ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. അഫ്ഗാനിസ്താനെതിരായ ഫൈനല്‍ മഴമൂലം ഉപേക്ഷിച്ചതോടെയാണ് ഇന്ത്യ സ്വര്‍ണം നേടിയത്. സീഡ് അടിസ്ഥാനത്തിലാണ് അഫ്ഗാനെ മറികടന്ന് ഇന്ത്യ ജേതാക്കളായത്.

To advertise here,

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ 18.2 ഓവറില്‍ അഞ്ചിന് 112 എന്ന നിലയില്‍ നില്‍ക്കെയാണ് മഴ കളിമുടക്കിയത്. മഴ മൂലം ഔട്ട്ഫീല്‍ഡ് നനഞ്ഞ കാരണം മത്സരം ആരംഭിക്കാനും വൈകിയിരുന്നു. ഇതോടെയാണ് വീണ്ടും മഴയെത്തിയതോടെ മത്സരം ഉപേക്ഷിച്ചത്. ചെസ്സില്‍ നിന്ന് ഇന്ത്യ രണ്ട് മെഡല്‍ കൂടി നേടി. ചെസ്സില്‍ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകള്‍ വെള്ളി മെഡല്‍ നേടി.

ഇതോടെ 28 സ്വര്‍ണവും 38 വെള്ളിയും 41 വെങ്കലവുമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം 107 ആയി. പുരുഷന്‍മാരുടെ കബഡി ടീമും ബാഡ്മിന്റണില്‍ ഡബിള്‍സ് താരങ്ങളായ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യവും സ്വര്‍ണം നേടി.വനിതാ ഹോക്കിയില്‍ ഇന്ത്യന്‍ ടീം വെങ്കലം നേടി.പുരുഷന്മാരുടെ 86 കിലോ വിഭാഗം ഗുസ്തിയില്‍ ഇന്ത്യയുടെ ദീപക് പൂനിയയ്ക്ക് വെള്ളി. ഫൈനലില്‍ ഇറാന്റെ ഹസ്സന്‍ യസ്ദാനിചരദിയാണ് ദീപകിനെ കീഴടക്കിയത്. 10-0 നാണ് ഇന്ത്യന്‍ താരത്തിന്റെ തോല്‍വി.

ശനിയാഴ്ച നടന്ന കബഡി ഫൈനലില്‍ ചൈനീസ് തായ്പെയിയെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതാ ടീം സ്വര്‍ണമണിഞ്ഞതോടെ രാജ്യത്തിന്റെ മെഡല്‍ നേട്ടം 100-ല്‍ എത്തിയിരുന്നു. 26-25 എന്ന സ്‌കോറിന് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ ജയം.

25 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമടക്കമാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം 100 തൊട്ടത്. 72 വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഇതാദ്യായാണ് ഇന്ത്യ മെഡലുകളില്‍ സെഞ്ചുറി തികയ്ക്കുന്നത്. അഞ്ചുവര്‍ഷംമുമ്പ് ജക്കാര്‍ത്തയില്‍ നേടിയ 70 മെഡലുകളായിരുന്നു ഇതുവരെ റെക്കോഡ്. ജക്കാര്‍ത്തയിലെ 16 സ്വര്‍ണം 23 വെള്ളി, 31 വെങ്കലം എന്നിങ്ങനെയായിരുന്നു നേട്ടം.

അമ്പെയ്ത്തില്‍ പുരുഷന്‍മാരുടെ കോമ്പൗണ്ട് വ്യക്തിഗത ഇനത്തില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യ നേടിയിരുന്നു. ഓജസ് പ്രവീണാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. ഫൈനലില്‍ എതിരാളിയായ അഭിഷേക് വെളളിയും നേടി.

വനിതകളുടെ കോമ്പൗണ്ട് ഇനത്തില്‍ ജ്യോതി സുരേഖ വെന്നവും സ്വര്‍ണം നേടി. ശനിയാഴ്ച നടന്ന ഫൈനലില്‍ കൊറിയന്‍ താരത്തെ 149-145 എന്ന സ്‌കോറിന് മറികടന്നായിരുന്നു ജ്യോതിയുടെ സ്വര്‍ണ നേട്ടം. ഇത്തവണത്തെ ഗെയിംസില്‍ ജ്യോതിയുടെ മൂന്നാം സ്വര്‍ണമാണിത്. വനികളുടെ കോമ്പൗണ്ട് ടീം ഇനത്തിലും മിക്സഡ് കോമ്പൗണ്ട് ടീം ഇനത്തിലുമായിരുന്നു ജ്യോതിയുടെ മറ്റ് സ്വര്‍ണ നേട്ടം.

അതേസമയം ഇതേയിനത്തില്‍ ഇന്ത്യയുടെ അതിഥി സ്വാമി വെങ്കലവും നേടി. ഇന്‍ഡൊനീഷ്യന്‍ താരത്തെ 146-140 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയായിരുന്നു അതിഥിയുടെ മെഡല്‍ നേട്ടം.