തെലുങ്ക് സിനിമാ ലോകത്തെ ഞെട്ടിച്ച നടി പ്രത്യുഷയുടെ മരണത്തിൽ സുപ്രീം കോടതി അന്തിമ വിധി പുറപ്പെടുവിച്ചു. 23 വർഷങ്ങൾക്കുശേഷമാണ് വിധി വന്നിരിക്കുന്നത്. 2002-ൽ നടന്ന സംഭവത്തിൽ പ്രത്യുഷയുടെ മരണം ആത്മഹത്യയാണെന്ന കീഴ്ക്കോടതികളുടെ കണ്ടെത്തൽ സുപ്രീം കോടതി ശരിവച്ചു. ബലാത്സംഗം, കൊലപാതകം എന്നീ ആരോപണങ്ങൾ തെളിവുകളുടെ അഭാവത്തിൽ കോടതി തള്ളിക്കളയുകയും ചെയ്തു. 2002-ൽ കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രത്യുഷയുടെ കാമുകനായ ഗുഡിപള്ളി സിദ്ധാർത്ഥ റെഡ്ഡിയോട് നാലാഴ്ചയ്ക്കുള്ളിൽ കീഴടങ്ങാനും സുപ്രീം കോടതി ആവശ്യപ്പെട്ടു.

To advertise here,

ജസ്റ്റിസ് രാജേഷ് ബിന്ദൽ, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പ്രത്യുഷയുടെ മരണത്തിന് കാരണമായത് വിഷം ഉള്ളിൽ ചെന്നതാണെന്ന് മെഡിക്കൽ തെളിവുകൾ വ്യക്തമാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ പ്രധാന പ്രതിയും പ്രത്യുഷയുടെ അന്നത്തെ കാമുകനുമായിരുന്ന ഗുഡിപള്ളി സിദ്ധാർത്ഥ് റെഡ്ഡിക്ക് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് ലഭിച്ച രണ്ട് വർഷത്തെ തടവ് ശിക്ഷ കോടതി ശരിവച്ചു.

ഹൈക്കോടതി വിധിക്കെതിരെ സിദ്ധാർത്ഥ് നൽകിയ അപ്പീലും, മകളുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് അമ്മ സരോജിനി ദേവി നൽകിയ ഹർജിയും കോടതി തള്ളി. ഇതോടെ പതിറ്റാണ്ടുകൾ നീണ്ട ഈ വിവാദ നിയമപോരാട്ടത്തിന് വിരാമമായിരിക്കുകയാണ്.

പ്രത്യുഷയും സിദ്ധാർത്ഥുമായുള്ള പ്രണയബന്ധത്തെ സിദ്ധാർത്ഥിന്റെ വീട്ടുകാർ എതിർത്തതിനെത്തുടർന്നാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതിൽ സിദ്ധാർത്ഥ് രക്ഷപ്പെട്ടെങ്കിലും 22 വയസ്സുകാരിയായ പ്രത്യുഷ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണമടഞ്ഞു. ഈ കേസിൽ സിദ്ധാർത്ഥ റെഡ്ഡിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റമാണ് സിബിഐ ചുമത്തിയിരുന്നത്. തുടർന്ന് നടന്ന വിചാരണയിൽ 2004-ൽ ഇയാൾക്ക് അഞ്ച് വർഷം തടവ് ശിക്ഷ ലഭിച്ചു. എന്നാൽ 2011-ൽ ആന്ധ്രാപ്രദേശ് ഹൈക്കോടതി ശിക്ഷ രണ്ട് വർഷമായി കുറയ്ക്കുകയും 50,000 രൂപ പിഴ ചുമത്തുകയും ചെയ്തു. തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് റെഡ്ഡിയും, മകളുടെ മരണത്തിന് ഉത്തരവാദിയായ ഇയാൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രത്യുഷയുടെ അമ്മയും കോടതിയെ സമീപിച്ചിരുന്നു.

തന്റെ മകളുടെ മരണം ആത്മഹത്യയല്ലെന്നും അത് ആസൂത്രിതമായ കൊലപാതകമാണെന്നുമാണ് അമ്മ പി. സരോജിനി ദേവി വർഷങ്ങളായി ആരോപിച്ചിരുന്നത്. രാഷ്ട്രീയ സ്വാധീനമുള്ള കുടുംബങ്ങളിലെ അംഗങ്ങൾ ഉൾപ്പെടെയുള്ളവർ തന്റെ മകളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നും അവർ ആരോപിച്ചു. വർഷങ്ങളോളം നീണ്ട നിയമപോരാട്ടത്തിലൂടെ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവർ. എന്നാൽ പ്രത്യുഷ ശ്വാസംമുട്ടി മരിച്ചതാണെന്ന വാദം നിലനിൽക്കില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. കൂടാതെ, ബലാത്സംഗം നടന്നതായി തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നും ഇത്രയും വൈകിയ വേളയിൽ പുതിയ ആരോപണങ്ങൾ ഉന്നയിക്കുന്നത് പ്രായോഗികമല്ലെന്നും കോടതി വ്യക്തമാക്കി.

1988ൽ തെലുങ്ക് സൂപ്പർതാരം മോഹൻ ബാബുവിനൊപ്പമാണ് പ്രത്യുഷ സിനിമാ ജീവിതം ആരംഭിച്ചത്. തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അവർ സജീവമായിരുന്നു. സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത പ്രത്യുഷ 'മിസ് ലവ്‌ലി സ്‌മൈൽ' പട്ടം നേടിയതോടു കൂടി നിരവധി ആരാധകരും ഉണ്ടായി. അഞ്ചു വർഷങ്ങൾ കൊണ്ട് പ്രത്യുഷ 12 സിനിമകളിലാണ് വേഷമിട്ടത്. അതിൽ ആറും തമിഴിലായിരുന്നു. പ്രഭുവിനൊപ്പം 'സൂപ്പർ കുടുംബം', വിജയകാന്തിന്റെ 'താവസി', ഭാരതിരാജയുടെ 'കടൽപൂക്കൾ' തുടങ്ങിയവയാണ് പ്രത്യുഷയുടെ ചിത്രങ്ങൾ. തമിഴിലും തെലുങ്കിലുമായി കൈനിറയെ ചിത്രങ്ങളുമായി കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴായിരുന്നു പ്രത്യുഷയുടെ മരണം.