
ഹരിഹരന്‍ സംവിധാനം ചെയ്ത പ്രേംപൂജാരി എന്ന ചിത്രത്തിന്റെ ഹൈലൈറ്റ് അതിലെ മനോഹരമായ ഗാനങ്ങളാണ്. ഉത്തംസിങ് ഈണമിട്ട ഗാനങ്ങള്‍ മലയാളികള്‍ ആവര്‍ത്തിച്ചുകേട്ടു, പലരുടേയും റിപ്പീറ്റ് പ്ലേലിസ്റ്റില്‍ പാട്ടുകള്‍ ഇടം നേടി. അക്കൂട്ടത്തില്‍ കെ.എസ്. ചിത്ര പാടിയ മതി മൗനം വീണേ പാടൂ...എന്നുതുടങ്ങുന്ന ഒരുഗാനമുണ്ട്. ആസ്വാദകനെ അങ്ങേയറ്റം സമ്മോഹിപ്പിക്കുന്ന ചിത്രയുടെ സ്വരമാധുരി കേട്ടാല്‍ മൗനമേറിയവ പോലും മൗനം വെടിയുമെന്ന് ആവര്‍ത്തിച്ചുവിശ്വസിപ്പിക്കുന്ന അസംഖ്യം ഗാനങ്ങളില്‍ ഒന്ന്. അത്തരത്തില്‍ എത്രയോ ഗാനങ്ങളിലൂടെ ചിത്രയെന്ന ഗായിക നാല്‍പതിലധികം കൊല്ലമായി ആലാപനം തുടരുകയാണ്. പുതുസ്വരങ്ങള്‍ കടന്നുവരുമ്പോഴും ഇന്ത്യന്‍ ചലച്ചിത്ര പിന്നണിഗായികമാരില്‍ മുന്‍നിരക്കാരിലൊരാളായി തുടരുന്ന ചിത്രയെന്ന മലയാളിയുടെ വാനമ്പാടിയ്ക്ക്, തമിഴന്റെ ചിന്നക്കുയിലിന് അറുപതാം പിറന്നാള്‍ എന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നാം, ആ സ്വരത്തിനും നിഷ്‌കളങ്കമായ ചിരിയ്ക്കും എന്നും പതിനേഴഴകാണെന്നതാണ് അതിനുകാരണം.
വിവിധ ഭാഷകളിലായി 25,000 ലേറെ പാട്ടുകള്‍ ചിത്ര ആലപിച്ചുകഴിഞ്ഞു, അവയില്‍ മലായും ലാറ്റിനും അറബിയും ഇംഗ്ലീഷും ഫ്രഞ്ചും ഉള്‍പ്പെടുന്നു. ആ കുയില്‍നാദത്തെ സംഗീതപ്രണയികള്‍ക്കായി ആവര്‍ത്തിച്ചുകേള്‍പ്പിച്ചവരില്‍ എ.ആര്‍. റഹ്‌മാനും ഇളയരാജയും ഹംസലേഖയും കീരവാണിയും ജോൺസണും എസ്.പി. വെങ്കിടേഷും രവീന്ദ്രനും ശ്യാമും കണ്ണൂര്‍ രാജനുമുള്‍പ്പെടെയുള്ളവരും പുതുതലമുറ സംഗീതസംവിധായകരുമായി ഒട്ടേറെ പേരുണ്ട്. ഏറ്റവും കൂടുതല്‍ ഒപ്പം പാടിയത് യേശുദാസും ബാലസുബ്രഹ്‌മണ്യവും എം.ജി. ശ്രീകുമാറുമാണ്. മെലഡി ക്വീന്‍ ഓഫ് ഇന്ത്യ, ഗോള്‍ഡന്‍ വോയ്സ് ഓഫ് ഇന്ത്യ, വാനമ്പാടി, ചിന്നക്കുയില്‍ തുടങ്ങി നിരവധി വിശേഷണങ്ങള്‍ നേടിയ ഗായിക കൂടിയാണ് ചിത്ര. ലളിതസംഗീതമേഖലയില്‍ മാത്രമല്ല ശാസ്ത്രീയസംഗീതത്തിലും ചിത്ര തികവുറ്റ പ്രതിഭയാണ്. പ്രശസ്ത കര്‍ണാടകസംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടിയുടെ കീഴിലായിരുന്നു ചിത്രയുടെ സംഗീതാഭ്യസനം. ഡോ. ഓമനക്കുട്ടിയുടെ സഹോദരനായ എം.ജി. രാധാകൃഷ്ണനാണ് ചിത്രയെ സിനിമാഗാനരംഗത്തേക്ക് കൂട്ടിക്കൊണ്ടുവന്നത്.
പിന്നണിഗാനരംഗത്തെ ചിത്രഗീതങ്ങള്‍; ഹിറ്റുകള്‍, പുരസ്‌കാരങ്ങള്‍
1979 ലാണ് ചിത്ര ആദ്യമായി ഒരു ചലച്ചിത്രത്തിന് വേണ്ടി പിന്നണി പാടുന്നത്. മഞ്ജു, ആശ, ഉഷ എന്നിവരോടൊപ്പമുള്ള ഒരു സംഘഗാനമായിരുന്നു കുമ്മാട്ടിയിലെ മുത്തശ്ശിക്കഥയിലേ എന്ന് തുടങ്ങുന്ന ഗാനം. ജി. അരവിന്ദന്‍ സംവിധാനം ചെയ്ത ചിത്രത്തിന് വേണ്ടി കാവാലം നാരായണ പണിക്കരും എം.ജി. രാധാകൃഷ്ണനും ചേര്‍ന്നൊരുക്കിയതായിരുന്നു മുത്തശ്ശിക്കഥയിലേ...ചെറിയൊരിടവേളയ്ക്ക് ശേഷം 1982 മുതലാണ് ചിത്ര മലയാളസിനിമയില്‍ സജീവമാകുന്നത്. അക്കൊല്ലം എം.ജി. രാധാകൃഷ്ണന്‍ സംഗീതം നിര്‍വഹിച്ച മൂന്ന് ചിത്രങ്ങളുള്‍പ്പെടെ അഞ്ച് സിനിമകളില്‍ ചിത്ര ഗാനങ്ങള്‍ ആലപിച്ചു. അവയില്‍ ഞാന്‍ ഏകനാണ് എന്ന ചിത്രത്തിലെ രജനീ.. എന്നാരംഭിക്കുന്ന സിംഗിളും യേശുദാസിനൊപ്പമുള്ള ആദ്യഗാനങ്ങളും ഉള്‍പ്പെടുന്നു. കൂടാതെ രണ്ട് ഗാനങ്ങള്‍ സഹോദരിയായ കെ.എസ്. ബീനയ്ക്കൊപ്പമാണ് ചിത്ര ആലപിച്ചത്. എം.ജി. ശ്രീകുമാര്‍, അരുന്ധതി എന്നിവര്‍ക്കൊപ്പമുള്ള ഗാനങ്ങളും 1982 ല്‍ പുറത്തിറങ്ങി. തൊട്ടടുത്ത കൊല്ലം ചിത്രയുടെ ശബ്ദത്തില്‍ പുത്തിറങ്ങിയ തൈമണിക്കുഞ്ഞുതെന്നല്‍, ആളൊരുങ്ങി അരങ്ങൊരുങ്ങി (ചിത്രം: എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക്, ഗാനരചന: ബിച്ചു തിരുമല, സംഗീതം: ജെറി അമല്‍ദേവ്) എന്നീ ഗാനങ്ങള്‍ ഏറെ ശ്രദ്ധ നേടി. യേശുദാസ് ഈണമിട്ട ഗാനമേ ഉണരൂ ദുഃഖഗാനമേ എന്ന പാട്ടും ചിത്രയുടെ ആദ്യകാല മലയാള ഗാനങ്ങളില്‍ ഉള്‍പ്പെടുന്നു.
1985 ഓടെ തിരക്കേറിയ ഗായികയായി ചിത്ര മാറി. അക്കൊല്ലം മികച്ച പിന്നണി ഗായികയ്ക്കുള്ള ആദ്യ സംസ്ഥാന അവാര്‍ഡ് ചിത്രയ്ക്ക് ലഭിച്ചു. പൂമാനമേ ( ചിത്രം: നിറക്കൂട്ട് ), ഒരേ സ്വരം ഒരേ നിറം ( ചിത്രം: എന്റെ കാണാക്കുയില്‍, ആയിരം കണ്ണുമായ് ( ചിത്രം: നേക്കെത്താദൂരത്ത് കണ്ണും നട്ട് ) എന്നീ ഗാനങ്ങളുടെ ആലാപനത്തിനായിരുന്നു പുരസ്‌കാരം. നോക്കത്താദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയ്ക്ക് വേണ്ടി ബിച്ചുതിരുമല-ജെറി അമല്‍ദേവ് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്ര ആലപിച്ചതുള്‍പ്പെടെയുള്ള ഗാനങ്ങളെല്ലാം തന്നെ ഹിറ്റായി. അക്കൊല്ലം തന്നെ പുറത്തിറങ്ങിയ നിമിഷം സുവര്‍ണ നിമിഷം (ചിത്രം: എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി, ഗാനരചന: ഒഎന്‍വി-സംഗീതം: കണ്ണൂര്‍ രാജന്‍) ചിത്രയുടെ ഏറ്റവും മികച്ച മെലഡികളിലൊന്നാണ്. ആദ്യവര്‍ഷങ്ങളില്‍ ജെറി, അമല്‍ദേവ്, ശ്യാം, രവീന്ദ്രന്‍ തുടങ്ങിയ സംഗീതസംവിധായകരുടെ കീഴില്‍ ഗാനങ്ങളാലപിക്കാനായത് ചിത്രയുടെ കരിയറിന് നേട്ടമായി.
രവീന്ദ്രന്റെ ഈണത്തില്‍ പുറത്തിറങ്ങിയ ഹേയ് കുറുമ്പേ, ആരോമല്‍ ഹംസമേ ( ചിത്രം: ഗീതം, ഗാനരചന: ബിച്ചു തിരുമല), ഒരു കുഞ്ഞുസൂര്യനെ ( ചിത്രം: സുഖമോ ദേവി, ഗാനരചന: ഒഎന്‍വി, സംഗീതം: രവീന്ദ്രന്‍), ഉദയഗിരിയിറങ്ങി വരും കാറ്റേ (ചിത്രം: ഇലഞ്ഞിപ്പൂക്കള്‍, ഗാനരചന: മധു ആലപ്പുഴ, സംഗീതം: കണ്ണൂര്‍ രാജന്‍), ഓമനകയ്യില്‍ പാവക്കുഞ്ഞും ( ചിത്രം: പ്രത്യേകം ശ്രദ്ധിക്കുക , ഗാനരചന: ബാലുകിരിയത്ത്, സംഗീതം: രവീന്ദ്രന്‍ ), താളം മറന്ന താരാട്ട് ( ചിത്രം: പ്രണാമം , ഗാനരചന: ഭരതൻ, സംഗീതം: ഔസേപ്പച്ചന്‍ ), ആ രാത്രി മാഞ്ഞുപോയി ( ചിത്രം: പഞ്ചാഗ്‌നി , ഗാനരചന: ഒഎന്‍വി, സംഗീതം: ബോംബെ രവി ), നാദങ്ങളായ് നീ വരൂ, തുമ്പപ്പൂ കാറ്റില്‍ (ചിത്രം: നിന്നിഷ്ടം എന്നിഷ്ടം, ഗാനരചന: മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, സംഗീതം: കണ്ണൂര്‍ രാജന്‍ ), അറിയാതെ അറിയാതെ (ചിത്രം: ഒരു കഥ ഒരു നുണക്കഥ, ഗാനരചന: എം.ഡി. രാജേന്ദ്രന്‍, സംഗീതം: ജോണ്‍സണ്‍ ), പീലിയേഴും വീശി വാ (ചിത്രം: പൂവിനു പുതിയ പൂന്തെന്നല്‍, ഗാനരചന: ബിച്ചു തിരുമല, സംഗീതം: കണ്ണൂര്‍ രാജന്‍ ), പുടമുറിക്കല്യാണം (ചിത്രം: ചിലമ്പ് , ഗാനരചന: ഭരതന്‍, സംഗീതം: ഔസേപ്പച്ചന്‍ ), കൊഞ്ചും നിന്‍ ഇമ്പം, പൊന്‍ വീണേ (ചിത്രം: താളവട്ടം, ഗാനരചന: പൂവച്ചല്‍ ഖാദര്‍, സംഗീതം: രഘു കുമാര്‍ ), ആകാശഗംഗാ തീരത്തിനപ്പുറം (ചിത്രം: കുഞ്ഞാറ്റക്കിളികള്‍, ഗാനരചന: കെ.ജയകുമാര്‍, സംഗീതം: എ.ജെ. ജോസഫ് ), മഞ്ഞള്‍പ്രസാദവും (ചിത്രം: നഖക്ഷതങ്ങള്‍, ഗാനരചന: ഒഎന്‍വി, സംഗീതം: ബോംബെ രവി), ചെല്ലച്ചെറുവീട് തരാം (ചിത്രം: ന്യായവിധി, ഗാനരചന: ഷിബു ചക്രവര്‍ത്തി, സംഗീതം: എം.കെ. അര്‍ജുനന്‍ ), പൊന്നും തിങ്കള്‍ പോറ്റും മാനേ (ചിത്രം: ഒന്നുമുതല്‍ പൂജ്യം വരെ, ഗാനരചന: ഒഎന്‍വി, സംഗീതം: മോഹന്‍ സിത്താര), ചെമ്പരത്തിപ്പൂവേ ( ചിത്രം: ശ്യാമ, ഗാനരചന: ഷിബു ചക്രവര്‍ത്തി, സംഗീതം: രഘു കുമാര്‍), താരകരൂപിണി സരസ്വതി ( ചിത്രം: സായം സന്ധ്യ, ഗാനരചന: ഷിബു ചക്രവര്‍ത്തി, സംഗീതം: ശ്യാം) തുടങ്ങിയ ഗാനങ്ങള്‍ 1986 ല്‍ ചിത്രയുടെ ഹിറ്റുകളായി ആസ്വാദകഹൃദയങ്ങളില്‍ ഇടം നേടി.
വി. ദക്ഷിണാമൂര്‍ത്തി, എം.ബി.ശ്രീനിവാസന്‍, ജോൺസൺ, എസ്.പി. വെങ്കിടേഷ്, മോഹന്‍ സിത്താര, കെ.വി. മഹാദേവന്‍, രഘുനാഥ് സേത്ത്, ഗംഗൈ അമരന്‍, ബേംബെ രവി, ഇളയരാജ, വിദ്യാസാഗര്‍, രാജാമണി,എം.ജി. രാധാകൃഷ്ണന്‍ തുടങ്ങി നിരവധി സംഗീത സംവിധായകർക്കുവേണ്ടി ചിത്ര പാടി. യേശുദാസ്, പി. ജയചന്ദ്രന്‍, എം.ജി.ശ്രീകുമാര്‍, ഉണ്ണിമേനോന്‍, വേണുഗോപാല്‍ എന്നീ ഗായകര്‍ക്കൊപ്പം ചിത്രയുടെ ഡ്യുവറ്റ് ഹിറ്റുകള്‍ പിറന്നു. പുലര്‍കാലസുന്ദരസ്വപ്നത്തില്‍ (ഒരു മെയ്മാസപ്പുലരിയില്‍) , ഒന്നാംരാഗം പാടി (തൂവാനത്തുമ്പികള്‍), ചന്ദനം മണക്കുന്ന (അച്ചുവേട്ടന്റെ വീട്), പാടുവാനായി വന്നു (എഴുതാപ്പുറങ്ങള്‍) , വാതില്‍പ്പഴുതിലൂടെന്‍ (ഇടവഴിയില്‍ ഒരു കാലൊച്ച), പവിഴമല്ലി (വഴിയോരക്കാഴ്ചകള്‍), രാപ്പാടിതന്‍ (ഡെയ്സി), ഒളിച്ചിരിക്കാന്‍ (ആരണ്യകം), ഒരു പൂ വിരിയുന്ന (വിചാരണ) , ഓര്‍മകള്‍ ഓടി (മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു), ഇന്ദുപുഷ്പം, ഇന്ദ്രനീലിമയോലും (വൈശാലി), താമരക്കിളി പാടുന്നു (മൂന്നാം പക്കം), ഹൃദയം കൊണ്ടെഴുതുന്ന കവിത (അക്ഷരത്തെറ്റ്), ശ്യാമാംബരം, മന്ദാരച്ചെപ്പുണ്ടോ (ദശരഥം), തങ്കത്തോണി (മഴവില്‍ക്കാവടി), പുഴയോരത്തില്‍ (അഥര്‍വ്വം), കുന്നിമണിച്ചെപ്പുതുറന്നെണ്ണി (പൊന്‍മുട്ടയിടുന്ന താറാവ്), രാജഹംസമേ (ചമയം),.... തൊണ്ണൂറുവരെയുള്ള കാലയളവിലെ ചിത്രയുടെ ഹിറ്റ് ഗാനങ്ങളില്‍ ഉള്‍പ്പെടുന്ന ചിലത്.
2000 ലേക്കെത്തുമ്പോള്‍ ചിത്ര ആലപിച്ച മലയാള സിനിമാഗാനങ്ങളുടെ എണ്ണം 1,500 കടന്നിരുന്നു. എം.ജയചന്ദ്രന്‍, ശരത്, ബേണി-ഇഗ്‌നേഷ്യസ്, രമേഷ് നാരായണന്‍, ബിജിബാല്‍, ഗോപി സുന്ദര്‍, അനില്‍ ജോണ്‍സണ്‍, 4 മ്യൂസിക്സ്, രഞ്ജിന്‍ രാജ്, അല്‍ഫോണ്‍സ് ജോസഫ്, സുഷിന്‍ ശ്യാം...തുടര്‍ന്നെത്തിയ സംഗീതസംവിധായകരും ചിത്രയുടെ സ്വമാധുരി തങ്ങള്‍ ഈണമിടുന്ന ഗാനങ്ങള്‍ക്കായി ഉപയോഗിച്ചു, ഹിറ്റുകളൊരുക്കി. 2023 ആകുമ്പോഴേക്കും ഇതുവരെയുള്ള ഗാനങ്ങളുടെ ആലാപനമികവിന് 16 തവണയാണ് സംസ്ഥാനസര്‍ക്കാരിന്റെ മകച്ച പിന്നണിഗായികയ്ക്കുള്ള പുസ്‌കാരം ചിത്രയെ തേടിയെത്തിയത്. 1985 മുതല്‍ 1995 വരെ തുടര്‍ച്ചയായി ആ പുരസ്‌കാരം സ്വന്തമാക്കാനും ചിത്രയ്ക്കായി. മഞ്ഞള്‍ പ്രസാദവും, ഇന്ദുപുഷ്പം ചൂടി, എന്നീ മലയാളഗാനങ്ങളിലൂടെ 1987, 1989 വര്‍ഷങ്ങളില്‍ മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരവും ചിത്രയ്ക്ക് ലഭിച്ചു. ദേശീയതലത്തില്‍ ചിത്രയ്ക്ക് ആദ്യപുരസ്‌കാരം ലഭിച്ചത് 1986 ലാണ്. സിന്ധുഭൈരവി എന്ന തമിഴ്ചിത്രത്തിലെ പാടറിയേന്‍ പടിപ്പറിയേന്‍ എന്ന ഇളയരാജ ഗാനത്തിലൂടെയായിരുന്നു ആ നേട്ടം. പിന്നീട് 1996 ല്‍ എ.ആര്‍. റഹ്‌മാന്റെ സംഗീതത്തിലൊരുങ്ങിയ മാനാ മധുരൈ മാമര്ക്ക് ( ചിത്രം: മിന്‍സാര കനവ്), 2004 ല്‍ ഒവ്വൊരു പൂക്കളുമേ (ചിത്രം: ഓട്ടോഗ്രാഫ്, സംഗീതം: ഭരദ്വാജ്) എന്നീ തമിഴ്ഗാനങ്ങളിലൂടെയും ദേശീയപുരസ്‌കാരം നേടാന്‍ ചിത്രയ്ക്ക് സാധിച്ചു. കൂടാതെ 1997 ല്‍ അനുമാലിക്കിന്റെ ഈണത്തില്‍ വിരാസത് എന്ന ഹിന്ദി ചിത്രത്തിന് വേണ്ടി ആലപിച്ച പായലേം ചുന്‍ മുന്‍ എന്ന ഗാനവും വാനമ്പാടിയ്ക്ക് ദേശീയപുരസ്‌കാരം നേടിക്കൊടുത്തു.
മറുഭാഷാ സിനിമാഗാനങ്ങള്‍; സ്വീകാര്യത, നേട്ടങ്ങള്‍
ഇളയരാജയാണ് മറ്റുഭാഷാചിത്രങ്ങളിലേക്ക് ചിത്രയെ പരിചയപ്പെടുത്തുന്നത്. തമിഴ് സിനിമകള്‍ക്കായി രണ്ടായിരത്തിലേറെ ഗാനങ്ങള്‍ ചിത്ര ആലപിച്ചുകഴിഞ്ഞു. ഇളയരാജ, എ.ആര്‍. റഹ്‌മാന്‍, എം.എസ്.വിശ്വനാഥന്‍, കീരവാണി, ഗംഗൈ അമരന്‍, ഹംസലേഖ, എസ്.പി. വെങ്കിടേഷ്, ശങ്കര്‍-ഗണേഷ്, വിദ്യാസാഗര്‍, ചന്ദ്രബോസ്, ദേവ തുടങ്ങി പ്രമുഖ സംഗീത സംവിധായകര്‍ക്ക് വേണ്ടി ചിത്ര പാടി. 1985 ലാണ് ചിത്ര തമിഴിലെത്തുന്നത്. അക്കൊല്ലം ഇളയരാജയ്ക്ക് വേണ്ടി പതിനൊന്ന് ചിത്രങ്ങളില്‍ ചിത്ര ഗാനങ്ങള്‍ ആലപിച്ചു.
നാന്‍ ഒരു സിന്ധു, പാടറിയേന്‍ (ചിത്രം: സിന്ധുഭൈരവി) , മലരേ പേസ്, തുള്ളി എഴുന്തത് പാട്ട് (ചിത്രം: ഗീതാഞ്ജലി), അന്‍പേ അന്‍പേ (ചിത്രം: ഉരിമൈ) എന്നിവ അവയില്‍ ചിലത്. ഉന്‍ പാര്‍വയില്‍ ( ചിത്രം: അമ്മന്‍ കോവില്‍ കിഴക്കലെ), കണ്ണുക്കുള്‍ നൂറ് നിലവാ (ചിത്രം: വേദം പുദിത്), നിന്നുക്കോരി വരണം, വാവാ അന്‍പേ അന്‍പേ (ചിത്രം:അഗ്‌നി നച്ചത്തിറം), മെതുവാ മെതുവാ ഒരു (ചിത്രം: അണ്ണാനഗര്‍ മുതല്‍ തെരു), വാന്‍ മേഘം, യേതോതോ എന്നം വളര്‍ത്തേന്‍ ( ചിത്രം: പുന്നഗൈ മന്നന്‍), ഒരു കാതല്‍ദേവതൈ (ചിത്രം: ഇദയ താമരൈ ), കല്യാണ തേന്‍ നിലാ (ചിത്രം: മൗനം സമ്മതം), തുടിക്കിതേന്‍ നെഞ്ചം, കോഴി കൂവും നേരം (ചിത്രം: അഴകന്‍), വാനം പൊഴിയട്ടും (ചിത്രം: യേര്‍മുനൈ), രുക്കുമണി ( ചിത്രം: റോജ), ഒരു മൈന മൈന (ചിത്രം: ഉഴൈപ്പാളി), മഴൈ വര്ത് (ചിത്രം: രാജാ കയ്യാ വെച്ചാ), തൂളിയിലേ ആട വന്ത (ചിത്രം: ചിന്നത്തമ്പി), തത്തിത്തോം (ചിത്രം: അഴകന്‍), വീരപാണ്ടിക്കോട്ടയിലെ (ചിത്രം: തിരുടാ തിരുടാ), അഞ്ജലി അഞ്ജലി (ചിത്രം: ഡ്യുവറ്റ്), തൊട തൊട മലര്‍ന്തതെന്ന (ചിത്രം: ഇന്ദിര), തീണ്ടായ് (ചിത്രം: എന്‍ സ്വാസ കാട്രേ), സന്‍സനന( ചിത്രം: അശോക), ഒവ്വൊരു പൂക്കള്‌മേ( ചിത്രം: ഓട്ടോഗ്രാഫ്), മൗനം പേസും (ചിത്രം: അമരകാവ്യം), സോള്‍ ഓഫ് വാരിസ് (ചിത്രം: വാരിസ്), വീര രാജ വീര ( ചിത്രം: പൊന്നിയിന്‍ സെല്‍വന്‍ 2)...ഹിറ്റുകളുടെ പട്ടിക അപൂര്‍ണം.
1985 ല്‍ എസ്.പി. വെങ്കിടേഷാണ് ചിത്രയെ ബോളിവുഡിലേക്ക് കൂട്ടിയത്. എന്നാല്‍ ആദ്യഹിന്ദിഗാനങ്ങള്‍ റിലീസായില്ല. പിന്നീട് 1991ല്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് ചിത്ര ഹിന്ദി സിനിമയിലേക്കെത്തുന്നത്. ഏകദേശം 200 ഓളം ഗാനങ്ങള്‍ ചിത്ര ബോളിവുഡിന് വേണ്ടി ഇതിനോടകം പാടി. എസ്.പി. ബാലസുബ്രഹ്‌മണ്യം, കുമാര്‍ സാനു, ഹരിഹരന്‍, ഉദിത് നാരായണന്‍, സോനു നിഗം, വിനോദ് റാത്തോഡ്, കെ.കെ., ഷാന്‍ തുടങ്ങിയ മുന്‍നിര ഗായകര്‍ക്കൊപ്പം ചിത്ര ഗാനങ്ങള്‍ ആലപിച്ചു. 1995 ല്‍ എ.ആര്‍. റഹ്‌മാന്റെ സംഗീതത്തില്‍ ബോംബെയ്ക്ക് വേണ്ടി ആലപിച്ച കെഹനാ ഹി ക്യാ എന്ന ഗാനം ചിത്രയുടെ ഏറ്റവും വലിയ ബോളിവുഡ്ഹിറ്റായി.
1997 ല്‍ വിരാസത് എന്ന സിനിമയിലെ പായലേം ചുന്‍ മുന്‍ എന്ന ഗാനത്തിന് ദേശീയ പുരസ്‌കാരവും നേടി. ഹിന്ദിഗാനം പാടി ദക്ഷിണേന്ത്യയില്‍ നിന്നൊരു ഗായിക ദേശീയ പുരസ്‌കാരം നേടുന്നത് ആദ്യമായിരുന്നു. ഇപ്പോഴും ആ നേട്ടം ചിത്രയ്ക്ക് മാത്രം സ്വന്തം. യെ ഹസീന്‍ വാദിയാം ( ചിത്രം: റോജ), യാരോം സുന്‍ ലോ സരാ (ചിത്രം: രംഗീല), രാത് കാ നഷാ( ചിത്രം: അശോക), കോയി മില്‍ ഗയാ ( ചിത്രം: കോയി മില്‍ ഗയാ), തും ബിന്‍ ജിയാ ജായാ കൈസേ (ചിത്രം: തും ബിന്‍)...തുടങ്ങിയ ഗാനങ്ങള്‍ എക്കാലത്തേയും ഹിറ്റുകളായി. കൂടാതെ ചിത്ര ആലപിച്ച ഹിന്ദി ആല്‍ബങ്ങളില്‍ പിയാ ബസന്തിയിലെ ഗാനങ്ങള്‍ എടുത്തുപറയേണ്ടവയാണ്. ആ ആല്‍ബത്തിന്റെ റിലീസിന് ശേഷം ഉത്തരേന്ത്യയില്‍ ചിത്ര അറിയപ്പെട്ടിരുന്നത് തന്നെ പിയാ ബസന്തി ചിത്ര എന്നായിരുന്നു.
സിനിമകള്‍ക്ക് വേണ്ടി മാത്രമല്ല സിനിമേതര ആല്‍ബങ്ങള്‍ക്കും ടെലിവിഷന്‍ പരിപാടികള്‍ക്കും വേണ്ടി ചിത്ര ഗാനങ്ങള്‍ ആലപിച്ചു. കൂടാതെ തെലുഗ്, കന്നഡ, ബംഗാളി, ഒഡിയ, തുളു, പഞ്ചാബി, രാജസ്ഥാനി, ഇംഗ്ലീഷ്, ലാറ്റിന്‍, അറബി എന്നീ ഭാഷകളിലും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട് ചിത്ര. മികച്ച പിന്നണി ഗായികയ്ക്കുള്ള ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ പുരസ്‌കാരം 11 തവണ ചിത്രയ്ക്ക് ലഭിച്ചു. നാല് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരവും മൂന്ന് തവണ കര്‍ണാടക സര്‍ക്കാരിന്റേയും ഓരോ തവണ ഒഡിഷ സര്‍ക്കാരിന്റേയും പശ്ചിമബംഗാള്‍ സര്‍ക്കാരിന്റേയും പുരസ്‌കാരങ്ങള്‍ ചിത്ര കരസ്ഥമാക്കി. പദ്മഭൂഷണും (2021) പദ്മശ്രീയും 2005) നല്‍കി രാജ്യം ഈ ഗായികയെ ആദരിച്ചു. ഹൗസ് ഓഫ് കോമണ്‍സില്‍വെച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ആദരവേറ്റ് വാങ്ങുന്ന ആദ്യ ഇന്ത്യന്‍ വനിത ചിത്രയാണ്. സംഗീതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് നല്‍കി വരുന്ന രാഷ്ട്രപതി അവാര്‍ഡ് 2018 ല്‍ ചിത്രയ്ക്ക് ലഭിച്ചു. കൂടാതെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും ദേശീയ പുരസ്‌കാരങ്ങളും ഈ അതുല്യപ്രതിഭയ്ക്ക് ലഭിച്ചിട്ടുണ്ട്.
ഇളയരാജ, എ.ആര്‍.റഹ്‌മാന്‍, എം.ജി. രാധാകൃഷ്ണന്‍, ജോൺസൺ, രവീന്ദ്രന്‍...
ചിത്ര ആലപിച്ച ഗാനങ്ങളില്‍ ഭൂരിഭാഗവും മ്യൂസിക് മാസ്‌ട്രോ ഇളയരാജയെന്ന ഗാനങ്ങളാണ്. ചിത്രയ്ക്ക് ആദ്യ ദേശീയ പുസ്‌കാരം നേടിക്കൊടുത്തതും ഇളയരാജയുടെ സംഗീതസംവിധാനത്തിലൊരുങ്ങിയ പാടറിയേന്‍, നാന്‍ ഒരു സിന്ധു എന്നീ ഗാനങ്ങളാണ്. പിന്നേയും എത്രയോ മികവാര്‍ന്ന ഗാനങ്ങള്‍ ഇളയരാജയ്ക്ക് വേണ്ടി ചിത്ര ആലപിച്ചിക്കുന്നു. എ.ആര്‍. റഹ്‌മാനും തമിഴിലേയും ഹിന്ദിയിലേയും മികച്ച ഗാനങ്ങള്‍ പാടാന്‍ ചിത്രയ്ക്ക് അവസരം നല്‍കി. റോജയില്‍ തുടങ്ങിയ സംഗീതബന്ധം പൊന്നിയില്‍ സെല്‍വനിലേക്ക് നീണ്ടു, ഇനിയും തുടുമെന്നതില്‍ തര്‍ക്കമില്ല. മലര്‍കള്‍ കേട്ടേന്‍, കണ്ണാളനേ, മലര്‍കളേ, അഞ്ജലി, ഉയിരേ, തീണ്ടായ്, അഴകു നിലവേ....റഹ്‌മാന്‍ ഗാനങ്ങള്‍ വിരലിലെണ്ണാവുന്നവയല്ല. പുതുഗായകര്‍ക്ക് പരമാവധി അവസരങ്ങളൊരുക്കുന്നതിനിടയില്‍ ചിത്രയ്ക്ക് മകച്ച ഗാനങ്ങള്‍ ആവോളം നല്‍കി റഹ്‌മാന്‍.
മലയാളത്തില്‍ മെലഡികള്‍ക്കപ്പുറം വ്യത്യസ്തമായ ഗാനങ്ങള്‍ ചിത്ര ആലപിച്ചത് രവീന്ദ്രന്‍, എം.ജി. രാധാകൃഷ്ണന്‍, ജോൺസൺ എന്നീ സംഗീതസംവിധായകരുടെ ഈണത്തിലാണ്. നീലക്കുറിഞ്ഞികള്‍, പുലര്‍കാലസുന്ദരസ്വപ്‌നത്തില്‍, ഗോപികാവസന്തം, ചീരപ്പൂവുകള്‍ക്കുമ്മ, ഹേ കൃഷ്ണാ ഹരേ കൃഷ്ണാ, അരുണകിണമണിയും, പത്തുവെളുപ്പിന്, പാടീ തൊടിയിലേതോ, മൗലിയില്‍ മയില്‍പ്പീലി, കാര്‍മുകില്‍ വര്‍ണന്റെ, അമ്പിളിക്കല ചൂടും നിൻ തിരു, എന്തിനായ് നിന്‍, കളഭം തരാം...രവീന്ദ്രസംഗീതത്തില്‍ ചിത്ര ആലപിച്ച ഗാനങ്ങള്‍ക്ക് പത്തരമാറ്റ്. എം.ജി. രാധാകൃഷ്ണനാണ് ചിത്രയെ സിനിമാലോകത്തേക്ക് കൂട്ടിവന്നത്. കുറേയേറെ മികച്ച ഗാനങ്ങളും ചിത്രയ്ക്കായി അദ്ദേഹം ഒരുക്കി. മഴവില്‍ കൊതുമ്പിലേറി വന്ന, അമ്പലപ്പുഴേ, വരുവാനില്ലാരുമില്ലീ, ഒരു മുറൈ വന്ത്, അംഗോപാംഗം, പോരു എന്‍ വാരിളം, കൈതപ്പൂവിന്‍, കാറ്റേ നീ വീശരുതിപ്പോള്‍, ശലഭം വഴിമാറുമീ, ശിവമല്ലിക്കാവില്‍...ചിത്രയുടെ ഹിറ്റ് ഗാനങ്ങളില്‍ എം.ജി. രാധാകൃഷ്ണന്‍ ഈണമിട്ടവയും മുന്‍നിരയിലുണ്ട്.
വ്യക്തിജീവിതം-ഉയര്‍ച്ചകള്‍ക്കിടയില്‍ ഇടര്‍ച്ചയായി തീരാസങ്കടം
ചിത്രയുടെ ഏറ്റവും വലിയ പ്രത്യേകത എന്നാല്‍ നിഷ്‌കളങ്കമായ ആ നിറഞ്ഞ ചിരിയാണ്. ചിരിയില്ലാത്ത ചിത്ര നമുക്കപരിചിതയാണ്. ഏറെ ചെറുപ്പത്തില്‍ത്തന്നെ തിരക്കേറിയ ഗായികയായി മാറിയ ചിത്രയ്ക്ക് ഏറ്റവും പിന്തുണ നല്‍കിയത് കുടുംബമായിരുന്നു.
സംഗീതജ്ഞനും അധ്യാപകനുമായ കരമന കൃഷ്ണന്‍ നായരായിരുന്നു ചിത്രയുടെ അച്ഛന്‍. അമ്മ ശാന്താകുമാരി. പ്രമുഖ ഗായികയായിരുന്ന കെ.എസ്. ബീന, ഗിറ്റാര്‍ വിദഗ്ധന്‍ കെ.എസ്. മഹേഷ് എന്നിവരാണ് സഹോദരങ്ങള്‍. വിജയശങ്കറാണ് ചിത്രയുടെ ഭര്‍ത്താവ്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രയ്ക്ക് മകള്‍ പിറന്നത്. ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായിരുന്നു മകള്‍ നന്ദന. എന്നാല്‍ മകളുടെ അകാലമരണം ചിത്രയെ കുറച്ചുകാലം ഗാനലോകത്ത് നിന്ന് അകറ്റിനിര്‍ത്തിയെങ്കിലും സുഹൃത്തുക്കളുടേയും ആരാധകരുടേയും നിര്‍ബന്ധത്താല്‍ ചിത്ര മടങ്ങിയെത്തി. സങ്കടം ഉള്ളിലൊതുക്കി വീണ്ടും നിറചിരിയോടെ ചിത്ര സജീവമായി. ഇനിയുമേറെക്കാലം ചിത്ര നമുക്ക് വേണ്ടി ആലാപനം തുടരട്ടേയെന്ന് നമുക്ക് ആഗ്രഹിക്കാം, ആശംസിക്കാം, മലയാളികളുടെ വാനമ്പാടിയ്ക്ക് പിറന്നാളാശംകള്‍!
( ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഗാനങ്ങളുടെ പട്ടിക അപൂര്‍ണമാണ് )
Content Highlights: Chithra Birthday, K.S. Chithra, Chithra Songs, Malayalam Songs, Movie Songs, Pattu Ettupattu
Published: 24 Jul 2023, 03:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented