ഓരോതവണ നിഹാവോയും ഷിഷേയും കേൾക്കുമ്പോൾ ഞാൻ കിലുക്കത്തിലെ ജഗതിയെ ഓർക്കും. വെൽക്കം ടു ഊട്ടി, നൈസ് ടു മീറ്റ് യൂ. 'ഈ രണ്ട് വാക്കുകൊണ്ട് നിന്നെപ്പോലൊരു കാളയെ ഇത്രയുംകാലം തീറ്റിപ്പോറ്റിയില്ലേ' എന്ന നിശ്ചലിന്റെ ഡയലോഗ് മനസ്സിൽ തെളിയും. ഇതുപോലെ രണ്ടേരണ്ട് വാക്കുകൊണ്ടല്ലേ ഹാങ്ചൗവിൽ പത്തിരുപത് ദിവസം കഴിഞ്ഞതെന്ന് ഓർക്കുമ്പോൾ അത്ഭുതം തോന്നും. ഗെയിംസിനെത്തിയവർക്ക് മുന്നിൽ ഒരേയൊരു വൈതരണിയെ ഉണ്ടായിരുന്നുള്ളൂ, ഭാഷ. ചൈനീസിന്റെയും ഇംഗ്ലീഷിന്റെയും ഇടയിൽക്കിടന്ന് വട്ടംകറങ്ങാത്തവരുണ്ടാവില്ല ഹാങ്ചൗവിൽ. ചിലർ ട്രാൻസ്ലേറ്ററിനെ ആശ്രയിച്ചു. പലരും ഇംഗ്ലീഷ് അറിയാത്തതിൽ ഖേദം പറഞ്ഞു. എന്നിട്ടും ഒരുമാസക്കാലം കാര്യങ്ങളൊക്കെ സുഗമമായി നടന്നു. ആശയവിനിമയത്തിന് ഭാഷ ആവശ്യമില്ലെന്നാണോ ഇനി?

To advertise here,

ഇതിനിടയിൽ നാവിലും ഹൃദയത്തിലും കയറിക്കൂടിയവരാണ് 'നിഹാവോ'യും 'ഷിഷേ'യും. ചൈനീസിൽ നിഹാവോ എന്നാൽ ഹലോ. ഷിഷേ എന്നാൽ താങ്ക് യൂ. രാവിലെ മുറിയിൽനിന്നിറങ്ങി പാതിരാത്രി തിരിച്ചെത്തുംവരെ ഒരുദിവസം എത്രതവണ നിഹാവോ പറയും. എത്രതവണ ഷിഷേ കേൾക്കും. താമസസ്ഥലത്തെ വൊളന്റിയർമാരിൽ തുടങ്ങി റോഡ് വൃത്തിയാക്കുന്നവർവരെ ഉള്ളവരിൽനിന്ന് ഒരു നിഹാവോ ഉറപ്പാണ്. ഗെയിംസിനുവേണ്ടി പഠിപ്പിച്ചതാണോ അതോ ചൈനീസ് സംസ്‌കാരത്തിന്റെ ഭാഗമാണോ ഈ ശീലമെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. ഇത്രയൊക്കെ ഭവ്യത മനുഷ്യർക്ക് ആവശ്യമുണ്ടോയെന്ന് ചിന്തിച്ചിട്ടുണ്ട്. എന്തായാലും നൂറ്റിയേഴ് മെഡലിന്റെ ആവേശത്തിനും നീരജിനുമെല്ലാമൊപ്പം നിഹാവോയും ഷിഷേയും കൂടെപ്പോരുമെന്ന് ഉറപ്പ്.

ഈ നിഹാവോയ്ക്കും ഷിഷേക്കുമൊപ്പം നാട്ടിലേക്ക് കൊണ്ടുവരാൻ മോഹിച്ച ഒന്നാണ് ഹാങ്ചൗവിലെ ഡോങ്കി. കഴുതയല്ല. ചൈനയിലെ ഹിറ്റ് സ്‌കൂട്ടറാണിത്. പലരൂപത്തിലുണ്ട് ഈ ഇത്തിരിക്കുഞ്ഞൻ സ്‌കൂട്ടർ. കഷ്ടിച്ച് ഒരാൾക്ക് ഇരിക്കാവുന്നതും അമ്മയ്ക്കും കുഞ്ഞിനുമൊക്കെ ഇരിക്കാവുന്നതുമായ ഇതിന് ഡിയാൻ ഡോങ് ചെ എന്നും ഡിയാൻ ലൂ എന്നുമൊക്കെയാണ് മാൻഡറിനിൽ ചൈനക്കാർ വിളിക്കുന്നത്. ഡിയാൻ ലൂ എന്നാൽ, ഇലക്ട്രിക് ഡോങ്കി എന്നാണ്. ഇരുചക്രവാഹനങ്ങൾക്കുള്ള ട്രാക്കിലൂടെ പറക്കുന്ന ഈ ഡോങ്കികൾ വലിയ ഹിറ്റാണ് ഹാങ്ചൗവിൽ. ഒപ്പം കൗതുകവും. അതിന്റെ രൂപം വിചിത്രമായി തോന്നി. നിരത്തിലും പാർക്കിങ് സ്ഥലങ്ങളിലുമെല്ലാം പലരൂപത്തിലും നിറത്തിലുമുള്ള ഈ ഡോങ്കികളെ കണ്ടു.

കുട്ടികൾമുതൽ മുതിർന്നവർവരെയുണ്ട് ഇതിൽ. വലിയ നഗരമായിവളരുന്ന ഹാങ്ചൗവിലെ ഗതാഗതപ്രശ്‌നത്തിന് വലിയ ആശ്വാസമാണ് ഈ ഡോങ്കികളെന്ന് പിന്നീടറിഞ്ഞു. 150 മുതൽ 500 ഡോളർവരെ കൊടുത്താൽ ഡോങ്കികൾ കിട്ടും. ഒറ്റ ചാർജിൽ ഏഴുമണിക്കൂർവരെ ഓടും. വലിയ സ്‌കൂട്ടറുകളുടെ ബുദ്ധിമുട്ടുമില്ല. -ഹാങ്ചൗവിൽ ഒരു ഹോട്ടലിലെ ജീവനക്കാരനായ ലി ഫാങ് പറഞ്ഞു. സൈക്കിളിന് സമാനമാണെങ്കിലും ഈ ഡോങ്കികൾക്കും ചില നിയന്ത്രണങ്ങൾ വന്നിട്ടുണ്ട്. നമ്പർപ്ലേറ്റും ഓടിക്കുന്നവർക്ക് ഹെൽമെറ്റുമൊക്ക നിർബന്ധാണ്. നിരത്തിൽ ബി.എം.ഡബ്ല്യുകളും ഡ്യൂക്കുമൊന്നും മുരണ്ടുപറക്കുന്ന കാഴ്ചകൾ കാണാത്തതിന്റെ കാരണവും ഈ ഇലക്ട്രിക് സ്‌കൂട്ടറുകളാവുമോ? അല്ലെങ്കിലും ഈ ഡോങ്കിയെ നാട്ടിൽ കൊണ്ടുവന്നിട്ട് എവിടെ ഓടിക്കാൻ? ഇങ്ങനെ ചില സന്ദേഹങ്ങൾകൂടി കോരിയിട്ടാണല്ലോ ചൈന യാത്രയാക്കുന്നത്.