികച്ച സംവിധാനവും എ.ആർ. റഹ്മാന്റെ മാന്ത്രിക സം​ഗീതവും ചേരുമ്പോൾ ഒരിക്കലും മറക്കാനാകാത്ത തിയേറ്റർ അനുഭവം തന്നെയാണ് ​ഗാന്ധി ടോക്ക്സ് പ്രേക്ഷകന് സമ്മാനിക്കുന്നത്. ഓരോ സിനിമാപ്രേമിയും കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ് ​ഗാന്ധി ടോക്ക്സ്.