ഇന്ത്യന്‍ അത്ലറ്റിക്സ് ശരിയായ ട്രാക്കില്‍ത്തന്നെ. ഹാങ്ചൗ ഏഷ്യന്‍ ഗെയിംസ് നല്കുന്ന സൂചന അതാണ്. എന്നാല്‍, ഈ ഗതിവേഗം മതിയോ എന്നൊരു ആശങ്കയും ഉയര്‍ത്തുന്നുണ്ട്. മെഡല്‍ നേട്ടത്തില്‍, 2018-ലെ ജക്കാര്‍ത്ത ഗെയിംസിനെ ഹാങ്ചൗ മറികടന്നു. ആറ് സ്വര്‍ണവും 14 വെള്ളിയും ഒന്‍പത് വെങ്കലവും ചേര്‍ത്ത് 29 മെഡലാണ് ഇക്കുറി ഇന്ത്യന്‍ അത്ലറ്റുകള് നേടിയത്. എട്ടു സ്വര്‍ണം ഉള്‍പ്പെടെ 20 മെഡലാണ് ജക്കാര്‍ത്തയില്‍ നേടിയത്. ആകെ മെഡല്‍ കൂടിയെങ്കിലും സ്വര്‍ണം ഹാങ്ചൗവില്‍ രണ്ടു സ്വര്‍ണം കുറഞ്ഞു.
കരുത്തുകാട്ടി കേരളം
മലയാളി താരങ്ങള്‍ പതിവുപോലെ മികച്ചുനിന്നു. എം. ശ്രീശങ്കര്‍, ആന്‍സി സോജന്, മുഹമ്മദ് അഫ്സല്, ജിന്സണ് ജോസണ്‍ എന്നിവര്‍ വ്യക്തിഗത മെഡല്‍ നേടിയപ്പോള്‍ മുഹമ്മദ് അനസും മുഹമ്മദ് അജ്മലും അമോജ് ജേക്കബും മെഡല്‍ നേടിയ റിലേ ടീമില്‍ അംഗങ്ങളായിരുന്നു. പുരുഷ, മിക്സഡ് ടീമുകളില്‍ അംഗമായിരുന്നു മുഹമ്മദ് അജ്മല്‍.
ട്രിപ്പിള്‍ വിദ്യ
മൂന്ന് മെഡല്‍ നേടിയ വിദ്യ രാംരാജാണ് മെഡല്‍ നേട്ടത്തില്‍ മുന്നില്‍. വനിതകളുടെ 4x400 മീറ്റര്‍ റിലേ, 4x400 മീറ്റര്‍ മിക്സ്ഡ് റിലേ എന്നിവയില്‍ വെള്ളിയും വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെങ്കലവും നേടി.
അവിനാശ് സാബ്ലെ (3000 സ്റ്റീപ്പിള്‍ചേസ് സ്വര്‍ണം, 5000 മീറ്റര്‍ വെള്ളി), പാറുള്‍ ചൗധരി (5000 മീറ്റര്‍ സ്വര്‍ണം, 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ് വെള്ളി), ഹര്മിലന് ബെയ്ന്‍സും (1500, 800 വെള്ളി), മുഹമ്മദ് അജ്മല്‍ (പുരുഷന്മാരുടെ 4x400 മീറ്റര്‍, 4x400 മീറ്റര്‍ മിക്സഡ് റിലേ), രാജേഷ് രമേഷ് (പുരുഷന്മാരുടെ 4x400 മീറ്റര്‍, 4x400 മീറ്റര്‍ മിക്സഡ് റിലേ) എന്നിവരാണ് ഇരട്ട മെഡല്‍ നേടിയവര്‍.
നീരജ് ചോപ്ര മികച്ച പ്രകടനത്തോടെ തിരിച്ചെത്തിയതാണ് മറ്റൊരു ആവേശം. തേജീന്ദര്‍ പാല് സിങ് ടൂര്‍ (ഷോട്ട്പുട്ട്), അന്നു റാണി (വനിതാ ജാവലിന്‍) എന്നിവരാണ് മറ്റ് സ്വര്‍ണനേട്ടക്കാര്‍. വനിതാ ജാവലിനില്‍ ഇത് ഇന്ത്യയുടെ ആദ്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവുമാണ്.
എം. ശ്രീശങ്കര്‍, ആന്‍സി സോജന് (ലോങ്ജമ്പ്), മുഹമ്മദ് അഫ്സല് (800 മീറ്റര്‍), കാര്‍ത്തിക് കുമാര്‍ (1000 മീറ്റര്‍), അജയ്കുമാര്‍ സരോജ് (1500 മീറ്റര്‍), തേജസ്വിന് ശങ്കര്‍ (ഡക്കാത്ത്ലണ്‍), ജ്യോതി യരാജി (100 മീറ്റര്‍ ഹര്‍ഡില്‍സ്), കിഷോര്‍ ജെന (ജാവലിന്‍ ത്രോ) വനിതാ, മിക്സഡ് റിലേ ടീമുകള്‍ എന്നിവരാണ് വെള്ളി സമ്മാനിച്ചത്. നേരിയ വ്യത്യാസത്തിനാണ് ശ്രീശങ്കറിന് സ്വര്‍ണം നഷ്ടമായത്. ഷൈലി സിങ്ങിന്റെ നിഴലിലായിരുന്ന ആന്‍സിയുടെ കന്നി ഏഷ്യന്‍ ഗെയിംസ് മെഡലാണിത്.
ജിന്സണ് ജോണ്സണ് (1500 മീറ്റര്‍), പ്രവീണ്‍ ചിത്രവേല്‍ (ട്രിപ്പിള്‍ജമ്പ്), പ്രീതി (3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ്), സീമ പുനിയ (ഡിസ്ക്കസ് ത്രോ), നന്ദിനി അഗസര (ഹെപ്റ്റാത്ത്ലണ്‍), കിരണ്‍ ബല്യാന്‍ (ഷോട്ട്പുട്ട്), 35 കിലോമീറ്റര്‍ നടത്തം (ഡബിള്‍സ് ടീം) എന്നിവര്‍ വെങ്കലം നേടി.
61 വര്‍ഷത്തിനുശേഷമാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പുരുഷ ടീം 4x400 മീറ്റര്‍ റിലേ സ്വര്‍ണം നേടുന്നത്. 1962 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ദല്‍ജിത്ത് സിങ്, ജഗദീഷ് സിങ്, മഖന്‍ സിങ്, മില്‍ഖാ സിങ് എന്നിവരടെ ടീം (3:10.2 സെക്കന്‍ഡ്) മെഡല്‍ നേടിയിരുന്നു. ഇക്കുറി മുഹമ്മദ് അനസ്, അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍, രാജേഷ് രമേഷ് എന്നിവരടങ്ങിയ ടീം 3:01.58 സെക്കന്‍ഡില്‍
ഫിനിഷ് ചെയ്തു. ഏഷ്യന്‍ റെക്കോഡും ഈ ടീമിന്റെ പേരിലാണ്. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിദ്യ രാംരാജ് പി.ടി. ഉഷയുടെ 39 കൊല്ലം പഴക്കമുള്ള റെക്കോഡിനൊപ്പമെത്തിയതും പ്രധാനം.
Content Highlights: India on right track in athletics with record in medal haul
Published: 06 Oct 2023, 08:13 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented