
കാട്ടിലാണ് വീട്, വീട്ടിലേക്കുള്ള വഴിയില്‍ വലിയൊരു പുഴയുണ്ട്. ആ പുഴ കടക്കണമെങ്കില്‍ മുളകെട്ടിക്കൂട്ടി ഉണ്ടാക്കിയ ചങ്ങാടം വേണം. പുഴയില്‍ വെള്ളം കൂടിയാല്‍ ചങ്ങാടം ഇറക്കാനുമാകില്ല. ഇനി എങ്ങനെയെങ്കിലും പുഴകടന്നെത്തിയാല്‍ ആ വീടുകള്‍ കാണം. വീടെന്ന് വിളിക്കാനാകില്ല. ടാര്‍പ്പോളിന്‍ ഷീറ്റുകള്‍ വലിച്ചുകെട്ടിയും മുള തല്ലിച്ചതച്ചുമുണ്ടാക്കിയ കൂരകള്‍. ഇത്തിരിവെളിച്ചം പോലും അകത്തുകടക്കാത്ത ശ്വാസം മുട്ടിക്കുന്ന അകത്തളങ്ങള്‍. രാത്രി മൂത്രമൊഴിക്കാന്‍ പോകേണ്ടതുപോലും കാട്ടിലാണ്. ആനകളും കുറുനരികളും വിഹരിക്കുന്ന അതേ കാടു തന്നെ. മലപ്പുറം ജില്ലയില്‍ നിലമ്പൂരില്‍ മുണ്ടേരി ഫാമിന് എതിര്‍വശത്ത് ചാലിയാര്‍ കടന്നെത്തിയാല്‍ അവരെ കാണാം. ഇനിയും കേരളം പുനരധിവസിപ്പിച്ചിട്ടില്ലാത്ത പ്രളയബാധിതരാണ് അവര്‍. 2019 ലെ പ്രളയത്തില്‍ വാണിയമ്പുഴ കോളനിയെ പുഴ കവര്‍ന്നു. കാടിനെയും നാടിനെയും ബന്ധിക്കുന്ന ഏക നടപ്പാലം കുലംകുത്തിയൊഴുകുന്ന ചാലിയാറില്‍ ഒലിച്ചുപോയി. അന്ന് മുതല്‍ ഇവരുടെ ജീവിതം ഇങ്ങനെയാണ്. ആദിവാസികളിൽ തന്നെ ഏറ്റവും പിന്നാക്ക വിഭാഗമായ കാട്ടുനായ്ക്ക, പണിയ വിഭാഗങ്ങളിലുള്ളവരാണ് പുഴയ്ക്കിപ്പുറം ദുരിത ജീവിതം നയിക്കുന്നത്.
അലറിയൊഴുകുന്ന ചാലിയാറില്‍ ഇറങ്ങിയും മുളകുത്തിയും ചങ്ങാടം കരയ്ക്കടിപ്പിക്കുന്ന കാടിന്റെ മക്കള്‍. അതില്‍ ചൂരല്‍മല ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങൾ ആദിവാസികൾ ചങ്ങാടത്തിൽ കരക്കെത്തിക്കുന്നത് ബിജിഎം ഇട്ട് കാടിന്റെ മക്കളുടെ ധീരത എന്ന പേരില്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. ആ ധീരർ കാടിനുള്ളിൽ നയിക്കുന്ന ദയനീയ ജീവിതം മാത്രം ഒരു റീലിലും വന്നില്ല. വെള്ളപ്പൊക്കത്തിൽ സർവതും നഷ്ടപ്പെട്ട ഇവർ ഇനിയും പുനരധിവസിപ്പിച്ചിട്ടില്ലെന്ന് സത്യവും എങ്ങും കണ്ടില്ല.
രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച അതേ ചങ്ങാടത്തിൽ മാത്രമാണ് കുത്തിയൊഴുകുന്ന പുഴയ്ക്കക്കരെയുള്ള വീടുകളിൽ എത്താനാവുക. അക്കരെ വാണിയംമ്പുഴ വനം വകുപ്പ് ഓഫീസിന്റെ സമീപത്തായാണ് ഇരുട്ടുകുത്തി കോളനി. കോണ്‍ക്രീറ്റ് റോഡിലൂടെ നടന്നാല്‍ പൊളിഞ്ഞുവീണ വാണിയമ്പുഴ കോളനിയിലെത്തും. പ്ലാസ്റ്റിക്ക് ഷീറ്റിനുള്ളിലാണ് ഇവിടെ ഇവരുടെ ജീവിതം. പിന്നെയും ഏറെ ദൂരം നടക്കണം തരിപ്പപ്പൊട്ടി കോളനിയിലും കുമ്പളപ്പാറ കോളനിയിലും എത്താന്‍. ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ നിന്ന് കുമ്പളപ്പാറ കോളനിയിലേക്കുള്ള ദൂരം ആറ് കിലോമീറ്ററാണ്. കാട്ടുവഴികളെയും വന്യമൃഗങ്ങളെയും പിന്നിട്ടുവേണം ഇവിടെയെത്താന്‍.

പ്രളയം തകര്‍ത്ത ജീവിതങ്ങള്‍
2019 ഓഗസ്റ്റിലെ പ്രളയത്തില്‍ ചാലിയാര്‍ പുഴയിലുണ്ടായ മലവെള്ളപ്പാച്ചില്‍ വാണിയമ്പുഴ കോളനിയിലെ പല വീടുകളുടെയും അസ്ഥിവാരം തകര്‍ത്താണ് ഒഴുകിയത്. വൈകുന്നേരം മൂന്ന് മണിയ്ക്ക് പുഴ കരകവിഞ്ഞ് ഒഴുകിയെത്തിയപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം അടുത്തുള്ള കുന്നിന്‍ മുകളിലേക്ക് കോളനിയിലുള്ളവര്‍ ഓടിക്കയറി. അന്ന് അഭയം തേടിയ കുന്നിന് മുകളില്‍ താത്കാലികമായുണ്ടാക്കിയ ടാര്‍പ്പോളിന്‍ ഷീറ്റുകള്‍ക്കടിയിലാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായിട്ടും ഇവരുടെ ജീവിതം. മഴക്കാലമായാല്‍ ഷെഡ്ഡുകള്‍ ചോര്‍ന്നൊലിക്കും. രാത്രി കാറ്റ് ആഞ്ഞുവീശുമ്പോള്‍ കൂരകള്‍ക്കുള്ളില്‍ നെഞ്ചിടിപ്പോടെ നേരം വെളുപ്പിക്കണം. വൈദ്യുതിയും വെള്ളവും ഉണ്ടായിരുന്ന സാമാന്യം ഭേദപ്പെട്ട ജീവിതത്തില്‍ നിന്നാണ് ഒറ്റരാത്രികൊണ്ട് ഇവര്‍ക്ക് ഓടിപ്പോകേണ്ടിവന്നത്.

പ്രഥമിക കര്‍മ്മങ്ങള്‍ പോലും കാടിനുളളില്‍
രാത്രി കാട്ടുമൃഗങ്ങളെ പേടിച്ച് കത്തിയും കൊടുവാളുമായി വേണം ഇവര്‍ക്ക് പ്രഥമിക കര്‍മ്മങ്ങള്‍ക്ക് പോലും പുറത്തിറങ്ങാന്‍.നാൽപതോളം കുടുംബങ്ങളുടെ അവസ്ഥ ഇന്ന് ഇതുതന്നെയാണ്. ഒരു പോര്‍ട്ടബിള്‍ ടോയ്‌ലറ്റാണ് ആകെയുള്ളത്. വിതുമ്പി കരഞ്ഞുകൊണ്ടാണ് കാര്‍ത്തികയെന്ന പെണ്‍കുട്ടി ഈ ദുരവസ്ഥ പറഞ്ഞത്. വാണിയമ്പുഴ കോളനിയിലുണ്ടായിരുന്ന അങ്കണവാടി ഉപയോഗശൂന്യമായതോടെ കുടില്‍കെട്ടി താമസിക്കുന്ന ഭാഗത്ത് പുതിയ അങ്കണവാടി നിര്‍മ്മിച്ചു നല്‍കി. ഇവിടെ അധ്യാപികയായി ജോലിചെയ്യുകയാണ് കാര്‍ത്തിക. ഇരുട്ടിലാണ് തങ്ങളുടെ ജീവിതമെന്ന് പറഞ്ഞ് കാര്‍ത്തിക കരഞ്ഞപ്പോള്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങളെയോര്‍ത്ത് അവള്‍ക്ക് മുമ്പില്‍ തലതാഴ്ത്തി നില്‍ക്കാനെ കഴിയുമായിരുന്നുള്ളു. ഏറ്റവും സ്വകാര്യമായി മനുഷ്യന്‍ നിര്‍വഹിക്കേണ്ട പ്രഥമിക കൃത്യങ്ങള്‍ക്കായി പേടിയോടെ കാട്ടിലൊളിക്കേണ്ടിവരുന്ന ഒരു പെണ്‍കുട്ടിയുടെ നിവൃത്തികേട്, ചുവപ്പുനാടകള്‍ക്ക് മനസിലായെന്ന് വരില്ല, അതും ഒരേ സമയം മനുഷ്യനെയും മൃഗങ്ങളെയും പേടിച്ച്.
വേണ്ടത് ഒരുപാലം, പരിഹാരം ഒരുപാട് പ്രശ്‌നങ്ങള്‍ക്ക്
നാല് ഊരുകളിലായി കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ 600 ഓളം പേരാണുള്ളത്. ഇത്രയും പേരെ പുറംലോകവുമായി ബന്ധിപ്പിക്കാൻ ഇപ്പോഴുള്ള ഒരു പാലമാണ്. കുമ്പളപ്പാറയിലെ ഒരു സ്ത്രീക്ക് പ്രസവവേദന വന്നാല്‍ ആറു കിലോമീറ്റര്‍ കൊടുംവനത്തിലൂടെ ഏറ്റികൊണ്ടുവന്ന് ചങ്ങാടത്തില്‍ പുഴ കടത്തിവേണം 20 കിലോമീറ്ററുകള്‍ക്ക് അപ്പുറമുള്ള നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിക്കാന്‍. ആര്‍ക്കെങ്കിലും ഹൃദയസ്തംഭനമുണ്ടായാല്‍ കോളനിയില്‍ കിടന്ന് മരിക്കുകയേ വഴിയുള്ളൂ. തരിപ്പപ്പൊട്ടി കോളനിയിലെ കണ്ണന്റെ മകന്‍ ബിജു അംഗപരിമിതനാണ്. വഴിപിരിഞ്ഞൊഴുകി വാണിയമ്പുഴ കോളനിയെ രണ്ടായി മുറിച്ച ചാലിയാറിന് കുറുകെയുള്ള മുളപ്പാലം കടന്നുവേണം കണ്ണനെയും കൊണ്ട് കോളനിയില്‍ നിന്നും പുറത്തെത്താന്‍.ബിജുവിന് കണ്ണിന് കാഴ്ചക്കുറവുമുണ്ട്. വീണ്ടും കിലോമീറ്ററുകള്‍ നടന്നും ചങ്ങാടത്തിലേറിയും വേണം ബിജുവിനെ കാടിന്റെ പുറത്തെത്തിക്കാന്‍. കൈ പിടിക്കാതെ പിച്ചവെച്ചല്ലാതെ ബിജുവിനിപ്പോഴും നടക്കാനാകില്ല. തരിപ്പപ്പൊട്ടി കോളനിയെയും ഏത് നിമിഷവും ചാലിയാര്‍ വിഴുങ്ങാം. അപ്പോഴും ബിജുവിനെയും കൊണ്ടല്ലാതെ മാതാപിതാക്കള്‍ക്ക് സുരക്ഷിത ഇടത്തേയ്ക്ക് മാറാനാകില്ല. ബിജു ഒരു ഉദാഹരണം മാത്രമാണ്. ഇത്തരത്തില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന നിരവധി പേരുണ്ട് ഇവിടെ.

റേഷന്‍കടയില്‍ പോയി അത്യാവശ സാധനങ്ങള്‍ വാങ്ങി എങ്ങനെയെങ്കിലും പുഴ മുറിച്ച് കടന്ന് കാട്ടിലൂടെ വീട് ലക്ഷ്യമാക്കി നടക്കുമ്പോള്‍ ചിലപ്പോള്‍ കൊമ്പനാനയുടെ മുന്നില്‍പ്പെടും. ഇതോടെ അരി വലിച്ചെറിഞ്ഞ് കുട്ടികളുമായി ജീവനും കൊണ്ട് ഓടേണ്ടിവരും. കിലോമീറ്ററുകള്‍ നടന്ന് പോയി വാങ്ങികൊണ്ടുവരുന്ന അരിയാണ് ഇങ്ങനെ കാട്ടില്‍ ഉപേക്ഷിക്കേണ്ടിവരുന്നത്. മഴയെത്തുന്നതിന് മുമ്പേ അരിവാങ്ങി സൂക്ഷിച്ചുവയ്ക്കുകയാണ് പതിവ്. നിര്‍ത്താതെ മഴ പെയ്താല്‍ ചാലിയാര്‍ കരകവിഞ്ഞൊഴുകും. മഴ നീണ്ടു പോയി അരി തീര്‍ന്നാല്‍ പിന്നെ കോളനിയിലെ അടുപ്പു പുകയില്ല. മഴയെയും പുഴയെയും പേടിച്ച് അക്കരെ ജോലിക്ക് പോകാന്‍ പോലും കോളനിയിലെ പുരുഷന്‍മാര്‍ക്ക് ധൈര്യമില്ല. രാവിലെ ജോലിക്ക് പോയാല്‍ വൈകുന്നേരമാകുമ്പോഴേക്കും പുഴ നിറഞ്ഞാല്‍ അക്കരെ നില്‍ക്കേണ്ടി വരും, ആ നില്‍പ്പ് ചിലപ്പോള്‍ ദിവസങ്ങളോളം നീണ്ടേക്കാം. അതുകൊണ്ട് മഴക്കാലം കോളനിയ്ക്ക് പഞ്ഞമാസക്കാലമാണ്.
അദിവാസികളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ അറിഞ്ഞിരിക്കണം, ആദിവാസി എങ്ങനെ ജീവിക്കുന്നുവെന്നും സര്‍ക്കാര്‍ അറിയണം. കുഞ്ഞിനെയും ഒക്കത്തെടുത്ത് അരിവാങ്ങിവരികയായിരുന്ന ആദിവാസി സ്ത്രീ അജിത പറയുന്നു
മുണ്ടേരി, പോത്തുകല്‍, ഞെട്ടിക്കുളം പ്രദേശങ്ങളിലെ വിവിധ സ്‌കൂളുകളിലാണ് ഇവിടുത്തെ കുട്ടികള്‍ പോകുന്നത്. മഴക്കാലമായാല്‍ കളക്ടര്‍ അവധി പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും ഇവര്‍ സ്‌കൂളിലെത്തില്ല. മഴപ്പെയ്ത്തിന്റെ അളവ് അനുസരിച്ചായിരിക്കും അവരുടെ സ്‌കൂൾപോക്ക്. ചെറിയ കുട്ടികള്‍ക്ക് ചങ്ങാടത്തില്‍ കയറാന്‍ പേടിയാണ്. അതുകൊണ്ട് തന്നെ മാസങ്ങള്‍ നീളുന്ന അവധിക്കാലമാണ് ഇവര്‍ക്ക് മഴക്കാലം. പാലത്തിന്റെ അഭാവം വിദ്യാഭ്യാസത്തിലും ഇവരെ പിന്നാക്കാവസ്ഥയിലാക്കുന്നു.
വേണ്ടത് അടിയന്തര പരിഹാരം
വാണിയമ്പുഴ കോളനിയിലെ വീടുകള്‍ ഉണ്ടായിരുന്ന സ്ഥലം സര്‍ക്കാര്‍ തിരിച്ചെടുത്ത് നിലവില്‍ കുടില്‍ കെട്ടി താമസിക്കുന്ന ഇടത്ത് വീട് വെച്ചുതരണമെന്നാണ് ഇവരുടെ ആവശ്യം. ഐറ്റിടിപി (integrated tribal development programme) മുഖേന നിരവധി തവണ ഈ ആവശ്യം മുന്നോട്ട് വെച്ചിട്ടുമുണ്ട്. ഉപജീവനമാര്‍ഗത്തിനായി കാടിനെ ആശ്രയിക്കുന്ന ഇവര്‍ കാടിറങ്ങാനും തയ്യാറല്ല. അഞ്ചുവര്‍ഷം മഴയത്തും വെയിലത്തും നിര്‍ത്തിയ ഈ മനുഷ്യരെ ഒരു ദിവസം പോലും വൈകിക്കാതെ സുരക്ഷിതമായ ഇടം ഒരുക്കികൊടുക്കുകയാണ് വേണ്ടത്. എല്ലാ മഴക്കാലത്തും മുടങ്ങാതെ കോളനിയിലേക്ക് എത്തുന്ന കിറ്റുകളില്‍ മാത്രം പോര നമ്മുടെ കരുതല്‍.പാലമെന്ന ഇവരുടെ ആവശ്യത്തിന് കോളനിയോളം പഴക്കമുണ്ട്. വാഹനങ്ങള്‍ക്ക് കടന്നുചെല്ലാന്‍ കഴിയുന്ന പാലമായിരുന്നു ഇവരുടെ ആദ്യ സ്വപ്നം. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒഴുകിപ്പോയ നടപ്പാലമെങ്കിലും നിര്‍മിച്ചു നല്‍കണമെന്നാണ് ആവശ്യം.

ചാലിയാറിന്റെ രൗദ്രതയില്‍ ശരീരഭാഗങ്ങൾ മാത്രമായി ഒഴുകിയെത്തിയ അജ്ഞാതരോട് പോലും കരുണ കാണിച്ചവരാണ് കാടിന്റെ മകള്‍, ജീവന്‍ പണയം വെച്ചും ചങ്ങാടം തുഴഞ്ഞവരാണ്. ചാലിയാറിലെ ഓളങ്ങള്‍ക്ക് കൊടുക്കാതെ രക്ഷാപ്രവര്‍ത്തകരെ സുരക്ഷിതരായി ഇരുകരകളിലും എത്തിച്ചവരാണ്. അവരോട് നമ്മുടെ സംവിധാനങ്ങള്‍ കണിക്കേണ്ടത് സാമാന്യമര്യാദയാണ്.
എന്തുകൊണ്ട് ഇവർ മാത്രം പ്രളയാനന്തരം അവഗണിക്കപ്പെട്ടു?
പ്രളയ ബാധ്യതരായിരുന്നിട്ടും ഇവര്‍ മാത്രം എന്തുകൊണ്ട് അവഗണിക്കപ്പെട്ടു. കാട്ടിലെ പ്രളയബാധിതരെ എന്തുകൊണ്ട് സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും മറന്നു. എന്തുകൊണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും യുവജന സംഘടനകളും ഇവര്‍ക്കുവേണ്ടി തെരുവിലിറങ്ങിയില്ല, ഇങ്ങനെയുള്ള ചോദ്യത്തിന് മുന്നില്‍ നമ്മള്‍ക്ക് ഉത്തരം മുട്ടും പക്ഷേ നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് കൃത്യമായ മറുപടിയുണ്ട്. തങ്ങള്‍ ആദിവാസികളായതുകൊണ്ടെന്ന്...
Content Highlights: story of Vaniyampuzha colony,adivasi, post flood
Published: 11 Aug 2024, 03:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented