ആള്‍ക്കൂട്ടത്തിന്റെ പാട്ടുകാരിയായി കെ.എസ്. ചിത്രയെന്ന ഗായികയെ അടയാളപ്പെടുത്താന്‍ എനിക്കിതുവരെ തോന്നിയിട്ടില്ല. സമയരാഗത്തിന്റെ മൗനസാഗരത്തില്‍ ഒറ്റയ്ക്കായിപ്പോയ ആത്മാവിന്റെ ഗായികയെന്നപോലെ അവര്‍ എത്രയോ കാലമായി നമുക്കായി പാടിക്കൊണ്ടേയിരിക്കുന്നു. സിനിമയെന്ന ജനപ്രിയകലയില്‍ സംഗീതത്തിനുള്ള പ്രാധാന്യം അവര്‍ക്കനുഗ്രഹമായി. കഥയ്ക്കും സന്ദര്‍ഭത്തിനുമനുസരിച്ച് ചിട്ടപ്പെടുത്തിയ സിനിമാഗാനങ്ങള്‍ കഥാപാത്രങ്ങള്‍ക്കും ഇതിവൃത്തങ്ങള്‍ക്കുമപ്പുറം വളര്‍ന്ന് പടര്‍ന്ന് അന്നും ഇന്നും എന്നും നമ്മുടെ പ്രിയഗാനങ്ങളായി നിലകൊള്ളുന്നു. ജനപ്രീതിയുടെ സൗന്ദര്യലയത്തിന്റെ ഒരേ ഒരു മുഖം അത് കെ.എസ്. ചിത്രയെന്ന് പറയാന്‍ അനല്പമായ അഭിമാനമുണ്ട്. സര്‍വ്വബഹളമേളങ്ങള്‍ക്കുമപ്പുറത്ത് വെടിയും പുകയും വെള്ളിവെളിച്ചവും ആക്രോശങ്ങളുമടങ്ങിയ ഒരു നേരം അല്പം സംഗീതം കാടാകെപ്പിഴിഞ്ഞ തേനുറവപോലെ കാതിലലയടിക്കുമെന്ന് സ്വയം തോന്നുന്ന ആ നിമിഷം; അതാണ് കലാസ്വാദകന്റെ ആനന്ദമുഹൂര്‍ത്തം! ചിത്രയുടെ സ്വരമാധുരി കളങ്കരഹിതമായ തെളിച്ചമായി സഹൃദയസംതൃപ്തിയുടെ വെളിച്ചമായി ഉച്ഛസ്ഥായിയായും മന്ത്രസ്ഥായിയായും നാം നിരന്തരം കേട്ടുകൊണ്ടേയിരിക്കുന്നു.
എഴുതുന്നയാള്‍ക്കും ചിട്ടപ്പെടുത്തുന്നയാള്‍ക്കും പാടുന്നയാള്‍ക്കും തുല്യമായി വീതിച്ചു കിട്ടേണ്ട ഒരു പിറവി വഴി ഓരോ പാട്ടിനുമുണ്ട്. വാക്കിനെ മറന്ന് സംഗീതത്തിനോ ഈണത്തെ തഴഞ്ഞ് ഗായകസ്വരത്തിനോ നിലനില്‍പേയില്ല എന്ന് തിരിച്ചറിയുന്ന അപൂര്‍വ്വം പാട്ടുകാരിലൊരാളാണ് ചിത്രയെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അച്ഛന്റെ (പി.കെ. ഗോപി) പത്തിരുപത്തഞ്ച് സിനിമാഗാനങ്ങള്‍ ചിത്രയുടെ സ്വരസുധയില്‍ ഇന്നും ഗാനാസ്വാദകര്‍ കേട്ടുകൊണ്ടിരിക്കുന്നത് വ്യക്തിപരമായ എന്റെ ആഹ്ളാദമാണ്. വിനയം കൊണ്ടും മൗനം കൊണ്ടും ക്ഷമകൊണ്ടും കാരുണ്യം കൊണ്ടും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുകൊണ്ടും അവര്‍ എത്രയോ ഉയര്‍ന്നുതന്നെയാണ് നില്‍ക്കുന്നതെന്ന് പണ്ടത്തെ മദ്രാസ് പാട്ടുറെക്കോര്‍ഡിങ്ങ് കഥകള്‍ അച്ഛനില്‍ നിന്ന് കേട്ടപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. കലയാല്‍ സാധ്യമായ ഒരു നൂല്‍പ്പാലത്തിന്റെ തന്ത്രികളാണ് അവര്‍ മനുഷ്യഹൃദയം തൊട്ട് ഇന്നുവരെ, ഈ നിമിഷം വരെ മീട്ടികൊണ്ടിരിക്കുന്നത് എന്ന് ഇന്ന് തിരിച്ചറിയാനാകുന്നുണ്ട്.
'പെരുവണ്ണാപുരത്തെ വിശേഷങ്ങളും', 'ശുഭയാത്ര'യും, 'സസ്‌നേഹവും', 'നീലഗിരി'യും, 'അനശ്വരവും', 'ഭൂമിക'യും 'ധനവും', 'മക്കള്‍ മഹാത്മ്യ'വും, 'രൗദ്ര'വും 'നാരായവും', 'അവന്‍ അനന്തപത്മനാഭനും' തുടങ്ങി എത്ര സിനിമകളിലെ പാട്ടുകള്‍... അച്ഛന്റെ വരികള്‍ക്ക് ഇളയരാജയും കീരവാണിയും ജോണ്‍സണ്‍ മാഷും രവീന്ദ്രന്‍മാഷും ശരതും മോഹന്‍ സിതാരയും തുടങ്ങി എത്രയോ പേര്‍ സംഗീതമണിയിച്ചപ്പോള്‍ യേശുദാസിനൊപ്പം വേണുഗോപാലിനും എസ്.പി. ബാലസുബ്രഹ്‌മണ്യത്തിനൊപ്പം കെ.എസ്. ചിത്രയെന്ന അപൂര്‍വ്വ കലാകാരിയും തന്റേതായ പെണ്‍സ്വരമുദ്ര എത്ര ആര്‍ദ്രമായും ശക്തമായും ആണ് പ്രതിഷ്ഠിച്ചത്.

കലയുടെ ആത്യന്തികമായ ആസ്വാദനതലത്തിലേക്ക് കേള്‍വിക്കാരെയും കാഴ്ചക്കാരെയും നയിക്കുന്നത് അല്ലെങ്കില്‍ ഉയര്‍ത്തുന്നത് മനുഷ്യഭാവനയാണ്. ശ്രവിക്കാനും ശ്രദ്ധിക്കാനുമുള്ള മനുഷ്യന്റെ ആന്തരികമായ ചോദന അവരവരുടെ സര്‍ഗ്ഗാത്മകത്വരയോടൊപ്പം സര്‍വ്വേന്ദ്രിയങ്ങളിലും തുടിച്ചുനില്‍ക്കുന്നു. അനുഭൂതിയും അനുഭവവും മഴവില്‍ രാഗങ്ങളില്‍ നിറച്ച് എത്രയെത്ര സ്വപ്‌നകാന്താരങ്ങൾക്ക് മുകളില്‍ ചിത്രയെന്ന പാട്ടുകാരി വസന്തം തീര്‍ത്തിരിക്കണം. ബാല്യവും കൗമാരവും യൗവ്വനവും തീരാത്ത ഉന്മാദ നടനങ്ങളും അവരോടും കൂടി ഈ കാലത്തെ ഏകാഗ്രമായി കൊരുത്തുവയ്ക്കുന്നുണ്ട്. സുതാര്യമായ ആ ശബ്ദത്തിന്റെ പടവില്‍ ഞാനും നീയും നില്‍ക്കുന്നു. അതിസ്വാഭാവികമായ ഒഴുക്ക് നുകരുന്നു. കലയിലും കലാവതരണത്തിലും പുതുമയെന്ന വ്യാജേന കാട്ടിക്കൂട്ടുന്ന ശബ്ദവെളിച്ചപ്രളയങ്ങള്‍ എന്നെ ഭയപ്പെടുത്താറുണ്ട്. ഇളകി ഭ്രാന്തെടുത്താടുന്ന ആള്‍ക്കൂട്ടത്തില്‍ എനിക്ക് സംഗീതം കേള്‍ക്കാനാകാറില്ല. അവിടെ ചിത്രയില്ലെന്നതാശ്വാസം. കവിതയുടെ പരിണാമ വഴിയില്‍ അത് ഗാനമാകുന്നു. പിന്നെ ചിത്രയുടെ പാട്ടാകുന്നു. അത് എനിക്കായി മാത്രം പാടുന്നത് പോലെ ഞാന്‍ കേട്ടിരിക്കുന്നു. നിനക്കായി മാത്രം പാടുന്നതുപോലെ നീയും കാതുകൂര്‍പ്പിക്കുന്നു.

'വചനം' എന്ന ക്രിസ്തീയ ഭക്തിഗാനത്തിലെ പാട്ടുകള്‍, 'വീണ്ടും' എന്ന സംഗീത ആല്‍ബത്തിലെ തേനൂറുന്ന പാട്ടുകള്‍, എത്രയെങ്കിലും ഓണപ്പാട്ടുകള്‍, ദൂരദര്‍ശന്‍ ലളിതഗാനങ്ങള്‍ ഇവയൊക്കെ അച്ഛന്റെ വരികളും ചിത്രയുടെ സ്വരമുകുളങ്ങളും കൈകോര്‍ത്തതാകുമ്പോള്‍ വ്യക്തിപരമായി എനിക്ക് പ്രിയപ്പെട്ടതാകുന്നു. അതിനെല്ലാമപ്പുറത്ത് ചിത്രയെന്ന വാനമ്പാടി ഇനിയും പാടിപറക്കട്ടെയെന്നും അത് കേള്‍ക്കാന്‍ കണ്ണും കാതും തുറന്നിരിക്കാന്‍ നമുക്കാകട്ടെയെന്നും ആഗ്രഹം!!
( എഴുത്തുകാരിയും കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ ഇംഗ്ലീഷ് വിഭാഗം അധ്യാപികയുമാണ് ലേഖിക )
Content Highlights: chithra@60, K.S. Chithra, Chithra Birthday, Arya Gopi, Music, Malayalam Movie Songs
Published: 26 Jul 2023, 08:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented