ചിത്രച്ചേച്ചിയുടെ റെക്കോഡിങ് കാണാൻ ആദ്യമായി അവസരമുണ്ടായത് കഴിഞ്ഞമാസമാണ്. ചെന്നൈയിൽ, ചേച്ചിയുടെതന്നെ സ്റ്റുഡിയോയിൽ ഗായകൻ കെ.കെ. നിഷാദിനൊപ്പം. കുഞ്ഞുനാൾമുതൽ കേട്ട്, ജീവിതത്തിന്റെ ഭാഗമായ ശബ്ദം തൊട്ടുമുന്നിൽ കേൾക്കുന്നതിന്റെ അദ്‌ഭുതവും ആനന്ദവും കലർന്ന് നോക്കിനിൽക്കുമ്പോൾ, പാടിയ ഭാഗങ്ങൾ / വരികൾ തൃപ്തിവരാതെ വീണ്ടും വീണ്ടും പാടുകയാണ് ചേച്ചി. സംഗീതസംവിധായകൻ ‘ഒ.കെ.’ പറഞ്ഞാലും ചിരിച്ചുകൊണ്ട് ചേച്ചി തിരുത്തും: ‘‘ഒരു വട്ടം കൂടി.’’

To advertise here,

ഒടുവിൽ പാടിത്തീർന്ന് കൺസോളിൽ വന്ന് ഞങ്ങൾക്കൊപ്പം പാട്ടുകേൾക്കാനിരുന്നു. കേട്ടു കഴിഞ്ഞ് എല്ലാവരും അസലായി എന്നു പറഞ്ഞപ്പോൾ, ചേച്ചി പുഞ്ചിരിയോടെ മ്യൂസിക് ഡയറക്ടറെയും, സൗണ്ട് എൻജിനിയറെയും നോക്കി. പിന്നെ ആദ്യമായി പാടാൻവന്ന കുട്ടിയുടെ ഭാവത്തിൽ ചോദിച്ചു: ‘‘പ്ലീസ്, ഒരിക്കൽക്കൂടി മൈക്ക്  വെച്ചുതരുമോ? ചില സ്ഥലങ്ങളിൽ ഇനിയും ശരിയാകാനുണ്ട്.’’

അതാണ് ചിത്രച്ചേച്ചി. വിനയാന്വിതമായ പൂർണത! ആ ശബ്ദത്തിന്, ആലാപനത്തിന്, മനസ്സിന് പ്രായമില്ല. എത്രയോ, ബാല്യ, കൗമാര, യൗവനങ്ങളെ, ജീവിതസായന്തനങ്ങളെ, പ്രണയവിരഹമായും കനിവും കനവുമായും ഭക്തിവാത്സല്യങ്ങളായും തലോടി, തലമുറകളിൽനിന്ന് തലമുറകളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന സംഗീതത്തിന്റെ ചിത്രാനദി!

ചേച്ചിയോട് സംസാരിക്കാനിരിക്കുമ്പോഴും അതേ ആകാംക്ഷയാണ്. പറയാൻ കരുതിയതൊക്കെ മറന്നുപോകുന്ന അവസ്ഥ. പാതി മുറിഞ്ഞ എന്റെ ചോദ്യങ്ങളും അവയ്ക്ക് ചേച്ചി തന്ന ഉത്തരങ്ങളുമാണ് ഇവിടെ.

ചിത്രച്ചേച്ചിക്ക് പിറകെ വന്ന പുതിയ ഗായകർ, അതുപോലെ സംഗീതസംവിധായകർ ഒക്കെ ‘പെർഫെക്ട് സിങ്ങർ’ എന്ന നിലയ്ക്കാണ് ചേച്ചിയെ കാണുന്നത്. സ്വരവും ശ്രുതിയും തെറ്റാതെയുള്ള ആലാപനം, ഹൈ പിച്ചിലാണെങ്കിലും വാക്കുകളുടെ തെളിച്ചം, അതുപോലെ ഉച്ചാരണത്തിലെ കൃത്യത, വാക്കുകളിൽ കൊടുക്കേണ്ട ഭാവം, സംഗതി പാടുമ്പോഴുള്ള ഒഴുക്ക്, കൃത്യമായ അളവ്, സംഗീതസംവിധായകൻ ഉദ്ദേശിച്ച രീതിയിൽ, അല്ലെങ്കിൽ അതിലും ഉയരത്തിൽ പാട്ടിനെ കൊണ്ടുപോകുന്നു. സംഗീതവുമായി ബന്ധപ്പെട്ടവർ ചേച്ചിയുടെ ആലാപനത്തിനെപ്പറ്റി പറയുന്ന സവിശേഷതകളാണ് ഇവയൊക്കെ. എന്നാൽ, ചേച്ചി, ചേച്ചിയിലെ പാട്ടുകാരിയെ, പിന്നണിഗായികയെ എങ്ങനെയാണ് വിലയിരുത്തുന്നത്?

അങ്ങനെ പെർഫെക്ട്‌ (പൂർണത) എന്നൊന്നില്ല. ഓരോ സമയത്തും നമ്മൾ പഠിച്ചുകൊണ്ടിരിക്കയാണ്. ഞാൻ ജനിച്ചപ്പോൾമുതൽ കേട്ടുവളർന്നത് ജാനകിയമ്മ, സുശീലാമ്മ, വാണിയമ്മ ഇവരുടെയൊക്കെ പാട്ടുകളാണ്. ദാസേട്ടൻ, ജയേട്ടൻ, എസ്.പി.ബി. സർ, എന്നിവർക്കൊപ്പം റെക്കോഡിങ്ങിലും പ്രോഗ്രാമുകളിലും പാടാൻ കഴിഞ്ഞു എന്നുള്ളത് വലിയ ഭാഗ്യമാണ്. ഓരോ അനുഭവങ്ങളിൽനിന്നും ഓരോ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കയാണ്. മൈക്കിന് മുന്നിൽനിന്ന് പാടുന്നത് എങ്ങനെയാണ്, എത്ര അകലത്തിൽനിന്ന് പാടണം, എന്നൊക്കെ പഠിച്ചത് ദാസേട്ടനിൽനിന്നാണ്. ദാസേട്ടൻ പാടുമ്പോൾ ഒരിക്കലും ‘പോപ്പിങ്’ ഉണ്ടാവില്ല. എങ്ങനെയാണ് അത് ബാലൻസ് ചെയ്യുന്നത് എന്ന് അദ്‌ഭുതമാണ്. അതുപോലെ ഉച്ചാരണങ്ങൾ. വാക്കുകൾക്ക് ദാസേട്ടൻ കൊടുക്കുന്ന ഗാംഭീര്യം, അതൊക്കെ പാടുമ്പോൾ കൂടെനിന്ന് കണ്ടുപഠിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത്, എന്റെ ചേച്ചി (ബീന) ഒരുപാട് പറയാറുണ്ട് പാട്ടിൽ ഡൈനാമിക്സ് ഇല്ല, അത് കൊണ്ടുവരണം എന്ന്. ക്ലാസിക്കൽമാത്രം പാടി ശീലിച്ചതുകൊണ്ട് പാട്ടിന്റെ എവിടെയാണ് തുറന്നുപാടേണ്ടത്, എവിടെയാണ് ഒതുക്കേണ്ടത് എന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. അതൊക്കെ പറഞ്ഞുതരാൻ ചേച്ചി ഒരുപാട് ശ്രമിച്ചിട്ടുണ്ട്. അക്കാലത്ത് ഞാനതൊക്കെ എത്രകണ്ട് ഉൾക്കൊണ്ടു എന്നറിയില്ല.

പിന്നണിഗായികയായി വന്നിട്ട് 44 വർഷം കഴിയുന്നു. ഈ കാലത്തിനിടയ്ക്ക് വിമർശനങ്ങളോ ഗോസിപ്പുകളോ ഇല്ലാതെ മുന്നോട്ടു പോകുന്നു എന്നത് വലിയ കാര്യമല്ലേ?

ആദ്യകാലത്ത് ചില വാക്കുകൾ പാടാൻ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. നമ്മൾ ശരിക്ക് പാടിയാലും പാട്ടിൽ അത് കൃത്യമായി കേൾക്കില്ല. അതിന്റെ പേരിൽ വിമർശനവും കേട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ‘ആയിരം കണ്ണുമായ്’ എന്ന ഗാനത്തിനകത്ത് ‘പൈങ്കിളീ മലർ തേൻകിളീ’ എന്ന വരിയിലെ ‘ളീ’ എന്ന അക്ഷരത്തിന്റെ സ്ഥാനത്ത് ഞാൻ പാടുമ്പോൾ ‘ലീ’ എന്നാണ് കേൾക്കുന്നത്. അത് ഏതോ പത്രത്തിലോ വാരികയിലോ എഴുതിവന്നു. കുട്ടിയല്ലേ, എനിക്ക് വിഷമമായി. അതുകണ്ട് അച്ഛൻ ചോദിച്ചു:

‘‘ഈ എഴുതിയ ആളിന് നിന്നെ അറിയുമോ?’’

‘‘അറിയില്ല.’’

‘‘ഇദ്ദേഹത്തിന് നിന്നോട് എന്തെങ്കിലും വ്യക്തിപരമായ ദേഷ്യം ഉണ്ടാകാനുള്ള സാധ്യതയോ സാഹചര്യമോ ഉണ്ടോ?’’

‘‘ഇല്ല.’’

‘‘അപ്പൊ അങ്ങനെ എഴുതണമെങ്കിൽ അതിൽ എന്തെങ്കിലും സത്യം കാണില്ലേ...? നീ നന്നാവാനാണ് അങ്ങനെ എഴുതിവന്നത് എന്ന് കരുതുക. അത് പോസിറ്റീവ് ആയി എടുക്കുക.’’

അതിനുശേഷം ഇങ്ങനെയുള്ള കാര്യങ്ങൾ ഞാൻ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. തെലുഗിൽ ഒക്കെ ഇപ്പോഴും ചില വാക്കുകൾ ഞാൻ പറയുന്നത് ആളുകൾ ചൂണ്ടിക്കാണിക്കാറുണ്ട്. നമ്മൾ പറയുന്നത് ശരിയായിരിക്കും പക്ഷേ, പാട്ടിൽ കേൾക്കുമ്പോൾ മറ്റൊരു രീതിയിലാവും തോന്നുക. അപ്പോൾ നമ്മൾ കൂടുതൽ ശ്രദ്ധിച്ച് അത് കൃത്യമാക്കും. ആരോഗ്യകരമായ വിമർശനങ്ങൾ നമ്മളെ വളർത്തുകയാണ് ചെയ്യുക.

സംസാരത്തിൽ ഇടയ്ക്കിടയ്ക്ക് ജാനകിയമ്മ കടന്നുവരുന്നതുകൊണ്ട് ചോദിക്കുകയാണ്. ആത്മഗുരുവായാണല്ലോ അവരെ കാണുന്നത്. മാത്രമല്ല, ചേച്ചിയുടെ ഏതു സംഗീതപരിപാടിയും ആരംഭിക്കുന്നത് കേശാദിപാദം തൊഴുന്നേൻ എന്ന ജാനകിയമ്മ പാടിയ പാട്ടുവെച്ചല്ലേ?

പാടുന്ന സമയത്ത് ചില എക്സ്പ്രഷൻസിന്റെ കാര്യത്തിലൊക്കെ ഞാൻ അമ്മയെ ഇമിറ്റേറ്റ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, കഴിഞ്ഞിട്ടില്ല. അത് അമ്മയ്ക്കുമാത്രം സാധിക്കുന്ന കാര്യമാണ്. ജാനകിയമ്മയ്ക്ക് എല്ലാവരോടും സ്നേഹമാണ്. അവരുടെ അടുത്തുചെന്നാൽ സ്നേഹംകൊണ്ട് നമ്മൾ ഒട്ടിപ്പോകും. അമ്മ എന്ന രീതിയിലാണ് എല്ലാവരോടും പെരുമാറുക. കഴിഞ്ഞതവണ കാണാൻ പോയപ്പോൾ പറഞ്ഞു: ‘‘സാപ്പിട്ട് പോവലാം.’’ അമ്മയും മുരളിയണ്ണനും മാത്രമേയുള്ളൂ. എല്ലാം അമ്മ തന്നെ ഉണ്ടാക്കണം. അതുകൊണ്ട് ഞങ്ങൾ കഴിക്കുന്നില്ലെന്ന് പറഞ്ഞു. പക്ഷേ, അമ്മ വിട്ടില്ല. ചൂടുചോറും എപ്പോഴും ഉണ്ടാക്കാറുള്ള ഗോംഗൂര ചട്ണിയും നെയ്യും കൂട്ടി ചോറുരുട്ടി ഉരുള എന്റെ വായിൽവെച്ചുതന്നു. സ്വന്തം അമ്മയെപ്പോലെ. ഇതിൽപ്പരം ഭാഗ്യം മറ്റെന്താണ്? അമ്മ സ്വയം ട്യൂൺ ചെയ്ത ഹിന്ദിയിലുള്ള മീരാ ഭജൻസ് എനിക്ക് ഇടയ്ക്കിടയ്ക്ക് അയച്ചുതരാറുണ്ട്. എന്നിട്ട് അവയെല്ലാം പഠിച്ച് പ്രോഗ്രാമിൽ പാടണമെന്ന് പറഞ്ഞിട്ടുണ്ട്. ഒരെണ്ണം പഠിച്ച് ഞാൻ എന്റെ എല്ലാ ഡിവോഷണൽ കൺസെർട്ട്‌സിലും പാടാറുണ്ട്. ഇനിയുമുണ്ട്. എല്ലാം പഠിച്ചെടുക്കണം.

ജാനകിയമ്മയെപ്പോലെ എന്നെങ്കിലും സ്വന്തമായി സംഗീതം ചെയ്തിട്ടുണ്ടോ? ചെയ്യണമെന്ന് ആഗ്രഹമുണ്ടോ?

ചോദ്യം കേട്ട് ആ മുഖത്ത് ചെറിയൊരു ലജ്ജയും ചിരിയുമൊക്കെ വന്നു

ശ്രമിച്ചിട്ടില്ല എന്നു പറയുന്നില്ല. പക്ഷേ, ഞാൻ എന്തെങ്കിലും ട്യൂൺ ചെയ്താൽ കുറച്ചുകഴിഞ്ഞാൽ തോന്നും ഇതിന് വേറൊരു പാട്ടിന്റെ ഛായയില്ലേ എന്ന്. ഉടനെ അത് ഉപേക്ഷിക്കും. ഒരു ശ്ലോകമോ മറ്റോ കിട്ടിയാൽ അത് രാഗത്തിലാക്കി പാടാം എന്നല്ലാതെ ഒരു സന്ദർഭം കേട്ട് അതിനനുസരിച്ച് ഒരു പാട്ടുണ്ടാക്കാനുള്ള കഴിവൊന്നും എനിക്കില്ല. പിന്നെ, പരിചയക്കാരുടെയൊക്കെ, ഞാൻ മക്കളെപ്പോലെ കാണുന്ന കുട്ടികളുടെയൊക്കെ, ബർത്ത് ഡേയും മറ്റും വരുമ്പോൾ, ഒരു തമാശയ്ക്ക്, ഗൂഗിളിലൊക്കെ തപ്പി നല്ല വരികൾ എടുത്ത് എല്ലാം ചേർത്ത് സ്വന്തമായി ട്യൂണിട്ട് പാടി അയച്ചുകൊടുക്കാറുണ്ട്.

വരികളെപ്പറ്റി പറഞ്ഞപ്പോൾ ചോദിക്കുകയാണ്, പാടുംമുമ്പ് വരികളുടെ അർഥം മനസ്സിലാക്കി പഠിച്ചുവെക്കാറുണ്ടോ?

തീർച്ചയായും. ഒരിക്കൽ വൈരമുത്തു സാർ എനിക്ക് സുശീലാമ്മയുടെ പാട്ടുകൾ അടങ്ങിയ ഒരു കാസറ്റ് തന്നു. ഈ പാട്ടെല്ലാം കേട്ട് പഠിച്ച് റെക്കോഡ് ചെയ്ത് എനിക്ക് തരണം. എന്റെ ഉച്ചാരണം നന്നാക്കാൻ വേണ്ടിയായിരുന്നു അദ്ദേഹം അത് പറഞ്ഞത്. അന്നൊന്നും ഞാൻ തമിഴ് പഠിച്ചിട്ടില്ല. വീടിനടുത്തുള്ള ശിവ തിയേറ്ററിൽനിന്ന് തമിഴ് പാട്ടുകൾ കേൾക്കും. അതിലൂടെയുള്ള പരിചയം മാത്രമേ ആ ഭാഷയുമായുള്ളൂ. പിന്നീട് തമിഴ് ഭാഷ എന്നെ പഠിപ്പിച്ചത് ഗായിക ലതികയാണ്. ഒരുവിധം തമിഴ് എഴുതാറായപ്പോൾ ഞാൻ വൈരമുത്തു സാറിന് ഒരു കത്തയച്ചു.

‘സാർ പറഞ്ഞ പോലെ ഞാൻ തമിഴ് പഠിക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ കത്ത് എന്റെ എളിയൊരു ശ്രമമായി കണക്കാക്കണം.’

അതുകണ്ട് സാറിന് വലിയ സന്തോഷമായി. ‘‘നീ തമിഴിൽ എഴുത്തൊക്കെ എഴുതാൻ തുടങ്ങിയോ?’’ എന്നദ്ദേഹം ആശ്ചര്യപ്പെട്ടു. എസ്. പി.ബി. സാറും വയലിനിസ്റ്റായ ജൂഡി സാറും അതുപോലെ എന്നെയും ഭർത്താവ്‌ വിജയൻ ചേട്ടനെയും യോഗ പഠിപ്പിക്കാൻ വന്നിരുന്ന അധ്യാപകനും തെലുഗ് ഭാഷ പഠിക്കാൻ സഹായിച്ചിട്ടുണ്ട്. തെലുഗും തമിഴും നന്നായി സംസാരിക്കാനും എഴുതാനും പറ്റും. കന്നഡ ഭാഷയിൽ മാത്രം ഞാൻ ഫ്ളുവന്റ് അല്ല. എഴുതാനും വായിക്കാനും അറിയാം. പക്ഷേ, സംസാരിക്കാൻ ബുദ്ധിമുട്ടാണ്.

വ്യത്യസ്ത സംഗീതസാഗരങ്ങളായ യേശുദാസ്‌, ജയചന്ദ്രൻ, എസ്.പി. ബാലസുബ്രഹ്മണ്യം എന്നിവരോടൊപ്പം സഞ്ചരിച്ചിട്ടുള്ള ആളല്ലേ? അതേക്കുറിച്ചുള്ള അനുഭവം ഓർമയിൽ ഉണ്ടാവില്ലേ...

കർണാട്ടിക് ഫൗണ്ടേഷൻ അത്രയും സ്‌ട്രോങ്ങായിട്ടുള്ള ആളാണ് ദാസേട്ടൻ. എസ്.പി.ബി. സാർ എല്ലാം ലൈറ്റായി എടുക്കുന്ന ആളാണ് റെക്കോഡിങ്ങിനായി വന്നാലും എല്ലാവരോടും ബഹളവും തമാശയും കളിയും. അതിനിടയിലൂടെ ആണ് പാടുന്നത്. റെക്കോഡിങ്ങിന് വരുമ്പോൾ ഒരു ഫ്ളാസ്കിൽ ഐസ് വാട്ടറാണ് അദ്ദേഹം കൊണ്ടുവരുക. ദാസേട്ടൻ ശബ്ദത്തെക്കുറിച്ച് വലിയ കരുതലുള്ള ആളാണ്. പാടുമ്പോൾ ശാരീരം നന്നായിരിക്കാൻവേണ്ടി ശരീരത്തിന് നമ്മൾ നിയന്ത്രണം കൊടുക്കണം എന്നു പറയും. നമ്മുടെ ശരീരത്തിനുചേരുന്ന സാധനങ്ങൾ മാത്രമേ കഴിക്കാവൂ എന്ന് നിർബന്ധമാണ്. ദാസേട്ടന്റെ കൂടെ പ്രഭാതഭക്ഷണം കഴിക്കാൻ പോകുമ്പോൾ, വലിച്ചുവാരി ഭക്ഷണസാധനങ്ങളെടുത്ത് കഴിക്കാൻ നമ്മളെ സമ്മതിക്കില്ല. ‘‘വേണ്ട, വേണ്ട, അത് കൊള്ളില്ല ശബ്ദം കേടുവരുത്തും’’ എന്നുപറഞ്ഞ് നമ്മളെ തടയും. എസ്.പി.ബി. സർ അങ്ങനെയല്ല മഴനനഞ്ഞ് നോക്ക്, കുറച്ചുനേരം വെയിലത്ത് പോയിനിൽക്ക് എന്നൊക്കെ പറയും. ‘തല വിയർത്താലോ നനഞ്ഞാലോ എന്തു പറ്റും എന്നറിയാമല്ലോ. ശരീരത്തെ ഇങ്ങനെ ഓവർപ്രൊട്ടക്ട് ചെയ്യരുത്. അത് ഇൻഫെക്‌ഷൻ വരുത്തും.’-ഇതാണ് അദ്ദേഹത്തിന്റെ രീതി.

ജയേട്ടൻ ഉള്ള സ്ഥലം വളരെ ലൈവ് ആണ്. സംസാരവും തമാശയും റഫി സാബിന്റെയും സുശീലാമ്മയുടെയും പാട്ടുകളും ഒക്കെയായി. ഒരിക്കൽ രാജാ സാറിന്റെ ഓസ്‌ട്രേലിയൻ ടൂറിന് ഞങ്ങൾ ഒരുമിച്ചുപോയി. ആ സമയത്ത് പലപ്പോഴും എന്റെയും വിജയൻ ചേട്ടന്റെയും റൂമിൽ വന്നാണ് ജയേട്ടൻ ഭക്ഷണം കഴിച്ചിരുന്നത്. ഞാൻ അദ്ദേഹത്തിന് വിളമ്പിക്കൊടുക്കുകയൊക്കെ ചെയ്തിരുന്നു. യാത്ര കഴിഞ്ഞ് വന്ന ഉടനെയാണ് ജയേട്ടന്റെ ഒരു സഹോദരി മരിക്കുന്നത്. അതിനുശേഷം ഒരിക്കൽ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ''നീയെനിക്ക് സ്വന്തം സഹോദരിയാണ്. ആ യാത്രയിൽ ഒരു സഹോദരനെപ്പോലെയാണ് നിങ്ങളെന്നെ പരിപാലിച്ചത്.'

ഞങ്ങളുടെയൊക്കെ പ്ലേലിസ്റ്റിൽ നിറയെ ചിത്രച്ചേച്ചിയുടെ പാട്ടുകളാണ്. ചേച്ചിയുടെ പ്ലേലിസ്റ്റിൽ ഏതൊക്കെ പാട്ടുകളാണ്? റിലാക്സ് ചെയ്യുമ്പോൾ /പഠനത്തിന്റെ ഭാഗമായി ഏതൊക്കെ വിഭാഗത്തിലുള്ള പാട്ടുകൾ ആണ് കേൾക്കാറ്?

എന്നെ റിലാക്സ് ചെയ്യിക്കാൻ ഞാൻ ഏറ്റവും കൂടുതൽ കേൾക്കുന്നത് മീരാഭജൻസ് ആണ്. ലതാജി പാടിയ മീരാഭജൻസ് ഒരു നൂറുവട്ടം എങ്കിലും കേട്ടുകാണും. അതുപോലെ ജാനകിയമ്മയുടെയും. നമ്മളെ അനുഭൂതിയുടെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകും അവയെല്ലാം. പിന്നെ ഗസലുകൾ കേൾക്കാൻ ഇഷ്ടമാണ്. സംഗീതപരമായി കൂടുതൽ അറിവുതരും അവയെല്ലാം. ആശാജിയുടെ, ഹരിജിയുടെ, ഗുലാംഅലി സാറിന്റെ അങ്ങനെ ഒരുപാട് പ്രതിഭകളുടെ ഗസലുകൾ പഠിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. ഇതുവരെ അങ്ങനെ ഗസൽകച്ചേരി ഒന്നും ചെയ്തിട്ടില്ല. അതിനുള്ള ധൈര്യം ഒന്നുമായിട്ടില്ല.

ഞങ്ങൾ സംസാരിക്കുന്ന സമയം മുഴുവൻ ചേച്ചിയെ കാണാനായി ഒരു ആരാധിക നിൽപ്പുണ്ടായിരുന്നു. ബെംഗളൂരുവിൽനിന്ന് ചേച്ചിയെ കാണാൻ വേണ്ടിമാത്രം എത്തിയതാണവർ. അത്രമേൽ ഹൃദ്യമായി, ഒരമ്മയെപ്പോലെ, സഹോദരിയെപ്പോലെയാണ് ചേച്ചി എല്ലാവരോടും പെരുമാറുന്നത്. അതേക്കുറിച്ചായി പിന്നീടുള്ള സംസാരം.

പണ്ട് മെയിൽ ഒന്നുമില്ലല്ലോ, കത്തുകൾ അല്ലേ വരുന്നത്. അതെല്ലാം ഞാൻ വായിക്കുമായിരുന്നു. എന്റെ ഓട്ടോഗ്രാഫ് പോലെ ഒരു കാർഡ് ചെയ്ത് വെക്കാറുണ്ട്. അതിൽ, വായിച്ച ഓരോ കത്തിനും രണ്ടോ മൂന്നോ വരി മറുപടി എഴുതി തിരിച്ചയയ്ക്കും. അത് കിട്ടുന്നത് അവർക്ക് വലിയ സന്തോഷമല്ലേ. ഇപ്പോൾ ഇ-മെയിൽ ആയില്ലേ. മിക്ക ദിവസവും രാത്രി അല്ലെങ്കിൽ രണ്ടു ദിവസത്തിലൊരിക്കൽ അത് നോക്കാറുണ്ട്. എല്ലാവർക്കും ഒരു വരിയെങ്കിലും മറുപടി കൊടുക്കും. ഞാൻ അറിഞ്ഞ എന്റെ ആദ്യത്തെ ആരാധികയാണ് വളർമതി. പിന്നെ ശർമിള, റാണി... അങ്ങനെ കുറെ പേരുണ്ട്. ലണ്ടനിലാണ് വളർമതി. ഞാൻ അവിടെയെത്തിയാൽ അപ്പോൾ ഓടിവരും.

ഒവ്വൊര് പൂക്കളുമേ... എന്ന പാട്ടുകേട്ട് ആത്മഹത്യ ചെയ്യാനിരുന്ന ഒരു പയ്യൻ അതിൽനിന്ന് പിന്തിരിഞ്ഞ ഒരു കഥ കേട്ടിട്ടുണ്ട്. അതേക്കുറിച്ച് പറയാമോ?

അയാളുമായി എനിക്ക് പരിചയം ഒന്നുമില്ല. അന്നത്തെ ഒരു ദിവസം മാത്രമേ ഞാനദ്ദേഹത്തെ കണ്ടിട്ടുള്ളൂ. ഒരു പ്രോഗ്രാം നടക്കുന്ന സമയം മുഴുവനും സ്റ്റേജിന്റെ സൈഡിൽ നിൽക്കയായിരുന്നു, ഇരുന്നിട്ടില്ല... ഇടയ്ക്കിടയ്ക്ക് അയാളുടെ കണ്ണ് നിറയുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരു ഇരുപത്- ഇരുപത്തഞ്ച് വയസ്സ് തോന്നിക്കുന്ന പയ്യൻ. പ്രോഗ്രാം കഴിഞ്ഞ് ഇറങ്ങുമ്പോൾ ആൾക്കൂട്ടത്തിനിടയിലൂടെ തള്ളി വന്ന് അയാൾ എന്റെ കാലിൽ വീണു. ഞാൻ പിടിച്ചെഴുന്നേൽപ്പിച്ചു. കരഞ്ഞുകൊണ്ട് അയാൾ പറഞ്ഞു: ‘‘അമ്മാ ഞാൻ ഇന്ന് ജീവനോടെ ഇരിക്കാൻ കാരണം നിങ്ങളാണ്. ആത്മഹത്യചെയ്യാൻ തീരുമാനിച്ചിരിക്കുന്ന സമയത്താണ് നിങ്ങളുടെ ഈ പാട്ട് കേൾക്കുന്നത്. അതാണ് എന്നെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്...’’ 
അതിനുശേഷം ചേച്ചി ആ പാട്ടിലെ നാലു വരികൾ ഞങ്ങൾക്കായി പാടി അർഥം പറഞ്ഞുതന്നു. ‘ജീവിതം എന്ന് പറയുന്നത് ഒരു പോരാട്ടമാണ്. അതിൽ വിശ്വാസം വേണം. മുന്നോട്ടുപോവണം. തളരരുത്. ഒരു കല്ല് ഉളികൊണ്ട് ചെതുക്കിച്ചെതുക്കിയല്ലേ ശില്പമാക്കുന്നത്. എത്ര അടികൊണ്ടാണ് അത് ആ രൂപത്തിലെത്തുന്നത്. ഒരു തോൽവി കണ്ടു കഴിഞ്ഞാൽ അതിനപ്പുറത്ത് ഒരു ജയം നിങ്ങൾക്കു വേണ്ടി കാത്തിരിപ്പുണ്ട്. അതു കൊണ്ട് തളരരുത് മനമേ...’

പയ്യൻ പറയുന്നതെല്ലാം കേട്ടുകഴിഞ്ഞ് ചേച്ചി അയാളോട് പറഞ്ഞത്രേ:
‘‘ഞാനല്ല ഇതിന് കാരണക്കാരി. എന്റെ ശബ്ദം അതിൽ വന്നു എന്നേയുള്ളൂ..... ആ വരികളാണ് നിങ്ങളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. അതെഴുതിയത് പാ വിജയ് ആണ്!’’

ഈ പാട്ട് ചെന്നൈയിലെ മാതൃമന്ദിർ എന്ന സ്കൂളിലെ വേദിയിൽ പാടുകയുണ്ടായി. ഓട്ടിസം ബാധിച്ച, സെറിബ്രൽ പാൾസി വന്ന കുട്ടികളാണവിടെ. പാട്ടിനിടയിൽവെച്ച് കുട്ടികളും രക്ഷിതാക്കളും ഒക്കെ കരഞ്ഞു. അതുകണ്ട് എനിക്കും കരച്ചിൽ വന്നു. തൊണ്ടയൊക്കെ പിടിച്ച് പാടാൻ പറ്റാതെയായി. പിന്നെ എങ്ങനെയൊക്കെയോ പാടിയവസാനിപ്പിച്ചു. അതുപോലെ, ‘വേണുവൈ വെച്ചാണു’ എന്ന തെലുഗ് പാട്ട് പാടുമ്പോഴും എന്തുകൊണ്ടോ വല്ലാതെ സങ്കടം വരാറുണ്ട്. അത്രയ്ക്ക് ഇമോഷണൽ ആയ പാട്ടാണത്. വിഷമഘട്ടങ്ങളിൽ പൂർവസൂരികൾ എന്നെ മുന്നോട്ട് നടത്തുന്നു.

തെലുഗ് ഭാഷാഗാനങ്ങളെപ്പറ്റി പറഞ്ഞതുകൊണ്ട് ചോദിക്കയാണ്. അത്തരം പാട്ടുകൾ ഭാഷ പഠിച്ച് പാടുകയാണോ പതിവ്?

പാടിത്തുടങ്ങുന്ന കാലത്ത് തെലുഗ് ഭാഷ എനിക്കറിയില്ലായിരുന്നു. പ്രത്യേകിച്ചും എക്സ്പ്രഷൻസ്. തെലുഗ് കീർത്തനങ്ങൾ പഠിച്ചിട്ടുണ്ടെങ്കിലും അതിലെ വാക്കുകളെല്ലാം തെറ്റായി ആണ് ഉച്ചരിക്കുന്നത് എന്ന് ഭാഷ പഠിക്കാൻ തുടങ്ങിയപ്പോഴാണ് മനസ്സിലായത്. ഇക്കാര്യത്തിൽ എസ്.പി. ബി. സാർ ഒരുപാട് സഹായിച്ചിട്ടുണ്ട്. പല വാക്കുകളുടെയും അർഥം സാറ് കൊടുക്കുന്ന എക്സ്പ്രഷനിൽനിന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. അദ്ദേഹം പലതും നമുക്ക് തിരുത്തിത്തരും. ‘‘ഏ ചിത്രാ ആ വാക്കിന് ഇതാണ് അർഥം, ഇത്തിരി ചിരിയോടെ പാട്.’’ അങ്ങനെ ഒക്കെ സാറിങ്ങനെ ഓരോ ക്ലൂ തരുമായിരുന്നു. അതൊക്കെ വെച്ചാണ് ഞാൻ സത്യത്തിൽ പിടിച്ചുനിന്നത്. [ചിത്രച്ചേച്ചി അത്രമേൽ നിഷ്കളങ്കമായി ചിരിച്ചു]

പാടുന്ന സമയത്ത് ഗായകരുടെ ഉള്ളിൽ എക്സ്പ്രഷൻ (ഭാവം) ഉണ്ടാവണം എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. സത്യത്തിൽ ഈ എക്സ്പ്രഷൻ പാടി ഫലിപ്പിക്കാൻ ഉള്ളിലുണ്ടായാൽമാത്രം മതിയോ?

പോരാ. വലിയ ശ്രമം വേണം. അനുഭവങ്ങളുണ്ടെങ്കിൽ അത് എക്സ്പ്രഷൻ വരുത്താൻ ഗുണം ചെയ്യും. എന്നാൽ, ഒരുതരത്തിലും അനുഭവിക്കാത്ത സന്ദർഭത്തിലുള്ള പാട്ടുകളും നമുക്ക് പാടേണ്ടി വരും. ഉദാഹരണത്തിന്, സ്ഫടികം സിനിമയിലെ ‘ഏഴിമലപ്പൂഞ്ചോല’ എന്ന പാട്ട് കള്ളുകുടിച്ചുകൊണ്ട് പാടുന്ന പാട്ടാണ്. ഞാൻ ജീവിതത്തിൽ കള്ള് കുടിച്ചിട്ടില്ല. അപ്പോൾ എന്തുചെയ്യും? അത് ഭാവനയിൽക്കണ്ട് പാടണം. ചിലപ്പോൾ ശരിയാവാം, ചിലപ്പോൾ തെറ്റാം. [ചേച്ചി വീണ്ടും ചിരിച്ചു] പിന്നെ ഇവയ്ക്കൊക്കെ പൂർവസൂരികളുടെ റഫറൻസുകൾ നമ്മുടെ മുന്നിലുണ്ട്. എൽ. ആർ. ഈശ്വരിയമ്മ, ജാനകിയമ്മ, സുശീലാമ്മ തുടങ്ങിയവർ പാടിവെച്ച പാട്ടുകൾ, അവരുടെയൊക്കെ സ്റ്റൈലുകൾ. അനുഭവത്തിലൂടെ സമീപിക്കാൻ കഴിയാത്ത ഇത്തരത്തിലുള്ള പാട്ടുകൾ വരുമ്പോൾ ഓർമയിലെത്തുക ഇവരിലൊരാളുടെ പാട്ടായിരിക്കും. എത്രകണ്ട് വ്യത്യസ്ത ശൈലികളിലാണ് ഇവർ പാടിവെച്ചിട്ടുള്ളത്. ഇത്തരം വിഷമഘട്ടങ്ങളിൽ അവരാണ് നമ്മളെ മുന്നോട്ടു കൊണ്ടുപോകുന്നത്. ഇളയരാജാ സാർ എനിക്ക് തന്ന ഒരു ഉപദേശമുണ്ട്: ‘‘എക്സ്പ്രഷൻസ് പഠിക്കാൻ നീ ജാനകിയമ്മയുടെ പാട്ടുകൾ കേൾക്കൂ.’’ പിന്നെ അദ്ദേഹം മുതൽ മര്യാദയിലെ ‘രാസാവേ ഉന്ന നമ്പി’ എന്ന പാട്ട് കേൾപ്പിച്ചു. കേൾക്കാൻ തുടങ്ങുന്നതിനുമുമ്പ് അതിന്റെ സന്ദർഭം വിവരിച്ചുതന്നു.
‘‘നിഷ്‌കളങ്കയായ ഒരു കുട്ടി പാടുന്നതാണ്. നീ കണ്ണടച്ച് കേള്.’’
കേട്ടപ്പോൾ എനിക്കത് വിഷ്വലൈസ് ചെയ്യാൻ പറ്റി. അതാണ് അമ്മ ഓരോ പാട്ടുകൾക്കും കൊടുക്കുന്ന ഭാവം.

രാജാ സാറിനെപ്പറ്റി പറഞ്ഞപ്പോൾ, ചേച്ചി അദ്ദേഹത്തിനുവേണ്ടി പാടിയ ഒരുപാട് പാട്ടുകൾ ഓർമയിൽ വന്നു. ‘പാടറിയേൻ പഠിപ്പറിയേൻ’, ‘ചിന്നക്കുയിൽ പാടും’, ‘വാൻമേഗം’ അങ്ങനെ പലതും...

രാജാസാറിന്റെ അടുത്തുപാടുന്ന ഓരോ പാട്ടും എനിക്ക് വ്യത്യസ്ത അനുഭവപാഠങ്ങളാണ്. ഒരുദിവസം ചെന്നപ്പോൾ അദ്ദേഹം പറഞ്ഞു: ‘‘ഇന്ന് നീ പാടാൻ പോകുന്നത് ഒരാൾ മരിച്ചുകിടക്കുമ്പോൾ അയാളെക്കുറിച്ച് പാടുന്ന പാട്ടാണ്‌.’’ പണ്ട് അയാൾ എങ്ങനെയാണ് ജീവിച്ചിരുന്നത് എന്നതിനെക്കുറിച്ച് കരഞ്ഞുകൊണ്ട് പാടേണ്ട പാട്ടാണ്. അങ്ങനെയൊരു സന്ദർഭം നമ്മൾ ജീവിതത്തിൽ കണ്ടിട്ടും കേട്ടിട്ടും ഇല്ല. അതിലേക്കെത്താൻ കുറച്ചു സമയമെടുത്തു. പിന്നെ സാറിന്റെ സഹായത്തിൽ അത് പാടിത്തീർത്തു. അദ്ദേഹത്തിന്റെ സഹായിയായ സുന്ദർരാജൻ സാറും എനിക്ക് പറഞ്ഞുതരും. അത് ഇങ്ങനെയാണ് പാടേണ്ടത്, ഇങ്ങനെയാണ് സീനിയേഴ്‌സ് പാടിവെച്ചിട്ടുള്ളത് എന്നൊക്കെ. (ഞാൻ ചെറിയ കുട്ടി ആകുമ്പോൾതൊട്ട് കാണാൻ തുടങ്ങിയതുകൊണ്ട് അവർക്കൊക്കെ എന്നോട് വലിയ വാത്സല്യമുണ്ട്.) റഫറൻസുകളും കേൾപ്പിച്ചു തരും. വനജ ഗിരിജ എന്ന സിനിമയ്ക്കകത്ത് ഉർവശിക്കുവേണ്ടി ‘മാറുഗാ മാറുഗാ’ എന്നൊരു പാട്ട് ഞാൻ പാടിയിട്ടുണ്ട്. അതിപ്പോഴും എന്റെ ശബ്ദമാണെന്ന് പലർക്കും അറിയില്ല. (അതിനുശേഷം അതിന്റെ നാലുവരി ചേച്ചി പാടിത്തന്നു.) ഇത് പാടേണ്ട രീതി എനിക്ക് കൃത്യമായി പറഞ്ഞുതന്നു പാടിച്ചെടുക്കുകയായിരുന്നു രാജാസാർ. ഇത്തരം പരീക്ഷണങ്ങൾ ചെയ്യാൻ ആദ്യമാദ്യം എനിക്ക് ഭയങ്കര ചമ്മലായിരുന്നു. സ്റ്റേജിൽ പാടുമ്പോൾ പാട്ടിനിടയ്ക്ക് ഒരു ചിരി ഉണ്ടെങ്കിൽ അത് വരുന്ന സമയം ഞാൻ സ്റ്റക്ക് ആയിപ്പോവും. അത്തരത്തിലുള്ള എക്സ്പ്രഷൻസ് കൊടുക്കാൻ എന്തോ വല്ലാത്ത മടിയാണ്. ജാനകിയമ്മയാണെങ്കിൽ ഇതൊക്കെ വളരെ ഈസിയായാണ് പാടുക. മുഖത്ത് ഒരു ഭാവമാറ്റം പോലുമുണ്ടാവില്ല. ശബ്ദത്തിൽ ആണ് എല്ലാം. എനിക്ക് പാട്ടിലുള്ള എക്സ്പ്രഷൻ മുഖത്ത് വരും.

ചിത്രച്ചേച്ചിയുടെ പാട്ടുകളുടെ കടുത്ത ആരാധകനായ എന്റെ ഒരു സുഹൃത്ത് പറഞ്ഞതാണ്. ’80-കളുടെ മധ്യം വരെയുള്ള ആലാപനശൈലിയും അതിനുശേഷമുള്ളതും വ്യത്യസ്തമാണെന്ന്. പ്രത്യേകിച്ചും ഡൈനാമിക്സിൽ, റെൻഡീഷനിൽ, നാസിക ഉപയോഗിക്കുന്നതിൽ ഒക്കെ. അത് അദ്ദേഹത്തിന്റെ തോന്നൽ മാത്രമാവാം. ചേച്ചിയുടെ ഭാഗത്തുനിന്ന് അങ്ങനെയെന്തെങ്കിലും മാറ്റം വരുത്തലുകൾ ഏതെങ്കിലും ഘട്ടങ്ങളിൽ ഉണ്ടായിട്ടുണ്ടോ?

ഞാൻ നേരത്തേ പറഞ്ഞപോലെ, എല്ലാം ഒരു പഠനമാണല്ലോ. അതിനനുസരിച്ച് മാറ്റങ്ങൾ വന്നിട്ടുണ്ടാവാം. പല പല സ്വാധീനങ്ങളും ഉണ്ടാവാം. ഓമനക്കുട്ടി ടീച്ചർ പഠിപ്പിച്ച കീർത്തനങ്ങളല്ലാതെ സിനിമാപ്പാട്ടുകൾ അങ്ങനെ പാടിയിരുന്നില്ല. അപൂർവമായി ‘ദ്വാരകേ...’ എന്ന പാട്ടൊക്കെ സ്റ്റേജിൽ പാടിയിട്ടുണ്ടാവാം എന്നല്ലാതെ. ദാസേട്ടന്റെയും ജയേട്ടന്റെയും കൂടെ പ്രോഗ്രാമുകളിൽ പങ്കെടുക്കാൻ തുടങ്ങിയപ്പോഴാണ് ഞാൻ സിനിമാപ്പാട്ടുകൾ കൂടുതലായി പാടാൻ തുടങ്ങിയത്. ആദ്യമായി ഒരു ഗാനമേളയിൽ പാടുന്നത്‌ ജയേട്ടനൊപ്പമാണ്‌. അവരുടെയൊക്കെ സ്വാധീനം എന്റെ പാട്ടുകളിൽ വന്നിട്ടുണ്ടാവണം. ഞാൻ ആദ്യമായി സൂര്യ ഫെസ്റ്റിവലിന് ചെയ്ത കച്ചേരി കേട്ടിട്ട്, ഓമനക്കുട്ടി ടീച്ചറുടെ മരുമകൻ ആലപ്പി ശ്രീകുമാർ എന്നോട് പറഞ്ഞു: ‘‘അമ്മ പാടുന്ന പോലെ തോന്നി പല ഭാഗത്തും.’’ കുമ്മാട്ടിയിൽ കോറൽ ഗ്രൂപ്പിൽ പാടിയശേഷം, ഒ.വി. റാഫേൽ സാറിന്റെ സംഗീതത്തിൽ ‘ജ്യോതിസ്സേ ദിവ്യജ്യോതിസ്സേ’ എന്ന ഗാനമാണ്‌ ആദ്യമായി പാടുന്നതെങ്കിലും സിനിമയും പാട്ടും പുറത്തുവന്നില്ല. അതിനുശേഷമാണ്‌ രാധാകൃഷ്ണൻ ചേട്ടന്റെ (എം.ജി. രാധാകൃഷ്ണൻ) സംഗീതത്തിൽ ‘അട്ടഹാസം’, ‘ഞാൻ ഏകനാണ്‌’, ‘സ്‌നേഹപൂർവം മീര’, ‘നവംബറിന്റെ നഷ്ടം’ എന്നീ സിനിമകളിൽ പാടുന്നത്‌. പക്ഷേ, അതിൽ ആദ്യം റിലീസ്‌ ചെയ്തത്‌ ‘ഞാൻ ഏകനാണ്‌’ എന്ന സിനിമയാണ്‌.

തുടക്കകാലത്ത് എന്റേത്‌ ഒരു ചൈൽഡിഷ് റെൻഡിഷൻ ആയിരുന്നു. പിന്നീട് ഡബ്ബിങ്‌ സിനിമകൾക്കും മറുഭാഷാ സിനിമകൾക്കും പാടാൻ തുടങ്ങിയപ്പോഴാണ് അതിന് മാറ്റം വന്നത്. ഒരിക്കൽ അച്ഛന്റെയൊപ്പം ഒരു പാട്ട് റെക്കോഡിങ്ങിന് ചെന്നതാണ്. തെലുഗിൽനിന്ന് തമിഴിലേക്ക് ഡബ്ബ് ചെയ്ത സിനിമയായിരുന്നു. അതിന്റെ പല്ലവിയിൽ, നായകൻ നായികയെ ഇക്കിളിയാക്കുമ്പോൾ നായിക ചിരിക്കുന്നതായി വേണം. ഒറിജിനൽ പാടിയിരിക്കുന്നത് ജാനകിയമ്മയാണ്. ഒരു ചെറുചിരിയിൽ തുടങ്ങി അത് കൂടിക്കൂടി വരുന്നു. അത്ര തന്മയത്വത്തോടെയാണ് അമ്മ അത് ചെയ്തിരിക്കുന്നത്. ഞാനിതെങ്ങനെ പാടും എന്ന് പരിഭ്രമമായി. ‘‘ഇത് എനിക്ക് പാടാൻ പറ്റില്ല, നമുക്ക് പോകാം.’’ എന്ന് അച്ഛനോട് പറഞ്ഞു.

‘‘എന്തായാലും, വന്നതല്ലേ. നനഞ്ഞാൽ കുളിച്ചു കയറണം. നിനക്ക് പറ്റുമോ എന്ന് നോക്ക്. പറ്റിയില്ലെങ്കിൽ വേറെ ആളിനെക്കൊണ്ട് പാടിച്ചോട്ടെ. പക്ഷേ, ശ്രമിക്കാതെ പോകരുത്.’’ അച്ഛൻ എന്നെ നിർബന്ധിച്ച് അത് പാടിച്ചു. വല്ലാത്ത ലജ്ജയോടെയാണ് ഞാൻ ആ ചിരിയൊക്കെ ചിരിച്ചത്. ജാനകിയമ്മ ചിരിച്ചതിന്റെ നാലിലൊന്നുപോലും വന്നിട്ടില്ല. പക്ഷേ, അവർ ആ പാട്ട് ഓക്കേ ചെയ്തു. ഒരു സ്റ്റൈൽ മാത്രമല്ല നമ്മൾ പാടേണ്ടത്. എല്ലാം ശ്രമിക്കണം. അതുപോലെ ഒരുപാട് പേരുടെ പാട്ടുകൾ കേൾക്കണം. ഞാൻ കുട്ടികളോടൊക്കെ പറയാറുണ്ട്, നമ്മുടേതായ ഒരു ‘ബാണി’ ഉണ്ടായിവരണമെങ്കിൽ ഒരുപാടുപേരുടെ പാട്ട് കേൾക്കണമെന്ന്‌. കേൾവിജ്ഞാനം വളരെ പ്രധാനമാണ്.

കുട്ടികളുടെ കാര്യം പറഞ്ഞപ്പോൾ ചോദിക്കുകയാണ്. ഒരുപാട് റിയാലിറ്റി ഷോകളിൽ വിധികർത്താവായി ഇരിക്കുന്നുണ്ട്. ഇവിടെ വരുന്ന വലിയൊരു ശതമാനം കുട്ടികളുടെയും ആഗ്രഹമാവും ഒരു പിന്നണി ഗായിക /ഗായകൻ ആവുക എന്നത്. പിന്നണിഗാനം പാടൽ എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ. കഥയും സന്ദർഭവും ഒക്കെ നോക്കി പാടേണ്ടേ? പിന്നണി ഗാനാലാപനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

ഇപ്പോഴത്തെ കുട്ടികളുടെ അൾട്ടിമേറ്റ് ലക്ഷ്യമാണ് പിന്നണി ഗാനം പാടൽ എന്ന് നമുക്ക് പറയാൻ പറ്റില്ല. ഇത് സ്വതന്ത്രസംഗീതത്തിന്റെ കാലമാണ്. കുട്ടികൾക്ക് പാട്ട് സ്വയം ക്രിയേറ്റ് ചെയ്യാന്നും പാടാനുമുള്ള ഒരുപാട് സാധ്യതകൾ മുന്നിലുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽനിന്നും മറ്റും ഒരുപാട് സഹായം ലഭിക്കുന്നുണ്ട്. അത് വലിയൊരു അനുഗ്രഹമാണ്. പിന്നണിഗാനവുമായി ബന്ധപ്പെട്ട് പറയുമ്പോൾ നമുക്ക് പലപല പാട്ടുകൾ പാടേണ്ടി വരും. രാവിലെ ഒരു ഭക്തിഗാനം പാടിക്കഴിഞ്ഞ് അടുത്ത സ്റ്റുഡിയോയിലേക്ക് പോകുമ്പോൾ തികച്ചും വ്യത്യസ്തമായ ഒന്നായിരിക്കും അവിടെ. ചിലപ്പോൾ ഒരു ക്ലബ്ബ് സോങ് ആയിരിക്കും. അല്ലെങ്കിൽ പ്രണയഗാനമാവാം. വേഗത്തിൽ നമുക്കതിലേക്ക് മാറാൻ കഴിയണം. നൂറു ശതമാനവും ആ പാട്ടിന് വേണ്ടത് കൊടുക്കാൻ കഴിയണം. അത് പ്രധാനമാണ്.

സംഗീത കലാനിധി പുരസ്കാരം ലഭിച്ചപ്പോൾ എം.എസ്. സുബ്ബലക്ഷ്മി പറഞ്ഞിട്ടുണ്ട്. ‘‘എന്റെ മ്യൂസിക് ലൈഫ് എന്ന് പറയുന്നത് ഭർത്താവ് സദാശിവമാണ്. അദ്ദേഹം ഇല്ലായിരുന്നെങ്കിൽ ഈയൊരു ഉയരത്തിലേക്കെത്താൻ എനിക്ക് കഴിയുമായിരുന്നില്ല.’’എന്ന്‌ അതുപോലെ അറുപത് പിന്നിടുന്ന ചേച്ചിയുടെ ഈ യാത്രയിലും വിജയേട്ടന് (വിജയ് ശങ്കർ) വലിയൊരു പങ്കില്ലേ?

നൂറു ശതമാനം. എനിക്കത് എടുത്തു പറയേണ്ടതുണ്ട്. ഞാനിപ്പോൾ ഇങ്ങനെ നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം അദ്ദേഹമാണ്. ഞാൻ എപ്പോഴും പിറകോട്ടു വലിയുന്ന ആളാണ്. ആ എന്നെ അത്രയും മോട്ടിവേറ്റ് ചെയ്ത് മുന്നോട്ടുകൊണ്ടുപോകുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. അത് ചെയ്തത് വിജയൻ ചേട്ടനല്ലാതെ മറ്റാരുമല്ല. എന്റെ അച്ഛൻ അസുഖമായി കിടക്കുമ്പോഴാണ് ഞങ്ങളുടെ എൻഗേജ്‌മെന്റ് നടക്കുന്നത്. അച്ഛൻ എന്നെ വിജയൻ ചേട്ടന്റെ കൈകളിൽ ഏൽപ്പിച്ചുകൊടുത്തു എന്നുതന്നെ പറയണം. അച്ഛൻ എന്നെ എങ്ങനെ കൊണ്ടുപോയിരുന്നോ അതുപോലെത്തന്നെ അദ്ദേഹവും അത് നിറവേറ്റുന്നു. ഒരു ബുദ്ധിമുട്ടും വിഷമവും അറിയിക്കാതെ എപ്പോഴും കൂടെത്തന്നെ ഉണ്ടാകുന്നു. തീരുമാനമെടുക്കാൻ എനിക്ക് വലിയ കൺഫ്യൂഷനാണ്. നോ പറയാനൊക്കെ വലിയ ബുദ്ധിമുട്ടാണ്. അത്തരം സന്ദർഭങ്ങളിലൊക്കെ എന്നെ സംരക്ഷിക്കുന്നത് അദ്ദേഹമാണ്.

ആ പാട്ട് എനിക്ക് പാടാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് തോന്നിയ, പാടാൻ പറ്റാതെപോയ പാട്ടുകളുണ്ടോ?

പാടാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നുതോന്നുന്ന പാട്ടുകൾ എനിക്ക് പ്രോഗ്രാമിൽ പാടാമല്ലോ. പാടുകയല്ലേ വേണ്ടൂ. അത് റെക്കോഡിങ്ങിൽ തന്നെയാവണമെന്നില്ലല്ലോ. [ചേച്ചി ചിരിച്ചു] കിഷോർ കുമാറിനൊപ്പം ഒരു യുഗ്മഗാനം പാടാനുള്ള ഒരു അവസരം വന്നിരുന്നു. ആ സമയത്ത് പക്ഷേ, പ്രോഗ്രാമുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായില്ല. അതുപോലെ, നൗഷാദ് സാറിന്റെ ഒരു പാട്ടും എന്നെക്കൊണ്ട് പാടിക്കാൻ തീരുമാനിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട് (ധ്വനി ആണെന്ന് തോന്നുന്നു). ആ സമയത്തും സ്ഥലത്തുണ്ടായില്ല. ആദ്യകാലത്ത് ഒരിക്കൽ ഒരു സംഗീതസംവിധായകന്റെ പാട്ട് പാടാതെ പോരേണ്ടിവന്നിട്ടുണ്ട്. എസ്.പി.ബി. സാറിനൊപ്പമുള്ള ഒരു യുഗ്മഗാനമായിരുന്നു. സാർ ആദ്യമേ അത് പാടുന്നില്ലെന്നുെവച്ചു. അതിലെ ഒരു വരിയായിരുന്നു പ്രശ്നം. എനിക്ക് പക്ഷേ, അങ്ങനെ നോ പറയാൻ പറ്റിയില്ല. എന്നാൽ, അങ്ങനെ ഒരു വരി പാടാനും ബുദ്ധിമുട്ട്. ഒടുവിൽ സംഗീതസംവിധായകന് അത് മനസ്സിലായി.‘‘ബുദ്ധിമുട്ടുണ്ടെങ്കിൽ പാടേണ്ട’’ എന്ന് അദ്ദേഹവും പറഞ്ഞു.

പിന്നീട് ഇതറിഞ്ഞ ഇളയരാജ സാർ എന്നെ വിളിച്ച് സ്നേഹപൂർവം ശാസിച്ചു:‘‘വരിയെഴുതുന്നതും സംഗീതം ചെയ്യുന്നതുമൊന്നും അവനവന്റെ ഇഷ്ടത്തിന് വേണ്ടിയല്ല, സിനിമയ്ക്കുവേണ്ടിയാണ്. പാടുന്നതും അങ്ങനെ തന്നെ.’’ അതിനുശേഷം എന്നെത്തേടിവന്ന പാട്ടുകൾ പാടാതിരുന്നിട്ടില്ല.

അനുദിനം മാറിക്കൊണ്ടിരിക്കയാണ് സംഗീതത്തിന്റെ അഭിരുചികളും വഴികളും. സംഗീതപാതയിൽ ഇനി എന്തൊക്കെ ചെയ്യണം എന്നാണ് ആഗ്രഹം?

ഗസൽ ഞാനിതുവരെ പാടിയിട്ടില്ലാത്ത മേഖലയാണ്. അതൊരാഗ്രഹമായി ഉള്ളിൽ കിടന്നിരുന്നു. പിന്നീട് ഞങ്ങളുടെ ഓഡിയോ കമ്പനിക്ക് വേണ്ടി രമേശ് നാരായണൻ സാർ സംഗീതം നൽകി മൃദുമൽഹാർ എന്ന ഗസൽ ആൽബം പുറത്തിറക്കി. പാട്ടുകൾ പാടിക്കഴിഞ്ഞു. അതുപോലെ പാടാനായി കുറെ ഇൻഡിപെൻഡൻറ് സോങ്‌സ് ഉണ്ട്. യാത്രകളും സിനിമാ ജോലികളും കാരണം നീണ്ടുപോവുകയാണ്. അതെല്ലാം ചെയ്തുതീർക്കണം.

അറുപതാം പിറന്നാളിനെക്കുറിച്ച് ചോദിച്ചപ്പോൾ ചിത്രച്ചേച്ചി പറഞ്ഞു:
‘പ്രായം പറയാൻ എനിക്ക് ബുദ്ധിമുട്ടില്ല. പക്ഷേ, ആഘോഷങ്ങളോട് എന്തോ എപ്പോഴും ഒരകൽച്ചയുണ്ട്. ഇങ്ങനെയങ്ങ് പോകണമെന്നേയുള്ളൂ.’

പിന്നെ ചിരിച്ച്, എല്ലാവരെയും പേരെടുത്ത് വിളിച്ച് യാത്രപറഞ്ഞ് പല്ലവിയിൽനിന്ന് അനുപല്ലവിയിലേക്ക് കടക്കുന്ന സുന്ദര സംഗീതംപോലെ ചേച്ചി നടന്നുപോയി.

( മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്, ഏകോപനം: പി. പ്രജിത്ത് )