ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഓർമകൾ സമ്മാനിച്ച ഒരു ഡോക്ടർ എല്ലാവരുടെ ജീവിതത്തിലും ഉണ്ടായിരിക്കും. ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച് മറക്കാനാവാത്ത ആ സാന്ത്വസ്പർശത്തെക്കുറിച്ചുള്ള കുറിപ്പ്...
ജീവിതത്തിൽ മറക്കാനാവാത്ത സ്വാധീനം ചെലുത്തിയ പല വ്യക്തികളും ഉണ്ട്. ജീവിതത്തിൽ ഏറ്റവും അധികം സാന്ത്വനമേകിയ ഡോക്ടർ ആര് എന്ന് ചോദിച്ചാൽ ഒരേയൊരു ഉത്തരം ഡോ. മനീഷ് മാത്തുണ്ണി സ്റ്റീഫൻ.
മകൾ ചാരുതയ്ക്ക് അന്ന് ഒന്നര വയസ്സ് ആയിട്ടുണ്ട്. പൊതുവേ കൊഴുത്ത ഉരുണ്ട ശരീരപ്രകൃതം. നടക്കാൻ തുടങ്ങിയപ്പോൾ ആടി കുണുങ്ങിയുള്ള നടപ്പ്. എല്ലാവരും കൗതുകത്തോടെ നോക്കി. പക്ഷേ കാലുകൾ ചേർത്തുവച്ച് നോക്കിയപ്പോൾ നീളത്തിൽ നേരിയ വ്യത്യാസം ഇല്ലേ എന്ന് എനിക്കൊരു സംശയം. എല്ലാ കാര്യങ്ങളിലും വല്ലാതെ ആധിപിടിക്കുന്ന ഭാര്യയോട് പറയാൻ ഈ വിവരം പറയാൻ ആദ്യം മടിയായിരുന്നു. പിന്നീട് വളരെ മയത്തിൽ വിവരം അവളെ ധരിപ്പിച്ചു. വീട്ടിലുള്ള മറ്റ് ആരും ഇത് കാര്യമായി എടുത്തില്ല. ഞങ്ങളുടെ തോന്നലായി കണക്കിലെടുത്തു. ഒടുവിൽ ആലപ്പുഴ ജനറൽ ഹോസ്പിറ്റലിലെ ഓർത്തോ വിഭാഗം ഡോക്ടർ ഹരിപ്രസാദിനെ കണ്ടു. എക്സ്റേ കണ്ടപ്പോൾ തുടയെല്ല് ഏണിലെ സന്ധിയിൽ നിന്ന് തെന്നിമാറി കിടക്കുകയാണ് എന്ന് പറഞ്ഞു. കുഞ്ഞ് ആയതിനാൽ ജനറൽ ആശുപത്രിയിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ ഉണ്ണികൃഷ്ണനെ കാണാൻ അദ്ദേഹം നിർദ്ദേശിച്ചു. ആ രാത്രിയിൽ തന്നെ ഞങ്ങൾ വേവലാതിപൂണ്ട് അദ്ദേഹത്തിന്റെ വീട്ടിൽ എത്തി. വീട്ടിൽ പരിശോധന ഇല്ലെങ്കിലും ഞങ്ങളുടെ അവസ്ഥ ഉൾക്കൊണ്ട അദ്ദേഹം എക്സ് റേ നോക്കുകയും കുഞ്ഞിനെ വിശദമായി പരിശോധിക്കുകയും ചെയ്തു. പ്രസവശേഷം ഇത് കണ്ടെത്തിയിരുന്നെങ്കിൽ അപ്പോൾ തന്നെ പരിഹരിക്കാവുന്ന പ്രശ്നമായിരുന്നു എന്നും ഇനി ഒരു ശസ്ത്രക്രിയയിലൂടെ മാത്രമേ ഇത് പരിഹരിക്കാൻ കഴിയുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞതോടെ ഞങ്ങളുടെ മനസ്സിലെ ആധി ഇരട്ടിച്ചു. എന്നാൽ അദ്ദേഹം തന്നെ ഞങ്ങളെ ആലപ്പുഴ മെഡിക്കൽ കോളേജിലെ തന്റെ സുഹൃത്ത് ഡോ.മനീഷ് ഇതിന് പരിഹാരം കാണും എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയും ചെയ്തു.
അന്ന് രാത്രി മുഴുവൻ ഉറങ്ങാതെ ഞങ്ങൾ കഴിച്ചുകൂട്ടി. പിറ്റേന്ന് രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ ഞങ്ങളെ ഉണ്ണികൃഷ്ണൻ സാർ തന്നെ മനീഷ് സാറിനെ പരിചയപ്പെടുത്തി. ഓപ്പറേഷൻ തിയേറ്ററിൽ ആയിരുന്നു അദ്ദേഹം പുറത്തു വരികയും കുഞ്ഞിന്റെ രണ്ട് കാലുകളും പരിശോധിക്കുകയും ചെയ്തു. തുടർന്ന് സി.ടി സ്കാൻ ചെയ്യാൻ നിർദ്ദേശിച്ചു. മൂന്ന് പ്രാവശ്യം സ്‌കാനിങ്ങിന് ശ്രമിച്ചുവെങ്കിലും മകൾ മയങ്ങി കിടക്കാത്തതിനാൽ അത് പരാജയപ്പെട്ടു. ഒടുവിൽ കുഞ്ഞിനെ അഡ്മിറ്റ് ചെയ്തു. ഏണിലെ ബോൾ ആൻഡ് സോക്കറ്റ് ജോയിന്റിൽ നിന്നു തുടയെല്ല് തെന്നി മാറി കിടക്കുകയാണെന്നും അത് യഥാ സ്ഥാനത്തു പിടിച്ചു ഇടുന്നതിനുള്ള ഒരു ചെറിയ ശസ്ത്രക്രിയ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞ് ആയതിനാൽ മേജർ സർജറി തത്കാലം ചെയ്യുന്നില്ല എന്നും ഇത് ഒരു പരീക്ഷണം ആണെന്നും അദ്ദേഹം ബോധ്യപ്പെടുത്തി. DDH എന്ന് മെഡിക്കൽ ഭാഷയിൽ അറിയപ്പെടുന്ന ഈ അവസ്ഥയുള്ള ഒരു രോഗി ഇവിടെ ഡോക്ടർക്കു മുന്നിൽ ആദ്യമായിരുന്നു എന്ന് വേണം കരുതാൻ. മെഡിക്കൽ വിദ്യാർഥികൾക്കുള്ള സെമിനാറിൽ അദ്ദേഹം മകളെ പരിചയപ്പെടുത്തി. മറ്റു ആശുപത്രികളിലെ പ്രൊഫസർമാരുമായി ചർച്ചകൾ നടത്തി. ഒടുവിൽ ശാസ്ത്രക്രിയ നടന്നു.
തീയറ്ററിൽ നിന്നു സ്വന്തം കൈകളിൽ താങ്ങിയാണ് അദ്ദേഹം മകളെ പുറത്ത് കൊണ്ടുവന്നത്. ഇങ്ങനെ ഒരു ഡോക്ടറെ ഞാൻ ആദ്യമായി കാണുകയായിരുന്നു. അതിനുശേഷം അദ്ദേഹം എന്നെ മുറിയിലേക്ക് വിളിച്ചു വരുത്തി. മകളുടെ സർജറിക്ക് മുൻപുള്ള ഒരു വീഡിയോ കാണിച്ചു. പ്രശ്നമുണ്ട് എന്ന് കരുതിയിരുന്ന വലതു കാലിലെ അസ്ഥി കൈകൊണ്ട് പിടിച്ചു കൃത്യമായി ഇടുന്ന വീഡിയോ ആയിരുന്നു അത്. ആ കാലിൽ സർജറി ആവശ്യമായി വന്നില്ല. പക്ഷേ കുഴപ്പമില്ല എന്ന് കരുതിയിരുന്ന ഇടതുകാലിൽ സ്കാൻ ചെയ്യുമ്പോൾ ബോൾ ആൻഡ് സോക്കറ്റ് അസ്ഥികൾക്ക് രണ്ടിനും പൂർണ്ണ വളർച്ച എത്തിയിട്ടില്ല. താൽക്കാലികമായി സർജറി ചെയ്തിരിക്കുന്നത്. 100% വിജയിക്കും എന്ന് പറയാൻ കഴിയില്ലെങ്കിലും ഇത് ശരിയായാൽ ഒരു മേജർ സർജറി ഒഴിവാക്കാൻ കഴിയും എന്ന വിശ്വാസമാണ് തനിക്കുള്ളതെന്ന് ഡോക്ടർ എന്നെ പറഞ്ഞു ബോധ്യപ്പെടുത്തി. ഈ ദിവസങ്ങളിൽ എല്ലാം പലപ്പോഴും എത്ര തിരക്കിലും ഞങ്ങളുടെ ആശങ്കകൾക്കും സംശയങ്ങൾക്കും അദ്ദേഹം മറുപടി തരാൻ സമയം കണ്ടെത്തി. മൂന്നുമാസക്കാലം രണ്ടു കാലുകളും ചേർത്ത് പ്ലാസ്റ്റർ ചെയ്തു കിടക്കണമെന്ന് നിർദ്ദേശിച്ചു. ഒടുവിൽ മൂന്ന് മാസങ്ങൾക്ക് ശേഷം പ്ലാസ്റ്റർ മാറ്റി എക്സ് റേ എടുത്തു. എക്സ് ഡോക്ടർ ആകെ നിരാശനായി. ഞങ്ങളെ ആശ്വസിപ്പിക്കാൻ പോലും കഴിയാത്ത വിഷമം അദ്ദേഹത്തിന്റെ മുഖത്ത് ഞങ്ങൾ കണ്ടു. ഇനി മേജർ സർജറി മാത്രം ഞാൻ അറിയിക്കാം എന്ന് പറഞ്ഞു അദ്ദേഹം ഫോൺ നമ്പർ വാങ്ങി. പിന്നീട് മൂന്നര വയസ്സിൽ ഡോക്ടർ അറിയിച്ച പ്രകാരം അടുത്ത സർജറി. ഉള്ളിൽ സ്റ്റീൽ റോഡ് ഇട്ടു വീണ്ടും മൂന്നു മാസങ്ങൾ. കുഞ്ഞിന്റെ ബാല്യം കിടക്കയിൽ ഒതുങ്ങിയ നാളുകൾ. ഇതിനിടയിൽ ഇടയ്ക്കിടെ ചെക്ക് അപ്പുകൾ. ഏത് തിരക്കിലും ഞങ്ങൾക്ക് ലഭിച്ച പരിഗണന. ഒരു വർഷത്തിനു ശേഷം സ്റ്റീൽ റോഡ് നീക്കം ചെയ്യണം എന്ന് നിർദ്ദേശിച്ചിരുന്നു. അതിനിടയിൽ കോവിഡ് കാലം എല്ലാ പ്രതീക്ഷകളും തെറ്റിച്ചു. വർഷം ഒന്ന് കൂടി കടന്നുപോയി. വളർച്ചയുടെ ഘട്ടം ആയതിനാൽ ഒരു വർഷത്തിനുള്ളിൽ സ്റ്റീൽ റോഡ് നീക്കം ചെയ്യാത്തതിനാൽ സ്കാൻ ചെയ്തപ്പോൾ അസ്ഥിക്കു വീണ്ടും സ്ഥാനഭ്രംശം. പരസ്പരം ആശ്വസിപ്പിക്കാൻ പോലും കഴിയാതെ ഞാനും ഭാര്യയും. ഇതിനിടയിൽ സ്വകാര്യ ആശുപത്രിയിൽ പോകാൻ നിർബന്ധിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും. ഇത് ശരിയാകുമെന്നു ഡോക്ടർ പറഞ്ഞോ എന്ന ചോദ്യം. ആകെ തകർന്ന നാളുകൾ. പക്ഷെ മകൾ ഇതൊന്നും വകവെച്ചതേ ഇല്ല.
ഒടുവിൽ അടുത്ത സർജറിക്കായി ഒരു സ്കാനിങ് കൂടി. ഒരു പരിശോധനയും ആശുപത്രിക്കു വെളിയിൽ ചെയ്യാൻ ഡോക്ടർ അനുവദിച്ചിരുന്നില്ല. അദ്ദേഹം തന്നെ ഏറ്റവും അടുത്ത തീയതിയിൽ സ്കാൻ ചെയ്യാൻ ഏർപ്പാട് ചെയ്തു. ഞങ്ങൾ റിസൾട്ട് വാങ്ങും മുൻപ് അദ്ദേഹം പോയി റിപ്പോർട്ട് വാങ്ങി. റിസൾട്ട് കിട്ടിയ ശേഷം അദ്ദേഹത്തെ വിളിച്ചു.. "എനിക്ക് എറണാകുളം മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറ്റമായി . നിങ്ങൾ അങ്ങോട്ട് വരാമോ " ചോദ്യത്തിനുമുന്നിൽ ഒരു നിമിഷം കുഴങ്ങിപ്പോയി. കാരണം ഒരു മെഡിക്കൽ കോളേജ് ആണ്. ഒരു വാർഡിൽ കഴിഞ്ഞുകൊണ്ട് ഇങ്ങനെ ഒരു സർജറി ചെയ്യുക ബുദ്ധിമുട്ടാണ്. പക്ഷേ ഭാര്യയ്ക്ക് മറ്റൊരു ഡോക്ടറെ കുറിച്ച് ചിന്തിക്കാനേ കഴിയുമായിരുന്നില്ല. ഒന്നര വയസ്സിൽ തുടങ്ങി ഏഴ് വയസ്സുവരെ മകളുടെ രോഗ വിവരങ്ങൾ ഇത്ര കൃത്യമായി അറിയുന്ന,ഞങ്ങളോട് എപ്പോഴും ഒരു പ്രത്യേക പരിഗണന കാണിക്കുന്ന അദ്ദേഹത്തിന് കീഴിൽ എന്ത് ത്യാഗം സഹിച്ച് ആയാലും സർജറി നടത്താൻ തന്നെ തീരുമാനിച്ചു. ഞങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ ഡോക്ടർ തന്നെ പേ വാർഡ് എടുക്കാൻ വേണ്ടത് ചെയ്യാം എന്ന് ഉറപ്പു നൽകി.
എറണാകുളം മെഡിക്കൽ കോളേജ് കളമശ്ശേരി ആശുപത്രിയിൽ. ഒരു ദിവസം മാത്രം വാർഡിൽ കഴിയേണ്ടി വന്നു. പിന്നീട് പേ വാർഡ് ലഭിച്ചു. സർജറിക്ക് വേണ്ട എല്ലാ കാര്യങ്ങളും ഡോക്ടർ തന്നെ ഏർപ്പാട് ചെയ്തു. രക്തം ദാനം ചെയ്യാനായി മെഡിക്കോസിന് ഏർപ്പാട് ചെയ്തു. ഒടുവിൽ സർജറിക്ക് ശേഷം പുതിയ സ്റ്റീൽ റോഡ് ഇട്ട വിവരം അറിയിച്ചു. എത്ര തിരക്കിനിടയിലും ഇടയ്ക്കിടെ വിവരങ്ങൾ തിരക്കി. എപ്പോൾ വേണമെങ്കിലും വിളിക്കാനും മെസ്സേജ് ചെയ്യാനും ഉള്ള സ്വാതന്ത്ര്യം ഞങ്ങൾക്ക് ഉണ്ടായിരുന്നു. മൂന്ന് മാസങ്ങൾ കൂടുമ്പോൾ ചെക്കപ്പുകൾ തുടർന്നു. അപ്പോഴെല്ലാം എത്രയും വേഗം ഞങ്ങൾക്ക് വേണ്ട സഹായങ്ങൾ നൽകി.
2023 മെയ് 9ന് റോഡ് എടുത്തുമാറ്റി. 45 ദിവസങ്ങൾക്ക് ശേഷം ജൂൺ 22-നു പ്ലാസ്റ്റർ മാറ്റാൻ വീണ്ടും ആശുപത്രിയിൽ എത്തുമ്പോഴും അദ്ദേഹത്തിന്റെ പ്രത്യേക പരിഗണന എന്റെ മകൾക്ക് ലഭിച്ചിരുന്നു. തലമുടിയിൽ വിരലോടിച്ച് രണ്ടാഴ്ചയ്ക്കകം സ്കൂളിൽ പോകാൻ കഴിയും എന്ന് വാത്സല്യത്തോടെ പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് വിജയത്തിളക്കം ഉണ്ടായിരുന്നു. അതിന്റെ ആശ്വാസത്തിൽ ആണ് ഞങ്ങൾ ഇപ്പോൾ കഴിയുന്നത്.
ഇന്നോളം ഒരു രൂപ പോലും പ്രതിഫലം ആയി ഞങ്ങളിൽ നിന്നു അദ്ദേഹം കൈപ്പറ്റിയിട്ടില്ല. ക്രിസ്മസ് തലേന്ന് പോലും അദ്ദേഹത്തെ ആശുപത്രിയിൽ കണ്ടിട്ടുണ്ട്. ഒരു ദിവസം വൈകുവോളം നീളുന്ന തീയറ്റർ ഡ്യൂട്ടി കഴിഞ്ഞു രാത്രി അടിയന്തിര ശസ്ത്രക്രിയകൾ ചെയ്തു പിറ്റേന്ന് രാവിലെ എട്ടുമണിക്ക് ഓ. പി യിൽ എത്തുന്ന ഡോക്ടറെ ആരാധനയോടെയാണ് നോക്കികണ്ടത്. ആതുരസേവനം ആവേശമായി കാണുന്ന ഒരു ഡോക്ടർ. അദ്ദേഹത്തിന്റെ കുടുംബത്തിന് അദ്ദേഹത്തെ എപ്പോഴാണ് ലഭിക്കുക എന്ന് ചിന്തിക്കാറുണ്ട്. മെഡിക്കൽ വിദ്യാർഥികളോടും സഹപ്രവർത്തകരോടും സുസ്മേരവദനനായി ചുറുചുറുക്കോടെ, കളമശ്ശേരി മെഡിക്കൽ കോളേജിൽ ഡോക്ടർ ജോർജുകുട്ടിയുടെ അസിസ്റ്റന്റ് ആയി പ്രവർത്തിക്കുന്ന ഡോക്ടർ മനീഷിനും കുടുംബത്തിനും എന്നെന്നും ഈശ്വരൻ നല്ലതുമാത്രം വരുത്തട്ടെ എന്ന് ആത്മാർത്ഥമായി എന്റെ കുടുംബത്തിന്റെ പ്രാർത്ഥന. മരിക്കുവോളം മറക്കാനാവാത്ത സാന്ത്വനം.
Content Highlights: national doctors day tribute to doctors
Published: 29 Jun 2023, 09:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented