ബാഗ്പത്: പരീക്ഷ തോറ്റപ്പോൾ പുസ്തകം മാറ്റിവെച്ചില്ല; പകരം പഠനത്തിന്റെ ആഴം കൂട്ടി. ഒടുവിൽ 27 വർഷത്തെ നിരന്തര ശ്രമങ്ങൾക്കൊടുവിൽ, തൻ്റെ 59-ാം വയസ്സിൽ വിജയ് കുമാർ ശർമ്മ സ്വപ്നനേട്ടത്തിലെത്തി, ഒരു സർക്കാർ സ്കൂൾ അധ്യാപകനായി. 

To advertise here,

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ ബാറൗട്ട് സ്വദേശിയായ വിജയ് കുമാറിന് 1999-ൽ തുടങ്ങിയ കാത്തിരിപ്പിനാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്. അയൽ ജില്ലയായ ഷാമ്ലിയിലെ എയ്ഡഡ് സെക്കൻഡറി സ്കൂളിൽ സംസ്കൃതം ടി.ജി.ടി അധ്യാപകനായാണ് നിയമനം. ലഖ്‌നൗവിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിൽനിന്ന് അദ്ദേഹം നിയമന ഉത്തരവ് ഏറ്റുവാങ്ങി.

എട്ടുതവണ ഇന്റർവ്യൂ; തോൽവികളിൽ തളരാത്ത പോരാട്ടം

ലളിതമായിരുന്നില്ല വിജയ് കുമാറിന്റെ യാത്ര. ഇക്കാലയളവിൽ ആറ് തവണ ടി.ജി.ടി, നാല് തവണ പി.ജി.ടി എഴുത്തുപരീക്ഷകൾ അദ്ദേഹം പാസ്സായതായി പി.ടി.ഐ. റിപ്പോർട്ട് ചെയ്യുന്നു. എട്ടു തവണ ഇന്റർവ്യൂ ബോർഡിന് മുന്നിലെത്തിയെങ്കിലും അന്തിമ ലിസ്റ്റിൽ ഇടംപിടിക്കാനായില്ല. ഓരോ തവണ പുറത്താകുമ്പോഴും തളരാതെ വീണ്ടും പുസ്തകങ്ങളിലേക്ക് മടങ്ങുകയാണ് അദ്ദേഹം ചെയ്തത്.

ഇത്തവണ നിയമന നടപടികളിൽനിന്ന് ഇന്റർവ്യൂ ഒഴിവാക്കിയതാണ് വിജയ് കുമാറിന് തുണയായത്.

26 വർഷം സ്വകാര്യ സ്കൂളിൽ അധ്യാപകൻ

മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുമ്പോഴും ഉപജീവനത്തിനായി കഴിഞ്ഞ 26 വർഷമായി അദ്ദേഹം സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുന്നുണ്ടായിരുന്നു. പകൽസമയം കുട്ടികളെ പഠിപ്പിച്ച ശേഷം രാത്രിയിലായിരുന്നു മത്സരപരീക്ഷകൾക്കുള്ള പഠനം.

അധ്യാപനം വിജയ് കുമാറിന്റെ കുടുംബ പാരമ്പര്യം കൂടിയാണ്. പിതാവ് ലക്ഷ്മൺ സിങും അധ്യാപകനായിരുന്നു. വിജയ് കുമാറിന്റെ രണ്ടു മക്കൾ ഉത്തർപ്രദേശ് പോലീസിലാണ്. മൂന്ന് മക്കളിൽ ഒരു മകൾ അധ്യാപക തസ്തികയിലേക്കുള്ള വെയിറ്റിങ് ലിസ്റ്റിലുമുണ്ട്.