അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സിനിമാ ഓഫ് വേൾഡ് വിഭാ​ഗത്തിൽ പ്രദർശിപ്പിച്ച ഡോക്യുമെന്ററി ചലച്ചിത്രമാണ് 'ചിൽഡ്രൻ ഓഫ് ദ ​ഗോഡ്'. വർ​ഗ്ഗം, സാമൂഹ്യപദവി, ലിം​ഗം എന്നിവയ്ക്കതീതമായ മനുഷ്യ സാഹോദര്യത്തെക്കുറിച്ചാണ് ഈ ഡോക്യുമെന്ററി ചിത്രം ചർച്ച ചെയ്യുന്നത്. ഷോൺ ​ഗിർബോ സലബാഡറാണ് സംവിധാനം. 

To advertise here,

ഉ​ഗാണ്ടൻ പട്ടണമായ മുല്ജ്ജെയിയുടെ പശ്ചാത്തലത്തിലാണ് ഡോക്യുമെന്ററി സഞ്ചരിക്കുന്നത്. കാടുകളാൽ ചുറ്റപ്പെട്ട ഈ പ്രദേശത്ത് ​ഗോത്രവർ​ഗ്ഗത്തിൽപ്പെട്ടവരാണ് താമസിക്കുന്നത്. ദാരിദ്ര്യമാണ് ഇവരുടെ ജീവിതത്തിലെ ഏറ്റവും വലിയ വില്ലൻ. കൂടാതെ എയ്ഡ്സ്, മലേറിയ പോലുള്ള രോഗങ്ങളും ഇവരെ വേട്ടയാടുന്നു. ഇതിനിടെ ഇവർ‍ക്കിടയിലേക്ക് വിദേശത്ത് നിന്ന് ഏതാനും അപരിചിതർ കടന്നുവരുന്നു. ആരാണ് ഈ അപരിചിതർ, എന്തുകൊണ്ടാണ് അവർ ഇവിടെ വന്നത്? എന്നീ സംശയങ്ങളാണ് തദ്ദേശീയരുടെ മനസ്സിൽ ആദ്യം ഉടലെടുക്കുന്നത്. 

സ്പെയിൻ, ഹോങ്കോങ് എന്നിവിടങ്ങിൽ നിന്നാണ് അവർ എത്തിയിരിക്കുന്നത്. പതിയെ പതിയെ അവർ തദ്ദേശീയരുടെ ജീവിതത്തിലേക്ക് ഇറങ്ങി ചെല്ലുന്നതോടെ മനോഹരമായ സൗഹൃദം ഉടലെടുക്കുന്നു. ചെറിയ  കുട്ടികൾക്കായി സ്കൂൾ നിർമിക്കുകയും വെെദ്യസഹായം നൽകുകയും ചെയ്യുന്നതോടെയാണ് അതിഥികൾ തങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനാണ് വന്നതെന്ന് തദ്ദേശിയർ മനസ്സിലാക്കുന്നത്.

ആഫ്രിക്കൻ, ഏഷ്യൻ, യൂറോപ്യൻ എന്നിങ്ങനെ ലോകത്തിന്റെ മൂന്ന് കോണുകളിൽ നിന്നുള്ളവരുടെ സൗഹൃദ ബന്ധത്തിലാണ് കഥ കേന്ദ്രീകരിച്ചിരിക്കുന്നത്. വ്യത്യസ്തമായ ജീവിതപരിസരങ്ങളുള്ള ഈ മൂന്ന് വിഭാ​ഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഘടകം പരസ്പരസ്നേഹവും വിശ്വാസവുമാണ്.  

മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് ദൂരമില്ല എന്ന സന്ദേശമാണ് ഈ ഡോക്യുമെൻ്ററി ചിത്രം പറഞ്ഞുവെക്കുന്നത്. സ്നേഹം പങ്കിടാൻ ഭാഷയോ, വർണമോ യാതൊന്നും തടസ്സമില്ല. അത് മനസ്സിലാക്കുന്നിടത്താണ് മനുഷ്യത്വം വിജയിക്കുന്നത്.