
"ഇന്നത്തെ കാലത്ത് ഭക്ഷണം കിട്ടാത്തവരുണ്ടോ എന്ന് കളിയാക്കി ചോദിക്കുന്നവരുണ്ട്. ഭക്ഷണം കിട്ടാത്തവര്‍ ഒരുപാടുണ്ട്. നമുക്കറിയാത്തതുകൊണ്ടാണ്. വിശപ്പെന്താണെന്ന് നന്നായറിഞ്ഞവരാണ് ഞങ്ങള്‍. അന്ന് പട്ടിണി കാരണം 45 ദിവസം പ്രായമുള്ള കുഞ്ഞിനേയും കൊണ്ട് ഞങ്ങള്‍ ആത്മഹത്യ ചെയ്യാനൊരുങ്ങിയിരുന്നു. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നത് ഞങ്ങള്‍ക്കൊരു ബാധ്യതയായി തോന്നുകയേയില്ല." - പറയുന്നത് മണ്ണാര്‍ക്കാട് തച്ചമ്പാറയിലെ പിച്ചളമുണ്ട സ്വദേശി സതീഷാണ്. നാല് വര്‍ഷമായി മുടങ്ങാതെ തെരുവില്‍ സൗജന്യമായി ഭക്ഷണപ്പൊതികളെത്തിക്കുന്ന കൂലിപ്പണിക്കാരന്‍.
പുലര്‍ച്ചെ നാലരക്ക് തുടങ്ങുന്നതാണ് സതീഷിന്റെ ചെറിയ അടുക്കള ഷെഡ്ഡിലെ പാചകപരിപാടികള്‍. ഭാര്യയും രണ്ടാണ്‍മക്കളും മാത്രമാണ് കൂട്ടിന്.
'എന്നും 250 മുതല്‍ 300 വരെ ഭക്ഷണപ്പൊതികളെത്തിക്കുന്നുണ്ട്. ഭക്ഷണമുണ്ടാക്കി കഴിഞ്ഞാല്‍ ആദ്യം മണ്ണാര്‍ക്കാടുള്ള ജെ.കെ.ആര്‍. പച്ചക്കറിക്കടയില്‍ മുപ്പതോളം പൊതികള്‍ ഏല്‍പ്പിക്കും. അവിടെനിന്ന് തെരുവിലലയുന്നവരും ഭിക്ഷക്കാരുമടക്കം ആവശ്യക്കാര്‍ ഭക്ഷണം വാങ്ങിപ്പോവും' - തന്റെ ഒരു ദിവസത്തെക്കുറിച്ച് സതീഷ് പറഞ്ഞുതുടങ്ങി.

| ഫോട്ടോ: അരുണ്‍ നിലമ്പൂര്‍
"പിന്നീട് പോകുന്നത് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്കാണ്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമെല്ലാം ഭക്ഷണം നല്‍കും. ആശുപത്രിയിലെ കണക്ക് നേരത്തെ അറിയിക്കും. അമ്പതാള്‍ക്ക് ഭക്ഷണം പറഞ്ഞാല്‍ അവിടേക്ക് മാത്രമായി നൂറ്റമ്പതാള്‍ക്കുള്ള അരിയിടും. ഗവണ്‍മെന്റ് ആശുപത്രിയില്‍ വരുന്ന സാധാരണക്കാരുടെ അവസ്ഥ നേരിട്ട് കണ്ടിട്ടുണ്ട്. പലരുടേയും അവസ്ഥ ദയനീയമാണ്. അങ്ങനെയാണ് ഇവിടെ ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചത്."
മണ്ണാര്‍ക്കാടും പരിസരവുമാണ് സതീഷ് ഭക്ഷണം നല്‍കുന്നത്. വിതരണം കഴിഞ്ഞാലും കുറച്ച് പൊതികള്‍ കൈയില്‍ വെക്കും. തിരിച്ച് വീട്ടിലേക്ക് പോകുംവഴി ആവശ്യക്കാരെ കണ്ടാല്‍ അത് നല്‍കും. ചില ദിവസങ്ങളില്‍ പാലക്കാട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് പോകും. തെരുവില്‍ കാണുന്ന അശരണരായ ആളുകള്‍ക്ക് ഭക്ഷണം നല്‍കും. ചോറ്, കറി, ഉപ്പേരി, അച്ചാര്‍ എന്നിവയാണ് പൊതിയിലെ വിഭവങ്ങള്‍.
ഒരാള് വെശന്നിട്ടാണ് പോകുന്നത് എന്ന് കണ്ടാല്‍ അവിടെ വണ്ടി നിര്‍ത്തി അവര്‍ക്ക് ഭക്ഷണം കൊടുക്കാറുണ്ട്. അവര്‍ തളര്‍ന്ന് നടന്നുപോകുന്നത് കണ്ടാല്‍ ഞങ്ങള്‍ക്കറിയാം. ഒരിക്കല്‍ ഞങ്ങള്‍ക്കും അങ്ങനെ വിശന്ന് വയറെരിഞ്ഞ് നടക്കേണ്ടി വന്നിട്ടുണ്ടല്ലോ.

തച്ചമ്പാറ പഞ്ചായത്തിലെ പിച്ചളമുണ്ട ആറാം വാര്‍ഡിലാണ് സതീഷും കുടുംബവും താമസിക്കുന്നത്. സ്വന്തമായി വീടില്ല. ഒറ്റമുറി വീട്ടില്‍ വാടകക്കാണ് ഇപ്പോള്‍ താമസം. ഇങ്ങനെ ജീവിതത്തോട് മല്ലിടുന്ന ഒരാള്‍ ദിവസവും ഇത്രയുമധികം ആളുകള്‍ക്ക് ഭക്ഷണമൊരുക്കാന്‍ തയ്യാറായതിന് പിന്നില്‍ ചെറുതല്ലാത്തൊരു കഥയുണ്ട്.
ഒരു മിസ്സ്ഡ് കോള്‍ പ്രണയം
2006 -ലാണ് വീട്ടിലെ സാമ്പത്തികപ്രശ്നങ്ങള്‍ കാരണം സതീഷ് ബാംഗ്ലൂരിലേക്ക് വണ്ടി കയറുന്നത്. അവിടെ തെരുവില്‍ ജോലി അന്വേഷിച്ച് ഒരുപാട് നടന്നു. അലച്ചിലുകള്‍ക്ക് ശേഷം ഫുട്പാത്തില്‍ കടല വിറ്റ് ജീവിച്ചു. ഒരു ദിവസം സരിതയുടെ ഫോണിലേക്ക് വന്ന സതീഷിന്റെ മിസ്സ്ഡ് കോളാണ് അവര്‍ ആദ്യമായി സംസാരിക്കാനിടയാക്കുന്നത്. തൃശ്ശൂര്‍ സ്വദേശിയായ സരിത അന്ന് ഡല്‍ഹിയില്‍ നഴ്സായി(എ.എന്‍.എം.) ജോലി ചെയ്യുകയായിരുന്നു. ഫോണിലൂടെയുള്ള പരിചയം പിന്നീട് പ്രണയമായി. ആറ് മാസം നേരില്‍ കാണാതെ പ്രണയിച്ചു. അതിനുശേഷം നാട്ടിലെത്തി ഇരുവരും കണ്ടുമുട്ടി.

ഇരുവീട്ടുകാരും അവരുടെ പ്രണയത്തെ എതിര്‍ത്തു. അതിലൊന്നും തളരാതെ സരിതയും സതീഷും വിവാഹിതരായി. പിന്നീട് രണ്ടു പേരും ബെംഗളൂരുവിലെത്തി. സതീഷ് ഫുട്പാത്തിലെ ജോലി തുടര്‍ന്നു. സരിത അവിടെ നഴ്സ് ആയി ജോലി ചെയ്തു. ജീവിതം പതിയെ പച്ചപിടിച്ചു വന്നു. ചെറിയ വിലക്ക് കിട്ടിയ ഒരു ജ്യൂസ് കട നടത്താൻ ശ്രമം തുടങ്ങിയെങ്കിലും ഗര്‍ഭിണിയായ ഭാര്യയെ ശുശ്രൂഷിക്കാന്‍ ആരുമില്ലാതിരുന്നതിനാല്‍ സതീഷിന് ജോലി ഉപേക്ഷിക്കേണ്ടി വന്നു. വീണ്ടും ദുരിതക്കയത്തിലേക്ക്. ആ സമയത്താണ് മൂത്ത മകന്റെ ജനനം. മകനെ സതീഷ് നോക്കികൊണ്ട് പറഞ്ഞു; "അവനാണ് ഞങ്ങളെ കൊണ്ട് ഒരുപാട് കഷ്ടപ്പെട്ടത്."
ജോലിയില്ലാതെ മറ്റൊരു നാട്ടിലെ ജീവിതം കൂടുതല്‍ ദുരിതങ്ങളിലേക്കവരെയെത്തിച്ചു. ഒടുവില്‍ പാലക്കാട്ടേക്ക് പോകാമെന്ന് തീരുമാനിച്ചു. അങ്ങനെ വെറും നാല്‍പ്പത്തിയഞ്ച് ദിവസം പ്രായമായ കുഞ്ഞിനെയുംകൊണ്ട് സതീഷും സരിതയും കേരളത്തിലേക്ക് വണ്ടി കയറി. രണ്ടു പേരുടേയും വീട്ടിലേക്ക് ചെല്ലാന്‍ അനുമതി ഉണ്ടായിരുന്നില്ല. അങ്ങനെ കൊഴിഞ്ഞാമ്പാറയില്‍ വാടകവീടെടുത്ത് താമസിച്ചു. മറ്റ് ജോലികളൊന്നും ചെയ്ത് പരിചയമില്ലാതിരുന്ന സതീഷിന് ഭാര്യക്കും മകനും ഭക്ഷണം നല്‍കാന്‍ കഴിഞ്ഞില്ല. ജോലി തിരഞ്ഞ് വീണ്ടും അലഞ്ഞു.
വിശപ്പ് കൂടുതലായിരുന്നു അന്ന്. കുഞ്ഞിന് പാലുകൊടുക്കേണ്ടേ. ആള്‍ ഒരുപാട് ജോലിയന്വേഷിച്ച് നടന്നു. കിട്ടിയില്ല. ആ മോശം അവസ്ഥയിലൂടെ കടന്നുപോയപ്പോഴാണ് ഞങ്ങള്‍ ആത്മഹത്യചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ച് പോയത്
- വിശപ്പ് സഹിച്ച് കഴിഞ്ഞ ദിവസങ്ങളെ സരിത ഓര്‍ത്തെടുത്തു.

ജീവിതം അവസാനിപ്പിക്കുകയല്ലാതെ ഇനി നിവൃത്തിയില്ലെന്ന് മനസ്സിലുറപ്പിക്കുമ്പോഴാണ് വീടിനടുത്തുള്ള ഒരാളുടെ വിളി അവരെ തേടി വരുന്നത്. 'നാളെ പണിയുണ്ട് വരാമോ'എന്ന് സതീഷിനോട് അയാള്‍ ചോദിച്ചു.
'അന്ന് ആ പണിക്ക് പോയി കൊണ്ടുവന്ന അരിയും സാധനങ്ങളുംകൊണ്ട് ഭക്ഷണം കഴിച്ചത് ഞങ്ങളൊരിക്കലും മറക്കില്ല.' -ഇരുവരും ഒരേസ്വരത്തില്‍ പറഞ്ഞു. പിന്നീട് പല കൂലിപ്പണിയും ചെയ്തു. മനസ്സ് തളര്‍ന്ന നിമിഷത്തെ അതിജീവിച്ച ഇരുവരും കുഞ്ഞിനൊപ്പം പതിയെ ജീവിതത്തിലേക്ക് തിരികെ വന്നു.
ആത്മഹത്യ ചെയ്യാമെന്ന് ചിന്തിക്കുന്നവരോട് അത് ചെയ്യരുത് എന്ന് നമുക്ക് പറയാന്‍ കഴിയില്ല. അന്ന് രാത്രി അയാള്‍ എന്നെ വിളിച്ചായിരുന്നുവെങ്കില്‍ ഞങ്ങളുടെ കഥ കഴിഞ്ഞേനെ. എന്നാല്‍, നമ്മള്‍ ഏത് പ്രതിസന്ധിയിലാണെങ്കിലും ചിലപ്പോള്‍ ആ ഒരു നിമിഷം കടന്ന്, ഒന്ന് ശ്രമിക്കാന്‍ കഴിഞ്ഞാല്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകുമെന്നാണ് അന്നെനിക്ക് മനസ്സിലായത്
- സതീഷ് പറഞ്ഞു.
തുടക്കം അഞ്ച് ഭക്ഷണപ്പൊതികളില്‍നിന്ന്
മൂന്നര വര്‍ഷം കൊഴിഞ്ഞാമ്പാറയില്‍തന്നെയാണ് അവര്‍ താമസിച്ചത്. അതിനുശേഷം സതീഷിന്റെ വീട്ടിലേക്ക് തിരിച്ചെത്തി. ഗ്യാസ് സ്റ്റൗ റിപ്പയറിങ് ജോലി ചെയ്ത് ജീവിക്കവെയാണ് കോവിഡ് ലോക്ക്ഡൗണ്‍ വന്നത്. അന്ന് വിശന്നലയുന്ന ആളുകള്‍ ഭക്ഷണത്തിന് നിവൃത്തിയില്ലാതെ തെരുവില്‍ കിടക്കുന്നത് കണ്ട ഒരു ദിവസം, ജോലിക്ക് പോയ സതീഷ് വീട്ടിലെത്തി അഞ്ച് ചോറുപൊതികള്‍ വാങ്ങി തിരിച്ചുപോയി. പോയ അതേ വേഗത്തില്‍ തിരിച്ചുവന്ന സതീഷ് ഭാര്യയോട് കാര്യം പറഞ്ഞു. ' ഇനിയും ഒരുപാട് പേരുണ്ട് ഭക്ഷണം കിട്ടാത്തവര്‍. എന്ത് ചെയ്യും?'

| ഫോട്ടോ: അരുണ്‍ നിലമ്പൂര്‍
പിന്നീടുള്ള ദിവസങ്ങളില്‍ തന്നെക്കൊണ്ടാകുന്ന ഭക്ഷണപ്പൊതിയുമായി ബൈക്കെടുത്ത് സതീഷ് തെരുവിലിറങ്ങി. കോവിഡ് ബാധിച്ച് വീടുകളില്‍തന്നെ പെട്ടുപോയ സാധാരണക്കാര്‍ വരെ പിന്നീട് ഭക്ഷണപ്പൊതികള്‍ക്കായി വിളിച്ചിരുന്നു. ആവശ്യക്കാര്‍ സതീഷിന്റെ വരവു കാത്തുനിന്നു. പലരും 'പ്രതിഫലമായി പണം നല്‍കട്ടെ' എന്ന് ചോദിച്ചപ്പോള്‍ സതീഷ് നിരസിച്ചു. കഴിയുമെങ്കില്‍ ഭക്ഷണസാധനങ്ങള്‍ അവര്‍ സ്ഥിരം സാധനങ്ങള്‍ വാങ്ങുന്ന രണ്ട് കടകളില്‍ ഏല്‍പ്പിച്ചാല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെ കൂടുതല്‍ ഭക്ഷണം തയ്യാറാക്കാന്‍ തുടങ്ങി. സൗജന്യമായി ഭക്ഷണം നല്‍കുന്നതിനെക്കുറിച്ച് ആളുകള്‍ അറിഞ്ഞതോടെ ചിലര്‍ സഹായവുമായെത്തി. അതുവരെ ഓലമേഞ്ഞ വീട്ടില്‍ താമസിച്ചിരുന്ന സതീഷിന് ഭക്ഷണം തയ്യാറാക്കാന്‍ ഒരു ഷെഡ്ഡ് കെട്ടിക്കൊടുത്തു. ഭക്ഷണമെത്തിക്കാന്‍ ഒരു വണ്ടിയും അങ്ങനെ സ്പോണ്‍സര്‍ ചെയ്ത് കിട്ടിയതാണ്.
"പണം വാങ്ങിയാല്‍ പിന്നീട് പല പ്രശ്നവുമുണ്ടാകും. ഭക്ഷണമുണ്ടാക്കാന്‍ സാധനങ്ങളുണ്ടെങ്കില്‍ എത്ര പേര്‍ക്കു വേണമെങ്കിലും ഭക്ഷണമുണ്ടാക്കാം. അതിനുള്ള മനസ്സ് ഞങ്ങള്‍ക്കുണ്ട്. സാധനങ്ങള്‍ കിട്ടിയാല്‍ മതിയല്ലോ. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്"-സതീഷ് പറഞ്ഞു.
പരിചയമുള്ള ആളുകള്‍ അവരുടെ പിറന്നാള്‍, വിവാഹവാര്‍ഷികം തുടങ്ങിയ പ്രത്യേക ദിവസങ്ങളില്‍ ഭക്ഷണസാധനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യും. പച്ചക്കറി കടയിലോ പലചരക്ക് കടയിലോ അവര്‍ സാധനങ്ങള്‍ വാങ്ങി ഏല്‍പ്പിക്കുകയാണ് ചെയ്യുക. അത്തരം സാഹചര്യങ്ങളില്‍ കടകളില്‍നിന്ന് സാധനങ്ങളെടുത്ത് സതീഷും ഭാര്യയും ഭക്ഷണം തയ്യാറാക്കും. അല്ലാത്ത ദിവസങ്ങളില്‍ പതിവുപോലെ ഈ ദമ്പതികള്‍ തന്നെയാണ് സാധനങ്ങള്‍ വാങ്ങുന്നത്. ഓണം, വിഷു, നബിദിന റാലി, ശ്രീകൃഷണ ജയന്തി എന്നിവയ്‌ക്കെല്ലാം അവര്‍ ഭക്ഷണം തയ്യാറാക്കി നല്‍കിയിരുന്നു.
പ്രതിസന്ധികളില്‍ ഉലയാതെ
'പാഥേയം- വിശപ്പുരഹിത മണ്ണാര്‍ക്കാട്' എന്ന പേരില്‍ പിന്നീട് പദ്ധതി തുടര്‍ന്നു. സംഘടനകളും ആളുകളും അങ്ങനെ പലരും വന്നു, പോയി. എന്നാല്‍ സരിതയുടേയും സതീഷിന്റേയും സ്ഥിരോത്സാഹത്തിന് ഇത്തിരിപോലും മങ്ങലേറ്റില്ല. പ്രതിസന്ധികള്‍ ഒരുപാട് വന്നു. അതൊന്നും ഭക്ഷണവിതരണത്തെ തളര്‍ത്തിയതേയില്ല. വീട്ടിലെ കാര്യങ്ങള്‍ വീണ്ടും കുഴഞ്ഞുമറിഞ്ഞു. വീട്ടില്‍നിന്ന് വാടകവീട്ടിലേക്ക് മാറേണ്ടിവന്നു. അവിടെനിന്നും അതിരാവിലെ അവര്‍ അല്‍പം അകലെയായി അടുക്കള ഷെഡ്ഡുള്ള സ്ഥലത്തേക്ക് നടന്നുവരും. നേരം വെളുക്കുന്നതിന് മുമ്പേ പാചകമാരംഭിക്കും. തങ്ങളെക്കൊണ്ടാകുന്നവിധം അതെല്ലാം തുടര്‍ന്ന് പോവുകയാണ്.
"ഞങ്ങളും ഈ ഭക്ഷണം തന്നെയാണ് കഴിക്കുന്നത്. ഭക്ഷണത്തിന് എന്തെങ്കിലും കുറവുണ്ടോ എന്ന് പരിശോധിച്ച ശേഷമേ പൊതിയാക്കൂ. സ്‌കൂളില്ലാത്ത ദിവസമാണെങ്കില്‍ മക്കളും കൂടെവരും. അനിരുദ്ധും അമില്‍രുദ്ധും. അവര്‍ക്കതിനെല്ലാം വലിയ ഉത്സാഹമാണ്. ഏഴാം ക്ലാസിലും രണ്ടാം ക്ലാസിലുമാണ് അവര്‍ പഠിക്കുന്നത്. മക്കളിതെല്ലാം കണ്ടുകൊണ്ടാണ് വളരുന്നത്. ഞങ്ങളുടെ ബുദ്ധിമുട്ടുകള്‍ അവര്‍ക്കറിയാം. നല്ല വിദ്യാഭ്യാസത്തോടൊപ്പം നല്ല മനസ്സുള്ളവരായി അവര്‍ വളരണം." -സരിത തന്റെ സ്വപ്നം പങ്കുവെച്ചു.

ഭക്ഷണവിതരണം കഴിഞ്ഞുവന്നാല്‍ സതീഷ് ഗ്യാസ് റിപ്പയറിങ് പണിക്ക് പോകും. ഭക്ഷണവിതരണത്തിന് ഫണ്ട് കണ്ടെത്താന്‍ വീടുകളില്‍ പോയി ഫിനോയില്‍, ബാത്ത് റൂം ക്ലീനര്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ വില്‍പനയും സതീഷ് നടത്തുന്നുണ്ട്. ആകെയുള്ള നാല് സെന്റ് സ്ഥലത്ത് വീടുപണി നടക്കുകയാണ്. ജോലി കഴിഞ്ഞ് വരാന്‍ രാത്രിയാകും. പിന്നെ പുതിയ വീടിന്റെ പണികള്‍ ചെയ്യും.
"ഉച്ചവരെ ഭക്ഷണം നല്‍കും. അത് കഴിഞ്ഞ് വന്നാലെ സമാധാനമുള്ളു. വീടിനുള്ള ലേബേഴ്സിന്റെ പണികള്‍ ഞാന്‍ തന്നെയാണ് ചെയ്യുന്നത്. മേസ്തിരി, ഹെല്‍പ്പര്‍ എന്നിവരേയുള്ളു. ബാക്കി പണികളൊക്കെ ഞാന്‍ തന്നെയങ്ങ് ചെയ്യും. അതേ നമ്മളെക്കൊണ്ടാകൂ." ഇതെല്ലാം എങ്ങനെ സാധിക്കുന്നു എന്ന ചോദ്യത്തിന് സതീഷിന്റെ മറുപടിയിങ്ങനെ: 'ആര്‍ക്കും ഇല്ലാത്തതാണ് സമയം. നമ്മള്‍ ഏറെ പാഴാക്കി കളയുന്നതും അതാണ്. ഞങ്ങളത് ശരിയായി ഉപയോഗിക്കുന്നു എന്നേയുള്ളു.'
സതീഷന്റെ കുടുംബത്തിന്റെ മാത്രം പ്രയത്നം കൊണ്ടാണ് ഭക്ഷണവിതരണം മുന്നോട്ട് പോകുന്നതെന്ന് തച്ചമ്പാറ പഞ്ചായത്തിലെ ആറാം വാര്‍ഡ് മെമ്പര്‍ ജയ ജയപ്രകാശ് പറയുന്നു. നിലവില്‍ വെള്ള റേഷന്‍ കാര്‍ഡ് (ദാരിദ്ര്യരേഖയ്ക്ക് മുകളില്‍) ആണ് സതീഷിന്റേത്. അത് മാറിക്കിട്ടാന്‍ അപേക്ഷ നല്‍കാനിരിക്കുകയാണ് കുടുംബം.
Content Highlights: Satheesh Mannarkkad & family, Free food supply, Thachampara, Palakkad
Published: 17 Oct 2023, 05:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented