
പിന്നണി ഗാനങ്ങളിലെന്നപോലെ ഗാനമേള വേദികളിലും സജീവമായ ഗായകനാണ് കെ.കെ. നിഷാദ്. സിനിമയിലെത്തി 20 വര്‍ഷം പിന്നിടുകയാണ് നിഷാദ്. സംഗീതയാത്രയില്‍ തന്നെ സ്വാധീനിച്ച വ്യക്തിത്വങ്ങളില്‍ നിഷാദ് ഓര്‍ക്കുന്ന പേരുകളില്‍ മുന്‍പന്തിയിലാണ് കെ.എസ്. ചിത്രയുടെ സ്ഥാനം. ചിത്രയുമൊന്നിച്ച് വേദികള്‍ പങ്കിട്ടതിനേക്കുറിച്ചും ചിത്രയുടെ ആലാപനശൈലിയേക്കുറിച്ചും ചിത്ര വഴി തനിക്ക് വന്നുചേര്‍ന്ന സൗഭാഗ്യങ്ങളേക്കുറിച്ചും സംസാരിക്കുകയാണ് നിഷാദ്.
ചിത്രയെന്ന ചേച്ചിയും അമ്മയും മകളും
ഇപ്പോള്‍ പതിനെട്ടു വര്‍ഷത്തോളമായി ഗാനമേളകളില്‍ പാടാന്‍ തുടങ്ങിയിട്ട്. ചിത്ര ചേച്ചിയേയും അത്ര കാലമായിത്തന്നെ അറിയാം. അന്നുള്ള ചേച്ചി തന്നെയാണ് ഇപ്പോഴും എന്നാണ് തോന്നിയിട്ടുള്ളത്. ഓരോ പുരസ്‌കാരം കിട്ടുമ്പോഴും കൂടുതല്‍ വിനയമുള്ളവരാവുകയാണ് അവര്‍. പഴയ കാര്യങ്ങളൊക്കെ ഇടയ്ക്ക് ചേച്ചി പറയും. ഓമനക്കുട്ടി ടീച്ചറുടെയടുത്ത് പാട്ടു പഠിക്കാന്‍ പോയതും രാജാ സാറിന്റെ പാട്ടുകളുടെ റെക്കോര്‍ഡിങ്ങിനേക്കുറിച്ചുമെല്ലാം പറയും. നമ്മളെ ഒപ്പം കൊണ്ടുനടക്കുന്നയാളാണ് അവര്‍. അതുകൊണ്ടാണ് നമ്മള്‍ ചേച്ചിയെന്നും അമ്മയെന്നും മോളേയെന്നുമെല്ലാം വിളിക്കുന്നത്.

എന്റെ തോളില്‍ കയ്യിട്ട് നിന്ന എസ്.പി.ബി. സാര്‍
ഓസ്‌ട്രേലിയയിലെ ഓപ്പറ ഹൗസ് എല്ലാവര്‍ക്കും അറിയാമല്ലോ. ഓസ്‌ട്രേലിയ എന്ന് നെറ്റിൽ സെര്‍ച്ച് ചെയ്യുമ്പോള്‍ കാണുന്നത് ഓപ്പെറയുടെ ചിത്രമാണ്. അവിടെ പാടാന്‍ അവസരം ലഭിക്കുക എന്നത് ഏതൊരു ഗായകനെ സംബന്ധിച്ചിടത്തോളവും ഭാഗ്യമാണ്. എസ്.പി.ബി. സാറും ചിത്രച്ചേച്ചിയും വസുന്ധര ദാസും സാധന സര്‍ഗവുമൊക്കെ ആ സംഘത്തിലുണ്ടായിരുന്നു. ശ്വാസമേ... എന്ന ഗാനം പാടുന്ന സമയം. ഞാന്‍ പിറകില്‍നിന്ന് കോറസ് പാടുകയാണ്. പെട്ടന്ന് എസ്.പി.ബി. സാര്‍ തിരിഞ്ഞ് എന്നെ നോക്കി മുന്നോട്ട് വരൂ എന്ന അര്‍ഥത്തില്‍ കൈകൊണ്ട് ആംഗ്യം കാണിച്ചു. അങ്ങോട്ട് ചെന്ന എന്നെ അദ്ദേഹത്തിന്റെയും സാധന സര്‍ഗത്തിന്റെയും നടുക്ക് നിര്‍ത്തി പാടിച്ചു. എന്റെ തോളില്‍ കയ്യിട്ടാണ് അദ്ദേഹം നിന്നത്. അത്രയും കെയറിംഗ് ആണ് എസ്.പി.ബി. സാര്‍. ചിത്ര ചേച്ചി കാരണമാണ് അദ്ദേഹത്തിനൊപ്പം വേദിയില്‍ പാടാനുള്ള അവസരം ലഭിച്ചത്.

എല്ലാവരേയും ഒരുപോലെ കാണുന്ന ചിത്ര ചേച്ചി
എല്ലാവരേയും ഒരുപോലെ കാണുന്നയാളാണ് ചിത്ര ചേച്ചി. കൂടെ പാടുന്ന ഗായകരെ ശ്രദ്ധിക്കുകയും അവര്‍ പാടുന്നത് ആസ്വദിക്കുകയും ചെയ്യും. ചിലപ്പോള്‍ ചില പാട്ടുകള്‍ ഉദ്ദേശിച്ച രീതിയിലായിരിക്കില്ല പാടുക. ചേച്ചി അത് കൃത്യമായി പറഞ്ഞുതരും. വേദിയില്‍ നമ്മള്‍ക്ക് വേണ്ടി കയ്യടിക്കാന്‍ കാണികളെ പ്രേരിപ്പിക്കും. എങ്കിലും ഇപ്പോഴും ആദ്യത്തെ പാട്ടുപാടാന്‍ തുടങ്ങുമ്പോള്‍ ചേച്ചിക്ക് ടെന്‍ഷനാണ്. അതിന് പല കാരണങ്ങളുണ്ട്. സൗണ്ട് സിസ്റ്റം, കാണികളുടെ പ്രതികരണം... തുടങ്ങിയവ. പക്ഷേ രണ്ട്, മൂന്ന് പാട്ടുകള്‍ പാടിക്കഴിയുമ്പോഴേക്കും എല്ലാം ശരിയായിട്ടുണ്ടാവും. മിക്ക ഗായകര്‍ക്കും ഈയൊരു പ്രശ്‌നം ഉണ്ടെന്ന് തോന്നിയിട്ടുണ്ട്.

സിനിമയിലെ അരങ്ങേറ്റം
റിയാലിറ്റി ഷോ ഫൈനലില്‍ ഓ ദുനിയാ കേ രഖ് വാലേ... എന്ന ഗാനമായിരുന്നു പാടിയത്. അന്ന് അവിടെ അതിഥിയായെത്തിയ രാജസേനന്‍ സാറാണ് എന്നെ സിനിമയില്‍ അവതരിപ്പിച്ചത്. നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലെ പാട്ടാണ് ആദ്യം പാടുന്നത്. ബെന്നി കണ്ണന്‍ ആയിരുന്നു സംഗീതസംവിധാനം. ഹൈ പിച്ച് പാടും എന്നാണ് രാജസേനന്‍ സാര്‍ അന്ന് സംഗീത സംവിധായകനോട് പറഞ്ഞത്. അങ്ങനെ പുത്തൂരംവീട്ടിലെ എന്ന ഗാനം പാടി. പിന്നാലെ അതേ സിനിമയില്‍ത്തന്നെ കളരിക്കും എന്ന ഗാനവും പാടി.
ഔസേപ്പച്ചന്റെ ഈണത്തില്‍ ഓര്‍മകളേ വിടപറയൂ...
'നക്ഷത്രക്കണ്ണുള്ള രാജകുമാരന്' ശേഷം രാജസേനന്‍ സാര്‍ ചെയ്ത ചിത്രമായിരുന്നു 'സ്വപ്നംകൊണ്ട് തുലാഭാരം'. ഔസേപ്പച്ചന്‍ സാറായിരുന്നു സംഗീതം. നല്ല ടെന്‍ഷനോടെയായിരുന്നു പാടിത്തീര്‍ത്തത്. റെക്കോര്‍ഡിങ് കഴിഞ്ഞിറങ്ങുമ്പോള്‍ ഔസേപ്പച്ചന്‍ സാര്‍ ചോദിച്ചു, പോകാന്‍ ധൃതിയുണ്ടോയെന്ന്. ഞാന്‍ പറഞ്ഞു ഇല്ലെന്ന്. എന്നാല്‍ നമുക്കൊരു പാട്ടുകൂടി പാടാം എന്ന് സാര്‍ പറഞ്ഞു. വരും വരുന്നു വന്നു എന്ന ചിത്രത്തിലെ പൂക്കുലയേന്തി എന്ന ഗാനം അങ്ങനെയാണ് ലഭിച്ചത്.
എം. ജയചന്ദ്രന്റെ അപ്രതീക്ഷിതമായ വിളി
എം. ജയചന്ദ്രന്‍ സാറിനെ സിനിമയില്‍ വരുന്നതിന് മുമ്പേ അറിയാം. റിയാലിറ്റി ഷോയില്‍ ജഡ്ജായി വരികയൊക്കെ ചെയ്തിരുന്നു. പിന്നീട് 'പെരുമഴക്കാലം' മുതല്‍ 'ചക്കരമുത്ത്' വരെയുള്ള ചിത്രങ്ങളില്‍ അദ്ദേഹത്തെ അസിസ്റ്റ് ചെയ്തു. 2003-2004 കാലഘട്ടത്തില്‍ പെരുമഴക്കാലം, അമൃതം, മാമ്പഴക്കാലം എന്നീ ചിത്രങ്ങള്‍ ജയചന്ദ്രന്‍ സാര്‍ ഒരേസമയം ചെയ്യുകയാണ്. 'പെരുമഴക്കാല'ത്തിന്റെ കമ്പോസിങ് കുറ്റിപ്പുറത്തുവെച്ച് നടക്കുകയാണ്. ഞാനന്ന് കോഴിക്കോടുണ്ട്. സാര്‍ തന്നെയാണ് പാടിക്കൊടുക്കുന്നതും. ഒരു ദിവസം എന്നെ വിളിച്ചിട്ട് കുറ്റിപ്പുറത്തേക്ക് ചെല്ലാന്‍ പറഞ്ഞു. ശബ്ദം തീരെ വയ്യ എന്നാണ് പറഞ്ഞത്. അങ്ങനെ ചെന്നപ്പോള്‍ കിട്ടിയ പാട്ടാണ് നോട്ടം എന്ന ചിത്രത്തിലെ മയങ്ങിപ്പോയി....
ചിത്ര ചേച്ചിയുടെ റെക്കോര്‍ഡിങ് ആദ്യമായി നേരിട്ടുകാണുന്നു
മയങ്ങിപ്പോയി... എന്ന പാട്ട് ആദ്യം ചിത്ര ചേച്ചിയാണ് പാടിയത്. ചേച്ചി പാട്ട് റെക്കോര്‍ഡ് ചെയ്യുന്നത് നേരിട്ടു കാണുന്നതും അന്നാണ്. പല്ലവിയൊക്കെ ഒറ്റ ടേക്കാണ്. മുഴുവന്‍ പാടിയ ശേഷം അതില്‍ അല്ലറ ചില്ലറ മാറ്റങ്ങള്‍ വരുത്തുകയാണ് ചെയ്യുന്നത്. ഞാനിങ്ങനെ ഞെട്ടി നില്‍ക്കുകയാണ്. അന്നൊക്കെ സി.ഡിയാണല്ലോ. ഒരു സി.ഡി. നിറയാന്‍ ഇത്ര പാട്ടുകള്‍ വേണമെന്നുണ്ട്. അതുകൊണ്ട് പാട്ടുകളുടെ ഫീമെയില്‍ വേര്‍ഷനും മെയില്‍ വേര്‍ഷനും എടുത്തുവെയ്ക്കും. ചിത്ര ചേച്ചി പോയിക്കഴിഞ്ഞപ്പോള്‍ ജയചന്ദ്രന്‍ സാര്‍ എന്നോട് അതേ പാട്ടിന്റെ മെയില്‍ വേര്‍ഷന്‍ പാടിക്കോ എന്നുപറഞ്ഞു. ഞാനാകെ അന്തംവിട്ടു. കാരണം ചേച്ചി പാടിവെച്ചത് നമ്മുടെ മനസില്‍ കിടക്കുകയാണ്.
സിബി മലയില്‍ പാലിച്ച വാക്ക്
പണ്ട് ഖത്തറില്‍ എന്റെ സംഗീതപരിപാടിയില്‍ സിബി മലയില്‍ സാറായിരുന്നു അതിഥി. ഞാന്‍ പാടിയ പാട്ടൊക്കെ കേട്ട് പോകാന്‍ നേരം എന്നോട് ചോദിച്ചു, നമുക്ക് ഒരു സിനിമയില്‍ പാടണ്ടേ എന്ന്. എന്റെ തലയ്ക്കത്ത് അദ്ദേഹത്തിന്റെ പടത്തിലെ 'പ്രമദവനം' ഒക്കെയാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഞാന്‍ പാടാമെന്ന് ഒരുവിധം പറഞ്ഞൊപ്പിച്ചു. അദ്ദേഹം സംവിധാനം ചെയ്ത വയലിന്‍ എന്ന ചിത്രത്തില്‍ ഒരു പാട്ട് പാടിയിരുന്നെങ്കിലും സിനിമയിലുണ്ടായിരുന്നില്ല. കൊറോണ വന്ന് പ്രോഗ്രാമുകളൊക്കെ നിന്നുപോയ സമയത്താണ് ഒരു ദിവസം സംഗീതസംവിധായകന്‍ കൈലാസ് വിളിച്ചിട്ട് ഒരു പാട്ടിന്റെ കാര്യം പറയുന്നത്. അപ്പോഴും എനിക്കറിയില്ല ഇത് സിബി സാറിന്റെ പടമാണെന്ന്. കൈലാസ് പിന്നീട് പറയുകയായിരുന്നു. റെക്കോര്‍ഡ് ഒക്കെ കഴിഞ്ഞപ്പോള്‍ പാട്ടുകേള്‍ക്കാന്‍ സിബി സാര്‍ വന്നു. എന്നെ കണ്ടതും സാര്‍ പറഞ്ഞു, വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനെന്റെ വാക്കുപാലിച്ചു എന്ന്.

ഗായകനെന്ന നിലയില്‍ 20 വര്‍ഷം
20 കൊല്ലം എന്നത് എന്നെ സംബന്ധിച്ചടത്തോളം വിലപ്പെട്ട ഒരു കാലയളവാണ്. പാടിയ പാട്ടുകള്‍ വീണ്ടും കേള്‍ക്കാറുണ്ട്. ചിലതു കേള്‍ക്കുമ്പോള്‍ അന്നിങ്ങനെയായിരുന്നോ ഞാന്‍ പാടിയതെന്നും, ഇനിയും നന്നാക്കാമായിരുന്നു എന്നും തോന്നിയിട്ടുണ്ട്. അത് വെച്ചുനോക്കുമ്പോള്‍ ഇപ്പോള്‍ കുറച്ച് മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ് വിശ്വാസം. ജയരാജ് സംവിധാനം ചെയ്യുന്ന പെരുങ്കളിയാട്ടം, അച്ഛന്‍ നട്ട വാഴ, പിന്നൊരു തെലുങ്ക് പടം എന്നിവയാണ് വരാനുള്ളത്. ഇതില്‍ മലയാളപടങ്ങള്‍ രണ്ടും ബിജിബാലാണ് സംഗീതസംവിധാനം. തെലുങ്ക് പടത്തിന്റേത് വിശ്വജിത്തുമാണ്. പിന്നെ ഗാനമേളകളും. ഗാനമേളകളാണ് പ്രധാന വരുമാനം.
Content Highlights: ks chithra birthday, singer kk nishad interview, singer kk nishad about ks chithra
Published: 27 Jul 2023, 01:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented