ജാഹ്നവി കണ്ടൂലയുടെ വീട്ടിൽ ഇപ്പോഴും കണ്ണീരിന്റെ ചൂട് നിലനിൽക്കുന്നുണ്ട്. മകൾ അകാലത്തിൽ പൊലിഞ്ഞുപോയ വിഷമത്തിലിരിക്കുന്നവരുടെ മുന്നിലേക്കാണ്‌ അമേരിക്കൻ പോലീസിന്റെ പരിഹാസ ചിരിയുടെ വീഡിയോ എത്തുന്നത്. പോലീസ് പട്രോളിങ് വാഹനമിടിച്ച് ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പരിഹസിച്ച് ചിരിക്കുന്ന യു.എസ് പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ പ്രതിഷേധങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ്‌. 2023 ജനുവരിയിലാണ് ഇന്ത്യന്‍ വംശജയായ 23 കാരിയായ ജാഹ്നവി കണ്ടുല പോലീസ് പട്രോളിങ് വാഹനമിടിച്ച് കൊല്ലപ്പെടുന്നത്. കെവിന്‍ ഡേവ് ഓടിച്ചിരുന്ന പോലീസ് പട്രോളിങ് വാഹനമിടിച്ചായിരുന്നു അപകടം. കെവിന്റെ സഹപ്രവര്‍ത്തകനായിരുന്ന ഡാനിയര്‍ ഓഡറിന്റെ ബോഡിക്യാമറയിലാണ് അവൾ മരിച്ചു പോയെന്ന് കളിയാക്കി സംസാരിക്കുന്നത് പതിഞ്ഞിരിക്കുന്നത്. ജാഹ്നവി ഒരു സാധാരണ വ്യക്തിയാണെന്നും അയാള്‍ പറയുന്നത് വ്യക്തമാണ്‌. അവള്‍ മരിച്ചു എന്ന്‌ യാതൊരു ഭാവഭേദവുമില്ലാതെ പറയുന്നതും കേള്‍ക്കാം. പൊട്ടിച്ചിരിച്ചുകൊണ്ട് പതിനൊന്നായിരം ഡോളറിന്റെ ഒരു ചെക്ക് എഴുതാനും ഡാനിയേല്‍ പറയുന്നുണ്ട്. 23കാരിയായ ജാഹ്നവിക്ക് 26 വയസ്സായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. സംഭാഷണത്തിലൂടനീളം ഇയാളുടെ പുച്ഛം വ്യക്തമാണ്.

To advertise here,

നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയുടെ സിയാറ്റില്‍ കാമ്പസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്നു ജാഹ്നവി. നിലവില്‍ പുറത്ത് വന്നിരിക്കുന്ന വീഡിയോയില്‍ സിയാറ്റില്‍ പോലീസ് ഓഫീസേഴ്‌സ് വൈസ് പ്രസിഡന്റായ ഡാനിയല്‍  വിഷയം ചര്‍ച്ച ചെയ്യുന്നത് വ്യക്തമാണ്. യാതൊരു തെറ്റും ചെയ്യാത്ത വ്യക്തി തങ്ങളുടെ കെെകൾ കൊണ്ട് മരിച്ചതിന് കുറ്റബോധവുമില്ലെന്ന് മാത്രമല്ല പരിഹാസമാണ് വാക്കുകളിലുടനീളമുള്ളത്.

ഇതാദ്യമായിട്ടല്ല അമേരിക്കയില്‍ പോലീസിന്റെ വര്‍ണ്ണവെറി പുറത്ത് വരുന്നത്. കറുത്ത് വര്‍ഗ്ഗക്കാരോടും മറ്റ് ഏഷ്യന്‍ വംശജരോടുമുള്ള 
അമേരിക്കന്‍ പോലീസിന്റെ ക്രൂരത ഇതിനും മുന്‍പും വാര്‍ത്തയായിട്ടുണ്ട്. ഇത്തരത്തിലെ സംഭവങ്ങള്‍ക്ക് പിന്നാലെ പ്രതിഷേധവും അന്വേഷണങ്ങളും ഉണ്ടാവുമെങ്കിലും പിന്നീട് എല്ലാം പഴയപടിയാവുന്ന കാഴ്ചയാണ്‌ കാണാനാവുന്നത്. 

ലോകം മുഴുവൻ അലയടിച്ച ബ്ലാക്ക് ലെെവ്സ് മാറ്റർ

കറുത്ത വര്‍ഗ്ഗക്കാരോടുള്ള പോലീസിന്റെ ക്രൂരമായ ഈ നടപടികളെ തുടര്‍ന്ന് അമേരിക്കയില്‍ രൂപപ്പെട്ട ക്യാംപയിനാണ് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍.  2012 ഫെബ്രുവരിയിലായിരുന്നു ഇതിന്റെ തുടക്കം ജോര്‍ജ്ജ് സിമ്മര്‍മാന്‍ നിരായധുനായ ട്രെയ്‌വോണ്‍ മാര്‍ട്ടിനെന്ന കറുത്ത വര്‍ഗ്ഗക്കാരനെ ക്രൂരമായി വെടിവെച്ചു കൊല്ലുന്നു. ഈ കേസില്‍ പോലീസുകാരനെ അറസ്റ്റ് ചെയ്‌തെങ്കിലും  പിന്നീട് ഇയാള്‍ കുറ്റവിമുക്തനാക്കപ്പെട്ടു. പിന്നീട് പ്രക്ഷോഭങ്ങളും പ്രതിരോധങ്ങളും നടന്നെങ്കിലും പോലീസിന്റെ ഈ ക്രൂരമായ പ്രവര്‍ത്തികള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു.

1992ല്‍ റോഡനി കിങ്ങ്

1992ല്‍ റോഡ്‌നി കിങ്ങെന്ന കറുത്ത വര്‍ഗക്കാരനെ അതിക്രൂരമായിട്ടാണ് യുഎസ് പോലീസ് ആക്രമിച്ചത്. റോഡ്‌നിയുടെ തലയോട്ടി തകര്‍ന്നു പോയി, പല്ലുകളും എല്ലുകളും തകര്‍ത്താണ് പോലീസ് തങ്ങളുടെ ക്രൗര്യം തീര്‍ത്തത്. മദ്യപിച്ച് വണ്ടിയോടിച്ചതിന്റെ പേരിലാണ് റോഡ്നിയെ പിടികൂടുന്നത്. എന്നാൽ നിരായുധനായ ഇദ്ദേഹത്തെ യാതൊരു ദയയുമില്ലാതെയാണ് പോലിസുകാർ കെെകാര്യം ചെയ്തത്. ഇയാളുടെ കാലുകൾ തല്ലിയൊടിക്കുകയും  മുഖം അടിച്ചു തകർക്കുകയും ചെയ്തു. ഇദ്ദേഹത്തെ ആക്രമിക്കുന്നതിന്റെ വീഡിയോ സമീപത്തുള്ള ഒരു വ്യക്തി വീഡിയോ റെക്കോഡ് ചെയ്ത് പങ്കുവെച്ചതോടെയാണ് ഈ കേസ് ജനശ്രദ്ധയാകർഷിക്കുന്നത്. കേസിൽ ഉൾപ്പെട്ട നാലുപേരിൽ മൂന്നു പേരെ വെറുതെ വിട്ടു. നാലാമത്തെ വ്യക്തിയുടെ കുറ്റം തെളിയിക്കാനാവാതെ ഇയാളെയും വെറുതെ വിടേണ്ടി വന്നു. ഇതേ തുടർന്നുണ്ടായ ജനകീയ കലാപം രാജ്യമൊട്ടാകെ അലയടിച്ചു. 

നിരായുധരായ ഗാർണറും മെെക്കൽ ബ്രൗണും

2014ല്‍ വീണ്ടും രണ്ട് കറുത്തവര്‍ഗ്ഗക്കാര്‍ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി പോലീസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നു. ഗാര്‍ണര്‍, മൈക്കല്‍ ബ്രൗണ്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. നിയമവിരുദ്ധമായി സിഗരറ്റ് വില്‍പന നടത്തിയെന്നാരോപിച്ച് ന്യൂയോര്‍ക്ക് പോലീസ് ഉദ്യോഗസ്ഥരുമായുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതാണ് ഗാര്‍ണര്‍. ഗാര്‍ണറിനെ വെള്ളക്കാരനായ പോലീസ് ഉദ്യോഗസ്ഥന്‍ ദീര്‍ഘനേരം ആളുകള്‍ക്ക് മുന്നില്‍ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. തനിക്ക് ശ്വാസം കിട്ടുന്നില്ലെന്ന് ഉറക്കെ പറഞ്ഞിട്ടും പോലീസുകാര്‍ കേട്ടില്ല. ആള്‍ക്കൂട്ടത്തിന്‌ മുന്നിലിട്ട് ഇയാളെ പോലീസ് കൊലപ്പെടുത്തി.

സിഗരറ്റ് മോഷ്ടിച്ചുവെന്ന പേരിലാണ്  മൈക്കല്‍ ബ്രൗണ്‍ എന്ന 18കാരനെ പോലീസ് കൊലപ്പെടുത്തുന്നത്. 2014 ഓഗസ്റ്റ് 9 നാണ് സംഭവം നടക്കുന്നത്. ബ്രൗണിനെ പിടികൂടാനുള്ള മല്‍പിടുത്തത്തില്‍ പോലീസുകാരനായ ഡാരന്‍ വില്‍സന്‍ ബ്രൗണിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഈ കൊലപാതകവും രാജ്യത്ത് വലിയ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടു. 

കളിത്തോക്കിൽ ജീവൻ പൊലിഞ്ഞ താമിർ റെെസ്

വെറുമൊരു കളിത്തോക്ക് കാരണം താമീര്‍ റൈസെന്ന് 12കാരന് നഷ്ടപ്പെട്ടത് സ്വന്തം ജീവനാണ്. 2014 നവംബര്‍ 22നാണ് താമീര്‍  കൊല്ലപ്പെടുന്നത്. കളിത്തോക്കു കൊണ്ട് കളിക്കുകയായിരുന്ന ഈ കുട്ടിക്ക് നേരെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു. താമീര്‍ പോലീസിനെ നേരെ തോക്കു ചൂണ്ടുകയും താഴെയിടാന്‍ പറഞ്ഞപ്പോള്‍ അനുസരിക്കാതിരിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് പോലീസ് കുട്ടിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കളിത്തോക്കാണെന്ന് മനസിലാക്കാതെയാണ് വെടിയുതിര്‍ത്തതെന്നായിരുന്നു പോലീസിന്റെ വാദം. 2020ല്‍ ഫെഡറല്‍ ക്രിമിനല്‍ കേസ് ചേര്‍ക്കാന്‍ മാത്രം തെളിവിലാത്തതിനാല്‍ ഈ കേസിന്റെ അന്വേഷണം അവസാനിപ്പിച്ചു.

നിരായുധരായി  കൊല്ലപ്പെടുന്നവർ

2015 ഏപ്രില്‍ നാലിന് വാള്‍ട്ടര്‍ സ്‌കോട്ടെന്ന് കറുത്ത വര്‍ഗക്കാരനെ പോലീസ് വെടിവെച്ചുകൊന്നു. പോലീസുമായുള്ള കലഹത്തില്‍ സ്‌കോട്ടിന്  വെടിയേല്‍ക്കുകയായിരുന്നു. 2016 ജൂലായ് 5നാണ് ആള്‍ട്ടന്‍ സ്‌റ്റെര്‍ലിംഗ് കൊല്ലപ്പെടുന്നത്. ഒരു കടയ്ക്ക് പുറത്ത് നടന്ന സംഘര്‍ഷത്തില്‍ ഇയാള്‍ക്ക് വെടിയേല്‍ക്കുകയായിരുന്നു, ലൈസന്‍സുണ്ടായിട്ടും ആയുധം കൈവശംവെച്ചതിന്റെ പേരിലാണ് ഫിലാന്റോ കാസില്‍ തന്റെ സ്ത്രീ സുഹൃത്തിന്റെ മുന്നില്‍ വെച്ച് കൊല്ലപ്പെടുന്നത്. 2016 ജൂലായ് 6നായിരുന്നു ഈ സംഭവം നടന്നത് സ്ത്രീ സുഹൃത്ത് ഫെയ്‌സ്ബുക്ക് വഴി ലൈവ് വീഡിയോ പുറത്ത് വിട്ടിരുന്നു. പക്ഷേ ഈ കേസിലെ പോലീസുകാരനെ കോടതി കുറ്റവിമുക്തനാക്കി. 2018 മാര്‍ച്ച് 18ന് കാലിഫോര്‍ണിയയിലെ സാക്രമെന്റോയിലെ മുത്തശ്ശിയുടെ വീട്ടുമുറ്റത്ത് വെച്ചാണ് സ്റ്റീഫന്‍ ക്ലാര്‍ക്കിന് ഏഴ് തവണ വെടിയേല്‍ക്കുന്നത്. സംഭവസ്ഥലത്ത് നിന്ന് ക്ലാര്‍ക്കിന്റെ മൊബൈല്‍ ഫോണ്‍ മാത്രമേ ലഭിച്ചിട്ടുള്ളു. ഇദ്ദേഹം നിരായുധനായിരുന്നുവെന്ന് തെളിഞ്ഞിരുന്നു. എന്നാല്‍ ജീവരക്ഷാര്‍ത്ഥം ക്ലാര്‍ക്കിന്‌ നേരെ വെടിയുതിര്‍ത്തിനാണെന്ന പേരില്‍ പോലീസ് ഓഫീസമാര്‍ കുറ്റവിമുക്തരായി.

ബെറോന്ന ടെയ്‌ലര്‍

2020 മാര്‍ച്ച് 13നായിരുന്നു ബെറോന്ന ടെയ്‌ലര്‍ കൊല്ലപ്പെടുന്നത്. വ്യാജ നാര്‍ക്കോട്ടിക് റെയ്ഡിനിടെ ലൂയിസ്‌വില്ലെ പോലീസിന്റെ വെടിയേറ്റാണ് ബെറോന്ന മരിക്കുന്നത്. ഈ കൊലപാതകവും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വര്‍ണ്ണവെറിയാണ് കൊലപാതകത്തിന്  പിന്നിലെന്നും റെയ്ഡ് വെറും വ്യാജമായിരുന്നുവെന്ന പേരിലും നിരവധി വിവാദങ്ങളുയര്‍ന്നു. 2021 ല്‍ ഹോളിവുഡ് നടിയും അവതാരകയുമായ ഓഫ്ര വിന്‍ഫ്രൈയുടെ മാഗസിനില്‍ ബെറോന്നയുടെ ചിത്രം ഫീച്ചര്‍ ചെയ്യപ്പെട്ടിരുന്നു. പിന്നീട് നടന്ന അന്വേഷണങ്ങളുടെ ഭാഗമായി കുറ്റക്കാരായ പോലിസുകാരെ സേനയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

കാൽമുട്ടിൽ ഞെരിഞ്ഞമർന്ന ഫ്ലോയിഡ്

സമീപകാലത്ത് ഏറ്റവുമധികം ചര്‍ച്ചചെയപ്പെട്ട കേസായിരുന്നു അമേരിക്കയിലെ മിനിയപോലിസില്‍ കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയിഡിന്റേത്. 2020ലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. അമേരിക്കയിലെ മിനിയ പോലിസില്‍ ജോര്‍ജ് ഫ്‌ളോയിഡെന്ന കറുത്ത വര്‍ഗ്ഗക്കാരനെ പോലീസ് ക്രൂരമായി കൊലപ്പെടുത്തിയിരുന്നു. ഡെറക് ഷോവിന്‍ എന്ന വെള്ളക്കാരന്‍ മിനിയാപൊളിസ് പോലീസ് ഓഫീസര്‍ ഒമ്പത് മിനിറ്റിലധികം നേരം ഫ്‌ലോയിഡിന്റെ കഴുത്തില്‍ മുട്ടുകുത്തി നിന്നു. അയാള്‍ക്ക് ശ്വാസം മുട്ടുന്നുവെന്നും ഉറക്കെ പറഞ്ഞിട്ടും തന്റെ മുട്ടുകള്‍ക്കിടയില്‍ ഫ്‌ളോയിഡിന്റെ ജീവന്‍ ഞെരിഞ്ഞമരുന്നത് കണ്ടിട്ടും ഡെറിക്കെന്ന പോലീസുകാരന്‍ വിട്ടില്ല. ഫ്‌ളോയിഡിന്റെ മരണം ചര്‍ച്ചയായി, ഫ്‌ളോയിഡിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വലിയ രീതിയില്‍ വാര്‍ത്തയായി. ലോകം മുഴവന്‍ ചര്‍ച്ചയായ വംശവെറിയുടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ത്തകളിലൊന്നായിരുന്നു അത്.

ആളുകള്‍ക്ക് മുന്നിലിട്ടാണ് ഈ ക്രൂരത നടത്തിയതെന്നത് പോലീസിന്റെ ധാര്‍ഷ്ട്യത്തെയാണ് സൂചിപ്പിക്കുന്നത്. പോലീസിന്റെ ക്രൂരമായ കൊലപാതകത്തില്‍ അനുശോചനം രേഖപ്പെടുത്താനോ കുറ്റക്കാരായ പോലീസുകാരുടെ പേരില്‍ അടിയന്തര നടപടികളോ കൈകൊള്ളാന്‍ അന്നത്തെ പ്രസിഡന്റായിരുന്ന ഡെണാള്‍ഡ് ട്രംപ് തയ്യാറാകാതിരുന്നതും വലിയ ജനരോഷത്തിന് കാരണമാക്കി.  പ്രതിഷേധത്തിനൊടുവിൽ പോലീസുകാരനെതിരെ കൊലപാതകക്കുറ്റം ചുമത്തി, സർവീസിൽനിന്നു പുറത്താക്കിയിരുന്നു. ട്രാഫിക്ക് ലംഘനവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ പോലിസുകാരില്‍ നിന്ന് വെടിയേറ്റു മരിച്ച ഡോന്റ് റൈറ്റ് ഈ വിഷയത്തില്‍ അവസാനം വന്ന കേസുകളിലൊന്നാണ്. ഈ കേസുകളെല്ലാം തന്നെ ക്രൂരതകളുടെ പൂര്‍ണ്ണചിത്രമല്ല. ആക്രമണത്തില്‍ ദാരുണമായി പരിക്കേറ്റവരുടെ എണ്ണം ഇതിലും വലുതാണ്

placeholder
-
ഫ്ലോയിഡിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ

.

അടിമ കാലത്തിൽ നിന്ന് മുക്തി നേടാതെ

അമേരിക്കന്‍ ചരിത്രത്തിലെ കറുത്ത ഏടാണ് അടിമ കച്ചവടം. അത്രയും ക്രൂരമായ രീതിയിലാണ് അക്കാലത്ത് കറുത്ത വര്‍ഗ്ഗക്കാര്‍ വേട്ടയാടപ്പെട്ടത്. അമേരിക്കയിലെ അടിമത്ത കാലഘട്ടം മുതല്‍ തന്നെ പോലീസ് സേനയിലെ വര്‍ണ്ണവെറി വ്യക്തമാണ്. രാജ്യത്തെ ആദ്യത്തെ മുനിസിപ്പല്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് സൗത്ത് കരോലിനയിലെ ചാള്‍സ്റ്റണിലാണ്. കറുത്തവരായ അടിമകളെ നിരീക്ഷിക്കാനും സ്വാതന്ത്ര്യം നേടാനുള്ള പ്രതിരോധ ശ്രമങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ നിന്ന് അവരെ തടയാനുമുള്ള ഒരു അടിമ പട്രോളിംഗ് ഇദ്ദേഹം നടത്തിയിരുന്നു. അടിമത്ത്വം നിര്‍മ്മാര്‍ജ്ജനം ചെയ്ത ശേഷവും കറുത്ത വര്‍ഗക്കാരോടുള്ള വിരോധം അടങ്ങിയിട്ടുണ്ടായിരുന്നില്ല. അവരെ സമൂഹത്തില്‍ താഴ്ത്തി കെട്ടാനുള്ള ശ്രമങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശക്തമായി ഉയര്‍ന്നു. അവര്‍ കള്ളന്‍മാരും കൊള്ളക്കാരുമെന്ന് മുദ്രകുത്തപ്പെട്ടു. ഇതിന്റെയെല്ലാം പുതിയ വകഭേദമാണ് പോലീസിന്റെ ഈ വര്‍ണ്ണവെറിയെന്ന് പറയേണ്ടി വരും. ആഫ്രിക്കന്‍ അമേരിക്കക്കാര്‍ മാത്രമല്ല വെള്ളക്കാരും മറ്റ് വംശീയ വിഭാഗങ്ങളും ഉള്‍പ്പെടെ പോലീസ് ക്രൂരതയുടെ ഇരകളിലേറെയും ദരിദ്രരും താഴ്ന്ന വരുമാനക്കാരുമായ തൊഴിലാളികളും ഇത്തരത്തില്‍ വിവേചനം നേരിടുന്നവരാണ്.

കേസുകളില്‍ കൊല്ലപ്പെടുന്നത് മരണത്തിലേക്ക് നയിക്കുന്ന ഇടങ്ങളില്‍ വെടിയേറ്റായിരിക്കും. ഇത്തരം കേസുകളുടെ പൊതു സ്വഭാവമെടുത്താല്‍ ഇതില്‍ പോലീസുകാര്‍ ശിക്ഷിപ്പെടുന്നത് നന്നെ കുറവായിരിക്കും. തെളിവുകളുടെ അഭാവത്തിന്റെ പേരിലോ മറ്റു കാരണങ്ങളാലോ കേസ് അന്വേഷണം അവസാനിപ്പിക്കുന്നതും പതിവാണ്. ഇത്തരം ആക്രമണങ്ങള്‍ പ്രായ ലിംഗഭേദമന്യേയുള്ളതാണെന്നാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ആക്രമണങ്ങള്‍ മാത്രമല്ല കേസുകളില്‍  കുടുങ്ങുന്നതും പതിവാണ്. മയക്കുമരുന്ന് പോലെയുള്ള ലഹരി വസ്തുക്കള്‍ കൈവശം വെച്ചതിന് വെള്ളക്കാരെക്കാള്‍ കറുത്ത വര്‍ഗക്കാരാണ്‌ കൂടുതലും അറസ്റ്റ് ചെയ്യപ്പെടുന്നത്.

യുഎസ് പോലീസിന്റെ വര്‍ണ്ണ വെറിയെ കുറിച്ച് നിരവധി ചര്‍ച്ചകളും സര്‍വേകളും നടത്തിയിരുന്നു. കുറ്റകൃത്യം ചെയ്യുന്നത് വെളുത്ത വര്‍ഗക്കാരനാവുമ്പോള്‍ വെറുതെ വിടുന്നതും, കറുത്ത വര്‍ഗക്കാരനാവുമ്പോള്‍ ക്രൂരമായി ആക്രമണം നേരിടേണ്ടി വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍, 2019ലെ സെന്റര്‍ സര്‍വേയില്‍ വന്ന വിവരങ്ങള്‍ പ്രകാരം 84 ശതമാനം കറുത്ത വര്‍ഗക്കാരും പറയുന്നത് പോലീസ് വളരെ മോശമായി പെരുമാറുന്നുവെന്നാണ്. 63 ശതമാനം വെളുത്ത വര്‍ഗക്കാരനും ഇതേ അഭിപ്രായമാണ്. വെറും സംശയത്തിന്റെ പേരില്‍ ഇവരെ തടഞ്ഞുവെയ്ക്കലും പതിവാണെന്ന് സര്‍വേയില്‍ പറയുന്നു.

placeholder
ജാഹ്നവി കണ്ടുല | Photo:Twitter:@FltLtAnoopVerma
ജാഹ്നവി കണ്ടുല

നിലവില്‍ ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത് ജാഹ്നവി കണ്ടുലയുടെ മരണമാണ്. സംഭവം യുഎസിനുള്ളില്‍ രോഷം ആളിക്കത്തിക്കുക മാത്രമല്ല, അന്താരാഷ്ട്ര തലത്തില്‍ ആശങ്കയുയര്‍ത്തുകയും ചെയ്തു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ഇന്ത്യ പ്രത്യേകിച്ചും ആവശ്യപ്പെട്ടിട്ടുണ്ട്. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അഗാധമായ ആശങ്ക പ്രകടിപ്പിക്കുകയും സോഷ്യല്‍ മീഡിയയില്‍ എഴുതുകയും ചെയ്തു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ സിയാറ്റില്‍ കമ്മ്യൂണിറ്റി പോലീസ് കമ്മീഷന്‍ സംഭാഷണം ഞെട്ടിപ്പിക്കുന്നതാണെന്ന പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. സിയാറ്റിലിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ചുമതലപ്പെടുത്തിയ ഒരു പോലീസ് വകുപ്പില്‍ നിന്നും ഇതല്ല അവര്‍ അര്‍ഹിക്കുന്നുവെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. മണിക്കൂറില്‍ 119 കിലോമീറ്റര്‍ വേഗത്തില്‍ ഓടിയ കാറിടിച്ച് ജാഹ്നവി നൂറ് അടി അകലേക്ക് തെറിച്ചുവീണിരുന്നു. സംഭവത്തിന്റെ ആഘാതത്തിലാണ് ജാഹ്നവി പഠിച്ചിരുന്ന സര്‍വകലാശാലയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. സര്‍വകലാശാലയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുവെന്ന് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രതികരിച്ചു.എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ ശിക്ഷ നടപടിയുണ്ടാവുമോ എന്ന കാര്യത്തില്‍ സംശയത്തിലാണ് യുഎസിലെ ഇന്ത്യന്‍ സമൂഹം.