
ഈ മാസം നാലിനാണ് അമേരിക്കയിലെ പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ യുണൈറ്റഡ് ഹെല്‍ത്തിന്റെ സി.ഇ.ഒ ബ്രയാന്‍ തോംസണ്‍ ന്യൂയോര്‍ക്കില്‍ വെച്ച് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ബുധനാഴ്ച രാവിലെ 6.45 ന് തോംസണ്‍ മാന്‍ഹാട്ടനിലെ ന്യൂയോര്‍ക്ക് ഹില്‍ട്ടണ്‍ മിഡ്ടൗണ്‍ ഹോട്ടലില്‍ സ്വന്തം കമ്പനിയുടെ നിക്ഷേപക സമ്മേളനത്തിനെത്തിയതായിരുന്നു ബ്രയാന്‍ തോംസണ്‍. ഹോട്ടലിലേക്ക് നടന്നുപോവുകയായിരുന്ന തോംസണ് നേരെ മാസ്‌കും തൊപ്പിയും ധരിച്ച് പിന്നിലൂടെയെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. തോംസണിന്റെ കാലിനും പുറത്തുമാണ് ആദ്യം വെടിയേറ്റത്. അവശനായി ഭിത്തിയോട് ചേര്‍ന്നിരുന്ന തോംസണിന്റെ നേരെ കുതിച്ചുചാടി അക്രമി വീണ്ടും വെടിയുതിര്‍ത്തു. പലതവണ നിറയൊഴിച്ച ശേഷം ഇയാള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടു.
അമേരിക്കയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കോര്‍പ്പറേറ്റ് തലവന്റെ കൊലപാതക വാര്‍ത്ത കേട്ട് രാജ്യം നടുങ്ങി. കൊലപാതകിയെ കണ്ടുപിടിക്കാനായി രാജ്യമൊട്ടാകെ കൊണ്ടുപിടിച്ച അന്വേഷണത്തിലായിരുന്നു ന്യൂയോര്‍ക്ക് പോലീസ്. ഒടുവില്‍ കഴിഞ്ഞ ദിവസം കൊലയാളി പിടിയിലായി. 26കാരനായ ലൂയീജി മാഞ്ചിയോണി എന്നയാളെയാണ് പെന്‍സില്‍വേനിയയിലെ ആല്‍ട്ടൂണ എന്ന സ്ഥലത്ത് വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് മാഞ്ചിയോണി വ്യാജരേഖകളുമായി ന്യൂയോര്‍ക്കിലെ ഒരു ഹോസ്റ്റലില്‍ ചെക്ക് ഇന്‍ ചെയ്തിരുന്നു. ഇത് പൊലീസ് കണ്ടുപിടിച്ചതോടെ ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച അന്വേഷണസംഘം, ഇയാളുടെ ദൃശ്യങ്ങള്‍ തിരിച്ചറിഞ്ഞു. ചെക്ക് ഇന്‍ ചെയ്യുന്ന സമയത്ത് ഇയാള്‍ അവിടെയുണ്ടായിരുന്ന സ്ത്രീ റിസപ്ഷനിസ്റ്റിനോട് സംസാരിക്കാനായി മാസ്‌ക് താഴ്ത്തിയിരുന്നു. ചിരിച്ചുകൊണ്ട് സംസാരിച്ചുകൊണ്ടേയിരുന്ന ഇയാള്‍ ധരിച്ചിരുന്ന അതേ ജാക്കറ്റും വസ്ത്രങ്ങളുമാണ് കൊലപാതകസമയത്തും പ്രതി ധരിച്ചിരുന്നത്. അങ്ങനെയാണ് പൊലീസ് ഈ വ്യക്തി തന്നെയാകാം പ്രതി എന്ന നിഗമനത്തിലേക്കെത്തിയത്.

ന്യൂയോര്‍ക്ക് നഗരത്തില്‍ നിന്ന് 280 മൈല്‍ അകലെയുള്ള ആല്‍ട്ടൂണയില്‍ ഒരു മക്ഡോണള്‍ഡ്സ് റെസ്റ്റാറ്റാന്റില്‍ എത്തിയ ഈയാളെ ജീവനക്കാരന്‍ തിരിച്ചറിഞ്ഞ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇയാളില്‍ നിന്ന് കൊലപാതത്തിന് ഉപയോഗിച്ച തോക്കും വ്യാജ തിരിച്ചറിയല്‍ രേഖകളും മൂന്ന് പേജുള്ള ഒരു കുറിപ്പും പോലീസ് കണ്ടെത്തി. കൊലയ്ക്ക് കാരണമെന്തെന്നും കുറിപ്പില്‍ ഇയാള്‍ എഴുതിയിരുന്നു. ബ്രയാന്‍ കൊല്ലപ്പെട്ടത് മുതല്‍ സുരക്ഷ ഉദ്യോഗസ്ഥരും മാധ്യമങ്ങളും അമേരിക്കന്‍ പൊതുസമൂഹവും സംശയിച്ച അതേ കാരണമാണ് ലൂയിജി കുറിപ്പില്‍ വിശദീകരിക്കുന്നത്. അമേരിക്കയിലെ കുത്തക ഇന്‍ഷൂറന്‍സ് കമ്പനിയുടെ തീവെട്ടിക്കൊള്ള. ഒറ്റവരിയില്‍ അയാളുടെ രോഷത്തിന് കാരണം ഇത് മാത്രമായിരുന്നു
ബ്രയാന്‍ തോംസന്റെ കൊലപാതകം

ക്രൈം സീനില്‍ നിന്ന് കണ്ടെടുത്ത വെടിയുണ്ടയുടെ ഷെല്‍ കേസിങ്ങുകള്‍ കണ്ടതോടെയാണ് സംഭവത്തിന്റെ സ്വഭാവം മാറിയത്. അതില്‍ ഇംഗ്ലീഷില്‍ ഡിലേയ്, ഡിനൈ, ഡിഫന്‍ഡ് എന്ന് രേഖപ്പെടുത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതിന്റെ അര്‍ഥം മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും പ്രയോഗിക്കേണ്ടി വന്നില്ല. ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്ലെയിമുകള്‍ നിഷേധിക്കാനായി ഉപയോഗിക്കുന്ന ത്രീ-'ഡി' എന്ന തന്ത്രമാണ് ഇത്. 2010 ല്‍ ഇറങ്ങിയ 'Delay, Deny, Defend: Why Insurance Companies Don't Pay' എന്ന ഒരു പുസ്തകത്തിന്റെ പേരുമായുള്ള സാമ്യവും ശ്രദ്ധിക്കപ്പെട്ടു. ആരോഗ്യ ഇന്‍ഷുറന്‍സ് നടത്തുന്ന തീവെട്ടിക്കൊള്ളയെ കുറിച്ചുള്ളതായിരുന്നു ഈ പുസ്തകം. ഇതോടെ സംഭവത്തിന് പുതിയൊരു മാനം കൈവന്നു. ഇന്‍ഷുറന്‍സ് നിഷേധിക്കപ്പെട്ട് ദുരിതമനുഭവിക്കേണ്ടി വന്നവരാകാം കൊലപാതകത്തിന് പിന്നിലെന്നും അതല്ല, മറ്റ് കാരണങ്ങളില്‍ നിന്ന് അന്വേഷണം വഴിതെറ്റിക്കാനുള്ള നീക്കമാണെന്നും വാദങ്ങളുണ്ടായി. എന്തായാലും കൊലയാളി പിടിയിലാവുകയും അയാളുടെ പക്കലുണ്ടായിരുന്ന കുറിപ്പ് കണ്ടെടുക്കുകയും ചെയ്തതോടെ ഇക്കാര്യങ്ങളില്‍ സ്ഥിരീകരണമുണ്ടായിരിക്കുകയാണ്. പെന്‍സില്‍വാനിയ പോലീസ് കസ്റ്റഡിയിലെടുത്ത ലൂയിജിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി. അനധികൃതമായി തോക്ക് കൈവശം വെച്ചതിനടക്കം അഞ്ചുകുറ്റങ്ങളാണ് ഇപ്പോള്‍ ചുമത്തിയിട്ടുള്ളത്. വൈകാതെ ന്യൂയോര്‍ക്ക് പോലീസിന് കൈമാറും. ലൂയിജിയെ ന്യൂയോര്‍ക്കില്‍ എത്തിച്ച് ചോദ്യം ചെയ്ത ശേഷമേ ബ്രയാന്‍ തോംസണ്‍ വധക്കേസുമായി ബന്ധപ്പെടുത്തിയുള്ള അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂ എന്നാണ് വിവരം.
ആരാണ് കൊലയാളി

സാന്‍ഫ്രാന്‍സിസ്‌കോയില്‍ കുടുംബവേരുകളുള്ള ലൂയിജി ജനിച്ചതും വളര്‍ന്നതും മേരിലാന്‍ഡിലാണ്. പെന്‍സിന്‍വാനിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ലൂയിജി ഹവായിയിലാണ് താമസിച്ചിരുന്നത്. ഇയാളുടെ മാതാപിതാക്കള്‍ പൗരപ്രമുഖരും സമ്പന്നരുമാണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മേരിലാന്‍ഡിലെ പ്രശസ്തമായ ബാള്‍ട്ടിമോര്‍ ഓള്‍ ബോയ്സ് പ്രെപ് സ്‌കൂളിലെ ഏറ്റവും മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു ലൂയിജി. പിന്നീട് എഞ്ചിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. യൂണിവേഴ്സിറ്റിയിലെ വീഡിയോ ഗെയിം ഡെവലപ്മെന്റ് ക്ലബ്ബിന്റെ സ്ഥാപകന്‍ കൂടിയായിരുന്നു ലൂയിജി. കുടുംബാംഗങ്ങളില്‍ നിന്ന് അകന്ന് ഹവായിലായിരുന്നു താമസിച്ചിരുന്നത്. ഹവായിലെ സര്‍ഫിങ് കമ്മ്യൂണിറ്റിയുടെ കൂടെയായിരുന്നു പിന്നീടുള്ള ജീവിതം. പിന്നീട് കടുത്ത പുറംവേദനയെ തുടര്‍ന്ന് ഇയാള്‍ സര്‍ഫിങ്ങില്‍നിന്നും ഹൈക്കിങ്ങില്‍ നിന്നുമെല്ലാം പിന്‍വാങ്ങുകയായിരുന്നു. ഇതിന്റെ ചികിത്സയുടെ ഭാഗമായി ഒരു ശസ്ത്രക്രിയക്കും വിധേയനായിരുന്നു. തന്റെ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഇയാള്‍ തന്റെ എക്സ് അക്കൗണ്ടിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ചികിത്സയുടെ സമയത്ത് ലൂയിജിക്ക് ഇന്‍ഷൂറന്‍സ് ക്ലെയിം നിഷേധിക്കപ്പെട്ടിരുന്നോ എന്നും ഇന്‍ഷുറന്‍സ് യുണൈറ്റഡ് ഹെല്‍ത്ത് കെയറിലായിരുന്നോ എന്നും വ്യക്തമല്ല.
മാനിഫെസ്റ്റോ
മൂന്ന് പേജുള്ള ഈ കുറിപ്പില്‍ ബ്രയാന്‍ തോംസന്റെ കൊലപാതകത്തെ ഒരു പ്രതീകാത്മക നടപടിയായാണ് ലൂയിജി വിശേഷിപ്പിക്കുന്നത്. ഫെഡറല്‍ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുള്ള കുറിപ്പില്‍ നിങ്ങള്‍ രാജ്യത്തിനായി ചെയ്യുന്ന സേവനങ്ങളെ താന്‍ ബഹുമാനിക്കുന്നതായി ലുയിജി കുറിക്കുന്നു. ഈ കുറ്റകൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ല. ഇതിന്റെ പേരില്‍ ആളുകള്‍ക്കുണ്ടാവുന്ന മാനസിക ബുദ്ധിമുട്ടിന് താന്‍ ക്ഷമ ചോദിക്കുന്നു. ഈ അപരാധം. ഇത് സ്വയം വരുത്തിവെച്ചതാണ്. ലോകത്തിലെ ഏറ്റവും ചിലവേറിയ ആരോഗ്യസംരക്ഷണ സംവിധാനം അമേരിക്കയുടേതാണ്. പക്ഷെ ആയുര്‍ദൈര്‍ഘ്യത്തില്‍ നമ്മള്‍ 42ാം സ്ഥാനത്താണ്. അമേരിക്കന്‍ മാര്‍ക്കറ്റിലെ ഏറ്റവും വലിയ കമ്പനികളിലൊന്നാണ് യുണൈറ്റഡ്. അവര്‍ നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുന്നു. പക്ഷെ നമ്മുടെ ആയുര്‍ദൈര്‍ഘ്യമോ? അവര്‍ നമ്മുടെ രാജ്യത്തെ ലാഭത്തിനായി ചൂഷണം ചെയ്യുകയാണ്. എന്നിട്ടും അവരെ രക്ഷപ്പെടാന്‍ അമേരിക്കന്‍ ജനങ്ങള്‍ അനുവദിക്കുന്നു. പൊതുജനാരോഗ്യ രംഗത്തെ ഉന്നതരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും അഴിമതിക്കുമെതിരായ പ്രതിരോധമാണ് തന്റെ പ്രവര്‍ത്തിയെന്നും ലൂയിജി കുറിപ്പില്‍ പറയുന്നു. അമേരിക്കയിലെ മുഖ്യധാരാ മാധ്യമങ്ങളൊന്നും ഈ കുറിപ്പില്‍ പറയുന്നത് മുഴുവനായി പ്രസിദ്ധീകരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

എന്തുകൊണ്ട് യുണൈറ്റഡ്
പതിവായി ക്ലെയിമുകള്‍ നിഷേധിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കെതിരെ അമേരിക്കയില്‍ വലിയ ജനരോഷമാണ് ഉയരാറുള്ളത്. അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക് പോലും ക്ലെയിമുകള്‍ നിഷേധിക്കപ്പെടാറുണ്ട്. കൂടുതല്‍ ക്ലെയിമുകള്‍ നിഷേധിക്കുന്ന ജീവനക്കാര്‍ക്ക് കമ്പനി റിവാര്‍ഡുകള്‍ നല്‍കുന്നതായുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇനി ക്ലെയിം അനുവദിച്ചാല്‍ കോ-പേ എന്ന പേരില്‍ രോഗി ആശുപത്രിക്കും ഡോക്ടര്‍ക്കും ഒരു വലിയ തുക നല്‍കേണ്ടി വരും. അതിന്റെ ബാക്കി മാത്രമേ ഇന്‍ഷുറന്‍സ് കമ്പനികള്‍ വഹിക്കൂ. ക്ലെയിമുകള്‍ ലഭിച്ചില്ലെങ്കില്‍ അമേരിക്കയിലെ ചിലവേറിയ ആശുപത്രി ബില്ലുകള്‍ സാധാരണക്കാരെയും ഇടത്തരക്കാരെയും വലിയ കടക്കെണിയിലേക്കാണ് കൊണ്ടെത്തിക്കുന്നത്. സമീപകാലത്ത് യുണൈറ്റഡ് ഹെല്‍ത്ത് അടക്കമുള്ള മൂന്നു വന്‍കിട ഇന്‍ഷുറന്‍സ് കമ്പനികള്‍ പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്ലെയിം നിഷേധിക്കുന്നത് വലിയ തോതില്‍ വര്‍ദ്ധിപ്പിച്ചതായി സെനറ്റ് സബ്കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇതിനായി ഇവര്‍ ഉപയോഗിക്കുന്ന രീതികള്‍ മനുഷ്യത്വ വിരുദ്ധമാണെന്നും സമിതി ചൂണ്ടിക്കാട്ടിയിരുന്നു.

കൊലപാതകിക്ക് കയ്യടിച്ച് പൊതുജനം
ലൂയീജി മാഞ്ചിയോണി പിടിയിലാകുകയും ഇയാളുടെ മാനിഫെസ്റ്റോ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തതോടെ സ്ഥിതിഗതികള്‍ ആകെ മാറിമറിഞ്ഞിരിക്കുകയാണ്. പൊതുജനങ്ങളിലെ വലിയൊരു വിഭാഗം ഒരു കൊലപാതകിക്ക് വേണ്ടി കയ്യടിക്കുന്ന അപൂര്‍വ കാഴ്ചയാണിപ്പോള്‍ അമേരിക്കയില്‍. ലൂയിജിയുടെ ലീഗല്‍ ഡിഫന്‍സിന് വേണ്ടിയുള്ള ഫണ്ട് കളക്ഷനിലേക്ക് വലിയ തുകകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഒരു പടികൂടി കടന്ന് ലൂയിജിയുടെ ചെയ്തിയെ പരസ്യമായി പിന്തുണയ്ക്കുന്ന അവസ്ഥയിലേക്കും കാര്യങ്ങളെത്തിയിട്ടുണ്ട്. ചികിത്സയ്ക്കായി ക്ലെയിം നിഷേധിക്കുന്നതാണ് യഥാര്‍ഥ കൊലപാതകമെന്നും അതിനാരും ശിക്ഷിക്കപ്പെടുന്നില്ലെന്നുമാണ് ഒരാള്‍ എക്‌സില്‍ കുറിച്ചത്. അതോടൊപ്പം വെടിയുണ്ടയില്‍ രേഖപ്പെടുത്തിയ Deny, Defend, Depose എന്ന വാക്കുകളും അമേരിക്കന്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ്. ലൂയിജിയെ പോരാളിയായും സാമൂഹിക ഉത്തരവാദിത്വമുള്ള പൗരനായും നായകനായും ചിത്രീകരിക്കുന്ന പോസ്റ്റുകളും നിറയുന്നുണ്ട്. 'FREE LUIGI' എന്നെഴുതിയ ടീഷര്‍ട്ടുകള്‍ പല സൂപ്പര്‍മാര്‍ക്കറ്റുകളിലും വലിയ രീതിയില്‍ വില്‍ക്കപ്പെടുന്നുണ്ട്. എന്നാല്‍ കൊലപാതകം ആഘോഷിക്കപ്പെടുകയും കൊലയാളി താരമാവുകയും ചെയ്യുന്നത് ഭീതിജനകമായ സാഹചര്യമാണെന്നാണ് ന്യൂയോര്‍ക്ക് ഭരണകൂടത്തിന്റെ പ്രതികരണം. ഇതിനെ അപലപിച്ച് ന്യൂയോര്‍ക്ക് മേയറും പോലീസ് കമ്മീഷണറും ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയിലെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളോടും അതിനെ ചൂഷണം ചെയ്ത് കോടികള്‍ കൊയ്യുന്ന കോര്‍പ്പറേറ്റുകളോടും സാധാരണക്കാര്‍ക്കുള്ള പ്രതിഷേധമാണ് ജനങ്ങളുടെ ഈ പ്രതികരണങ്ങളില്‍ നിറയുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. കൊട്ടിഘോഷിക്കപ്പെടുന്ന അമേരിക്കന്‍ ഭരണസംവിധാനങ്ങളുടെ പാളിച്ചകള്‍ ചര്‍ച്ചചെയ്യപ്പെടാതിരിക്കാനും കോര്‍പ്പറേറ്റ് കമ്പനികള്‍ നടത്തുന്ന ചൂഷണങ്ങള്‍ വെളിച്ചത്ത് വരാതിരിക്കാനുമാണ് മുഖ്യധാര മാധ്യമങ്ങളുള്‍പ്പടെ ഈ സംഭവത്തിലെ യാഥാര്‍ഥ്യങ്ങള്‍ പുറത്തുവിടാത്തതെന്നാണ് അമേരിക്കയിലെ സ്വതന്ത്ര പത്രപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നത്.
Content Highlights: united healthcare ceo brian thompson murder, why people are cheering for a murderer
Published: 13 Dec 2024, 01:27 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented