അംഗീകാരങ്ങളുടെ പരകോടിയിൽ നിൽക്കുമ്പോഴും വിനയം കൊണ്ട് ഹൃദയം കീഴടക്കിയ ഗായിക. നിറചിരിയോടെയല്ലാതെ കെ.എസ് ചിത്രയെന്ന പേര് സങ്കൽപിക്കാനാവില്ല. ശബ്ദമാധുര്യത്തിനൊപ്പം ചേർന്നു നിൽക്കുന്ന ചിരി. കാലമെത്ര കടന്നുപോയാലും പ്രായമെത്രയായാലും യൗവ്വനം കടക്കാത്ത സ്വരമാധുരി. പെർഫെക്ട് സിങ്ങർ എന്ന് സംഗീതലോകം വാഴ്ത്തുമ്പോഴും താനിപ്പോഴും സംഗീതവിദ്യാർഥിയാണെന്ന് പറയുന്ന കെ.എസ്.ചിത്ര. പാട്ടോളം പോന്ന ജനകീയതയാണ് ചിത്രയെ എക്കാലവും വേറിട്ട് നിർത്തിയത്. സംഗീതത്തോളം സഹജീവികളെയും ചേർത്തുനിർത്തുന്ന മലയാളത്തിന്റെ വാനമ്പാടിക്ക്, ആ സ്വരശുദ്ധിക്ക്, താരപരിവേഷങ്ങൾ ചേരാത്ത നിഷ്‌കളങ്ക ജീവിതത്തിന് അറുപത് വയസായെന്നത് അവിശ്വസനീയം. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, ആസാമീസ്,ബംഗാളി, ഒഡിയ, തുളു, പഞ്ചാബി, രാജസ്ഥാനി, ഇംഗ്ലീഷ്, ലാറ്റിൻ, അറബി....ഭാഷാന്തരങ്ങൾ കടന്ന് സന്തോഷത്തിലും സങ്കടത്തിലും തലമുറ വ്യത്യാസമില്ലാതെ ചേർത്തുപിടിച്ച മുപ്പതിനായിരത്തിലധികം പാട്ടുകൾ. 

To advertise here,

പിതാവ് കൃഷ്ണൻനായരായിരുന്നു കെ.എസ് ചിത്രയുടെ ആദ്യഗുരു. ഡോ.കെ.ഓമനക്കുട്ടി ടീച്ചറാണ് കർണാടക സംഗീതത്തിൽ ശിക്ഷണം നൽകിയത്. പിന്നീട് എം.ജി രാധാകൃഷ്ണനിലൂടെ ലളിതഗാനരംഗത്തേക്കെത്തിയ ചിത്ര പതിയെ ചലച്ചിത്ര ഗാനലോകത്തേക്കും ചുവടുവെച്ചു. 1979 ലാണ് ചിത്ര ആദ്യമായി ഒരു ചലച്ചിത്രത്തിന് വേണ്ടി പിന്നണി പാടുന്നത്.  ജി. അരവിന്ദൻ സംവിധാനം ചെയ്ത ചിത്രത്തിന് വേണ്ടി കാവാലം നാരായണ പണിക്കരും എം.ജി. രാധാകൃഷ്ണനും ചേർന്നൊരുക്കിയ മുത്തശ്ശിക്കഥയിലേ...1982 മുതലാണ് ചിത്ര മലയാളസിനിമയിൽ സജീവമാകുന്നത്. 1983-ൽ പുറത്തിറങ്ങിയ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലെ 'ആളൊരുങ്ങി അരങ്ങൊരുങ്ങി' എന്ന ഗാനമാണ് കെ.എസ് ചിത്രയുടെ കരിയറിലെ ആദ്യ സൂപ്പർഹിറ്റ്. 

എസ്. ജാനകിയും പി.സുശീലയും, വാണി ജയറാമും പാടിപ്പതിഞ്ഞ മലയാള ചലച്ചിത്ര ഗാനലോകത്തിലേക്കാണ് പതിനെട്ട് പോലും തികയാത്തൊരു പെൺകുട്ടി കാലെടുത്ത് വെയ്ക്കുന്നത്. പക്ഷേ, അധികം വൈകാതെ ആ ശബ്ദം മലയാളത്തിന് പ്രിയപ്പെട്ടതായി. മറ്റ് ഭാഷകളിലും തിരക്കുള്ള ഗായികയായി മാറാൻ ചിത്രയ്ക്ക് അധികകാലം വേണ്ടി വന്നില്ല. എ.ആർ റഹ്‌മാനും, ഇളയരാജയ്ക്കും, വിദ്യാസാഗറിനും, ജോൺസൺ മാഷിനും എന്നുവേണ്ട, തൊണ്ണൂറുകളിലെ സംഗീത സംവിധായകർക്കെല്ലാം ചിത്ര അവിഭാജ്യ ഘടകമായി. മലയാളത്തിന് വാനമ്പാടിയും തമിഴിന് ചിന്നക്കുയിലുമായപ്പോൾ ഗന്ധർവഗായിക, കന്നഡകോകില, പ്രിയബസന്തി,മെലഡി ക്വീൻ എന്നീ പേരുകളിലും ചിത്ര സംഗീതലോകത്ത് നിറഞ്ഞൊഴുകി. മുപ്പതിലധികം സംസ്ഥാന പുരസ്‌കാരങ്ങൾ, ആറ് ദേശീയ പുരസ്‌കാരങ്ങൾ, അംഗീകാരങ്ങളും ബഹുമതികളും എണ്ണിയാൽ തീരാത്തത്ര. ദേശീയ പുരസ്‌കാരം ആറുതവണ ലഭിച്ച മറ്റൊരു ഗായികയും രാജ്യത്തില്ല. 2005ൽ പത്മശ്രീയും 2021-ൽ പത്മഭൂഷണും നൽകി രാജ്യം അവരെ ആദരിച്ചു. കാലവും ദേശവും കടന്ന് ചിത്രയെത്തേടിയെത്തിയ അംഗീകാരങ്ങളിൽ ചിലതും ആ പാട്ടുകളും...

പാടറിയേൻ പഠിപ്പറിയേൻ (1986)

പരീക്ഷ കാരണം വേണ്ടെന്ന് വെച്ച പാട്ട്. ഒടുവിൽ ഇളയരാജയുടെ സ്നേഹനിർബന്ധത്തിന് വഴങ്ങി പാടിയപ്പോൾ ചിത്രയെത്തേടിയെത്തിയത് ആദ്യ ദേശീയപുരസ്‌കാരമായിരുന്നു. സിന്ധുഭൈരവി എന്ന തമിഴ് ചിത്രത്തിലെ പാടറിയേൻ പഠിപ്പറിയേൻ എന്ന ഗാനത്തിനായിരുന്നു പുരസ്‌കാരം. കെ ബാലചന്ദർ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിലെ ഗാനരചന നിർവഹിച്ചത് വൈരമുത്തുവായിരുന്നു

നാടൻ പാട്ടിന്റെ ഈണത്തിൽ തുടങ്ങി കർണാടക സംഗീതത്തിലേക്ക് കൊട്ടിക്കയറുന്ന പാട്ട് ചിട്ടപ്പെടുത്തിയത് സരമതി രാഗത്തിലാണ്. സുഹാസിനിയുടെ അഭിനയവും ഇളയരാജയുടെ ഈണവും ചിത്രയുടെ ശബ്ദവും കൂടിച്ചേർന്നപ്പോൾ പ്രേക്ഷകർക്ക് അതൊരു സംഗീത വിരുന്നായി. മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്‌കാരം മാത്രമല്ല സുഹാസിനിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരവും ചിത്രം നേടിക്കൊടുത്തു. മലയാളത്തിന്റെ വാനമ്പാടിയായി തമിഴിലേക്ക് പറന്ന ചിന്നക്കുയിലിന് ലഭിച്ച അംഗീകാരം ഭാഷാ ഭേദമില്ലാത്ത സംഗീത സ്‌നേഹികളുടെ മനം നിറച്ചു. 

മഞ്ഞൾ പ്രസാദവും - നഖക്ഷതങ്ങൾ (1987)

നഖക്ഷതങ്ങളിലെ മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി എന്ന ഗാനത്തിലൂടെ തൊട്ടടുത്ത വർഷവും മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്‌കാരവും ചിത്ര നേടി. ഒ.എൻ.വിയുടെ വരികൾക്ക് ഈണം പകർന്നത് ബോംബെ രവിയായിരുന്നു. ഹരിഹരൻ സംവിധാനം ചെയ്ത ചിത്രത്തിൽ വിനീതും മോനിഷയുമായിരുന്നു പ്രധാനവേഷങ്ങളിലെത്തിയത്. മോനിഷയ്ക്ക് മികച്ച നടിക്കുള്ള ഉർവശി പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു നഖക്ഷതങ്ങൾ 

ഇന്ദുപുഷ്പം ചൂടിനിൽക്കും രാത്രി (1989)

വീണ്ടും ഒ.എൻ.വിയുടെ വരികളിൽ ബോംബെ രവി ഈണമിട്ടപ്പോൾ ചിത്ര അത് പാടി മനോഹരമാക്കി. എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത വൈശാലി മലയാള സിനിമാചരിത്രത്തിലെ എക്കാലത്തെയും ക്ലാസിക്കുകളിലൊന്നായപ്പോൾ പാട്ടുകളെല്ലാം എവർഗ്രീൻ ഹിറ്റിൽ ഇടംപിടിച്ചു. ചിത്രയുടെ ശബ്ദമാധുര്യം ഒരിക്കൽ കൂടി അമൃതമഴയായി പെയ്ത ചിത്രം കൂടിയായിരുന്നു വൈശാലി.

മാനാ മദുരൈ.... (1996)

ഊ.....ലലല്ലാ....ഊഊ ലലല്ലാ......ഒരുകാലത്ത് ക്യാമ്പസ് മുഴുവൻ പാടിപ്പതിഞ്ഞ ഗാനം. തമിഴ് സിനിമാഗാനരംഗത്തെ അന്നത്തെ ട്രെൻഡ് സെറ്റർ കൂടിയായ മാനാ മദുരൈ' അണിയിച്ചൊരുക്കിയത് മങ്കൊമ്പ് ഗോപാലകൃഷ്ണനും എ.ആർ റഹ്‌മാനുമായിരുന്നു. പാട്ടുപോലെ തന്നെ മിൻസാര കനവ് എന്ന ചിത്രവും ഏറെ ജനപ്രീതി നേടി. രാജീവ് മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ കജോളും അരവിന്ദസാമിയുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. 

'പായലേം ചുൻമുൻ ചുൻമുൻ...(1997)

പ്രിയദർശന് ഹിന്ദിയിൽ മേൽവിലാസമുണ്ടാക്കിക്കൊടുത്ത ചിത്രമായിരുന്നു വിരാസത്. ദക്ഷിണേന്ത്യൻ ഗായകർക്ക് ഹിന്ദി വഴങ്ങാൻ ബുദ്ധിമുട്ടാണെന്നാണ് പൊതുവിൽ പറയാറ്. എന്നാൽ നാല് തവണ ദേശീയ പുരസ്‌കാരം നേടിയ ചിത്രയ്ക്ക് അഞ്ചാമത്തെ പുരസ്‌കാരം ആ ചിത്രത്തിലെ ഗാനത്തിനായിരുന്നു. ജാവേദ് അക്തറിന്റെ വരികളും അനുമാലിക് സംഗീത സംവിധാനവും നിർവഹിച്ച 'പായലേം ചുൻമുൻ ചുൻമുൻ' കുമാർ സാനുവും ചിത്രയും കൂടിയാണ് ആലപിച്ചത്. 

ഒവ്വൊരു പൂക്കളുമേ...(2004)

ഓട്ടോഗ്രാഫ് എന്ന തമിഴ് ചിത്രത്തിന് ജനഹൃദയങ്ങളിൽ വേരാഴ്ത്താൻ സാധിച്ചതിൽ അതിലെ പാട്ടുകൾക്കുള്ള പങ്ക് ചെറുതല്ല. വികാരങ്ങളെ നിയന്ത്രിക്കാൻ പാട്ടുകൾക്കാവുമെന്ന് തെളിയിച്ച നിരവധി പാട്ടുകൾ നമുക്ക് ചുറ്റുമുണ്ട്. ഒവ്വൊരു പൂക്കളുമേ... എന്ന ഗാനം ആ കാറ്റഗറിയിലാണ്. തളർന്നുവെന്ന് തോന്നുന്ന നിമിഷം ആ പാട്ടൊന്ന് പ്ലേ ചെയ്തു നോക്കൂ...ആ മാജിക് തന്നെയാവണം അക്കൊല്ലത്തെ ദേശീയപുരസ്‌കാരം ആ ഗാനത്തിലൂടെ കെ.എസ് ചിത്രയ്ക്ക് വീണ്ടും ലഭിച്ചത്. 

മലയാളത്തിന്റെ വാനമ്പാടി

1983 മുതലാണ് സംഗീതലോകത്ത് ചിത്രയുടെ സുവർണകാലമാരംഭിക്കുന്നത്. മലയാളി നെഞ്ചേറ്റിയ എക്കാലത്തേയും സൂപ്പർഹിറ്റ് ഗാനങ്ങൾ പിറന്ന കാലം കൂടിയായിരുന്നു. സംഗീതലോകത്തെ മികച്ച കൂട്ടുകെട്ടുകൾ പിറന്ന കാലം കൂടിയായിരുന്നു അത്. എൺപതുകളിലും തൊണ്ണൂറുകളിലും പിറന്ന ആ ഗാനങ്ങളാണ് ഇന്നത്തെ തലമുറയ്ക്ക് പോലും ഏറ്റവും പ്രിയപ്പെട്ടത്. വി. ദക്ഷിണാമൂർത്തി, എം.ബി.ശ്രീനിവാസൻ, ജോൺസൺ, എസ്.പി. വെങ്കിടേഷ്, മോഹൻ സിത്താര, കെ.വി. മഹാദേവൻ, രഘുനാഥ് സേത്ത്, ഗംഗൈ അമരൻ, ബേംബെ രവി, ഇളയരാജ, വിദ്യാസാഗർ, രാജാമണി,എം.ജി. രാധാകൃഷ്ണൻ തുടങ്ങി നിരവധി സംഗീത സംവിധായകർക്കുവേണ്ടി ചിത്ര പാടി. യേശുദാസ്, പി. ജയചന്ദ്രൻ, എം.ജി.ശ്രീകുമാർ, ഉണ്ണിമേനോൻ, വേണുഗോപാൽ എന്നീ ഗായകർക്കൊപ്പം ചിത്രയുടെ ഡ്യുവറ്റ് ഹിറ്റുകൾ പിറന്നു.

1985 മുതൽ 1995 വരെ പതിനൊന്ന് തവണയാണ് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം തുടർച്ചയായി ചിത്ര നേടുന്നത്. 16 തവണയാണ് ചിത്രയ്ക്ക് സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. നിറക്കൂട്ടിലെ 'എന്റെ കാണാക്കുയിൽ', നഖക്ഷതങ്ങളിലെ 'മഞ്ഞൾ പ്രസാദവും', എഴുതാപ്പുറങ്ങളിലെ 'താലോലം പൈതൽ താലോലം', വൈശാലിയിലെ 'ഇന്ദുപുഷ്പം ചൂടിനിൽക്കും രാത്രി' , ഒരു വടക്കൻ വീരഗാഥയിലെ കളരിവിളക്കും മഴവിൽക്കാവടിയിലെ തങ്കത്തോണിയും, ഞാൻ ഗന്ധർവനിലെ പാലപ്പൂവേയും ഇന്നലെയിലെ 'കണ്ണിൻ നിൻ മെയ്യിൽ' , കേളിയിലെ 'താരം വാൽക്കണ്ണാടിയും' സാന്ത്വനത്തിലെ 'സ്വരകന്യകമാർ', സവിധത്തിലെ 'മൗനസ്വരമാകെ', സോപാനത്തിലെ 'പൊൻമേഘമേ'യും ചമയത്തിലെ 'രാജഹംസമേ'യും  ഗസലിലെ 'സംഗീതമേ',  പരിണയത്തിലെ 'പാർവണേന്തുമുഖീ', ദേവരാഗമേയിലെ 'ശശികല ചാർത്തിയ ദീപാവലയം' എന്നീ ഗാനങ്ങൾക്കായിരുന്നു യഥാക്രമം പുരസ്‌കാരം. 1999-ൽ അങ്ങനെ ഒരു അവധിക്കാലത്ത് എന്ന ചിത്രത്തിലെ ' പുലർവെയിലും പകൽ മുകിലും', 2001-ൽ തീർത്ഥാടനത്തിലെ 'മൂളി മൂളിക്കാറ്റിനുണ്ടൊരു', 2002-ൽ നന്ദനത്തിലെ 'കാർമുകിൽ വർണന്റെ', 2005-ൽ നോട്ടത്തിലെ 'മയങ്ങിപ്പോയി' , 2016-ൽ കാംബോജിയിലെ 'നടവാതിൽ തുറന്നില്ല' എന്നീ ഗാനങ്ങൾക്കും പുരസ്‌കാരം ലഭിച്ചു


ദക്ഷിണേന്ത്യക്കാരുടെ ചിന്നക്കുയിൽ

ഇതരഭാഷാഗാനങ്ങളിലേക്ക് ചിത്രയ്ക്ക് എൻട്രി നൽകുന്നത് സംഗീത സംവിധായകൻ ഇളയരാജയായിരുന്നു. അക്കൊല്ലം ഇളയരാജയ്ക്ക് വേണ്ടി പതിനൊന്ന് ചിത്രങ്ങളിൽ ചിത്ര ഗാനങ്ങൾ ആലപിച്ചു.1985-ൽ തുടങ്ങിയ ആ പ്രയാണത്തിനിടെ പിറന്നത് രണ്ടായിരത്തിലധികം പാട്ടുകളും എണ്ണിയാൽ തീരാത്ത ബഹുമതികളുമായിരുന്നു. 1997-ൽ തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്‌കാരവും ചിത്രയെത്തേടിയെത്തി. 20 സംസ്ഥാനപുരസ്‌കാരങ്ങളാണ് ഇക്കാലയളവിൽ മറ്റ് ഭാഷകളിൽ ചിത്രയ്ക്ക് ലഭിച്ചത്. മലയാളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സംസ്ഥാനപുരസ്‌കാരം ലഭിച്ചത് തെലുങ്കിലായിരുന്നു. 11 തവണയാണ് ആന്ധ്രപ്രദേശ് സർക്കാരിന്റെ പുരസ്‌കാരം ചിത്രയെത്തേടിയെത്തിയത്. നാല് തവണ തമിഴ്നാട് സർക്കാരിന്റെ പുരസ്‌കാരവും മൂന്ന് തവണ കർണാടക സർക്കാരിന്റേയും ഓരോ തവണ ഒഡിഷ സർക്കാരിന്റേയും പശ്ചിമബംഗാൾ സർക്കാരിന്റേയും പുരസ്‌കാരങ്ങളുമാണ് ചിത്ര കരസ്ഥമാക്കിയത്. ഇളയരാജ, എ.ആർ. റഹ്‌മാൻ, എം.എസ്.വിശ്വനാഥൻ, കീരവാണി, ഗംഗൈ അമരൻ, ഹംസലേഖ, എസ്.പി. വെങ്കിടേഷ്, ശങ്കർ-ഗണേഷ്, വിദ്യാസാഗർ, ചന്ദ്രബോസ്, ദേവ തുടങ്ങി പ്രമുഖ സംഗീത സംവിധായകർക്ക് വേണ്ടി ചിത്ര പാടി. 

തമിഴ്‌നാട് സർക്കാരിന്റെ സംസ്ഥാനപുരസ്‌കാരം ചിത്രയെത്തേടിയെത്തിയത് നാല് തവണയാണ്. ഏറ്റവും കൂടുതൽ സംസ്ഥാനപുരസ്‌കാരം(തമിഴ്‌നാട്) പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ പിന്നണിഗായികയും ചിത്രയാണ് (ഒന്നാമത് എസ്.ജാനകി- 6 പാട്ടുകൾ). 1988 (വിവിധ ഗാനങ്ങൾ), 1990-ൽ ചിന്നപൊണ്ണു താൻ(വൈകാശി പൊറന്താച്ച്), 1995-ൽ കണ്ണാളനേ...(ബോംബെ),2004- ഒവ്വൊരു പൂക്കളുമേ (ഓട്ടോഗ്രാഫ്) എന്നീ ഗാനങ്ങൾക്കായിരുന്നു പുരസ്‌കാരം.

1990-മുതൽ 93 വരെ നാല് തവണ തുടർച്ചയായി ചിത്ര പുരസ്‌കാരം നേടി. കലികി ചിലകല കൊലികി (സീതാരാമ്മയ്യ ഗരി മനവരാലു), എന്തൊരു മഹാനുഭാവുലു (രാജേശ്വരി കല്യാണം), ആകാശന സുരയുഡു (സുന്ദരകാണ്ഡ), വേണുവൈ വെച്ചനു(മാതൃ ദേവോ ഭവ) എന്നീ ഗാനങ്ങൾക്കായിരുന്നു പുരസ്‌കാരം. പിന്നീട് 1996 മുതൽ 1999 വരെ തുടർച്ചയായി നാല് തവണയും, 2004,2009, 2014 വർഷങ്ങളിലും ചിത്ര പുരസ്‌കാരം നേടി 

1996-ൽ ഹേളി കോകിലേ...എന്ന ഗാനത്തിനാണ് കന്നടയിൽ ആദ്യ സംസ്ഥാന പുരസ്‌കാരം ചിത്രയെത്തേടിയെത്തുന്നത്. പിന്നീട് 2000-ലും 20004 ലും ചിത്ര പുരസ്‌കാരം നേടി. 1993-ൽ ആശ എന്ന ചിത്രത്തിലെ 'മോ കന്നുരേ..' എന്ന ഗാനത്തിനാണ് ഒഡിഷ സർക്കാരിന്റെ സംസ്ഥാനപുരസ്‌കാരം ചിത്രയ്ക്ക് ലഭിക്കുന്നത്.

1985 ൽ എസ്.പി. വെങ്കിടേഷാണ് ചിത്രയെ ബോളിവുഡിലേക്ക് കൂട്ടിയത്. എന്നാൽ ആദ്യഹിന്ദിഗാനങ്ങൾ റിലീസായില്ല. പിന്നീട് 1991ൽ ലവ് എന്ന ചിത്രത്തിലൂടെയാണ് ചിത്ര ഹിന്ദി സിനിമയിലേക്കെത്തുന്നത്. ഏകദേശം 200 ഓളം ഗാനങ്ങൾ ചിത്ര ബോളിവുഡിന് വേണ്ടി ഇതിനോടകം പാടി. എസ്.പി. ബാലസുബ്രഹ്‌മണ്യം, കുമാർ സാനു, ഹരിഹരൻ, ഉദിത് നാരായണൻ, സോനു നിഗം, വിനോദ് റാത്തോഡ്, കെ.കെ., ഷാൻ തുടങ്ങിയ മുൻനിര ഗായകർക്കൊപ്പം ചിത്ര ഗാനങ്ങൾ ആലപിച്ചു.  1995 ൽ എ.ആർ. റഹ്‌മാന്റെ സംഗീതത്തിൽ ബോംബെയ്ക്ക് വേണ്ടി ആലപിച്ച കെഹനാ ഹി ക്യാ എന്ന ഗാനം ചിത്രയുടെ ഏറ്റവും വലിയ ബോളിവുഡ്ഹിറ്റായി.

1997 ൽ വിരാസത് എന്ന സിനിമയിലെ പായലേം ചുൻ മുൻ എന്ന ഗാനത്തിന് ദേശീയ പുരസ്‌കാരവും നേടി. ഹിന്ദിഗാനം പാടി ദക്ഷിണേന്ത്യയിൽ നിന്നൊരു ഗായിക ദേശീയ പുരസ്‌കാരം നേടുന്നത് ആദ്യമായിരുന്നു. ഇപ്പോഴും ആ നേട്ടം ചിത്രയ്ക്ക് മാത്രം സ്വന്തം. യെ ഹസീൻ വാദിയാം ( ചിത്രം: റോജ), യാരോം സുൻ ലോ സരാ (ചിത്രം: രംഗീല), രാത് കാ നഷാ( ചിത്രം: അശോക), കോയി മിൽ ഗയാ ( ചിത്രം: കോയി മിൽ ഗയാ), തും ബിൻ ജിയാ ജായാ കൈസേ (ചിത്രം: തും ബിൻ)...തുടങ്ങിയ ഗാനങ്ങൾ എക്കാലത്തേയും ഹിറ്റുകളായി. കൂടാതെ ചിത്ര ആലപിച്ച ഹിന്ദി ആൽബങ്ങളിൽ പിയാ ബസന്തിയിലെ ഗാനങ്ങൾ എടുത്തുപറയേണ്ടവയാണ്. ആ ആൽബത്തിന്റെ റിലീസിന് ശേഷം ഉത്തരേന്ത്യയിൽ ചിത്ര അറിയപ്പെട്ടിരുന്നത് തന്നെ പിയാ ബസന്തി ചിത്ര എന്നായിരുന്നു. സിനിമകൾക്ക് വേണ്ടി മാത്രമല്ല സിനിമേതര ആൽബങ്ങൾക്കും ടെലിവിഷൻ പരിപാടികൾക്കും വേണ്ടി ചിത്ര ഗാനങ്ങൾ ആലപിച്ചു. 

മികച്ച പിന്നണി ഗായികയ്ക്കുള്ള  ഹൗസ് ഓഫ് കോമൺസിൽവെച്ച് ബ്രിട്ടീഷ് പാർലമെന്റിന്റെ ആദരവേറ്റ് വാങ്ങുന്ന ആദ്യ ഇന്ത്യൻ വനിത ചിത്രയാണ്. സംഗീതമേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് നൽകി വരുന്ന രാഷ്ട്രപതി അവാർഡ് (2018),എട്ട് ഫിലിംഫെയർ അവാർഡ്, ഓണററി ഡോക്ടറേറ്റ് എന്നിവകൂടാതെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും ദേശീയ പുരസ്‌കാരങ്ങളും ഈ അതുല്യപ്രതിഭയെ  തേടിയെത്തി