മുംബൈ; ടി20 ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ കീഴടക്കി വെസ്റ്റിൻഡീസ്. 30 റൺസിനാണ് വിൻഡീസിന്റെ ജയം. വെസ്റ്റിൻഡീസ് ഉയർത്തിയ 197 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 166 റൺസിന് പുറത്തായി. ലോകകപ്പിലെ വിൻഡീസിന്റെ രണ്ടാം ജയമാണിത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റേത് തകർപ്പൻ തുടക്കമായിരുന്നു. മുൻനിര ബാറ്റർമാരെല്ലാം തകർത്തടിച്ചതോടെ ഇംഗ്ലീഷ് പട കുതിച്ചു. ഫിൽ സാൾട്ട്(14 പന്തിൽ നിന്ന് 30 റൺസ്), ജോസ് ബട്ട്‌ലർ(14 പന്തിൽ നിന്ന് 21 റൺസ്), ജേക്കബ് ബെത്തൽ(23 പന്തിൽ നിന്ന് 33 റൺസ്) എന്നിവർ മികച്ച തുടക്കം നൽകി. എന്നാൽ വിക്കറ്റുകൾ വീഴ്ത്തി വിൻഡീസ് തിരിച്ചടിച്ചതോടെ ഇംഗ്ലീഷ് നിര പതറി. 13.5 ഓവറിൽ 131-5 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. വിൻഡീസ് ബൗളർമാർ പിടിമുറുക്കിയതോടെ വന്നവരെല്ലാം നിരനിരയായി മടങ്ങി. സാം കറൻ മാത്രമാണ് അൽപ്പമെങ്കിലും പൊരുതിയത്. താരം 30 പന്തിൽ നിന്ന് 43 റൺസെടുത്ത് പുറത്താവാതെ നിന്നു. എന്നാൽ ടീം 19 ഓവറിൽ 166 റൺസിന് പുറത്തായി.
നേരത്തേ ആദ്യം ബാറ്റുചെയ്ത വെസ്റ്റിൻഡീസ് നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 196 റൺസാണെടുത്തത്. ഷെർഫെയ്ൻ റൂഥർഫോഡിന്റെ അർധസെഞ്ചുറിയാണ് വിൻഡീസിന് മികച്ച സ്‌കോർ സമ്മാനിച്ചത്. താരം 42 പന്തിൽ നിന്ന് 76 റൺസെടുത്തു. രണ്ട് ഫോറുകളും ഏഴ് സിക്‌സറുകളുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. ഓപ്പണർമാരായ ബ്രാൻഡൻ കിങ്(1), ഷായ് ഹോപ് (0), എന്നിവർ നിരാശപ്പെടുത്തിയെങ്കിലും പിന്നീടിറങ്ങിയവർ ഭേദപ്പെട്ട ഇന്നിങ്‌സ് കാഴ്ചവെച്ചതോടെയാണ് വിൻഡീസ് സ്‌കോർ 190 കടന്നത്. ഷിമ്രോൺ ഹെറ്റ്മയർ(23), റോസ്റ്റൺ ചേസ്(34) എന്നിവർ തിളങ്ങി. 17 പന്തിൽ നിന്ന് 33 റൺസുമായി ജേസൺ ഹോൾഡർ വെടിക്കെട്ട് നടത്തി. ഇംഗ്ലണ്ടിനായി ജാമി ഓവർടണും ആദിൽ റഷീദും രണ്ട് വീതം വിക്കറ്റെടുത്തു.
Content Highlights: west indies beat england t20 world cup
Published: 11 Feb 2026, 11:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented