ദുബായ് പോലീസ് സേനയുടെ വാഹന ശേഖരം കണ്ട് അദ്ഭുതപ്പെടാത്ത ഒരു വാഹനപ്രേമിയും ലോകത്തുണ്ടാകില്ല. അത്രത്തോളം സൂപ്പർ കാറുകളും അത്യാഡംബര എസ്‌യുവികളും ഉൾപ്പെടുന്നതാണ് അവരുടെ വാഹന വ്യൂഹം. സൂപ്പർ കാറുകളുടെ കാര്യത്തിൽ ദുബായ് പോലീസിന്റെ പാത പിന്തുടരുകയാണ് അമേരിക്കയിലെ ന്യൂ ജേഴ്‌സിയിലെ പോലീസ് സേനയും. ഗാർഫീൽഡ് പോലീസ് ഡിപ്പാർട്ട്‌മെന്റിന് വേണ്ടിയാണ് ലംബോർഗിനിയുടെ സൂപ്പർ കാർ വാഹന വ്യൂഹത്തിൽ എത്തിച്ചിരിക്കുന്നത്.

To advertise here,

ഇറ്റാലിയൻ സൂപ്പർ കാർ നിർമാതാക്കളായ ലംബോർഗിനി പുറത്തിറക്കിയിട്ടുള്ള ഓൾ ടെറൈൻ സ്‌പോർട്‌സ് കാർ മോഡലായ ഹുറാകാൻ സ്‌റ്റെറാറ്റോയാണ് ജ്യൂജേഴ്‌സി പോലീസ് സേനയിലേക്ക് എത്തിയിരിക്കുന്നത്. ഓഫ് റോഡ് കരുത്തിനൊപ്പം വി10 എൻജിന്റെ കുതിപ്പും ഒത്തുചേർന്ന വാഹനമാണിത്. ഇതിനൊപ്പം പോലീസ് വാഹനത്തിന് ആവശ്യമായി ഡിസൈനുകളും ചാർത്തിയാണ് ഈ സൂപ്പർ കാർ പോലീസ് വാഹനമായി ഒരുങ്ങിയിരിക്കുന്നത്.

സാധാരണ ഗതിയിൽ ഒരു സൂപ്പർ കാർ പോലീസ് സേനയിലേക്ക് എത്തുമ്പോൾ ആളുകൾ കരുതുന്നത് കുറ്റവാളികളെ പിന്തുടർന്ന് പിടിക്കുന്നതിനും ഹൈവേകളിലെ പട്രോളിങ്ങിനും ഉയർന്ന വേഗതയിലുള്ള ഇന്റർസെപ്റ്റർ വാഹനമായൊക്കെയായായിരിക്കും ഇത് ഉപയോഗിക്കുകയെന്നാണ്. എന്നാൽ, പോലീസ് ഉദ്യോഗസ്ഥർ ഈ വാഹനം ഉപയോഗിക്കുന്നത് ലഹരി ഉപയോഗിത്തിനെതിരായി ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനാണെന്നതാണ് പ്രധാന കൗതുകം.

വാഹനത്തിന്റെ ആകെ രൂപം തന്നെ ഗാർഫീൽഡ് പോലീസ് ഡിപ്പാർട്ട്‌മെന്റ് പട്രോൾ കാറിന് സമാനമായി മാറ്റിയെടുത്തിട്ടുണ്ട്. ഈ വാഹനത്തിൽ പതിപ്പിച്ചിട്ടുള്ള ക്യുആർ കോഡ് സ്‌കാൻ ചെയ്ത് ആളുകൾക്ക് സെന്റർ ഫോർ ആൽക്കഹോൾ ആൻഡ് ഡ്രഗ് റിസോഴ്‌സസിലേക്ക് ബന്ധപ്പെടാൻ സാധിക്കും. ഈ കേന്ദ്രത്തിലൂടെ ആളുകൾക്ക് മുഴുവൻ സമയ കൗൺസിലിങ്ങും മറ്റ് മാർഗ നിർദേശങ്ങളും ലഭ്യമാക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഓഫ് റോഡുകളിൽ ഉൾപ്പെടെ ഉപയോഗിക്കാൻ സാധിക്കുന്ന വാഹനമാണിത്. ഓഫ്‌റോഡ് കാര്യക്ഷമത ഉറപ്പാക്കുന്നതിനായി ഹുറാകാനെക്കാൾ 44 എം.എം. അധിക ഗ്രൗണ്ട് ക്ലിയറൻസുമായാണ് സ്റ്റെറാറ്റോ എത്തുന്നത്. ഇതിനൊപ്പം ട്രാക്ക് വിഡ്ത്ത് മുന്നിൽ 30 എം.എമ്മും പിന്നിൽ 34 എം.എമ്മും ഉയർത്തിയിട്ടുണ്ട്. മുന്നിലെ ബമ്പർ പൂർണമായും മാറ്റുകയും മുൻഭാഗത്തിന് കൂടുതൽ സംരക്ഷണം ഉറപ്പാക്കുന്നതിനായി അലുമിനിയം അണ്ടർ ബോഡി പ്രൊട്ടക്ഷനും ഒരുക്കുന്നുണ്ട്. സ്റ്റെറാറ്റോയിക്ക് വേണ്ടി മാത്രമായി ഒരുക്കിയിട്ടുള്ള 19 ഇഞ്ച് വീലാണ് ഇതിലുള്ളത്.

മെക്കാനിക്കൽ സെൽഫ് ലോക്കിങ്ങ് ഡിഫറൻഷ്യൽ സംവിധാനമുള്ള ഇലക്ട്രോണിക്കലി കൺട്രോൾഡ് ഓൾ വീൽ ഡ്രൈവ് സംവിധാനമാണ് ഇതിൽ നൽകിയിട്ടുള്ളത്. 5.2 ലിറ്റർ വി10 എൻജിനാണ് സ്റ്റെറാറ്റോയുടെ ഹൃദയം. ഇത് 610 ബി.എച്ച്.പി. പവറും 560 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് ഡ്യുവൽ ക്ലെച്ചാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. 3.4 സെക്കന്റിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഇതിനാകും.