നസംഖ്യാ സംബന്ധമായ വെല്ലുവിളികളെക്കുറിച്ചും വികസനം, പരിസ്ഥിതി, മനുഷ്യാവകാശങ്ങള്‍ എന്നിവയില്‍ അവ ചെലുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിനായി എല്ലാ വര്‍ഷവും ജൂലായ് 11 ന് ലോകം ജനസംഖ്യാ ദിനമായി ആചരിക്കുന്നു. ലോകജനസംഖ്യ 1987  ജൂലായ് 11 ന് 500 കോടി കടന്നതായാണ് കണക്കാക്കുന്നത്. ഇത് ആഗോളശ്രദ്ധയില്‍ വരികയും 1989 ല്‍ ഐക്യരാഷ്ട്രസഭാ വികസന പരിപാടി (യു.എന്‍.ഡി.പി.) ഈ ദിനാഘോഷത്തിന് തുടക്കംകുറിക്കുകയുമാണുണ്ടായത്. സര്‍ക്കാരുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയുടെ സ്വാധീനവും സുസ്ഥിര വികസനത്തിനായി പ്രത്യുല്‍പാദന-ആരോഗ്യ സേവനങ്ങള്‍, വിദ്യാഭ്യാസം, വിഭവങ്ങള്‍ എന്നിവയിലേക്ക് ന്യായമായ രീതിയിലുള്ള പ്രാപ്യത ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും മനസ്സിലാക്കാന്‍ ഈ ആചരണം നിമിത്തമാകുന്നു. കുടുംബാസൂത്രണം, ലിംഗസമത്വം, മാതൃ ആരോഗ്യം, സുസ്ഥിര വികസനം തുടങ്ങിയ സുപ്രധാന ജനസംഖ്യാസംബന്ധമായ വിഷയങ്ങളിലേക്കുള്ള ഓര്‍മ്മപ്പെടുത്തലായി ജനസംഖ്യാ ദിനത്തെ ലോകമെങ്ങും അംഗീകരിക്കുന്നു.  

To advertise here,

1987 ജൂലായ് 11 നുശേഷം 38 വര്‍ഷമാകുന്നതേയുള്ളു, ജനസംഖ്യ 823 കോടി കടന്നിരിക്കുന്നു, അതായത്, കൂടുതലായി 323 കോടി ജനങ്ങള്‍! ജനസംഖ്യയിലെ ഈ കുതിച്ചുചാട്ടം  മൂലം വര്‍ത്തമാനകാല ലോകം നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്.  ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മാത്രമല്ല, ഒട്ടനവധി മനുഷ്യാവകാശ പ്രശ്‌നങ്ങളിലേക്കുമാണ് ഇത് ലോകത്തെ നയിച്ചുകൊണ്ടിരിക്കുന്നത്. കൂനിന്മേല്‍കുരു പോലെയാണ് കാലാവസ്ഥാമാറ്റം ഉണ്ടാക്കുന്ന സുസ്ഥിരതയുടെ പ്രശ്‌നങ്ങള്‍. 

2025 ലെ ദിനാചരണം 'നീതിയുക്തവും പ്രതീക്ഷാനിര്‍ഭരവുമായ ഒരു ലോകത്ത്, തങ്ങള്‍ ആഗ്രഹിക്കുന്ന കുടുംബങ്ങള്‍ സൃഷ്ടിക്കാന്‍ യുവാക്കളെ ശാക്തീകരിക്കുക' (Empowering young people to create the families they want in a fair and hopeful world) എന്ന പ്രമേയം സ്വീകരിച്ചു കൊണ്ടാണ്. ഇത് യുവാക്കള്‍ക്ക് അവരുടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള അവകാശങ്ങളും ഉപകരണങ്ങളും അവസരങ്ങളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്നു. 

ജനപ്പെരുപ്പത്തിന്  അവസാനമില്ലേ? 

ജനസംഖ്യയെ കുറിച്ചു പഠിച്ചുതുടങ്ങിയ കാലത്ത് ഭീതിപ്പെടുത്തുന്ന ഒരു ചോദ്യമായിരുന്നു ഇത്! അടുത്ത കാലത്ത്, ആശ്വാസകരമായ ചില പ്രവചനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. എന്തായാലും, അനന്തമായി ജനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കില്ല, അതൊരു പാരമ്യത്തില്‍ എത്തിയശേഷം പിന്നെ കുറഞ്ഞു തുടങ്ങും! ഈ പാരമ്യം എന്നായിരിക്കും? നമുക്ക് പരിശോധിക്കാം! 

മനുഷ്യനുണ്ടായി പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുശേഷമാണ് കൃഷി തുടങ്ങേണ്ട സാഹചര്യമുണ്ടായത് എന്ന് നമ്മള്‍ മനസ്സിലാക്കിയിട്ടുണ്ട്. കൃഷി ആരംഭിച്ച 8000 ബി.സി. കാലഘട്ടത്തില്‍ ലോകത്താകെ 0.5 കോടി (50 ലക്ഷം) ജനങ്ങളെ ഉണ്ടായിരുന്നുള്ളൂവെന്നാണ് നിഗമനം. അതായത്, മനുഷ്യനുണ്ടായി ആയിരക്കണക്കിന് വര്‍ഷങ്ങള്‍ വേണ്ടിവന്നു, ഈ ലോകത്തെ ജനങ്ങളുടെ എണ്ണം 50 ലക്ഷത്തിലെത്താന്‍.  പക്ഷേ, കൃഷി കണ്ടുപിടിച്ചതോടെ ജനസംഖ്യ ഉയര്‍ന്നുതുടങ്ങി. എ. ഡി. 1800 അടുത്ത് (1804 എന്നാണ് പൊതുവെ പറയുന്നത്) ലോക ജനസംഖ്യ 100 കോടി കടന്നു. പിന്നീട്  ശാസ്ത്രവിപ്ലവത്തിന്റെയും വ്യവസായ വിപ്ലവത്തിന്റെയും വൈദ്യവിപ്ലവത്തിന്റെയും ഹരിത വിപ്ലവത്തിന്റെയുമൊക്കെ  കാലമായിരുന്നു, പിടിച്ചാല്‍ കിട്ടാത്ത തരത്തില്‍ ജനസംഖ്യാവര്‍ദ്ധവുണ്ടായി, ആയുര്‍ദൈര്‍ഘ്യവും ഉയര്‍ന്നു.

ഈ ലോകത്തെ മനുഷ്യരുടെ എണ്ണം 100 കോടിയിലെത്താന്‍ പതിനായിരക്കണക്കിന് വര്‍ഷമെടുത്തെങ്കില്‍  അടുത്ത 100 കോടി പേര്‍ ഭൂമിയിലെത്താന്‍ 130 വര്‍ഷമേ വേണ്ടിവന്നുള്ളൂ, 1930 ല്‍ 200 കോടിയായി. തുടര്‍ന്ന് വെറും 30 വര്‍ഷങ്ങള്‍ കൊണ്ട് അടുത്ത 100 കോടി ജനങ്ങള്‍ എത്തി, 1960 ല്‍ 300 കോടി. പിന്നീട് അടുത്ത 100 കോടിക്ക് 14 വര്‍ഷം . അങ്ങിനെ 1974 ല്‍ 400 കോടി ജനങ്ങളായി. തുടര്‍ന്നുള്ള 100 കോടിക്ക് 13 വര്‍ഷം മതിയായിരുന്നു, 1987 ജൂലായ് 11 നാണ് ലോക ജനസംഖ്യ 500 കോടിയെത്തിയതായി പ്രഖ്യാപനമുണ്ടാകുന്നത്. അടുത്ത 100 കോടിക്ക് 12 വര്‍ഷമേ വേണ്ടി വന്നുള്ളൂ,  അതായത് 1999 ല്‍ 600 കോടി കവിഞ്ഞു. തുടര്‍ന്നുള്ള 12 വര്‍ഷത്തിനുള്ളില്‍ 100 കോടി ജനങ്ങള്‍ കൂടിയെത്തി. 2011 ല്‍ 700 കോടിയായി. കേവലം 11 വര്‍ഷങ്ങള്‍ക്കുശേഷം  ആഗോള ജനസംഖ്യ 800 കോടിയും കഴിഞ്ഞു. ഇത് സംഭവിച്ചത് 2022 നവംബര്‍ 15-ന് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ 11 വര്‍ഷമെന്നത് 100 കോടി ജനങ്ങള്‍ ഭൂമിയിലെത്താന്‍ എടുത്ത ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സമയമാണ്! പക്ഷേ, അടുത്ത 100 കോടി വര്‍ദ്ധിച്ച് ജനസംഖ്യ 900 കോടിയാകുമെന്ന് പ്രതീക്ഷിക്കുന്നത് 15 വര്‍ഷത്തിനുശേഷം 2037 ലാണ്. ഇത് ആഗോള ജനസംഖ്യയുടെ മൊത്തത്തിലുള്ള വളര്‍ച്ചാനിരക്ക് മന്ദഗതിയിലാകുമെന്നതിന്റെ സൂചനയാണ് നല്കുന്നത്. 

ലോകജനസംഖ്യ 1000 കോടിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത് 2061 ലാണ്, അതായത് 900 കോടിയായതിന് 24 വര്‍ഷത്തിന് ശേഷം. വ്യാപകമായി ലഭ്യമായതും സ്വീകാര്യവുമായ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍, സ്ത്രീകളുടെ രാഷ്ട്രീയ സമത്വത്തിലേക്കുള്ള സുപ്രധാന നടപടികള്‍, സ്ത്രീകളുടെ വിദ്യാഭ്യാസം, ദരിദ്രരായ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തല്‍ എന്നിവ വ്യാപകമായി സ്വീകരിക്കപ്പെടും. ശാസ്ത്രവും സാങ്കേതികവിദ്യയും വ്യാപകമാകുന്നതോടെ ജനപ്പെരുപ്പനിരക്ക് കുറഞ്ഞുവരും.  

ഇപ്പോള്‍, 2025 ജൂണില്‍, ലോകജനസംഖ്യ 823.3 കോടിയായിരിക്കുന്നു. ഓരോ ദിവസവും ജനസംഖ്യയിലേക്ക് 99,000 പേര്‍ വീതം ചേര്‍ക്കപ്പെടുന്നു എന്നാണ് കണക്ക്.  ഇങ്ങിനെപോയാല്‍  2050 ഓടെ 970 കോടി ആകുമെന്നാണ് കണക്കുകൂട്ടല്‍. ലോകജനസംഖ്യ, പക്ഷേ 2086 ല്‍ 1029 കോടി എന്ന പാരമ്യത്തിലെത്തി പിന്നീട് കുറഞ്ഞുവരും എന്നാണ് ഐക്യരാഷ്ട്രസഭയുടെ 2024 ലെ  ജനസംഖ്യാ വിലയിരുത്തല്‍ പറയുന്നത്. 

പ്രതീക്ഷിത ആയൂര്‍ദൈര്‍ഘ്യം കൂടുന്നു

കൃഷിക്ക് മുമ്പുള്ള വേട്ടയാടല്‍ കാലഘട്ടത്തില്‍, മനുഷ്യന്റെ പ്രതീക്ഷിത ആയുര്‍ദൈര്‍ഘ്യം ഏകദേശം 20 മുതല്‍ 30 വര്‍ഷം വരെയായിരുന്നു. കൃഷി തുടങ്ങുന്ന 10,000 വര്‍ഷം മുമ്പുള്ള കാലഘട്ടത്തില്‍ 28-33  വര്‍ഷമായി.  മധ്യകാലഘട്ടത്തിലും ഏതാണ്ട് അങ്ങനെതന്നെ. AD 1800 ല്‍ ശരാശരി ആയുസ്സ് 28.5 വര്‍ഷമായിരുന്നു. തുടര്‍ന്ന്, മനുഷ്യായുസ്സ് പടിപടിയായി ഉയര്‍ന്നു വന്നു, 1900 ല്‍ 32, 1950 ല്‍ 46.4, 2000 ല്‍ 66.4 എന്നീ രീതിയില്‍. 2023 ല്‍ 72.6 ആയിരുന്നു ശരാശരി ആയുസ്സ്(സ്ത്രീകള്‍ക്ക് അല്‍പ്പം കൂടുതല്‍, പുരുഷന്മാര്‍ക്ക് അല്‍പ്പം കുറവ്). 2025 ലെ പ്രതീഷിത ആയുസ്സ് 73.5, പുരുഷന്മാര്‍ക്ക് 71  ഉം സ്ത്രീകള്‍ക്ക് 76 ഉം ആണ്. 

ആയുര്‍ദൈര്‍ഘ്യ വര്‍ദ്ധനവിനോടൊപ്പം  1960 ലെ 300 കോടി ജനസംഖ്യ കേവലം 39 വര്‍ഷം കൊണ്ട് 1999 ല്‍ നേരെ ഇരട്ടിയാകുന്നതും ലോകം കണ്ടു. ഈ അതിശയകരവും അഭൂതപൂര്‍വവും മാനുഷികവുമായ പരിവര്‍ത്തനത്തിന്റെ കാരണം എന്താണ്? രോഗാണു സിദ്ധാന്തം, പൊതുജനാരോഗ്യ നടപടികള്‍, മരുന്നുകള്‍, മെഡിക്കല്‍ സാങ്കേതികവിദ്യ, ഭക്ഷ്യവിളകളുടെ ഉല്‍പ്പാദനം, ഹരിത വിപ്ലവം, പോഷക ഭക്ഷണം എന്നിവയിലെ പുരോഗതി തന്നെ. ആയുര്‍ദൈര്‍ഘ്യം ഒരുപക്ഷേ ജീവിതത്തിന്റെ ഭൗതിക നിലവാരത്തിന്റെ ഏറ്റവും മികച്ച സൂചകമാണ്.  

ഇന്ത്യയിലെ സ്ഥിതി

ഇനി ഇന്ത്യയിലെ സ്ഥിതി നോക്കാം. 1901ല്‍ 23.8 കോടി മാത്രമായിരുന്നു ജനസംഖ്യ. 1961ല്‍ 43.9 കോടിയായി. 2001 ല്‍, കേവലം 40 വര്‍ഷം കൊണ്ട്, ജനങ്ങളുടെ എണ്ണം 102.7 കോടിയായി; ഏകദേശം രണ്ടര ഇരട്ടി വര്‍ദ്ധന! 2011 ലെ സെന്‍സസ് പ്രകാരം 121.1 കോടിയിലെത്തി നില്‍ക്കുന്നു 2025 ലെ മതിപ്പ് പ്രകാരം 146.4 കോടിയാണ്. ഇന്ത്യന്‍ ജനസംഖ്യ 2050 ല്‍ 168 കോടിയാകുമെന്ന് കണക്കു കൂട്ടുന്നു. തുടര്‍ന്ന്, 2061 ല്‍ 170 കോടിയിലെത്തി കുറയുന്ന പ്രവണത കാണിക്കുമെന്നാണ്  ഐക്യരാഷ്ട്രസഭയുടെ വിലയിരുത്തല്‍ പറയുന്നത്. 

ഇന്ത്യയുടെ പ്രതീക്ഷിത ആയുര്‍ദൈര്‍ഘ്യം ലോകനിലവാരത്തേക്കാള്‍ അല്‍പ്പം താഴെയാണ്, 72.5; സ്ത്രീകള്‍-74.1, പുരുഷന്മാര്‍- 70.1. ഇന്ത്യയുടെ പ്രതീക്ഷിത ആയുര്‍ദൈര്‍ഘ്യം 1950 ല്‍ വെറും 34  വര്‍ഷങ്ങള്‍ ആയിരുന്നു എന്നറിയുമ്പോഴാണ് നമ്മള്‍ എത്ര മുമ്പോട്ടു പോയി എന്ന് മനസ്സിലാകുന്നത്. ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും ജനനിബിഡമായ രാജ്യം, 2025 ല്‍ ഇന്ത്യയില്‍ 146.4 കോടി ജനങ്ങളുണ്ട് (17. 8 %), ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ 2023 ല്‍ ചൈനയെ മറികടന്നു, ചൈനയില്‍ ഇപ്പോള്‍ 141.6 കോടി (17.2%) ജനങ്ങളേയുള്ളൂ. മൂന്നാം സ്ഥാനത്ത് യു. എസ്. എ, 34.7കോടി (4. 2%), നാലാം സ്ഥാനത്ത് ഇൻഡൊനീഷ്യ, 28.6 കോടി.(3.5%), തുടര്‍ന്ന് അഞ്ചാം സ്ഥാനത്ത് പാക്കിസ്താൻ, 25.5 കോടി (3.1%).  

ജനപ്പെരുപ്പവും കേരളവും

കേരളത്തിന്റെ കാര്യം കൂടി പരിഗണിക്കാം. ജനസാന്ദ്രത ഉയര്‍ന്ന സംസ്ഥാനമാണെങ്കിലും ജനപ്പെരുപ്പം കുറച്ച് കൊണ്ട് വരുന്നതില്‍ കേരളം ഏറെ മുന്നിലാണ്. 1901 ല്‍ കേരളത്തില്‍ ആകെ 64 ലക്ഷം ജനങ്ങളെ ഉണ്ടായിരുന്നുള്ളു. 2011 ലെ സെന്‍സസ് പ്രകാരം 3.34 കോടിയാണ്.  2025 ലെ ജനസംഖ്യ 3.61 കോടി. അതായത്, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേവലം 64 ലക്ഷം മാത്രമായിരുന്ന കേരളത്തിലെ ജനസംഖ്യ 124 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏകദേശം 5.65 മടങ്ങ് വര്‍ദ്ധിച്ച് 2025 ല്‍ 3.61 കോടിയിലെത്തിയിരിക്കയാണ്. കേരളത്തിന്റെ ഉയര്‍ന്ന ജനസാന്ദ്രത ഒരു പ്രശ്‌നമാണ്,  2011 ലെ സെന്‍സസ് പ്രകാരം 859 ആയിരുന്നു, 2025 ലെ മതിപ്പ് പ്രകാരം 929 ആണ്.

ഇന്ത്യയില്‍ ഏറ്റവുമധികം പ്രതീക്ഷിത ആയുസ്സുള്ള സംസ്ഥാനം കേരളമാണ്, 75.1 വര്‍ഷങ്ങള്‍; സ്ത്രീകള്‍- 79.9, പുരുഷന്മാര്‍- 72.2. ആരോഗ്യരക്ഷ -പോഷണ രംഗത്തുള്ള മുന്നേറ്റം തന്നെ കാരണം. കേരളത്തിന്റെ ഇപ്പോഴത്തെ ജനസംഖ്യാ വര്‍ദ്ധനവിലെ ചില പ്രവണതകള്‍  ജനപ്പെരുപ്പനിരക്ക് കുറഞ്ഞുവരാനുള്ള സാദ്ധ്യത സൂചിപ്പിക്കുന്നുണ്ട്. കേരളത്തിലെ ജനസംഖ്യ 2051 ഓടെ 3.78 കോടിയിലെത്തി സ്ഥിരപ്പെടുമെന്ന് ഒരു പഠനം പറയുന്നു (ഇന്ത്യന്‍ ജനസംഖ്യ പാരമ്യത്തിലെത്തുന്നത് 2061 ല്‍). പക്ഷേ, കുട്ടികളുടെ എണ്ണം കുറയുന്നതിലുള്ള ചില മതവിഭാഗങ്ങളുടെ എതിര്‍പ്പ് യാഥാര്‍ത്ഥ്യമായാല്‍ ഇതേപോലെ സംഭവിക്കണമെന്നില്ല! കേരളത്തിന്റെ പ്രക്യതിവിഭവങ്ങളുടെ പരിമിതിവെച്ചു നോക്കിയാല്‍ 3.78 കോടി പോലും തീര്‍ച്ചയായും വളരെ ഉയര്‍ന്ന സംഖ്യയാണ്! 

ജനപ്പെരുപ്പവും വാഹകശേഷിയും

ഭൂമിയുടെ 'വാഹകശേഷി' (carrying capacity) എന്ന ആശയം കൂടി മനസ്സിലാക്കുന്നത് നന്നായിരിക്കും. ഓരോ പ്രദേശത്തും ഉള്ള വിഭവങ്ങള്‍ക്ക് പരിധിയുണ്ട്. ഈ വിഭവങ്ങളുപയോഗിച്ച് ജീവിക്കാവുന്ന ജീവികളുടെ എണ്ണത്തിലും പരിധിയുണ്ട്. ഓരോ പ്രദേശത്തെയും പ്രകൃതിവിഭവങ്ങളെയും ഭക്ഷ്യലഭ്യതയെയും അടിസ്ഥാനമാക്കി ആ പ്രദേശത്തിന് പരിസ്ഥിതി നാശമുണ്ടാക്കാത്ത വിധത്തില്‍ താങ്ങാനാവുന്ന ജീവികളുടെ എണ്ണത്തെയാണ് വാഹകശേഷി എന്നു പറയുന്നത്. മനുഷ്യനൊഴിച്ചുള്ള ജീവികളുടെ കാര്യത്തില്‍ ആവാസശേഷിക്കപ്പുറം പോകാന്‍ കഴിയില്ല. അങ്ങിനെ സംഭവിച്ചാല്‍ പ്രകൃതി ഇടപെടും. അസുഖങ്ങള്‍, ക്ഷാമങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ എന്നിവയിലൂടെ വാഹകശേഷിയിലെത്തി നിന്നോളും. സ്വന്തം വാഹകശേഷിയില്‍ കൈകടത്താവുന്ന ഒരേ ഒരു ജീവി മനുഷ്യനാണ്! മെച്ചപ്പെട്ട ആരോഗ്യ രക്ഷാസംവിധാനങ്ങളിലൂടെയും ആഹാരം ലഭ്യമാക്കുന്നതിലൂടെയും പ്രകൃതിദുരന്തങ്ങളെ ഫലപ്രദമായി നേരിടുന്നതിലൂടെയും കൃത്രിമമായി വാഹകശേഷി ഉയര്‍ത്താനാവും.

വാഹകശേഷിയുടെ കാര്യത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ വന്‍ അന്തരമാണ് ഇപ്പോഴുള്ളത്. ഉദാഹരണത്തിന്, അമേരിക്കന്‍ ഐക്യനാടുകളുടെ കാര്യമെടുക്കുക. അവരുടെ ജനസംഖ്യ 34.7  കോടിയാണ്. ഇത് ലോകജനസംഖ്യയുടെ 4.2 ശതമാനമേ വരുന്നുള്ളൂ. പക്ഷേ, ലോകത്തിന്റെ ഏകദേശം ഏഴു ശതമാനം കരഭൂമി അവര്‍ക്ക് സ്വന്തമായുണ്ട്. ആളോഹരി കൃഷിഭൂമി ഇപ്പോഴും 0.5 ഹെക്ടര്‍ വരുമെന്നതിനാല്‍ വാഹകശേഷിക്കുള്ളില്‍ തന്നെയാണ് അമേരിക്ക. ജനങ്ങളുടെ എണ്ണം ഇനിയും വല്ലാതെ കൂടിയാലെ അവര്‍ക്ക് പേടിക്കാനുള്ളൂ. ഇന്ത്യയുടെ സ്ഥിതി ഇതല്ല. ഇന്ത്യയ്ക്ക് ലോകത്തിന്റെ 2.45 ശതമാനം ഭൂമി മാത്രമാണുള്ളത്. ഇതുവെച്ച് ലോകത്തിലെ 17.8 ശതമാനം ജനങ്ങളുടെ കാര്യം നോക്കണം. കൂടാതെ 15 ശതമാനം കന്നുകാലികളുടെയും! ഹരിതവിപ്ലവവും ധവളവിപ്ലവവും പോലുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കൃത്രിമമായി  വാഹകശേഷി ഉയര്‍ത്തിയാണ് ഇത്രയും പേര്‍ ഇവിടെ കഴിയുന്നത്. ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ചൈനയ്ക്ക് അധികം പേടിക്കാനില്ല. ധാരാളം ഭൂമിയുണ്ടല്ലോ? ഇന്ത്യയുടെ ജനസാന്ദ്രതയുടെ മൂന്നിലൊന്ന് മാത്രമാണ് ചൈനയുടേത്! 

തോമസ് റോബര്‍ട്ട് മാല്‍ത്തൂസ് 1797-ല്‍ തന്റെ പ്രസിദ്ധമായ 'ജനസംഖ്യാ സിദ്ധാന്തം' ആവിഷ്‌ക്കരിക്കുന്നത് ജനപ്പെരുപ്പത്തിന്റെ അനിയന്ത്രിതമായ പോക്കു കണ്ടിട്ടാണ്. ഇങ്ങനെ പോയാല്‍ ഭക്ഷ്യോത്പാദനം ജനസംഖ്യാ വര്‍ദ്ധനവിനനുസരിച്ച് ഉയരില്ലെന്നും വന്‍ദുരന്തങ്ങളുണ്ടാകും എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. ജനസംഖ്യയുടെ കാര്യത്തില്‍ മാല്‍ത്തൂസ് പറഞ്ഞതുപോലെയൊക്കെ സംഭവിച്ചു. എന്നാല്‍, ഭക്ഷ്യോത്പാദനത്തിന്റെ കാര്യത്തില്‍ അദ്ദേഹം പറഞ്ഞതുപോലുള്ള ദുരന്തങ്ങളൊന്നും ഉണ്ടായില്ല. വ്യവസായ വിപ്ലവത്തെ തുടര്‍ന്ന് ആവിര്‍ഭവിച്ച ആധുനികകൃഷിയും പിന്നീട് 1967-78 കാലഘട്ടത്തില്‍ സംഭവിച്ച 'ഹരിതവിപ്ലവ' വുമാണ് ഈ നേട്ടമുണ്ടാക്കിയത്.  1960-2000 കാലഘട്ടത്തില്‍. ഇന്ത്യയില്‍ രണ്ടര ഇരട്ടി ജനങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ ഭക്ഷ്യോദ്പാദനം നാലിരട്ടിയായാണ് വര്‍ദ്ധിച്ചത്! 

ആധുനിക സമ്പ്രദായങ്ങളിലേക്ക് മാറാതെ പഴയ പാരമ്പര്യകൃഷിയാണ് മനുഷ്യന്‍ പിന്തുടര്‍ന്നിരുന്നതെങ്കില്‍ മാല്‍ത്തുസിന്റെ പ്രവചനവും നാശം പ്രവചിച്ച മറ്റുള്ളവരുടെ പ്രവചനങ്ങളും ഫലിക്കുമായിരുന്നു.  പാഡക് സഹോദരന്മാര്‍ (William Paddock and Paul Paddock) 1967ല്‍ എഴുതിയ 'ഫാമിന്‍ 1975!', പോള്‍ ഏല്‍റിച്ച് (Paul R. Ehlrich) രചിച്ച് 1968ല്‍ ഇറങ്ങിയ 'ദി പോപ്പുലേഷന്‍ ബോംബ്' എന്നീ പുസ്തകങ്ങളില്‍ പറഞ്ഞതുപോലൊന്നും നടക്കാതെ പോയത് ഹരിതവിപ്ലവം പോലുള്ള മുന്നറ്റങ്ങള്‍ ഇവിടെ അരങ്ങേറിയതുകൊണ്ടു മാത്രമാണ്. 

ജനപ്പെരുപ്പമുണ്ടാകുമ്പോള്‍ സംഭവിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ധാരാളം കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി മാറ്റപ്പെടുമെന്നതാണ് അത്. ജനങ്ങളുടെ പാര്‍പ്പിടം, ഗതാഗതം, വ്യവസായം, വാണിജ്യം, വിനോദം, വിദ്യാഭ്യാസം, ആരാഗ്യപരിപാലനം, മതപരമായ ആവശ്യങ്ങള്‍ മുതലായ ആവശ്യങ്ങളിലുണ്ടാകുന്ന ആനുപാതികവര്‍ദ്ധനവ് നിറവേറ്റാന്‍ കൂടുതല്‍ ഭൂമി ആവശ്യമായി വരും. ഓരോ വ്യക്തിക്കും 0.025 ഹെക്ടര്‍ (6.25 സെന്റ്) സ്ഥലം വീതം ഈ ആവശ്യങ്ങള്‍ക്ക് വേണ്ടി വരുമെന്നാണ് കണക്ക്. മറ്റുതരത്തില്‍ കൃഷിയോഗ്യമല്ലാതാവുന്ന സ്ഥലങ്ങള്‍ കൂടി പരിഗണിച്ചാല്‍ ഓരോ വര്‍ഷവും 10 ദശലക്ഷം ഹെക്ടര്‍ കൃഷിഭൂമി കൃഷിയോഗ്യമല്ലാതാവുന്നുണ്ട്! 

ഈ ഭൂഗോളത്തിന്റെ 70.8 ശതമാനവും വെള്ളത്താല്‍ മൂടപ്പെട്ടിരിക്കുന്നു എന്നു നമുക്കറിയാം. അതായത്, 29.2 ശതമാനം മാത്രമാണ് കര. ഈ കരപ്രദേശങ്ങളുടെ മൊത്തം വിസ്ത്യതി 1300 കോടി ഹെക്ടര്‍ എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതില്‍ 32 ശതമാനം വനമാണ്. പുല്‍മേടുകള്‍ 27 ശതമാനമാണ്. നഗരപ്രദേശങ്ങള്‍ 9 ശതമാനം വരും. മരുഭൂമി,  മഞ്ഞുമൂടിയ പ്രദേശങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍ തുടങ്ങി കൃഷി, വനം എന്നിവക്കൊന്നും പറ്റാത്തവ 21 ശതമാനത്തോളമുണ്ട്. ഇതെല്ലാം കഴിഞ്ഞാല്‍ കൃഷിചെയ്യാന്‍ ലഭ്യമായ ഭൂമി വെറും 11 ശതമാനം മാത്രമാണ്.  അതായത്, ഈ ലോകത്ത് കൃഷിക്ക് ലഭ്യമായിട്ടുള്ളു ആകെ ഭൂമി 143 കോടി ഹെക്ടര്‍ മാത്രം!  വരും കാലങ്ങളില്‍ കൃഷിക്ക് ലഭ്യമായ ഭൂമിയുടെ ഈ കുറഞ്ഞ അളവുതന്നെ വീണ്ടും കുറയാനാണ് സാദ്ധ്യത.  

വര്‍ദ്ധിക്കുന്ന ജനങ്ങളുടെ ആവശ്യങ്ങളും സുസ്ഥിരതയും  

വര്‍ദ്ധിക്കുന്ന ജനങ്ങളുടെ ആവശ്യങ്ങളാണ്  പ്രധാനമായും പരിസ്ഥിതിയെ വെട്ടിലാക്കുന്നത്.  കാലാവസ്ഥാ മാറ്റം ഇത്ര പ്രശ്‌നമായി മാറിയതും അത് കൊണ്ടു തന്നെ. ഭക്ഷണം, ജലം, ഇന്ധനം  തുടങ്ങിയ വിഭവങ്ങളുടെ ദൗര്‍ലഭ്യം നേരിടുന്നതിനാല്‍ ഭൂമിയിലെ ജനസംഖ്യ താങ്ങാനാകാത്ത നിലയിലാണ് എന്ന് പറയാം.  വികസിതവും വികസ്വരവുമായ രാജ്യങ്ങളിലെ ജനസംഖ്യാ വിസ്‌ഫോടനം ഇതിനകം കുറയുന്ന വിഭവങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നു. 2050 ഓടെ ലോക ഭക്ഷ്യോല്‍പ്പാദനം 60 ശതമാനം കണ്ടു വര്‍ദ്ധിക്കണമെന്നാണ് ലോക ഭക്ഷ്യ കാര്‍ഷിക സംഘടന (FAO) പറയുന്നത്. അമിതമായ രാസവളം, കീടനാശിനികള്‍, എന്നിവയുടെ ഉപയോഗത്തിലൂടെ വ്യാവസായിക രീതിയില്‍ ഭക്ഷണം ഉല്‍പ്പാദിപ്പിക്കാന്‍ നടത്തുന്ന തീവ്രമായ കൃഷി പരിസ്ഥിതിയെ അപകടപ്പെടുത്തുമെന്ന ഭീഷണി നിലനില്‍ക്കുന്നു. സന്തുലിതവും മിതവുമായ ജൈവവളം, രാസവളം, കീടനാശിനികള്‍ എന്നിവയൊക്കെ ഉള്‍ക്കൊള്ളുന്ന ഉത്തമ കൃഷിരീതികളും (Good Agricultural Practices, GAP) സുസ്ഥിര കാര്‍ഷിക രീതികളും പിന്തുടരുക മാത്രമേ ഇതിനൊരു പോംവഴിയുള്ളൂ.  

ലോക ഭക്ഷ്യോല്‍പ്പാദനം ഇനിയും വര്‍ദ്ധിക്കണമെന്ന് പറയുമ്പോള്‍ ചിലരെങ്കിലും ഇങ്ങിനയൊരു വാദമുയര്‍ത്തിയേക്കാം, 'ലോകത്ത് എല്ലാവരെയും തീറ്റി പോറ്റാനുള്ള ആഹാരം ഇപ്പോള്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.  ഓരോ മനുഷ്യനും ആവശ്യമുള്ളതില്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുമ്പൊഴും പട്ടിണി നിലനില്‍നില്‍ക്കുന്നുവെങ്കില്‍ അതിന്റെ കാരണം  ഉല്‍പ്പാദനത്തിന്റെതല്ല,  മറിച്ചു വിതരണത്തിന്റെതാണ്'. വിതരണത്തിന്റെ കാര്യം പറഞ്ഞിരിക്കുന്നത് കൊണ്ട് ഒരു  പ്രയോജനവുമില്ല! വിതരണത്തിന്റെ  പ്രശ്‌നങ്ങള്‍ പരിഹരിച്ചു കിട്ടുന്നത് വരെ ഭൂരിഭാഗം പേരും പട്ടിണി കിടന്നോട്ടെ എന്നാണോ?  ലോകരാഷ്ട്രങ്ങള്‍ ഉണ്ടാക്കുന്ന ഭഷ്യധാന്യങ്ങള്‍ മുഴുവന്‍ മനുഷ്യനു ആഹാരമായി മാറുന്നില്ല. മനുഷ്യാഹാരമായി 60 ശതമാനം മാത്രമാണ് ഉപയോഗപെടുത്തുന്നത്. ഏകദേശം 35 ശതമാനം കന്നുകാലി തീറ്റയായി മാറുന്നു. മറ്റൊരു  5 ശതമാനം ജൈവ  ഇന്ധനമുണ്ടാക്കാനാണ് പോവുന്നത്. മാത്രമല്ല, ലോകത്തു ഉല്‍പ്പാദിപ്പിക്കുന്ന ആഹാരത്തിന്റെ 30-40 ശതമാനം ആഹാരവൃത്തത്തിന്റെ (ഫുഡ് സൈക്കിള്‍) ഓരോ പടിയിലും വെച്ച് നഷ്ടമാവുന്നു എന്നാണ് കണക്ക്. ഈ പ്രവണതകളൊക്കെ എളുപ്പത്തില്‍ പരിഹരിക്കാന്‍ പറ്റുന്നവയല്ല. ഇങ്ങിനെയിരിക്കെ ലോകത്തിലെ ഓരോ മനുഷ്യനും ആവശ്യമുള്ളതില്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട് എന്ന് പറഞ്ഞുകൊണ്ട്  വെറുതെ ഇരിക്കാനാകില്ല. 

ജനങ്ങള്‍ പെരുകുമ്പോള്‍ ആളോഹരി കൃഷിഭൂമി കുറയുന്നു. ഓരോ മനുഷ്യനും സുസ്ഥിരമായ നിലയില്‍ ഭക്ഷണം കിട്ടുന്നതിന് ആളോഹരി 0.5 ഹെക്ടര്‍ കൃഷി വേണമെന്നാണ് പൊതുവെയുള്ള കണക്ക്. സ്ഥലവിസ്തൃതി ഇതിലും കുറഞ്ഞാല്‍ സുസ്ഥിരതയെ ഹനിക്കുന്ന കടുംകൃഷി പ്രയോഗങ്ങള്‍ കൊണ്ടേ ആഹാരമുണ്ടാക്കാന്‍ കഴിയൂ. കടുംകൃഷി രീതികള്‍ കൂടി പരിഗണിച്ചാല്‍ ഓരോരുത്തര്‍ക്കുമുള്ള ഭക്ഷണമുണ്ടാക്കാന്‍ 0.05 മുതല്‍ 0.5 ഹെക്ടര്‍വരെ ഭൂമി ആവശ്യമായിവരും. കൃഷിയുടെ വികാസപരിണാമങ്ങള്‍ പരിശോധിച്ചാല്‍ നമുക്കിത് മനസ്സിലാകും. ജനപ്പെരുപ്പത്തിന്റെ തോതും ആളോഹരി കൃഷിഭൂമിയുടെ ഇന്നത്തെ അവസ്ഥയും നോക്കാം. ജനപ്പെരുപ്പത്തെ സംബന്ധിച്ചിത്തോളം 1960-1999 ഏറ്റവും ദുര്‍ഘടം പിടിച്ച കാലഘട്ടമായിരുന്നു. 1960ലും ലോകത്ത് ഓരോരുത്തര്‍ക്കുമുള്ള ഭക്ഷണം ഉല്‍പ്പാദിപ്പിക്കുന്നതിന് 0.5 ഹെക്ടര്‍ ഭൂമി വീതം ഉണ്ടായിരുന്നു! പക്ഷേ, ലോകജനസംഖ്യ 39 വര്‍ഷങ്ങള്‍ കൊണ്ട് ഇരട്ടിയായി 600 കോടിയായിത്തീര്‍ന്നതോടെ പ്രശ്‌നമായി, ആളോഹരി കൃഷിഭൂമി 0.25 ആയി കുറഞ്ഞു. 2025 ല്‍ ജനങ്ങളുടെ എണ്ണം 823 കോടിയായതോടെ, ആളോഹരി ലഭ്യമായ കൃഷിഭൂമിയുടെ അളവ് വീണ്ടും 0.17 ഹെ. ആയി കുറഞ്ഞു.   

മനുഷ്യന്‍ കൃഷി തുടങ്ങുന്നത് 10,000 വര്‍ഷം മുമ്പാണല്ലോ? ആദ്യകാല കൃഷിരീതികള്‍ മാറ്റങ്ങള്‍ക്കു വിധേയമായി താഴെപ്പറയുന്ന ഘട്ടങ്ങളില്‍ കൂടി കടന്നുപോരുന്നതായി കാണാം.

1) ആഹാരം കാട്ടില്‍ നിന്ന് ശേഖരിക്കലും വേട്ടയാടലും
2) പ്രകൃതി കൃഷി (ആദ്യകാലകൃഷി- ഉഴവ്, വളം, കീടനാശിനി ഇവയൊന്നുമില്ല!)
3) പുനംകൃഷി/മാറ്റകൃഷി (മണ്ണിലെ ഫലപൂഷ്ടി കുറയുന്നതോടെ അതുപേക്ഷിച്ച് പുത്തന്‍ ഭൂമിയില്‍ കൃഷിയിറക്കുന്നു, വെട്ടിച്ചുട്ട് കൃഷിതന്നെ! )
4) ജൈവകൃഷി (ജൈവവളങ്ങള്‍ ഉപയാഗിച്ചു തുടങ്ങുന്നു)
5) ആധുനിക കൃഷി (ട്രാക്‌റും, രാസവളങ്ങളും കീടനാശിനികളും പ്രചാരത്തിലായി) 
6) ഹരിത വിപ്ലവം മോഡല്‍ കൃഷി (പുതുവിത്തുകള്‍ ഉള്‍പ്പെട്ട സാങ്കേതിക വിദ്യകള്‍)
7) കാലാവസ്ഥയെ വെല്ലുന്ന കൃഷി 

ഇവ ഓരോന്നിനെയും ഒരോ കാര്‍ഷികഘട്ടങ്ങളായി സങ്കല്പിക്കാന്‍ സാധിക്കും. ഓരോരുത്തര്‍ക്കുമുള്ള ഭക്ഷണമുണ്ടാക്കാന്‍ ആവശ്യമായ ഭൂമിയുടെ അളവ് കൃഷിരീതികളുടെ ഓരോ പരിണാമദിശയിലും കുറഞ്ഞ് കുറഞ്ഞ് വന്നതായി കാണാം. കൃഷി രീതികള്‍ക്ക് ഇനിയും പരിണാമം സംഭവിച്ചേ മതിയാകൂ. അത് സുസ്ഥിരതയുടെ പ്രശ്‌നങ്ങളെ മറികടക്കുന്ന ഒന്നു തന്നെയായിരിക്കണം. നിലവിലുള്ള കൃഷിരീതികള്‍വെച്ച് പെരുകിവരുന്ന ജനത്തിനെല്ലാം ഭക്ഷണമെത്തിക്കാന്‍ കഴിയില്ല. മാത്രമല്ല, കാലാവസ്ഥാ മാറ്റമെന്ന  വന്‍ വിപത്തിനെ വെല്ലുന്ന, മാറ്റങ്ങളോടു പൊരുത്തപ്പെടുന്ന കൃഷി രീതികള്‍ തന്നെ ആകണം. മാറുന്ന കാലാവസ്ഥയോടും പരിസ്ഥിതിയോടും ഇണങ്ങുന്ന കാര്‍ഷികരീതികള്‍ വഴിവിളകളുടെ ഉല്‍പാദനക്ഷമത നിലനിര്‍ത്തുകയും ഉയര്‍ത്തുകയുമാണ് 'കാലാവസ്ഥയെ വെല്ലുന്ന കൃഷി' (Climate Smart Agriculture)  അഥവാ 'കാലാവസ്ഥയെ പ്രതിരോധിക്കുന്ന കൃഷി' (Climate Resilient Agriculture) കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരം കൃഷിരീതികള്‍ കാലാവസ്ഥാ മാറ്റവുമായി പൊരുത്തപ്പെടുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യണം. 

ദേശീയ ഭക്ഷ്യസുരക്ഷയും ഉപജീവന സുരക്ഷയും, വികസന ലക്ഷ്യങ്ങളും ഉറപ്പാക്കുന്നതിനൊപ്പം സുസ്ഥിരതയില്‍ ഊന്നിയുള്ള ഉല്‍പ്പാദനക്ഷമതാ വര്‍ദ്ധനവ്, പ്രതിരോധശേഷി, ഹരിതഗൃഹ വാതക ഉല്‍സര്‍ജനം കുറയ്ക്കല്‍ അഥവാ നീക്കം ചെയ്യല്‍ എന്നിവ സാധ്യമാക്കുന്ന കൃഷിരീതികളാണ് ഭാവിക്ക് സ്വീകാര്യമാകുക. വരും ദശാബ്ദങ്ങളില്‍ എല്ലാവര്‍ക്കും ആഹാരം നല്‍കണമെങ്കില്‍ നമ്മുടെ ഭക്ഷ്യോത്പാദനം കാലാവസ്ഥാമാറ്റവുമായി പൊരുത്തപ്പെട്ടുകൊണ്ടും, പ്രതിരോധം തീര്‍ത്തുകൊണ്ടും, പരിസ്ഥിതിയോട് സന്ധി ചെയ്തുകൊണ്ട് സുസ്ഥിരമായ രീതിയില്‍ വര്‍ദ്ധിക്കേണ്ടതാവശ്യമാണ്.