
ലോക ജനസംഖ്യാ ഭൂപടത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയതിന് ശേഷമുള്ള ആദ്യത്തെ ലോക ജനസംഖ്യാ ദിനാചരണമെന്നതാണ് നമ്മെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷത്തെ മുഖ്യ ആകര്‍ഷണം. 'സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശബ്ദം ഉയരുന്നതിലൂടെ ലിംഗസമത്വത്തില്‍ നിലനില്‍ക്കുന്ന അസന്തുലിതാവസ്ഥ ലഘൂകരിക്കാമെന്നും അതുവഴി ലോകത്തിന് അനന്തമായ സാധ്യതകള്‍ തുറന്നിടും' എന്ന മഹത്തായ ആശയമാണ് 2023-ലെ ജനസംഖ്യാ ദിനം മുന്നോട്ടു വെക്കുന്നത്. ഈ സാഹചര്യത്തില്‍, നമ്മുടെ സമൂഹത്തിലെ ചില മേഖലകളില്‍ നിലനില്‍ക്കുന്ന ലിംഗ അസമത്വത്തിന്റെ വ്യാപ്തി പരിശോധനക്ക് വിധേയമാക്കുന്നു.
ലിംഗ അസമത്വം പരിഗണിക്കേണ്ട വിഷയം തന്നെ
ആഗോള ജനസംഖ്യയുടെ ഏകദേശം പകുതിയോളം വരുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് അര്‍ഹിച്ച പ്രാധാന്യം ഇതുവരെ ലഭിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇവിടെ, 'ലിംഗ തുല്യത' എന്ന ആശയത്തിന് പ്രാമുഖ്യം നല്‍കി ഈ വര്‍ഷത്തെ ജനസംഖ്യാ ദിനാചരണ പ്രവര്‍ത്തനങ്ങളുമായി അതിന്റെ അണിയറ പ്രവര്‍ത്തകര്‍ മുന്നോട്ട് നീങ്ങുന്നത് തീര്‍ത്തും ശ്ലാഘനീയമാണ്. ചരിത്രാതീത കാലം മുതല്‍ക്ക് തന്നെ അടുക്കളയിലും പണിസ്ഥലത്തുമായി ജീവിതം ഹോമിക്കപ്പെടേണ്ടി വന്ന ജനവിഭാഗങ്ങളില്‍ ഉള്‍പെട്ടവരാണ് നമ്മുടെ സ്ത്രീകള്‍. ഇങ്ങനെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരായതിനാല്‍ കുടുംബ നിര്‍മ്മിതി പ്രക്രിയയിലോ കുടുംബത്തിലെ മറ്റു സുപ്രധാന കാര്യങ്ങളിലോ തീരുമാനമെടുക്കാന്‍ പരിമിതമായ അവസരങ്ങള്‍ മാത്രമേ അവര്‍ക്ക് ലഭിച്ചിരിക്കാന്‍ സാധ്യതയുള്ളൂ. അതിനാല്‍, ലോകത്തെ ജനസംഖ്യാ പരിവര്‍ത്തന പ്രക്രിയയിലും ജനസംഖ്യാ നയങ്ങളുടെ വിജയഗാഥകളിലും അവരുടെ ശബ്ദം ഒരിക്കലും മുഴങ്ങി കേട്ടിരുന്നില്ല. പരിത്യജിക്കപ്പെട്ട ഒരു ജനവിഭാഗത്തെ വികസന പ്രക്രിയയില്‍ പങ്കാളികളാക്കേണ്ടത് നാം ഓരോരുത്തരുടെയും കര്ത്തവ്യമാണെന്ന് ഈ ജനസംഖ്യാദിനം മാനവരാശിയെ ഓര്‍മ്മപ്പെടുത്തുന്നു.
ഒരു പെണ്‍കുട്ടിയുടെ ഗര്‍ഭാവസ്ഥ മുതല്‍ മരണം വരെ ഓരോ ഘട്ടങ്ങളിലും ലിംഗ അസമത്വം അവരെ വിടാതെ പിന്തുടരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. സാമൂഹികസാമ്പത്തികസാംസ്‌കാരിക രംഗങ്ങളിലെല്ലാം മനുഷ്യര്‍ അഭൂതപൂര്‍വ്വമായ നേട്ടം കൈവരിച്ച സാഹചര്യത്തിലാണ് ഇങ്ങനെ സംഭവിക്കുന്നത്. പല മേഖലകളിലും നിലനിന്നിരുന്ന ലിംഗ വിവേചനത്തിലെ ഉച്ചനീചത്വങ്ങള്‍ പടിപടിയായി കുറച്ചു കൊണ്ടുവരാന്‍ നമുക്കായിട്ടുണ്ട്. എന്നിരുന്നാലും, ഈ പരിവര്‍ത്തനങ്ങള്‍ക്ക് ഉദ്ദേശിച്ച ഗതിവേഗം നേടാന്‍ ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ കാല്‍ ഭാഗം കഴിയുമ്പോഴും നമുക്ക് സാധിക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വിദ്യാഭ്യാസം, ആരോഗ്യം, പ്രത്യുല്പാദനം തുടങ്ങിയ പരമപ്രധാനമായ വ്യക്തിഗത വിഷയങ്ങളില്‍ പോലും അവര്‍ക്ക് സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാനാനുള്ള സാഹചര്യം ഇപ്പോഴും പരിമിതമാണ്.
ഇത്തരം പ്രവണതകള്‍ അവരുടെ കഴിവിനെയും പ്രാപ്തിയെയും പരിമിതപ്പെടുത്തുകയും ലിംഗ സമത്വത്തിലേക്കും സുസ്ഥിര ഭാവിയിലേക്കും കുതിച്ചു ചാടാന്‍ വെമ്പല്‍ കൊള്ളുന്ന ആധുനിക സമൂഹത്തിന് വിലങ്ങുതടിയായി മാറുകയും ചെയ്യുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള വര്‍ദ്ധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങള്‍, ഭ്രൂണഹത്യ, ഉയര്‍ന്ന മാതൃമരണ നിരക്കുകള്‍, ദാരിദ്ര്യം, പോഷകാഹാരകുറവ് തുടങ്ങി സ്ത്രീകളനുഭവിക്കുന്ന വൈവിധ്യങ്ങളായ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണേണ്ടതായിട്ടുണ്ട്. അങ്ങനെയുള്ള ഒരു സാമൂഹികസാമ്പത്തികആരോഗ്യ അടിത്തറയില്‍ നിന്ന് കൊണ്ട് മാത്രമേ ലിംഗ സമത്വത്തെ പറ്റി നമുക്ക് വാദിക്കാനാകൂ.
സ്ത്രീകള്‍ക്ക് തങ്ങളുടെ ജീവിതത്തിനും ശരീരത്തിനും മേലെ സ്വയം ഭരണാധികാരം നേടിയെടുത്താല്‍ മാത്രമേ തങ്ങളുടെ കുടുംബ പുരോഗതിയ്ക്കും സമൂഹത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്കും ഗുണകരമാകൂ എന്നാണ് ഐക്യരാഷ്ട്ര സഭയുടെ ജനസംഖ്യാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് (UNFPA) പ്രസിദ്ധീകരിച്ച 'ലോക ജനസംഖ്യയുടെ അവസ്ഥ' എന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.
ലോക ജനസംഖ്യാ ദിനത്തിന്റെ പിറവിയ്ക്ക് പിന്നിലും മലയാളി
ലോക ജനസംഖ്യ 1987 ജൂലൈ 11-ന് അഞ്ഞൂറ് കോടി കടന്നിരുന്നു. അനിയന്ത്രിതമായ ജനസംഖ്യാ വളര്‍ച്ച ആഗോള തലത്തില്‍ വരും വര്‍ഷങ്ങളില്‍ വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുമെന്ന് ലോക രാജ്യങ്ങള്‍ ഭയപ്പെടാന്‍ തുടങ്ങി. ഈ അപകടാവസ്ഥയില്‍ നിന്ന് ലോകത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തില്‍ നിന്നായിരുന്നു ലോക ജനസംഖ്യാ ദിനാചരണം എന്ന ആശയം ഉരുത്തിരിഞ്ഞത്.
ഐക്യരാഷ്ട്ര സഭയുടെ വികസന പരിപാടിയുടെ 1989-ലെ ഗവേണിങ് കൗണ്‍സിലാണ് ജൂലൈ 11 ലോകജനസംഖ്യാ ദിനമായി കൊണ്ടാടണമെന്ന അഭിപ്രായം ആദ്യമായി മുന്നോട്ടുവെച്ചത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാം ചുക്കാന്‍ പിടിച്ചത് പ്രൊഫ.കെ.സി.സക്കറിയ എന്ന മലയാളിയാണെന്നത് നമുക്കെല്ലാം അഭിമാനിക്കാം. 1971 മുതല്‍ 1989 വരെ ലോകബാങ്കിന്റെ ജനസംഖ്യ വിദഗ്ധനായി സേവനമനുഷ്ഠിക്കുമ്പോഴാണ് അദ്ദേഹം ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയത്. അതിന്റെ ഫലമായി, 1990 മുതല്‍ എല്ലാ വര്‍ഷവും ജൂലൈ 11 ലോകവ്യാപകമായി ജനസംഖ്യാദിനമായി അംഗീകരിക്കപ്പെട്ടു.
ഇന്ത്യയിലെ ലിംഗ അസമത്വത്തിന്റെ നിജസ്ഥിതി
ലോക സാമ്പത്തിക ഫോറം പുറത്തിറക്കിയ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ്പ് റിപ്പോര്‍ട്ട് (2023) പ്രകാരമുള്ള ലിംഗസമത്വ സൂചികയില്‍ 146 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 127മത് മാത്രമാണ്. നൈജീരിയ, ഈജിപ്ത്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്ക് മുന്‍പിലാണ് നമ്മള്‍ എന്നത് മാത്രമാണ് ഇക്കാര്യത്തിലുള്ള ഏക ആശ്വാസം. സെന്‍സസ് കണക്കുകള്‍ പ്രകാരം സാക്ഷരതാ നിരക്കിലുള്ള ലിംഗ അസമത്വങ്ങള്‍ കുറയുകയാണെങ്കില്‍ പോലും മൂന്നില്‍ രണ്ട് സ്ത്രീകള്‍ (65 ശതമാനം) മാത്രമേ ഇപ്പോഴും സാക്ഷരത നേടിയിട്ടുള്ളു. സാമ്പത്തിക സര്‍വ്വേയിലെ (2022- 23) കണക്കുകള്‍ പ്രകാരം രാജ്യത്തെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്കുകള്‍ (25.1 %) പുരുഷന്‍മാരുടെ (57.5 ശതമാനം) സമാന നിരക്കുകളുടെ നേര്‍പകുതിയില്‍ താഴെ മാത്രമാണ്.
ദേശീയ കുടുംബാരോഗ്യ സര്‍വ്വേ കണക്കുകള്‍ (2019 - 21) പ്രത്യുല്പാദന പ്രായത്തിലുള്ള സ്ത്രീകളില്‍ പകുതിയിലധികം പേര്‍ക്ക് വിളര്‍ച്ചയുണ്ടെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് പുറത്തുവിട്ടത്. രാജ്യത്ത് വിവാഹിതരായ സ്ത്രീകളില്‍ (18- 49) മൂന്നില്‍ ഒരാളെങ്കിലും (32%) ജീവിത പങ്കാളിയുടെ ഏതെങ്കിലും തരത്തിലുള്ള അക്രമത്തിനിരയായവരാണ്. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഉയരുന്നതായുള്ള സൂചനയാണ് നല്കുന്നത്.
ലിംഗ സമത്വം ഏറ്റവുമധികമുള്ള രാജ്യങ്ങളിലെല്ലാം സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം ഉയര്‍ന്ന തലത്തിലാണ്. എന്നാല്‍, നമ്മുടെ നിയമനിര്‍മ്മാണ സഭകളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വളരെ താഴ്ന്ന നിലയിലാണ്. ഇന്റര്‍പാര്‍ലമെന്ററി യൂണിയന്റെ (2023) കണക്കുകള്‍ പ്രകാരം പാര്‌ലമെന്റിന്റെ അധോസഭയില്‍ വനിതകളുടെ പ്രാതിനിധ്യം 50 ശതമാനമോ അതിനു മുകളിലോ ഉള്ള 7 രാജ്യങ്ങളുണ്ട്. ഇന്ത്യയില്‍ വനിതകളുടെ ലോക്‌സഭാ പ്രാതിനിധ്യം നിലവില്‍ 14.3% മാത്രമാണ്. സംസ്ഥാനങ്ങളിലെ നിയമസഭകളിലെ വനിതാ പ്രാതിനിധ്യവും ഇതില്‍ നിന്നും വിഭിന്നമല്ല. സ്ത്രീകള്‍ക്ക് പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും 33% സീറ്റുകള്‍ സംവരണം ഏര്‍പ്പെടുത്താനുള്ള കരട് ബില്ല് മൂന്ന് പതിറ്റാണ്ടുകളായി കോള്‍ഡ് സ്റ്റോറേജിലാണ്. വനിതാ സംവരണ ബില്ലുമായി മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നോട്ടുപോകാന്‍ തീരെ താല്പര്യമില്ലെന്നു വേണം ഇതില്‍നിന്നും അനുമാനിക്കാന്‍.
ഭയക്കണം നാം വെല്ലുവിളികളെ
ലിംഗ അസമത്വം നമ്മുടെ സമൂഹത്തില്‍ ചരിത്രാതീതകാലമായി നിലനില്ക്കുന്നു എന്നത് നഗ്‌നസത്യമാണ്. മറ്റു പല രാജ്യങ്ങളുമായി ലിംഗ സമത്വത്തിലുള്ള താരതമ്യം ഈ രംഗത്ത് നമ്മുടെ ശോച്യാവസ്ഥയുടെ നേര്‍സാക്ഷ്യമാണ്. അതിന്റെ ഫലമായി, ലിംഗസമത്വം നിര്‍ണ്ണയിക്കുന്ന പല സൂചികയിലും നമ്മുടെ രാജ്യം വളരെ പിന്നിലാണെന്നത് തീര്‍ത്തും ആശങ്കാജനകമാണ്. ഇതില്‍ പുരോഗതി നേടണമെങ്കില്‍ ദശാബ്ദങ്ങള്‍ ഇനിയും നാം കാത്തിരിക്കേണ്ടി വരുമെന്നാണ് ഈ മേഖലയിലെ പ്രവണതകള്‍ വിളിച്ചോതുന്നത്. സ്ത്രീകളിക്കിടയില്‍ കണ്ടുവരുന്ന പോഷകാഹാരക്കുറവും, ലൈംഗികഗാര്‍ഹിക പീഡനങ്ങളുടെ അനുദിനം ഉയരുന്ന ഗ്രാഫും നമ്മെ അസ്വസ്ഥരാക്കുന്നതോടൊപ്പം ഭീതിജനകവുമാണ്. ഈ വര്‍ഷത്തെ ജനസംഖ്യാ ദിനത്തിന്റെ മുദ്രാവാക്യം സൂചിപ്പിക്കുന്നതുപോലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശബ്ദം ഉയരണമെങ്കില്‍ അതിന് വലിയ സാമൂഹിക പരിഷ്‌കരണങ്ങളുടെ പിന്തുണ കൂടിയേ തീരൂ. നൂറ്റാണ്ടുകളായി ലിംഗസമത്വത്തിനായി സ്ത്രീജനങ്ങള്‍ നയിക്കുന്ന പോരാട്ടങ്ങള്‍ക്ക് ഈ വര്‍ഷത്തെ ലോക ജനസംഖ്യാ ദിനാചരണ പ്രമേയം ഒരു പുത്തനുണര്‍വ് പകര്‍ന്നുനല്കുമെന്ന് പ്രത്യാശിക്കാം.
(ഡോ. ജെ. രത്‌നകുമാര്‍ ന്യൂഡല്‍ഹി സ്പീക്കേഴ്‌സ് റിസേര്‍ച്ച് ഇനിഷ്യേറ്റീവ് സെല്ലിലെ മുന്‍ റിസേര്‍ച്ച് ഫെല്ലോയും ഡോ. കെ.പി. വിപിന്‍ ചന്ദ്രന്‍ കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവണ്‍മെന്റ് വനിതാ കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമാണ്.)
Content Highlights: world population day
Published: 12 Jul 2023, 01:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented