കൊളംബോ: ടി20 ലോകകപ്പിൽ ഇന്ത്യ-പാകിസ്താൻ മത്സരം നടത്താൻ ഐസിസി കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത്. ഇന്ത്യയിൽ നിന്ന് മത്സരങ്ങൾ മാറ്റണമെന്ന ബംഗ്ലാദേശിന്റെ അഭ്യർഥന അംഗീകരിക്കാത്തതും അതുവഴി ബംഗ്ലാദേശിന് ടൂർണമെന്റിൽ നിന്ന് പിന്മാറേണ്ടിവന്ന സാഹചര്യവും കണക്കിലെടുത്ത് ഐസിസിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ലോകകപ്പിൽ നിന്നുതന്നെ പിന്മാറുമെന്ന ഭീഷണിയാണ് പാകിസ്താൻ ആദ്യം ഉയർത്തിയത്. എന്നാൽ ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാകിസ്താൻ നടത്തിയ ബഹിഷ്‌കരണ ഭീഷണിക്കെതിരേ ഐസിസി കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകി. ഇതോടെ ഐസിസിയോടുള്ള പ്രതിഷേധം എന്ന നിലയ്ക്ക് ഇന്ത്യയ്ക്കെതിരായ മത്സരം മാത്രം ബഹിഷ്‌കരിക്കാൻ പാകിസ്താൻ തീരുമാനിച്ചു. ഫെബ്രുവരി 15-ലെ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ പാകിസ്താൻ ടീം കളത്തിലിറങ്ങില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത് പാക് സർക്കാരായിരുന്നു.

To advertise here,

ഒടുവിൽ ലാഹോറിൽ നടന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി), ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി), അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പ്രതിനിധികളുടെ ചർച്ചയ്ക്ക് ശേഷം മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനം പാകിസ്താൻ പിൻവലിക്കുകയായിരുന്നു. ഇന്ത്യയ്‌ക്കെതിരേ കളിക്കാൻ പല നിബന്ധനകളും പാകിസ്താൻ മുന്നോട്ടുവെച്ചെങ്കിലും അതൊന്നും ഐസിസി ചെവിക്കൊണ്ടില്ല.

കളിക്കാൻ സമ്മതിച്ചിട്ടും പാകിസ്താന്റെ വാചക കസർത്ത് അവിടംകൊണ്ടും തീർന്നില്ല. ഇന്ത്യൻ ക്യാപ്റ്റനുമായി ഹസ്തദാനം ചെയ്യുമോ എന്നത് കാത്തിരുന്ന് കാണൂ എന്നായിരുന്നു വാർത്താ സമ്മേളനത്തിലെ ഒരു ചോദ്യത്തിന് പാക് ക്യാപ്റ്റൻ സൽമാൻ അലി ആഗ നൽകിയ മറുപടി.

എല്ലാം കഴിഞ്ഞ് കളത്തിലിറങ്ങിയപ്പോഴോ, കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ പാകിസ്താനെ അക്ഷരാർഥത്തിൽ കെട്ടുകെട്ടിക്കുകയായിരുന്നു ഇന്ത്യ. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യയുടെ സമഗ്രാധിപത്യമായിരുന്നു. പിച്ചിന്റെ സ്വഭാവം കണക്കിലെടുത്ത് ആറ് സ്പിന്നർമാരുമായി ഇറങ്ങിയ പാകിസ്താനെ ഇഷാൻ കിഷൻ ഗ്രൗണ്ടിന്റെ നാലുപാടും പറത്തി. സ്പിന്നർമാരുമായി ഇന്ത്യയെ ചെറുതായി സമ്മർദത്തിലാക്കാൻ സാധിച്ചെങ്കിലും മികച്ച സ്‌കോർ പടുത്തുയർത്തുന്നതിൽ നിന്ന് ഇന്ത്യയെ തടയാൻ പാക് ബൗളിങ് യൂണിറ്റിന് സാധിച്ചില്ല.

ഇനി ബാറ്റ് ചെയ്യാനിറങ്ങിയപ്പോഴോ? ഇന്ത്യൻ ബൗളർമാരുടെ പന്തുകൾക്കു മുന്നിൽ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുന്ന പാക് ബാറ്റർമാരെയാണ് കണ്ടത്. ബാബർ അസം പോലും അക്ഷർ പട്ടേലിന്റെ പന്തിന്റെ ഗതിയറിയാതെ ബൗൾഡായാണ് മടങ്ങിയത്. 61 റൺസിന്റെ തകർപ്പൻ ജയവുമായാണ് ഇന്ത്യ ഗ്രൂപ്പ് എയിൽ നിന്ന് സൂപ്പർ എട്ടിലെത്തിയിരിക്കുന്നത്.