പെണ്‍കുട്ടികളുടെ കല്യാണപ്രായം പതിനെട്ടോ ഇരുപത്തിയൊന്നോ? അത് പതിനാറാക്കണോ? എക്കോയോട് മിണ്ടിപ്പറഞ്ഞ് ദേഷോ കൊട്ടാരത്തിന്റെ പടികയറുമ്പോള്‍ നാട്ടിലെ ചര്‍ച്ചകള്‍ ഓര്‍ത്തു.

To advertise here,

ചരിത്രം പഠിച്ച എക്കോയ്ക്ക് 33 വയസ്സായി. സോങ് രാജവംശത്തിന്റെ കഥ പറയുന്നതിനിടെ സ്വന്തം കഥയും എക്കോ പറഞ്ഞുകൊണ്ടിരുന്നു. ഒട്ടേറെ പദ്ധതികളുണ്ട് എക്കോയുടെ മനസ്സില്‍. ഓട്ടത്തിനിടെ കല്യാണംകഴിക്കാന്‍ മറന്നുപോയോ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു. വേണ്ടിവന്നില്ല. എന്റെ മനസ്സുവായിച്ചാവും എക്കോ പറഞ്ഞു: ''ഞങ്ങള്‍ ചൈനീസ് പെണ്‍കുട്ടികള്‍ക്ക് ഇപ്പോള്‍ ജോലിയാണ് പ്രധാനം. കല്യാണത്തെക്കുറിച്ചൊന്നും ചിന്തിക്കാറില്ല.'' ഹാങ്ചൗവില്‍ ഒരു പി.ആര്‍. ഏജന്‍സിയില്‍ ജോലിചെയ്യുന്ന ഗ്യുയി ചിയാവോ യുന്‍ എന്ന ഗ്രേസിന് 40 വയസ്സായി. ഗ്രേസിനോട് കല്യാണക്കാര്യം ചോദിക്കാതിരിക്കാനായില്ല. പറ്റിയ ആളെ കണ്ടെത്താനായില്ലെന്നാണ് ഉത്തരം. ''പഴയ തലമുറയിലൊക്കെ നേരത്തേ കല്യാണം കഴിക്കുമായിരുന്നു. പക്ഷേ, മില്ലെനിയം കുട്ടികള്‍ അങ്ങനെയല്ല. പെണ്‍കുട്ടികള്‍ക്ക് ജോലിയും ജീവിതവുമാണ് പ്രധാനം. അവര്‍ക്ക് ജീവിക്കാന്‍ ഒരു പുരുഷന്റെ സഹായം ആവശ്യമില്ല. മെച്ചപ്പെട്ട ജോലി കണ്ടെത്തുകയാണ് ലക്ഷ്യം. അതിനിടെ പങ്കാളിയെ തിരയാന്‍ സമയമില്ല. പെണ്‍കുട്ടികളുടെ യാത്രപോലും ഒറ്റയ്ക്കാണ്.'' -കഴിഞ്ഞവര്‍ഷം തനിച്ച് ഡല്‍ഹിയും ജയ്പുരും ആഗ്രയുമൊെക്കെ കണ്ടുമടങ്ങിയ ഗ്രേസ് പറഞ്ഞു.

''ചൈന വളരുകയല്ലേ. ഇപ്പോള്‍ ഒരുപാട് അവസരങ്ങള്‍ തുറന്നുകിട്ടുന്നു. കുട്ടികള്‍ക്ക് അതിലാണ് ശ്രദ്ധ. കല്യാണവും പ്രസവവുമൊക്കെ രണ്ടാമതേയുള്ളൂ.'' - യി സോ ഷാങ്ങാണ് പറഞ്ഞത്. നഗരങ്ങളില്‍ ഈ പ്രവണത കൂടുതലാണെന്ന് ബെയ്ജിങ് സ്വദേശി ഗഹാ നിങ്സിന്‍ സാക്ഷ്യപ്പെടുത്തി.

''ബെയ്ജിങ്, ഹാങ്ഹായ്, ഹാങ്ചൗ തുടങ്ങിയ വന്‍ നഗരങ്ങളില്‍ ഇപ്പോള്‍ ഒട്ടേറെ അവസരമുണ്ട്. നല്ല ജോലി ലഭിക്കണമെങ്കില്‍ നന്നായി പഠിക്കണം. കുട്ടികളുടെ ശ്രദ്ധ ഇതില്‍ മാത്രമാണ്. ഇത് രാജ്യത്തെ വലിയ പ്രതിസന്ധിയിലാക്കുന്നു. ജനസംഖ്യയിലെ കുറവ് സര്‍ക്കാരിനെയും അലട്ടുന്നു.''- ചൈനാ ഡെയ്ലിയുടെ ലേഖികയായ നിങ്സിന്‍ പറഞ്ഞു. ''പെണ്‍കുട്ടികള്‍ക്ക് വിവാഹത്തോടുള്ള വിരക്തിപോലെ കുടുംബബന്ധങ്ങളിലും വലിയ പ്രശ്‌നങ്ങളുണ്ട്. വിവാഹമോചനങ്ങള്‍ കൂടുന്നതും ആശങ്കയാണ്.''- മാധ്യമപ്രവര്‍ത്തകയായ ഏപ്രില്‍ പറയുന്നു.

ഒരാളെത്തന്നെ പ്രണയിച്ച് കഴിയുക എന്ന സങ്കല്പം ചൈനീസ് പെണ്‍കുട്ടികള്‍ ഉപേക്ഷിക്കുകയാണ്. ''എന്തിന് വെറുതെ കല്യാണം കഴിച്ച് സമയം പാഴാക്കണം. ഇത് പൈസയുണ്ടാക്കേണ്ട പ്രായമല്ലേ. മാത്രവുമല്ല, നമുക്ക് ചേര്‍ന്ന ആളെ കണ്ടെത്തുക എന്നതും ബുദ്ധിമുട്ടാണ്.'' -ലെയ് ചെന്നിന് സംശയമില്ല.

ഈ പെണ്‍കുട്ടികള്‍ പുതിയ ചൈനയുടെ പരിച്ഛേദമാണ്. ചൈനയില്‍ പെണ്‍കുട്ടികളുടെ നിയമാനുസൃതമായ വിവാഹപ്രായം ഇരുപതാണ്. എന്നാല്‍, കഴിഞ്ഞ കുറച്ചുനാളുകളായി പെണ്‍കുട്ടികള്‍ വിവാഹത്തോട് മുഖംതിരിക്കുന്നു. സാമൂഹികമാധ്യമങ്ങളില്‍ വിവാഹവിരുദ്ധ പോസ്റ്റുകളുടെ പ്രളയമാണ്. സമൂഹ വിവാഹങ്ങള്‍ക്ക് പേരുകേട്ട ഹാങ്ഹായിലെ റോസ് വെഡ്ഡിങ്ങിന് ഇക്കുറി നാമമാത്രമായ യുവാക്കളാണ് പേരുകൊടുത്തത്.

ജനസംഖ്യാനിരക്ക് 61 വര്‍ഷത്തെ താഴ്ന്നനിരക്ക് രേഖപ്പെടുത്തിയെന്ന് ആശങ്കപ്പെട്ട് സര്‍ക്കാര്‍ കൂടുതല്‍ കുഞ്ഞുങ്ങളുണ്ടാവണമെന്ന് പറയുന്നതിനിടെയാണ് ഒരു തലമുറ വിവാഹംതന്നെ വേണ്ടെന്നുെവക്കുന്നത്. വിവാഹനിരക്കില്‍ സമീപകാലത്ത് 39 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ചൈനയില്‍നിന്ന് സകലവും ഇറക്കുമതിചെയ്യുന്ന കൂട്ടത്തില്‍ ഇനി ഇതുംകൂടി വരുമോ? കേരളത്തിലെ യുവാക്കള്‍ ജാഗ്രതൈ...