
സ്നേഹം, വിശ്വാസം, ഏകാന്തത, നിരാശ ഇവയുടെയെല്ലാം ആകെ തുകയാണ് ലിലിയൻ സിബെസ്മ സംവിധാനം ചെയ്ത 'അണ്ടർ ദ നേക്കഡ് സ്കെെ' എന്ന നെതർലന്റ്സ് ചിത്രം. അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ വേൾഡ് സിനിമ വിഭാഗത്തിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
പത്ത് വയസ്സുകാരി എൽവിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. മരങ്ങൾ നിറഞ്ഞ ഒരു വിജനമായ പ്രദേശത്ത് മുത്തച്ഛനും മാനസിക പ്രശ്നമുള്ള അമ്മയ്ക്കുമൊപ്പമാണ് അവൾ താമസിക്കുന്നത്. ഒരു അഞ്ചു വയസ്സുള്ള കുട്ടിയുടെ മാനസിക വളർച്ച മാത്രമേ എൽവിയുടെ അമ്മയ്ക്കുള്ളു. ആ കൊച്ചുപ്രദേശത്തിനപ്പുറം ഒരു ജീവിതമുണ്ടെന്നറിവില്ലാത്ത ഒരു നിഷ്കളങ്ക. മനസ്സിലെ കൊച്ചുഭാവനകളുടെ ലോകത്ത് ഒതുങ്ങി ജീവിച്ച് അതിൽ ആനന്ദം കണ്ടെന്നുകയാണവർ. പരാതികളില്ല, പരിഭവങ്ങളില്ല. മറ്റുള്ളവരെ മനസ്സിലാക്കാനുള്ള കഴിവില്ല, അതേ സമയം നിരുപാധികമായ സ്നേഹം പലപ്പോഴും അവർ പ്രകടിപ്പിക്കുന്നുണ്ട്.
അമ്മയുടെ ഈ അവസ്ഥകൊണ്ട് തന്നെയാകണം എൽവി പ്രായത്തിലേറെ പക്വത കാണിക്കുന്നത്. സമർഥയായ, ബുദ്ധിയുള്ള, തലയെടുപ്പുള്ള, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള അന്വേഷണാത്മകതയുള്ള മിടുക്കിയായ പെൺകുട്ടിയാണ് എൽവി. ഒരു നീണ്ട വേനൽക്കാലത്താണ് കഥ മുന്നോട്ട് വികസിക്കുന്നത്. അങ്ങനെയിരിക്കേ ഒരു ഘട്ടത്തിൽ എൽവിയുടെ ജീവിതം മാറിമറയുന്നതും അമ്മയ്ക്ക് അന്യമായ ലോകത്തെ കാണാനും കേൾക്കാനും മനസ്സിലാക്കാനും എൽവി പഠിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
പ്രേക്ഷകരെ വെെകാരികമായി സ്പർശിക്കുന്ന ആഖ്യാന ശെെലിയാണ് സംവിധായിക ഇവിടെ സ്വീകരിച്ചിരിക്കുന്നത്. അതിനോട് സമരസപ്പെട്ടു നിൽക്കുന്ന പശ്ചാത്തല സംഗീതവും മനോഹരമായ ഫ്രെയ്മുകളും ആസ്വാദനത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
Content Highlights: under the naked sky review iffi 2023
Published: 24 Nov 2023, 09:26 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented