
വംശപരമ്പരയെ കണ്ടെത്താന്‍ പെണ്‍കുട്ടി നടത്തിയ ഡി.എന്‍.എ. പരിശോധനയിലൂടെ ചുരുളഴിഞ്ഞത് 27 വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തിന് പിന്നിലെ രഹസ്യം. ജെന്ന റോസ് ഗെര്‍വടോവ്സ്‌കി എന്ന 23-കാരിയാണ് 25 വര്‍ഷത്തോളം പോലീസിനെ വലച്ച കേസിന് ഡി.എന്‍.എ. ടെസ്റ്റിലൂടെ തുമ്പുണ്ടാക്കി കൊടുത്തത്. സ്വകാര്യ ആവശ്യത്തിന് വേണ്ടി നടത്തിയ ടെസ്റ്റിന് പിന്നാലെ ഇത്രവലിയ ഒരു ട്വിസ്റ്റിന് സാക്ഷിയാകേണ്ടി വരുമെന്ന് കരുതിയില്ലെന്ന് പറയുകയാണ് ജെന്ന. 27 വര്‍ഷം പഴക്കമുള്ള, യു.എസ്. മിഷിഗണ്‍ പോലീസിനെ വട്ടംകറക്കിയ 'ബേബി ഗാര്‍നെറ്റ്' കേസാണ് പോലീസ് അപ്രതീക്ഷിത ട്വിസ്റ്റിലൂടെ തെളിയിക്കപ്പെട്ടത്.
ജെന്ന തന്നെയാണ് ഒരു ടിക് ടോക്ക് വീഡിയോയിലൂടെ ആ ത്രില്ലിങ് ക്രൈം സ്റ്റോറി ജനങ്ങളുമായി പങ്കുവെച്ചത്. സംഭവത്തെക്കുറിച്ച് തനിക്ക് കുറച്ചുകാര്യങ്ങള്‍ മാത്രമേ അറിയൂ എന്നും അത് ഇങ്ങനെയാണെന്നും പറഞ്ഞാണ് ജെന്ന വീഡിയോ തുടങ്ങുന്നത്. ഒരു സ്വകാര്യ ആവശ്യത്തിനായാണ് ജെന്ന ഡി.എന്‍.എ. ടെസ്റ്റ് എടുത്തത്. ഒരു വര്‍ഷത്തിനുശേഷം മിഷിഗണ്‍ സ്റ്റേറ്റ് പോലീസ് ജെന്നയെ കാണുകയും കേസിനെ സംബന്ധിച്ച വിവരങ്ങള്‍ പറയുകയും ചെയ്തു. അവര്‍ 1997-ല്‍ നടന്ന തെളിയിക്കപ്പെടാത്ത ഒരു കൊലക്കേസിന്റെ അന്വേഷണം പുനരാരംഭിച്ചുവെന്നും അതിന് കാരണമായത് ജെന്നയുടെ ഡി.എന്‍.എ. ആണെന്നും അറിയിച്ചു.
പരിഭ്രാന്തയായി ഞെട്ടിത്തരിച്ചുനിന്ന ജെന്നയോട് പോലീസ് കാര്യങ്ങള്‍ വിശദീകരിച്ചു. 1997-ല്‍ മിഷിഗണിലെ നൗബിന്‍വേയിലുള്ള ഗാര്‍നെറ്റ് ലേക്ക് ക്യാംപ്ഗ്രൗണ്ട് പരിസരത്തുനിന്നും പോലീസിന് ഒരു പെണ്‍കുഞ്ഞിന്റെ മൃതദേഹം ലഭിച്ചു. അത് ആരുടെ കുഞ്ഞാണെന്നോ, എങ്ങനെ അവിടെ എത്തിയെന്നോ, എങ്ങനെ മരിച്ചുവെന്നോ ഒന്നും കണ്ടുപിടിക്കാനാവാതെ പോലീസ് കുഴങ്ങി. രണ്ടുവര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ കേസ് പൂട്ടിക്കെട്ടി. 'ബേബി ഗാര്‍നെറ്റ്' എന്ന് വിളിച്ചിരുന്ന ആ കേസിലെ കൊല്ലപ്പെട്ട കുഞ്ഞിന്റെ ഡി.എന്‍.എയുമായി ജെന്നയുടെ ഡി.എന്‍.എ. നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന എന്ന് മനസിലായതോടെയാണ് പോലീസ് കേസന്വേഷണം പുനരാരംഭിച്ചത്.
ജെന്നയുടെ അമ്മയുടെ ഡി.എന്‍.എയുമായും ബേബി ഗാര്‍നെറ്റിന്റെ ഡി.എന്‍.എ. നേരിട്ടുള്ള സാമ്യംപുലര്‍ത്തിയിരുന്നു. ഇതോടെ ജെന്നയുടെ കുടുംബവുമായി ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിനൊടുവില്‍ 2022-ലാണ് പോലീസ് ജെന്നയുടെ അമ്മയുടെ അമ്മയായ നാന്‍സി ആന്‍ ഗെര്‍വടോവ്സ്‌കിയെ അറസ്റ്റുചെയ്തത്. കുറ്റകൃത്യത്തെക്കുറിച്ച് നാന്‍സി സമ്മതിച്ചതോടെ കേസിന്റെ ചുരുളഴിഞ്ഞെങ്കിലും കൂടുതല്‍ ഒന്നും പറയാന്‍ അവര്‍ തയ്യാറായില്ല. വീട്ടില്‍തന്നെയായിരിക്കാം അവര്‍ കുഞ്ഞിനെ പ്രസവിച്ചതെന്നും കുഞ്ഞിന് ശ്വാസതടസ്സം ഉണ്ടെന്ന് കണ്ടതോടെ മരിച്ചുവെന്നുകരുതി തടാകത്തിന്റെ പരിസരത്ത് ഉപേക്ഷിച്ചതായിരിക്കാം എന്നും പോലീസ് പറയുന്നു.
കുഞ്ഞിനെ ഉപേക്ഷിക്കാതെ, അതിന് വൈദ്യസഹായം നല്‍കിയിരുന്നുവെങ്കില്‍ ഒരുപക്ഷേ അത് ജീവിക്കുമായിരുന്നുവെന്നും അതുകൊണ്ടുതന്നെ ജെന്നയുടെ മുത്തശ്ശിക്കുമേല്‍ കൊലക്കുറ്റം തന്നെ ചുമത്തണമെന്നും അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍ 61-കാരിയായ നാന്‍സിയെ ഒരുവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം കോടതി വീട്ടുതടങ്കലില്‍ വിട്ടു. അവരുടെ ഭാഗത്തുനിന്നും അസ്വാഭാവികമായ എന്തെങ്കിലും പ്രവര്‍ത്തികള്‍ ഉണ്ടായാല്‍ ജീവിതാവസാനം വരെ ജയിലില്‍ അടയ്ക്കാനാണ് കോടതിയുടെ ഉത്തരവ്. അതേസമയം, നാന്‍സി മുത്തശ്ശിയെ താന്‍ ഒരുതവണ പോലും കണ്ടിട്ടില്ലെന്നും അവരുമായി ഒരു ബന്ധവും തന്റെ കുടുംബം പുലര്‍ത്തിയിരുന്നില്ലെന്നുമാണ് ജെന്ന തന്റെ വീഡിയോയില്‍ പറയുന്നത്.
Content Highlights: baby garnet case culprit arrested after 27 years by michigan police
Published: 23 Nov 2024, 06:04 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented