ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ബുധനാഴ്ച നടന്ന പുരുഷന്‍മാരുടെ ജാവലിന്‍ ത്രോ മത്സരത്തിനിടെയുണ്ടായ ആശയക്കുഴപ്പത്തെ കുറിച്ച് പ്രതികരിച്ച് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്. ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയ ഒളിമ്പിക് ജേതാവ് കൂടിയായ നീരജ് ചോപ്രയുടെ ആദ്യ ത്രോ അധികൃതര്‍ക്ക് അളക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെ താരത്തിന് വീണ്ടും ത്രോ എടുക്കേണ്ടിവന്നിരുന്നു.

To advertise here,

''നീരജിന്റെ ആദ്യ ത്രോ മികച്ചതായിരുന്നു. എന്നാല്‍ അത് അളക്കാന്‍ അവര്‍ തയ്യാറായില്ല. കഴിഞ്ഞ ദിവസം അന്നു റാണിയുടെ (വനിതാക്കളുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയ) കാര്യത്തിലും ഇതുതന്നെ സംഭവിച്ചു. ഇന്ത്യന്‍ അത്‌ലറ്റുകളോട് അവര്‍ എന്തുകൊണ്ട് ഇങ്ങനെ ചെയ്യന്നു എന്ന് എനിക്ക് അറിയുന്നില്ല. അവര്‍ ഞങ്ങളെ ചതിക്കാനും ശല്യപ്പെടുത്താനും ശ്രമിക്കുന്നു.'' - അഞ്ജു പറഞ്ഞു.

നീരജിന്റെ ആദ്യ ത്രോ ഗംഭീരമായിരുന്നു. പക്ഷേ, ദൂരം കണക്കാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. സെര്‍വറിലെ പ്രശ്‌നംകാരണം മെഷീനില്‍ ദൂരം തെളിഞ്ഞില്ല. മൂന്ന് ഒഫിഷ്യലുകള്‍ ജാവലിന്‍ വന്നുവീണ സ്ഥലം പരിശോധിച്ചു. ഒടുവില്‍ ആ ത്രോ റദ്ദാക്കി. നീരജിന് വീണ്ടും ത്രോ എടുക്കേണ്ടിവന്നു. ഈ ആശയക്കുഴപ്പം തന്നെ മാനസികമായി ബാധിച്ചെന്ന് നീരജ് മത്സരശേഷം പറഞ്ഞു. അടുത്ത ത്രോയില്‍ 82.38 മീറ്ററാണ് എറിഞ്ഞത്. രണ്ടാമത്തേതില്‍ 84.49 ഉം. മൂന്നാമത്തേത് ഫൗള്‍. മൂന്നാം ഏറില്‍ 86.77 മീറ്റര്‍ താണ്ടി ഇന്ത്യയുടെതന്നെ കിഷോര്‍ ജെന നീരജിനെ മറികടക്കുകയും ചെയ്തു.

പലരും അട്ടിമറി പ്രതീക്ഷിച്ചു. എന്നാല്‍, നാലാം ശ്രമത്തില്‍ ശൗര്യം മുഴുവന്‍ പുറത്തെടുത്ത നീരജ് 88.88 മീറ്ററിനപ്പുറത്തേക്ക് ജാവലിന്‍ പായിച്ച് സ്വര്‍ണം ഉറപ്പിച്ചു. ഈ സീസണിലെ നീരജിന്റെ ഏറ്റവും മികച്ചപ്രകടനം. നാലു വര്‍ഷംമുമ്പ് ജക്കാര്‍ത്തയില്‍ 88.06 മീറ്റര്‍ എറിഞ്ഞാണ് നീരജ് സ്വര്‍ണം നേടിയത്. ഇക്കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയത് 88.17 മീറ്ററോടെയും.

ഇതിന് തൊട്ടുപിറകെ ജെനയും. 87.54 മീറ്റര്‍ എറിഞ്ഞ ജെന കരിയറിലെ ഏറ്റവും മികച്ച ദൂരം കണ്ടെത്തി. നീരജിന്റെ അഞ്ചാം ശ്രമത്തില്‍ 80.80 മീറ്ററായിരുന്നു. അവസാനത്തേത് ഫൗളായി. ജെനയുടെ പിന്നീടുള്ള രണ്ട് ശ്രമങ്ങളും ഫൗളായി.

ഇതിനിടെ ജെനയുടെ ഒരു ശ്രമം ഫൗള്‍ വിളിച്ചത് നീരജ് ചോദ്യംചെയ്തു. പിന്നീട് പരിശോധനയ്ക്കുശേഷം അത് പിന്‍വലിക്കുകയായിരുന്നു. തന്റെ കരിയറില്‍ ഇതാദ്യമായാണ് ഇത്തരമൊരു അനുഭവമെന്ന് നീരജ് പറഞ്ഞു.